Friday, 25 September, 2009

മഹാകാവ്യം

എന്റെ നാട്ടിൽ പണ്ട് മുനിസിപ്പാലിറ്റി ജീവനക്കാർ മനുഷ്യമലം വീടുകളിൽനിന്നു തകരബക്കറ്റുകളിൽ ശേഖരിച്ച്  ഉന്തുവണ്ടിയിലെ തകരടാങ്കിൽ നിറച്ച് ദൂരെ എവിടെയോ കൊണ്ടുപോയി കളയുകയായിരുന്നു പതിവ്. ഈ ജീവനക്കാരെ ‘തോട്ടികൾ’ എന്നു വിളിച്ചുപോന്നു.


പ്രൈമറി സ്കൂളിൽ എന്റെ ക്ലാസ്സിൽ ഒരു തോട്ടിയുടെ മകൻ പഠിച്ചിരുന്നു.ശശി.അവനെ  മറ്റു കുട്ടികൾ  ‘തീട്ടംകോരി’ എന്നു വിളിച്ചു പരിഹസിച്ചിരുന്നു. കരിഞ്ഞ ഒരു ചിരി മാത്രമായിരുന്നു അവന്റെ പ്രതികരണം.
ആ കറുത്ത കുട്ടിയോടൊപ്പം  ഇരിക്കാൻ ആരും തയ്യാറായില്ല. പിഞ്ഞിക്കീറിയ മുഷിഞ്ഞ  ഉടുപ്പും നിക്കറുമിട്ട് ഏറ്റവും പിന്നിലെ ബഞ്ചിലോ ജനൽ‌പ്പടിയിലോ അവൻ ഒറ്റയ്ക്ക് ഇരുന്നു.ഒരു പരാതിയുമില്ലാതെ.


ആയിടയ്ക്കായിരുന്നു മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി. വിദ്യാർത്ഥിക്കൾക്കായി പ്രസംഗമത്സരമുണ്ടായിരുന്നു. രാവുണ്ണിപ്പിള്ളസ്സാർ ഒരു പുസ്തകം എനിക്കു തന്നിട്ട് അതുവായിച്ചു  മനസ്സിലാക്കി പ്രസംഗിക്കണം എന്നാവശ്യപ്പെട്ടു.ആ പുസ്തകത്തിൽ മഹാത്മാഗാന്ധിയുടെ മഹദ്വചനങ്ങൾ ഉദ്ധരിച്ചിരുന്നു. അതിലൊരു വാക്യം ഇങ്ങനെ:


“തോട്ടിയിൽനിന്നു വമിക്കുന്ന ദുർഗ്ഗന്ധം അവന്റെ മലത്തിന്റേതല്ല, നിങ്ങളുടെ മലത്തിന്റേതാണ്.”


തോട്ടി ഞങ്ങളുടെ മലം നിറച്ച ബക്കറ്റുമായി പോകുമ്പോൾ ഞാനും അറപ്പോടെ മൂക്കുപൊത്തുമായിരുന്നു. അതു ഞങ്ങളുടെതന്നെ ദുർഗ്ഗന്ധമായിരുന്നു എന്ന വാസ്തവം ഞാൻ ഒരിക്കലും ഓർത്തിരുന്നില്ല. അങ്ങനെ ആലോചിക്കാനേ കഴിഞ്ഞിട്ടില്ല.


തോട്ടിപ്പണി ചെയ്യുന്നവരെയും അവരിലൊരാളുടെ മകനായ സഹപാഠിയെയും മറ്റൊരു വെളിച്ചത്തിൽ കാണാൻ  മഹാത്മാഗാന്ധിയുടെ  ആ വാക്യം എന്നെ സഹായിച്ചു.


