Sunday, 6 September, 2009

മണിനാദം

ബാ‍ലചന്ദ്രൻ ചുള്ളിക്കാട്


“കൺകളിൽക്കലാലയ
ജീവിതം തുളുമ്പുമി-
പ്പെൺകുട്ടിയേതാണമ്മേ?”
പിന്നെയും ചോദിച്ചു ഞാൻ.

വൃദ്ധയാം കന്യാസ്ത്രീ കൺ
പീലികൾ പൂട്ടിക്കൊണ്ടു
ദീർഘനിശ്വാസത്തോടെ
ജപമാലയിൽത്തൊട്ടു.

“അഛന്റെ ശവദാഹം
കഴിഞ്ഞ വൈകുന്നേരം
പെട്ടിയിൽ‌പ്പരതുമ്പോൾ-
ക്കിട്ടിയതാണിച്ചിത്രം.”

ഉരുകും മൌനത്തിന്റെ
തുള്ളിവീണുള്ളം പൊള്ളും
നിമിഷം‌‌‌--പൊട്ടീ വെള്ള
പ്രാവിന്റെ ചിറകടി.

“നൃത്തവേദിയിൽ മിന്നി
നിൽക്കുമിക്കുമാരിതൻ
സ്വപ്നദീപ്തമാം മുഖം
മറന്നുകഴിഞ്ഞെന്നോ?”

( ക്ഷുബ്ധസാഗരങ്ങളെ
ശാന്തമാക്കിയ ദേവൻ
ചിത്തരഞ്ജനം ചെയ്തു
ശമിപ്പിച്ചുവോ മോഹം! )

ശുഭ്രമാം കന്യാലയ
ഭിത്തികൾ ചെവിയോർക്കെ
ദു:ഖഗംഭീരം ദൂരെ
മുഴങ്ങീ മണിനാദം.

“ ഇതു ഞാനല്ലാ കുഞ്ഞേ.
നിനക്കു തെറ്റിപ്പോയി.
പൊറുക്കൂ-- പ്രാർത്ഥിക്കുവാൻ
നേരമായ്, പോകട്ടെ ഞാൻ.”

------/ /-----

162 comments:

സബിതാബാല said...

എത്രമനോഹരം!!!!!!!!!!!!

രഞ്ജിത്‌ വിശ്വം I ranjith viswam said...

താങ്കളുടെ കവിതകള്‍ക്കൊന്നും അഭിപ്രായമെഴുതാന്‍ ഞാനാളല്ല..എന്തായാലും ബൂലോകത്ത് താങ്കളുടെ കവിതയെത്തിയതില്‍ സന്തോഷം

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ബാലയ്ക്കും രഞ്ജിത്തിനും നന്ദി.എനിക്കു കമ്പ്യൂട്ടറും നെറ്റും വല്യ പിടിയില്ല. സിബുവിന്റെ പ്രേരണയും സഹായവുംകൊണ്ട് ഇത്രയും ചെയ്തെന്നു മാത്രം.

chithrakaran:ചിത്രകാരന്‍ said...

oLicchuvaccha rahasya chepp !
chithrakarante swagatham :)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ചിത്രകാരനു നന്ദി

Pazhaya oru aaradhakan said...

പണ്ടത്തെ ശൌര്യവും വീര്യവും ഒന്നുമില്ല ഇതിനു ആര്‍ ക്കും എഴുതാവുന്ന ഒരു സാദാ കവിത ഓണം ശരിക്കു ഫിറ്റ്‌ ആയോ, നട്ടിലെ മദ്യത്തിനും മദിരക്കും ഒരു വീര്യവും തോന്നുന്നില്ല ഓണം തീര്‍ന്ന ഉടന്‍ തിരികെ വണ്ടി കയറി, ഓണപ്പതിപ്പുകളൂം ശൂഷ്കം, സീരിയല്‍ അഭിനയിച്ചു ചുള്ളിക്കാടും അഭിനയിച്ചു തുടങ്ങിയോ ഈ കവിത ഒരു ഒപ്പിച്ചു മാറിയപോലെ

Rare Rose said...

ഒരുപാട് സന്തോഷം പുതിയ കവിതയുമായി ബൂലോകത്തേക്ക് കടന്നു വന്നതില്‍.ബൂലോകത്തേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം..

Siva said...

സിബു ഷെയര്‍ ചെയ്തപ്പോലാണ് ഇത് കണ്ടത്, സുസ്വാഗതം !!

Melethil said...

സ്വാഗതം ബാലചന്ദ്രന്‍. ഇപ്പോഴും പല എഴുത്തുകാരും അല്പം അവഗണന കാണിയ്ക്കുന്ന ബൂലോകത്തെയ്ക്കുള്ള നിങ്ങളുടെ വരവ് വളരെ പ്രാധാന്യം അര്ഹിയ്ക്കുന്നു, എന്നാണു ഞാന്‍ കരുതുന്നത്. പകുതി വെച്ച് നിറുത്തി പോകരുതെന്ന് അപേക്ഷ.
കവിത വായിച്ചു, ചുള്ളിക്കാടും മടങ്ങുന്നുവോ, പഴയ രീതികളിലേയ്ക്ക് ?ഒരു പക്ഷെ എന്റെ വായനയുടെ കുറവായിരിയ്ക്കുമോ?

aneesh said...

goo.........................d

തഥാഗതന്‍ said...

തിരിച്ചു വന്നതിനു നന്ദി

താങ്കളുടെ സാന്നിദ്ധ്യം ഈ ബൂലോഗത്തിൽ ഇനിയും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു..

കവിത നന്നായി

::സിയ↔Ziya said...

സാറ്‌ വീണ്ടു വന്നുവല്ലേ...
വീണ്ടും സ്വാഗതം...സന്തോഷം...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പഴയ ആരാധകൻ,അനീഷ്,റെയർ റോസ്,തഥാഗതൻ,സിയ‌‌- എല്ലാവർക്കും നന്ദി.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ശിവയ്ക്കും മേലേതിലിനും നന്ദി

Dinkan-ഡിങ്കന്‍ said...

ഓര്‍മ്മകളുടെ ചായകൂട്ടിനാല്‍ നിറംകെട്ട ഒരു പാവം പ്രാര്‍ത്ഥന ചിത്രം...

പാര്‍ത്ഥനകളുടെയും ഓര്‍മ്മകളുടേയും ആ കാലം കഴിഞ്ഞേ പോയ്...
ഇപ്പോള്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതും പശ്ചാത്തപിക്കുന്നതും ഓര്‍മ്മിക്കുന്നതുമായ നേരിന്റെ -അമിതകാല്പ്പനകളില്ലാത്ത ചിത്രം- ഇങ്ങനെയാണ്‌

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വളരെനന്ദി, ഡിങ്കൻ.

കരീം മാഷ്‌ said...

Father,Mother മലയാളം പൂണ്ടു അച്ഛനും,അമ്മയുമായപ്പോള്‍ കവിതക്കു മികവായി.
സ്വാഗതം.
വായിക്കാറുണ്ട്.
ഇഷ്ടമാണ്.

വിഷ്ണു പ്രസാദ് said...

സ്വാഗതം.
മലയാളം ബ്ലോഗുകളില്‍ സജീവമായി ഇനിയുണ്ടാകുമെന്ന് ആശിക്കുന്നു.
നല്ല കവിതകള്‍ വായിക്കാന്‍ ഇവിടെ എപ്പോഴും സന്ദര്‍ശിക്കാന്‍ ഇടയാവട്ടെ.

ഈ കവിതയില്‍ താങ്കളുടെ തന്നെ പഴയ ചില കവിതകള്‍ ഒളിഞ്ഞിരിക്കുനു

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കരിം മഷിനും വിഷ്നുപ്രസാദിനും നന്ദി. ഏതൊക്കെ പഴയ കവിതളാണ് ഒളിഞ്ഞിരിക്കുന്നത് എന്നു വിഷ്ണുപ്രസാദ് വ്യക്തമാക്കിയാൽ നന്നായിരുന്നു.

Deepu said...

ഇവിടെ കാണുന്നതിൽ വളരെ സന്തോഷം..

ഹാരിസ് said...

എവിടായിരുന്നിത്ര നാളും കവേ...

കവിതകള്‍ എഴുതുന്നില്ല എങ്കില്‍ വേണ്‍ട.
ചിദംബരസ്മരണകള്‍ പോലെ എന്തെങ്കിലും എഴുതൂ..
അനുഭവങ്ങള്‍ക്ക് കുറവുണ്ടായിരിയ്ക്കില്ലല്ലോ.
അത്രമേല്‍ ദാഹമുണ്ട്.
ആത്മാവില്‍ മുദ്രണം ചെയ്യപ്പെട്ടു പോയിരിയ്ക്കുന്നു
താങ്കളുടെ വാക്കുകള്‍.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ദീപുവിനും ഹാരിസിനും നന്ദി.
ഹാരിസ്, മറ്റ് എഴുത്തുകാരെപ്പോലെ മരണംവരെ നിരന്തരം എഴുതിക്കൊണ്ടിരിക്കാൻ ആവശ്യമായ പ്രതിഭാശക്തിയൊന്നും എനിക്കില്ല. വല്ലകാലത്തും, എന്തെങ്കിലും. അത്രയൊക്കെയേ എനിക്കു കഴിയൂ. ക്ഷമിക്കണം.

തറവാടി said...

കവിത കൊള്ളാം , ഇനി ഇവിടെത്തന്നെ കാണുമല്ലോ അല്ലെ?

കഷായക്കാരൻ said...

ചുള്ളിക്കാടും മടങ്ങുന്നുവോ, പഴയ രീതികളിലേയ്ക്ക് ?ഒരു പക്ഷെ എന്റെ വായനയുടെ കുറവായിരിയ്ക്കുമോ?
melethil enthaanu uddEzikkunnathu?
മനുഷ്യന്മാർ മാന്യമായി മനസിലാകുന്ന സംഗീതമുള്ള കവിത എഴുതാൻ സമ്മതിക്കില്ലാ?
കഷ്ടം തന്നെ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

തറവാടിക്കും കഷായക്കാരനും നന്ദി.മേലേതിൽ പറഞ്ഞതു വളരെ ശരിയാണ്.ഞാൻ പുതിയ കവിയല്ല. പഴയ കവിയാണ്.എന്താ സംശയം?

കുമാരന്‍ | kumaran said...

നമസ്കാരം.. പ്രണയമലയാളത്തിന്റെ കണ്ണാടിക്ക്...

സജീവമായി അനുഗ്രഹിക്കൂ മലയാളം ബ്ലോഗിനേയും....

ആശംസകൾ..!

Melethil said...

ബാലചന്ദ്രന്‍,ഗസലില്‍ നിന്നൊക്കെ തുടങ്ങി നിങ്ങള്‍ വെട്ടിയ വഴിയുണ്ട്, പലരും അന്ന് കവിതയില്‍ ഒരു പുതിയ തലമുറ വരുന്നത് സ്വപ്നം കണ്ടു, പക്ഷെ ഇന്ന് അവരില്‍ പലരും പഴമയിലേയ്ക്ക് തന്നെ പോകുന്ന പോലെ ഒരു തോന്നല്‍. ഒരിയ്ക്കലും ഞാന്‍ പറഞ്ഞത് ഈ കവിതയുടെ "ഗുണ"ത്തെ പറ്റിയല്ല, "ഗണ"ത്തെക്കുറിച്ചാണ്. പിന്നെ പോസിറ്റീവ് ആയി എന്റെ കമന്റ്‌ എടുത്തത് കണ്ടു, നന്ദി, അത് എഴുതേണ്ട എന്ന് വരെ തോന്നി എന്നതാ സത്യം, പോസ്റ്റ്‌ ചെയ്തു കഴിഞ്ഞ് ! കഷായക്കാരന്‍, തെറ്റിധാരണ വേണ്ട. ഈ കവി ആരാന്നൊക്കെ നല്ല നിശ്ചയമുണ്ട്. ബാലചന്ദ്രന്‍ ഒരിയ്ക്കല്‍ കൂടി നന്ദി.

വാഴക്കോടന്‍ ‍// vazhakodan said...