പക്ഷെ, ആ കൊച്ചുവാക്യം ആയിരത്താണ്ടുകളായി ഇന്ത്യയിലെ കീഴാളവർഗ്ഗം സഹിച്ചുപോരുന്ന സാമൂഹ്യതിരസ്കാരത്തിന്റെ ദുരന്തദ്ധ്വനി നിറഞ്ഞുനിൽക്കുന്ന മഹാകാവ്യമാണെന്നു തിരിച്ചറിയാനുള്ള കഴിവ് അന്നെനിക്കില്ലായിരുന്നു. ഇന്നു തിരിച്ചറിഞ്ഞാലും അതു സ്വന്തം ജീവിതത്തിൽ ഉൾക്കൊള്ളാൻ ആവശ്യമായ ഹൃദയവിശാലത എനിക്കില്ല എന്നു ലജ്ജയോടെ സമ്മതിക്കുന്നു.

Thursday, 17 September, 2009

ശ്രീനാരായണ ഗുരുദേവൻ

 ബാലചന്ദ്രൻ ചുള്ളിക്കാട്

ചിന്തയിൽ ശങ്കരാചാര്യർക്കു തുല്യനും കർമ്മത്തിൽ ശങ്കരാചാര്യരേക്കാൾ മഹാനുമായഏതെങ്കിലും ഒരു മലയാളിയുണ്ടെങ്കിൽ അതു ശ്രീനാരായണഗുരുദേവനാണ്.  ദേവൻ എന്ന് എന്തിനാണ് അദ്ദേഹത്തെ വിളിക്കുന്നത്, മനുഷ്യൻ എന്നു വിളിച്ചാൽ പോരെ എന്നു യുകതിവാദികൾ ചോദിക്കാറുണ്ട്. പോരാ. മറ്റു മനുഷ്യരിൽനിന്ന് വ്യത്യസ്തനാണ് അദ്ദേഹം. സാധാരണ മനുഷ്യർക്കു സാധിക്കാൻ കഴിയാത്ത മഹത്തായ കാര്യങ്ങൾ അദ്ദേഹം ചെയ്തു. മഹത്ത്വത്തിന്റെ പര്യായമാണു ദിവ്യത്വം. ദിവ്യത്വം പ്രകാശിപ്പിച്ച ആൾ ദേവൻ. അതുകൊണ്ട് എനിക്കും എന്നെപ്പോലുള്ള പാമരന്മാർക്കും അദ്ദേഹം ശ്രീനാരായണഗുരുദേവൻ തന്നെ. തുഞ്ചത്തെഴുത്തച്ഛൻ കഴിഞ്ഞാൽ ഏറ്റവും വലിയ മലയാളകവിയും  ശ്രീനാരായണ ഗുരുദേവൻ തന്നെ. ഋഷിയായ ഗുരുവിന്റെ കവിതകളിലെ മന്ത്രസ്വഭാവമോ അത്യഗാധമായ ആത്മീയാനുഭവമോ ആന്തരസംഗീതമോ ഭാഷാപൂർണ്ണതയോ ലൌകികനായ കുമാരനാശാന്റെ കവിതകളിൽ ഇല്ല എന്നാണ് എന്റെ അനുഭവം.

തത്ത്വശാസ്ത്രം ഞാൻ പഠിച്ചിട്ടില്ല. അതു പഠിക്കാൻ വേണ്ട ബുദ്ധിശക്തി എനിക്കില്ല. (തത്ത്വശാസ്ത്രം അറിയാം എന്ന് ധരിച്ചുവശായിരിക്കുന്ന പലരേക്കാളും ഭേദമാണ് എന്റെ അവസ്ഥ എന്നുമാത്രം.എന്തെന്നാൽ ഇക്കാര്യത്തിൽ എനിക്ക് എന്റെ പരിമിതി അറിയാമല്ലൊ.)
സംസ്കൃതവും പാലിയുമൊന്നും  അറിയാത്തതിനാൽ ഭാരതീയ തത്ത്വചിന്തയിലെ മൂല കൃതികൾ  വായിച്ചുനോക്കാൻപോലും എനിക്കാവില്ല. ഭാരതീയചിന്തയിൽ ഭൌതികവാദവും അജ്ഞേയതാവാദവും ആത്മീയ വാദവും ഇവയ്ക്കെല്ലാം പലേ പിരിവുകളും ഉണ്ടെന്നു കേട്ടിട്ടുണ്ട്.ഭാരതീയചിന്തയിൽ നെടുനായകത്വം  അദ്വൈതവേദാന്തത്തിനാണെന്നും കേട്ടിട്ടുണ്ട്.അദ്വൈതം രണ്ടില്ല എന്നും ‘ശങ്കരന്റെ അദ്വൈതം തന്നെ നമ്മുടെ അദ്വൈതം ’എന്നും ഗുരു വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിന്റെയൊന്നും വിശദാംശങ്ങൾ എനിക്ക് ഒരു പിടിയുമില്ല.