ബൂലോകത്തേക്ക് ഈ എളിയ ബ്ലോഗറുടെ സ്വാഗതം!
കവി കുഴൂര്‍ വിത്സന്‍ കവിത ആലപിക്കുമ്പോള്‍ താങ്കളുടെ ശബ്ദവുമായി വളരെ സാമ്യമുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
അധികം വൈകാതെ കവിതകള്‍ ആലപിച്ച് അതു കവി മുഖത്ത് നിന്നും പാടിക്കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും എന്ന് വിശ്വസിച്ച് കൊള്ളട്ടെ!
സ്നേഹത്തോടെ,
വാഴക്കോടന്‍

Kiranz..!! said...

മാഷേ വെൽക്കം ബാക്ക്. ചിദംബര സ്മരണ-2 പുറത്തിറക്കുമോ ?

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ബാലേട്ടാ,ഇവിടെ ഈ ബൂലോകത്ത് താങ്കളെയും താങ്കളുടെ കവിതയും കണ്ടതില്‍ സന്തോഷം.സമയമുണ്ടെങ്കില്‍ എന്റെ ബ്ലോഗ് ഒന്ന് സന്ദര്‍ശിക്കണം!അതിലെ കവിതകളെ കുറിച്ച് താങ്കളുടെ അഭിപ്രായത്തിനായി കാക്കുന്നു ഞാന്‍.

ശ്രുതസോമ said...

I feel giad and proud of myself as I also get an opportunity to communicate with you!!!!We are very happy as such a personality like you came here this boolokam.
I write this in English because I lost my 'keyman'and'varamozhi'.
thank you sir..

anoop said...

ഒരു വടക്കന്‍ വീരഗാഥയില്‍ പറയുന്നത് പോലെ പതിനാറാം വയസ്സുമുതല്‍ നാടികളിലൂടെ ഞരമ്പുകളിലൂടെ പടര്‍ന്നുകയറിയ ഉന്മാദം ആയിരുന്നു താങ്കളുടെ കവിത.ഈ കാലം മുഴുവനും കൊണ്ടുനടക്കുന്ന ഉന്മാദം.ബൂലോകത്ത് വന്നതുമുതല്‍ താങ്കളും പണ്ട് ഇവിടെ വന്നിരുന്നു എന്നും പിന്നെ ഉപേക്ഷിച്ചു പോയി എന്നും കേട്ടിരുന്നു.ഇപ്പോള്‍ അപ്രതീക്ഷിതമായി വീണ്ടും വന്നു എന്ന് കണ്ടപ്പോള്‍ സ്വര്‍ഗം കിട്ടിയത് പോലെ. വളരെ നന്ദി

Anila Balakrishnapillai said...

valare nannaayi blog cheyyan thudangiyath, new media kaviyk anyamaakendathillallo, this media also ensures freedom for the writer, subhayaathra...

അനൂപ് കോതനല്ലൂർ said...

ചുള്ളുക്കാടൻ മാഷിനെ ഇവിടെ കാണാൻ സാധിച്ചതിലുള്ള സന്തോഷം
പറഞ്ഞാലും തീരുന്നതല്ല

വികടശിരോമണി said...

ഒരു കാലം മുഴുവൻ ഈ മനുഷ്യന്റെ പ്രേതബാധയും കൊണ്ട് ഗതികിട്ടാ‍തെ അലഞ്ഞവനാ ഞാൻ
പഴയ ജീവിതം പാടേ വെറുത്തു ഞാൻ
ഇനിയുമെന്നെത്തുലയ്ക്കാൻ വരുന്നുവോ?

Sreedev said...

"നിൻ തുറമുഖത്തിലണയുകയാണെൻ ക്ഷുഭിതയൗവ്വനത്തിൻ ലോഹനൗകകൾ " എന്നെഴുതാൻ ത്രാണിയുള്ള ഒരേയൊരു കവിയായ ബാലചന്ദ്രൻ ചുള്ളിക്കാട്‌ ഓരോ അക്ഷരത്തിലും നിറഞ്ഞു നിൽക്കുന്നു ഈ കവിതയിൽ...

മലയാളം ബ്ലോഗുകളിൽ താങ്കളെപ്പോലുള്ള മഹാരഥന്മാർ കടന്നു വരുന്നത്‌ പകരുന്ന ആഹ്ലാദം ചെറുതല്ല....

T.A.Sasi said...

പ്രിയപ്പെട്ട കവിയെ കണ്ടതില്‍
അതിയായ ആഹ്ലാദം
വല്ലപ്പോഴുമൊക്കെ
ഒരു പോസ്റ്റിടുക..

പാവത്താൻ said...

കവിതയെക്കുറിച്ചഭിപ്രായം പറയാന്‍ മാത്രം വിവരക്കേടു കാട്ടുന്നില്ല.
ഇവിടെ കാണാന്‍ കഴിഞ്ഞതിലും സംവദിക്കാനായതിലും വളരെ സന്തോഷം.

ഹരിത് said...

സന്ദര്‍ശനം കേട്ടുകരഞ്ഞിരുന്ന പല നാളുകളിലൊന്നില്‍ പാട്ടുകാരന്‍ വേണുവിനെ വിളിച്ചു.പഴയ സഹപാഠിയോടെടുക്കാവുന്ന സ്വാതന്ത്ര്യം.സാഹിത്യകാരന്മാരെ പണ്ടേ പേടിയാ, അവരുടെ കളിമണ്‍ കാലുകളേയും.

പത്തിരുപത്തഞ്ചു കൊല്ലമായി തങ്കളുടെ കവിതകള്‍ വായിച്ചിഷ്ടപ്പെടുന്നു. പുതിയ കവിത കണ്ടപ്പോള്‍ വീണ്ടും സന്തോഷം.

ചിതംബരസ്മരണ ഗുരുസ്ഥാനീയനായ ഒരു സുഹൃത്തിനു കൊടുത്തൂ. നാളെ രണ്ടാമത്തെ കാന്‍സര്‍ ഓപ്പറെഷനു മുമ്പേ ഒന്നു മറിച്ചു നോക്കാന്‍.. പിന്നെ അതു പകൂതി കവിതയാണെന്നു വെറുതേ വാദിക്കാന്‍. വാദിച്ചു തോല്‍ക്കാന്‍.

ജീവിതം ജയിക്കട്ടെ,

അടുത്ത കവിതയ്ക്കായ് ...

പുതു കവിത said...

പ്രിയ ബാലേട്ടന്‍
ബൂലേഗത്ത് കണ്ടതില്‍ വളരെ സന്തോഷം.
പഴയതും പുതിയതും എന്ന് ഒരു നല്ല വായനക്കാരന്‍ തരം തിരിക്കില്ല.പഴയത് പോലെ അമ്പരപ്പിക്കുന്ന കവിതകളുമായി തിരിച്ചു വരുമെന്നറിയാം.ഞങ്ങളൊക്കെ പ്രതീക്ഷിക്കുന്നതും അതാണ്.
ആശംസകളോടെ
നാസ്സര്‍ കൂടാളി.

ചാരുദത്തന്‍‌ said...

ഓര്‍‍മ്മിപ്പിക്കലാണീ
മണിനാദം.
എല്ലാം മറന്നീ
വര്‍ത്തമാനത്തിലെത്തിക്കാനും
വീണ്ടുമീ
കന്മതില്‍‍ക്കോട്ട തന്നെയെന്‍
ഗേഹമെന്നെപ്പോഴുമെന്നെ
ധരിപ്പിക്കുവാനും......

കവിതകളുടെ കരിയിലകള്‍ക്കിടയില്‍ നിന്നു്‌ ഞാനിപ്പോളൊരു രത്നകന്ദളം കണ്ടെത്തി.
ബാലൂ, അഭിനന്ദനങ്ങള്‍.
-ചാരുദത്തന്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ബൂലോഗത്ത് കവിതയുമായി കടന്നു വന്നതില്‍ സന്തോഷം.

ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയെ ആണ് സീരിയല്‍ /സിനിമാ നടനെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിനേക്കാള്‍ എനിക്കിഷ്ടം.

ഇവിടെ ഞങ്ങള്‍ക്കിനിയും വായിക്കാനുണ്ടാകുമെന്ന പ്രതീക്ഷയോടെ,

അനംഗാരി said...

പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലത്ത് ആദ്യമായി യാത്രാമൊഴി ചൊല്ലിയാണ് ഞാന്‍ സമ്മാനം വാങ്ങിയത്.പിന്നെ മരണവാര്‍ഡ്, ഗസല്‍,ആനന്ദധാര,മനുഷ്യന്റെ കൈകള്‍,പരീക്ഷ..അങ്ങിനെ എത്രയെത്ര കവിതകള്‍...പരീക്ഷയും,മനുഷ്യന്റെ കൈകളും എന്റെ ബ്ലോഗില്‍ ഞാന്‍ ചൊല്ലിയിട്ടുണ്ട്.
ബൂലോഗത്ത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

അരുണ്‍ കായംകുളം said...

അപ്പോള്‍ ബൂലോകത്തേക്കും വന്നു അല്ലേ?
മനസ്സ് നിറഞ്ഞ് സ്വാഗതം
ബൂലോകത്തെ മലയാളനാടിനു കൂടുതല്‍ പരിചയമാകാന്‍ താങ്കളിലൂടെ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട്, നല്ല നല്ല കവിതകള്‍ ഇനിയും കാണും എന്ന് പ്രതീക്ഷിച്ച് കൊണ്ട്..
അരുണ്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കുമാരൻ,മേലേതിൽ,വാഴക്കോടൻ,കിരൺസ്,മുഹമ്മദ് സഗീർ,ശ്രുതസോമ,അനൂപ്,അനില,അനൂപ് കോതനല്ലൂർ,വികടശിരോമണി,ശ്രീദേവ്,ടി.എ.ശശി,ഹരിത്,പുതുകവിത,ചാരുദത്തൻ,രാമചന്ദ്രൻ വെട്ടിക്കാട്,അനംഗാരി--എല്ലാ സുഹൃത്തുക്കൾക്കും ഹൃദയംനിറഞ്ഞ നന്ദി.

unni said...

Sir,
Thaankale veendum kaviyaayi kaanaan kazhinjathil valare santhosham. (innu kaalathu Maathrubhoomi aazhchapathippil ee kavitha vaayicha udane nettil kayariyappozhaanu thaankalude blog undennu ente anujante mail kandathu). Thaankalude kavithakalil vyathystammyoru vibhaagam kavithakal undu (enikku thonnunnu)"Annam","yaamineenritham","OrmakaludeOnam" thudangiya vibhaagathil ulla oru kavithayaayi ee kavitha enikku thonni.Ikkaalathu vaayikkaan pattiya oru nalla kavitha thannathinu valare nandhi kavee.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വാഴക്കോടന്: എനിക്കു കമ്പ്യൂട്ടർസാക്ഷരത ഒട്ടുമില്ല. സിബുവിന്റെ പ്രേരണയും സഹായവും കൊണ്ടാണ് ഇത്രയും ഒപ്പിച്ചത്. കവിത ചൊല്ലി റെക്കോഡ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന വിദ്യ അറിയില്ല.

കിരൺസിന്: ചിദംബരസ്മരണ രണ്ടാംഭാഗത്തിനു സാധ്യതയില്ല.എന്റെ അനുഭവങ്ങളും രചനാപരമായ പ്രചോദനവും വളരെ പരിമിതമാണ്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അരുണിനും ഉണ്ണിയ്ക്കും നന്ദി.

അരുണിന്: എന്നിൽനിന്ന് അധികമൊന്നും ഇനി പ്രതീക്ഷിക്കാനില്ല അരുൺ.ഞാനൊക്കെ വല്ലകാലത്തും ഇങ്ങനെ എന്തെങ്കിലും എഴുതിയെന്നു വരാം.അത്രമാത്രം. പുതിയ യുവാക്കളിൽനിന്നും പ്രതീക്ഷിക്കു.

Thallasseri said...

വളരെ ഉയരത്തിലേക്ക്‌ നോക്കിയാണ്‌ ചുള്ളിക്കടിനെ കണ്ടിരുന്നത്‌. ഇപ്പോള്‍ നമ്മള്‍ ബ്ളോഗര്‍മാരില്‍ ഒരാളായി കാണുമ്പോള്‍ സന്തോഷം. ഈ വരവ്‌ തുടരണേ എന്ന്‌ ആഗ്രഹം.

Jayesh San / ജ യേ ഷ് said...