എന്നെപ്പോലുള്ള പാമരർക്കുവേണ്ടി ഭാരതീയ തത്ത്വചിന്തയുടെ മഹാസാരം   ഗുരു ഇങ്ങനെ അരുളിയിരിക്കുന്നു:
“ നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും.
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും.”
മലയാളം മനസ്സിലാകാത്ത മലയാളികൾക്കായി ആ അരുളിനെ  ഒരിക്കൽ യതി  ഇങ്ങനെ വിശദീകരിച്ചു:
Process of creation, Creator,Creation, and  material for creation is identical.

ഇതിനപ്പുറം അറിവില്ല ,മഹത്ത്വമില്ല ,ഇതിനേക്കാൾ വലിയ യുക്തിവാദമില്ല ,ഇതിനേക്കാൾ ലളിതമായി ഒന്നുമില്ല, എന്നെല്ലാം അറിവുള്ളവർ ആശ്ചര്യപ്പെടുന്നു.എന്നാൽ ജീവിതത്തിൽ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ആചരിക്കാനും സാക്ഷാത്ത്കരിക്കാനും ഈ സർവ്വഭൂതസമഭാവനയേക്കാൾ പ്രയാസമേറിയതായി മറ്റൊന്നുമില്ല എന്നാണ് എന്റെ അനുഭവം. ആ അസാദ്ധ്യത്തെ സാധിച്ച ശ്രീനാരായണഗുരുദേവപാദങ്ങളിൽ ആജീവനാന്തപ്രണാമം. 
------------------

Saturday, 12 September, 2009

എക്സ്ട്ര

പാതിരായ്ക്ക് ഒരു ഫോൺകാൾ:
“ ഹലോ‍.... എക്സ്ട്രാ നടൻ ബാലചന്ദ്രൻ ചുള്ളിക്കാടല്ലെ?”


യുവകഥാകൃത്താണ്. മൂക്കറ്റം കുടിച്ചിട്ടുണ്ട്. ചുറ്റും സുഹൃത്തുക്കളുണ്ടാവും. അവരുടെ മുന്നിൽ ആളാവാൻ എന്നെ എന്റെ ഉപജീവനമാർഗ്ഗത്തിന്റെ പേരിൽ പരിഹസിച്ചും അപമാനിച്ചും രസിക്കുകയാണ്.


എനിക്കു ദു:ഖം തോന്നി.


യുവകഥാകൃത്തു ചില്ലറക്കാരനല്ല. വലിയ എഴുത്തുകാരുടെയൊക്കെ സുഹൃത്താണ്. അവരുമായി കത്തിടപാടുണ്ട്.അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്.സ്വന്തം സമുദായത്തിന്റെ കോളേജിൽ ലക്ചററാണ്. എല്ലാംകൊണ്ടും ഉയർന്ന നില. ഞാനോ,ദിവസക്കൂലിക്കു പണിയെടുക്കുന്ന വെറുമൊരു എക്സ്ട്രാ നടൻ മാത്രം.ഈ ഉച്ചനീചത്വമാണ് പരിഹാസത്തിന്റെ അടിസ്ഥാനം.


ഭിക്ഷയാചിച്ചും ഹോട്ടലിൽ എച്ചിലിലയെടുത്തും പോലും ജീവിച്ച എനിക്ക് എക്സ്ട്രാ നടന്റെ തൊഴിൽ എത്രമാത്രം വിലപ്പെട്ടതാണെന്ന് യു.ജി.സി.ബുദ്ധിജീവിക്കു മനസ്സിലാവുമോ!