താങ്കളെ ബൂലോഗത്ത് കണ്ടതില്‍ സന്തോഷം , കുറച്ച് അത്ഭുതവും

ബാലചന്ദ്രൻ ചുള്ളിക്കാട് said...

thallasseriക്കും ജയേഷിനും നന്ദി.
മനുഷ്യർ ഉള്ളിടത്തൊക്കെ പോയിനോക്കാൻ തോന്നാറുണ്ടെനിക്ക്.ചിലപ്പോൾ അനുഭവം പ്രതികൂലമായിരിക്കും.അപ്പോൾ ഏറുകൊണ്ട തെരുവുനായയെപ്പോലെ അവിടെനിന്ന് ഓടിപ്പോവും.

ശ്രീകുമാര്‍ കരിയാട്‌ said...

ethrayo sundarikkuttimaaar kannyakaa-
vruthathil dukhakavithayaayi !
engilum ottakkirikkumavarude
kankalil kathum pranayadeepam !

sistermaar meettunna veenakalkkokkeyum
ezhallezhunnooru swarnnakkambi
swarggathilninnu kanijavayallava
swanthasangeethamavarkkundallo ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അരുൺ കായംകുളത്തിനു നന്ദി. ഇനി കവിത എഴുതാൻ കഴിയുമെന്നോ, എഴുതിയാൽത്തന്നെ അത് നന്നാവുമെന്നോ യാതൊരു ഉറപ്പും എനിക്കില്ല.

താരകൻ said...

ദു:ഖ ഗംഭീരം മുഴങ്ങീ മണിനാദം!! ഹാ..എന്തൊരാലോചനാമൃതം..താങ്കളുടെ വരികളിൽ നിന്ന് ഞങ്ങളാ നാദം എത്രയോ കേട്ടിരിക്കുന്നു..കവിപ്രവരാ ..സുസ്വാഗതം...കടപുറത്ത് ഒരു കാട്ടുപൂവിനെ കണ്ടുമുട്ടുന്നതുപോലെ..കാട്ടിൽ ഒരു കടൽ ശംഖ് കളഞ്ഞുകിട്ടുന്നതുപോലെ ...ഈ കണ്ടുമുട്ടലെത്ര സന്തോഷപ്രദം!

.......മുഫാദ്‌.... said...

....ഒരു വാക്കെങ്കിലും
പറക നീ
മൌനം മരണമാകുന്നു."
താങ്കളുടെ വാക്കുകളുടെ വിപ്ലവം അതേ പടി ഏറ്റു വാങ്ങാന്‍ ഈ തലമുറയിലെ ഞങ്ങള്‍ യുവാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല...പഴയ ഗസലും സന്ദര്‍ശനവും മരണ വാര്‍ഡുമൊക്കെ വീണ്ടും വീണ്ടും വായിക്കുകയായിരുന്നു.

ഇവിടെ കാണുമ്പോള്‍ താളം തെറ്റുന്ന ഞങ്ങളുടെ ചിന്തകള്‍ക്ക് ഒരുപാടു പ്രതീക്ഷകള്‍...

വല്യമ്മായി said...

ബൂലോഗത്തേക്ക് വിണ്ടും സ്വാഗതം,പഴയ രീതിയെന്നോ പുതിയ രീതിയെന്നോ പണ്ടെഴുതിയതിനേക്കാള്‍ മെച്ചമെന്നോ മോശമെന്നോ നോക്കാതെ പുതിയ രചനകള്‍ പോസ്റ്റ് ചെയ്യുമെന്ന് കരുതുന്നു

Madhusudanan Perati said...

പ്രതിഭയ്ക്ക് സ്വാഗതം. താങ്കളുടെ കവിതകളെക്കുറിച്ച് എഴുതിയ ഒരു ആസ്വാദനം താഴെ പോസ്റ്റുന്നു:

!

goury said...

ബാലേട്ടാ,
ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം....പുതിയ കവിതകള്‍ക്കായി ഇനി മാതൃഭൂമി എത്തുന്നത്‌ കാത്തിരിക്കണ്ടല്ലോ??
അഭിപ്രായം പറയാന്‍ ഞാനാളല്ല.....
ഇഷ്ടമായി......

ശ്രദ്ധേയന്‍ said...

ഒരു നക്ഷത്രം കൂടി ബോലോകത്ത്...!! ഹൃദ്യമായ സ്വാഗതം...

ഓഫ്‌: ഇനി ചുള്ളിക്കാടിന്റെ കവിതകളും സ്വന്തം കവിതകളായി പല ബ്ലോഗുകളിലും കാണാം. :)

karimeen/കരിമീന്‍ said...

ക്ഷുബ്ധസാഗരങ്ങളെ
ശാന്തമാക്കിയ ദേവന്‍
ചിത്തരഞ്ജനം ചെയ്തു
ശമിപ്പിച്ചുവോ മോഹം

ബാലേട്ടാ മടക്കത്തിന് നന്ദി. ഇപ്പൊ വായിച്ചതേയുള്ളൂ മാതൃഭൂമിയില്‍.
ഒരു പക്ഷേ സിസ്റ്റര്‍ ജെസ്മിക്ക് സമര്‍പ്പിക്കാം ഇക്കവിത അല്ലേ.....
വിശക്കുന്ന മലയാളത്തിന് ഇത്തിരി ചോറും ഉപ്പും നല്‍കാന്‍ വീണ്ടും വരിക.
കൂട്ടിലേക്ക് ഓര്‍മ്മ തന്‍ കിളികളെ മടക്കി വിളിക്കുക ഇനിയും.

മാരീചന്‍‍ said...

സ്വാഗതത്തിന്റെ ഒരു മണിനാദം കൂടി............

Visala Manaskan said...

പ്രിയപ്പെട്ട ചുള്ളിക്കാടേ,

വീണ്ടും ബ്ലോഗെഴുത്ത് തുടങ്ങിയതില്‍ ഭയങ്കര സന്തോഷം, സത്യായിട്ടും!

ദുബായിലെ ഡി.സി.ബുക്സില്‍ പോയപ്പോള്‍, എനിക്കൊരാള്‍ ഒരു ബുക്ക് സമ്മാനമായി തന്നു, ചിദംബരസ്മരണ!

തകര്‍ത്തൂന്ന് പറഞ്ഞാല്‍ തകര്‍ത്തു. എന്തിറ്റാ പെരുക്ക്, ഹോ!!

ഇഷ്ടായ്യീന്ന് ഒന്ന് വിളിച്ച് പറയണമെന്നുണ്ടായിരുന്നു. അതേതായാലും ഇങ്ങിനെ നടന്നു. :)

mary lilly said...

താങ്കളുടെ ഈ തിരിച്ചു വരവില്‍
ഒരുപാട്‌ ആഹ്ലാദിക്കുന്നു.

സുജീഷ് നെല്ലിക്കാട്ടില്‍ said...

എനിക്കിതു വിശ്വസിക്കാന്‍ ആകുന്നില്ല ഒടുവില്‍ താങ്കളും ബ്ലോഗിന്‍റെ മേന്മയില്‍ ഇറങ്ങിയിരിക്കുന്നു. ഞാന്‍ ചെറുതായി കവിതകള്‍ എഴുതുന്ന ഒരു 'കുട്ടിയാണ്'.താങ്കള്‍ക്ക് വേണ്ടി ഞാന്‍ ഒരു കവിത എഴുതിയിരുന്നു അതിവിടെ വായിക്കാം പിന്നെ ആ കവിതയ്ക്ക് ഇനി പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല,കാരണം താങ്കളുടെ കവിമനസ്സ് പുനര്‍ജനിച്ചല്ലോ! താങ്കളുടെ സന്ദര്‍ശനം , അമാവാസി, ജോസെഫ്‌ എന്നിവ എന്‍റെ ഹൃദയത്തില്‍ കുടിയിരിക്കുന്ന കവിതകളില്‍ ചിലത് മാത്രം.താങ്കളുടെ വിലപ്പെട്ട സമയം ബ്ലോഗിന് ഇനിയും ആവശ്യമാണ്‌ തുടര്‍ന്നും കവിതകള്‍ പ്രതീക്ഷിക്കുന്നു, പിന്നെ ഇവിടെ 'ബുജി'കലെക്കാള്‍ സാധാരണക്കാരിലെക്കാന് ഇറങ്ങുന്നത്, എഡിറ്റര്‍ എന്ന കത്രിക താന്കലുടെതു മാത്രം.നന്ദി ഈ ബ്ലോഗിന്.

mary lilly said...

ഈ തിരിച്ചു
വരവില്‍ ഒരുപാട്‌
സന്തോഷം

അരുണ്‍ ചുള്ളിക്കല്‍ said...

അങ്ങയുടെ കവിതയെക്കുറിച്ച് പറഞ്ഞുപോകാന് യോഗ്യത കുറവ്. എങ്കിലും ചിദംബരസ്മരണകള് നെഞ്ചോട് ചേര്‍ത്തു വെക്കുന്ന എനിക്കൊന്നും പറയാന് പോകാതെ വയ്യ. ഈ തിരിച്ചു വരവിലും ബൂലോകത്തു കണ്ടതിലും സന്തോഷം. നക്ഷത്രം ഭൂമിയിലിറങ്ങി നടക്കുന്നത് പോലെ. ഒരു നല്ല ഫീലിങ്ങ്.

എല്ലാവിധ ആശംസകളും.

ചിതല്‍ said...

ivide iniyum undakum enn pratheekshikkunnu..


snehathode...

വേണു venu said...

എഴുതിയതൊക്കെയും നിധിയായ് കരുതുന്നു.
ഇനിയും ഇനിയും പ്രത്യേകിച്ച് ബ്ലോഗില്‍ വീണ്ടും കാണുമ്പോള്‍ ,ആനന്ദം പരമാനന്ദം. ആശംസകള്‍.

സുജീഷ് നെല്ലിക്കാട്ടില്‍ said...

എന്‍റെ ഒരു അഭിപ്രായം പറഞ്ഞു കൊള്ളട്ടെ മൂര്‍ച്ചയേറിയ ബിംബങ്ങള്‍ കവിതയില്‍ പ്രയോഗിക്കുമ്പോള്‍ താങ്കളുടെ വക ചെറു കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു.കാരണം എന്നെ പോലൊരു വിദ്യാര്‍ത്തിക്ക് അവയൊന്നും എളുപ്പത്തില്‍ ദഹിച്ചു എന്ന് വരില്ല.പിന്നെ അരുണ്‍ ഏട്ടനോട് പറഞ്ഞത് പോലെ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് എനിക്ക് തോന്നുന്നില്ല.

ഏറനാടന്‍ said...

പ്രിയ ചുള്ളിക്കാടിന്‌ സുസ്വാഗതം..

താങ്കള്‍ ബൂലോകത്ത് വരുമെന്ന് എന്നേ നിനച്ചിരുന്നു ഞാന്‍..
മലയാളിവായനക്കാരുടെ പ്രക്ഷാളനങ്ങളേറ്റ് നൊന്ത് ഒരിക്കല്‍ ഇനി അവര്‍ക്ക് വേണ്ടി എഴുതില്ല എന്നുവരെ പറഞ്ഞിരുന്നല്ലോ..

താങ്കള്‍ക്കുനേരെ വിമര്‍ശനശരം എയ്തവരുടെ ശരങ്ങള്‍ ഒരുക്കൂട്ടി ഒരു പുസ്തകച്ചട്ടക്കുള്ളില്‍ അടക്കം ചെയ്ത് വായനക്കാര്‍ക്ക് സമ്മാനിക്കുമെന്ന പ്രഖ്യാപനം കേട്ട് കാത്തിരുന്നപ്പോള്‍ താങ്കള്‍ തന്നെ അറിയിച്ചു: അങ്ങിനെയൊന്ന് ഇനി പ്രതീക്ഷിക്കേണ്ടെന്നത്!

എന്തായാലും ബൂലോകത്ത് താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ ബഹുത്താപ്പി ഹോഗയാ!

നാം ഒരിക്കല്‍ നേരില്‍ കണ്ടിരുന്നു. ഒരുമിച്ച് അഭിനയിക്കുവാനും എനിക്ക് ഭാഗ്യമുണ്ടായി. ശ്രീകുമാരന്‍ തമ്പിസാറിന്റെ 'ദാമ്പത്യഗീതങ്ങള്‍' സീരിയലില്‍ ആയിരുന്നു അത്. അന്ന് ഞാന്‍ നിങ്ങളെ പരിചയപ്പെട്ടപ്പോള്‍ സീരിയസ്സായി ഇരുന്ന് മുറുക്കിക്കൊണ്ടിരിക്കുന്നതാണ്‌ എന്റെ മനസ്സിലിന്നും ഉള്ളത്..