പെട്ടെന്നു ഞാൻ പറഞ്ഞു:“സോറി. റോങ് നമ്പർ.”

Friday, 11 September, 2009

നിമജ്ജനം

എന്നെ മറക്കൂ, മരിച്ച മനുഷ്യന്റെ
കണ്ണു തിരുമ്മിയടയ്ക്കുന്നതുപോലെ
എന്നേയ്ക്കുമായി നീ എന്നെക്കുറിച്ചുള്ള-
തെല്ലാം മറക്കൂ‌‌-- വിടപറയുന്നു ഞാൻ.

ആരെയോ ചങ്ങലയ്ക്കിട്ട മുറിപോലെ
ആരും കടക്കാതടച്ച മനസ്സിലും
നേർത്ത തണുത്ത നിലാവിന്റെ രശ്മിപോൽ
രാത്രികാലങ്ങളിലോർമ്മ വന്നെത്തുമോ?

ലോലചർമ്മത്തിന്നടിയിലൊഴുകുന്ന
നീലസംഗീതം നിറഞ്ഞ ഞരമ്പിനെ
ഞാനുമ്മവെച്ചു തുടിപ്പിച്ചൊരോർമ്മയിൽ
നീ ഒരു ജന്മം പിരിഞ്ഞു ജീവിക്കുമോ?

എങ്കിലോർമ്മിക്കുക-അന്ധസമുദ്രങ്ങൾ
നീന്തിനീന്തിത്തളർന്നെത്തുമെന്നോർമ്മയെ.

--------------/ /----------------
( ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച “ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രണയകവിതകൾ” എന്ന പുസ്തകത്തിൽനിന്നും )

Sunday, 6 September, 2009

മണിനാദം

ബാ‍ലചന്ദ്രൻ ചുള്ളിക്കാട്


“കൺകളിൽക്കലാലയ
ജീവിതം തുളുമ്പുമി-
പ്പെൺകുട്ടിയേതാണമ്മേ?”
പിന്നെയും ചോദിച്ചു ഞാൻ.

വൃദ്ധയാം കന്യാസ്ത്രീ കൺ
പീലികൾ പൂട്ടിക്കൊണ്ടു
ദീർഘനിശ്വാസത്തോടെ
ജപമാലയിൽത്തൊട്ടു.

“അഛന്റെ ശവദാഹം
കഴിഞ്ഞ വൈകുന്നേരം
പെട്ടിയിൽ‌പ്പരതുമ്പോൾ-
ക്കിട്ടിയതാണിച്ചിത്രം.”

ഉരുകും മൌനത്തിന്റെ
തുള്ളിവീണുള്ളം പൊള്ളും
നിമിഷം‌‌‌--പൊട്ടീ വെള്ള
പ്രാവിന്റെ ചിറകടി.

“നൃത്തവേദിയിൽ മിന്നി
നിൽക്കുമിക്കുമാരിതൻ
സ്വപ്നദീപ്തമാം മുഖം
മറന്നുകഴിഞ്ഞെന്നോ?”

( ക്ഷുബ്ധസാഗരങ്ങളെ
ശാന്തമാക്കിയ ദേവൻ
ചിത്തരഞ്ജനം ചെയ്തു
ശമിപ്പിച്ചുവോ മോഹം! )

ശുഭ്രമാം കന്യാലയ
ഭിത്തികൾ ചെവിയോർക്കെ
ദു:ഖഗംഭീരം ദൂരെ
മുഴങ്ങീ മണിനാദം.

“ ഇതു ഞാനല്ലാ കുഞ്ഞേ.
നിനക്കു തെറ്റിപ്പോയി.
പൊറുക്കൂ-- പ്രാർത്ഥിക്കുവാൻ
നേരമായ്, പോകട്ടെ ഞാൻ.”

------/ /-----