എല്ലാ ഭാവുകങ്ങളും...

നിരക്ഷരന്‍ said...

താങ്കളെ ബൂലോകത്ത് കണ്ടതില്‍ സന്തോഷം. സ്വാഗതം.

വല്ലപ്പോഴുമൊക്കെ എന്തെങ്കിലും ഗദ്യരൂപത്തിലും കുറിച്ചിടുമല്ലോ ? കവിതകള്‍ മനസ്സിലാക്കുന്ന കാര്യത്തില്‍ പലപ്പോഴും നിരക്ഷരത്ത്വം കൂടുതലാണ്. അതിനെപ്പറ്റി അഭിപ്രായം പറയുക എന്നത് അതുകൊണ്ടുതന്നെ അതികഠിനവുമാണ്. ആസ്വദിച്ച് വായിച്ചിട്ടുള്ള ഒന്നാണ് ചിദംബര സ്മരണകള്‍ .


-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)

ബഹുവ്രീഹി said...

പ്രിയപ്പെട്ട ബാലചന്ദ്രൻ സർ,

ഇവിടെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം. ഈ കവിതയും ഇഷ്ടമായി. ഏറ്റവും ദുഖഭരിതമായ വരികൾ എന്ന കവിതയും പിറക്കാത്ത മകന് എന്ന കവിതയും ഞാൻ ഒരിക്കൽ ചൊല്ലി അയച്ചുതരികയുണ്ടായി.എനിക്ക് സർ അയച മറുപടി ഇന്നും നിധി പോലെ സൂക്ഷിക്കുന്നു. അതു കേട്ടതിനും പ്രൊസ്താഹനവാക്കുകൾക്കും ഒരിക്കൽ കൂടി നന്ദി.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

Thanks and love to everybody.I am out of station.Sorry,unable to write in malayalam in this laptop of a friend. Shall reply in detail when I reach home.

ഇ.എ.സജിം തട്ടത്തുമല said...

ബ്ലോഗത്തേയ്ക്ക് താങ്കളെ പോലെ പ്രശസ്തർ കൂടി കടന്നു വരുന്നത് ഈ മേഖലയെ ശ്രദ്ധേയമാക്കാൻ സഹായിക്കും. സ്വാഗതം! കവിത ഇഷ്ടമായി.

Deepa Bijo Alexander said...

പ്രിയപ്പെട്ട കവിയെ ഇവിടെ കണ്ടതിൽ ഒരുപാട്‌ സന്തോഷം..!

“ ഇതു ഞാനല്ലാ കുഞ്ഞേ.
നിനക്കു തെറ്റിപ്പോയി.
പൊറുക്കൂ-- പ്രാർത്ഥിക്കുവാൻ
നേരമായ്, പോകട്ടെ ഞാൻ.”


കാലം വരുത്തുന്ന മാറ്റങ്ങൾക്കൊടുവിൽ പഴയമുഖം കാണാൻ പോലും കരുത്തില്ലാതെ ഇങ്ങനെ.....

ലളിതം..സുന്ദരം...!

shams said...

പ്രിയപ്പെട്ട കവിക്ക് വീണ്ടും സ്വാഗതം

Faizal Kondotty said...

പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ആയി ഇവിടെ കണ്ടപ്പോള്‍
എന്ന് ,
താങ്കളുടെ വരികളെ ഒരു പാട് ഇഷ്ടപ്പെടുന്ന ഒരു വായനക്കാരന്‍

cALviN::കാല്‍‌വിന്‍ said...

യാത്രയിലെന്നും കൂടെ കൊണ്ട് നടക്കുന്ന പുസ്തകങ്ങളിലൊന്നാണ് താങ്കളുടെ മുഴുവൻ കവിതകളും അടങ്ങുന്ന കവിതാപുസ്തകം. ചിദംബരസ്മരണയും അത് പോലെ ഇഷ്ടം.

സന്ദർശനം പേഴ്സണൽ ഫേവറിറ്റ്.

ബ്ലോഗിലൂടെ വീണ്ടും വായിക്കാൻ കഴിയുന്നതിന്റെ സന്തോഷം പങ്കു വെയ്ക്കുന്നു.
സ്വാഗതം... ആശംസകൾ!

Aasha said...

ലളിതം മനോഹരം... നല്ല കവിത ... ആശംസകള്‍ ....

Typist | എഴുത്തുകാരി said...

കണ്ടപ്പോള്‍ സന്തോഷം തോന്നി.സ്വാഗതം ഈ ബൂലോഗത്തേക്കു്.
കവിതയെ പറ്റി അഭിപ്രായം പറയാനുള്ള അറിവൊന്നും ഇല്ല, വലിയ കട്ടിയില്ലാത്തതൊക്കെ ആസ്വദിക്കാമെന്നല്ലാതെ.

ശിഹാബ് മൊഗ്രാല്‍ said...

ബാലചന്ദ്രന്‍ ചുള്ളിക്കാട്,

താങ്കളിലെ കവിയെ വളരെ ഇഷ്ടമാണ്‌. എല്ലാവര്‍ക്കും അങ്ങനെ തന്നെയാണെന്നു തോന്നുന്നു. പക്ഷേ, താങ്കള്‍ എഴുത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്തിന്‌ പിന്നെയും... ?
"അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു നാം.."
എന്നു തുടങ്ങുന്ന താങ്കളുടെ കവിത, രാത്രികളില്‍ ഒറ്റയ്ക്ക് ടെറസിനു മുകളിലിരുന്ന് ആലപിച്ചിട്ടുണ്ട് പലപ്പോഴും. ഇവിടെ കണ്ടതില്‍ സന്തോഷം. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

ഷാരോണ്‍ said...

എന്റെ വിരലിനോ മനസിനോ കവിത വഴങ്ങില്ല...
അര്‍ത്ഥവും ആഴവും പൂര്‍ണമായി തരപ്പെട്ടില്ലെന്കിലും വാശിയോടെ താങ്കളുടെ കവിതകള്‍ എല്ലാം വായിച്ചിട്ടുണ്ട്...(ചുള്ളിക്കാടിന്റെ കവിതകള്‍..ഡി സീ ബുക്സ് )
എവിടെ ജോണ്‍, പോകൂ പ്രിയപ്പെട്ട പക്ഷി, ആനന്ദധാര, ആരോ ഒരാള്‍ ഇവയൊക്കെ അടങ്ങിയ മ്യൂസിക്‌ പ്ലെയര്‍ ആണ് ഈ ഹൈദരാബാദ് ലോഡ്ജ് മുറിയിലെ രാത്രികളില്‍ സുഖം പകരുന്നത്...
കടമ്മനിട്ട, നെടുമുടി ലെനിന്‍ താങ്കള്‍ ഇങ്ങനെ കാമ്പുള്ള അലമ്പന്മാരുടെ കഥകള്‍ എന്നും എന്നെ അസൂയപ്പെടുത്തുന്നു...
ഇന്ന് ഹോസ്റ്റല്‍ മുറികള്‍ ഒക്കെയും നിശബ്ദമാണ്...ഞങ്ങള്‍ ഐ പോടില്‍ , ഇന്‍റര്‍നെറ്റില്‍ എവിടെയൊക്കെയോ ഒറ്റയ്ക്ക് കഴിഞ്ഞു കൂടുന്നു...
(പിന്നേ...സാര്‍ ഇത്‌ വരെ കേട്ട തെറി മുഴുവന്‍ ശേഖര്ച്ച് കുത്തി കെട്ടാന്‍ പോകുന്നു എന്ന് കേട്ടു ???
എവിടെയോ നേരത്തെ വായിച്ചതാണ്...അത് വേണോ??..എന്തെ വിമര്‍ശനങ്ങളോട് ഇത്ര അസഹിഷ്ണുത?? അര്‍ഹിക്കുന്ന അവജ്ഞയോടെ മൈന്‍ഡ് ചെയ്യാതെ ഇരുന്നാല്‍ പോരെ???)

Pandavas said...

സന്തോഷമായി മഷേ..
പഴയ കവിതകളെല്ലാം ഇതില്‍ ചേര്‍ക്കുമെന്ന് പ്രദീക്ഷിക്കുന്നു.
സ്നേഹത്തോടെ,
സ്വന്തം ഞാന്‍

bhoolokajalakam said...

ഈ യുള്ളവന്‍ സാറിന്റെ ഒരു ആരാധകനാണ്
സാറിന്റെ എല്ല്ലാ കവിതകളും എനിക്ക് ഇഷ്ടമാണ് ഏറ്റവും ഇഷ്ടം
ഗസല്‍, ജോണ്‍ എവിടെ ..........
താങ്കളുടെ ഒരു കവിത ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്

sahayaathrikar said...

വരികള്‍ ഇഷ്ടായി.....അവസാനത്തെ തത്രപാട് കണ്ടിട്ട് ...എന്തോ ഒരു വല്ലാത്ത വിങ്ങല്‍ . നല്ല കവിത

lijeesh k said...

ഇതു ഞാനല്ലാ കുഞ്ഞേ.
നിനക്കു തെറ്റിപ്പോയി.
പൊറുക്കൂ-- പ്രാർത്ഥിക്കുവാൻ
നേരമായ്, പോകട്ടെ ഞാൻ

ജീവിതത്തില്‍ നിന്നുള്ള ഈ ഒളിച്ചോട്ടങ്ങള്‍ക്കു
അറുതിയുണ്ടാവുമോ...ബാലേട്ടാ.....?

അങ്ങിനെ വിളിക്കാമോ ആവോ...
താങ്കളുടെ രചനകള്‍ എഴുത്തുകാരനില്‍
നിന്നു വായനക്കാരിലേക്കുള്ള ദൂരം കുറച്ചെങ്കില്‍...,
'ബാലേട്ടാ' എന്നു വിളിച്ചതിനുത്തരവാദി താങ്കള്‍ തന്നെയാണ്.

മഷിത്തണ്ട് said...

ഇവിടെ കണ്ടത്തില്‍ സന്തോഷം ...
കവിയെ തിരിച്ചു കിട്ടുന്നതില്‍ അതിലേറെ സന്തോഷം...

കവിത ഏറെ ഇഷ്ടമായി ....

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ശ്രീകുമാർ കരിയാട്,താരകൻ,മുഫാദ്,വല്ല്യമ്മായി,മധുസൂദനൻ,ഗൌരി,ശ്രദ്ധേയൻ,കരിമീൻ,മാരീചൻ,വിശാലമനസ്കൻ,മേരി ലില്ലി,സുജീഷ് നെല്ലിക്കാട്ടിൽ, അരുൺ ചുള്ളിക്കൽ, ചിതൽ,വേണു, ഏറനാടൻ,നിരക്ഷരൻ, ബഹുവ്രീഹി,ഇ.എം.സജിം,ദീപ ബിജോ,ഷംസ്,ഫൈസൽ കൊണ്ടോട്ടി,കാൽ‌വിൻ, ആഷ, എഴുത്തുകാരി,ശിഹാബ്,ഷാരോൺ,ഭൂലോകജാലകം,ലിജീഷ്.കെ,മഷിത്തണ്ട്,---എല്ലാവർക്കും നിറഞ്ഞ മനസ്സോടെ നന്ദി.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഏറനാടന് : എനിക്കെതിരെ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ വിമർശനങ്ങളും സമാഹരിച്ചു പുസ്തകമാക്കാൻ ഞാൻ ആഗ്രഹിച്ചു.പക്ഷെ അതിനു നിയമപരമായ ചില ബാധ്യതകൾ ഉണ്ട്.
1) എല്ലാ വിമർശകരുടെയും രേഖാമൂലമായ അനുവാദം വേണം.
2)ഇങ്ങനെയൊരു പുസ്തകത്തിന്റെ റോയൽട്ടിയുടെ അവകാശം വിമർശകർക്കായിരിക്കും.
രേഖാമൂലം സമ്മതം തരാനോ റോയൽട്ടി വിട്ടുതരാനോ മിക്കവരും തയ്യാറാകുന്നില്ല. ആരെങ്കിലും കോടതിയെ സമീപിച്ചാൽ ഞാനും പ്രസാധകനും കുടുങ്ങും. അതുകൊണ്ട് ആ പുസ്തക പരിപാടി വേണ്ടെന്നുവെച്ചു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഷാരോണിന്: വിമർശിക്കപ്പെടുക രസമല്ലേ. ശവത്തിനെതിരെ വധശ്രമം നടക്കില്ലല്ലൊ.എനിക്കെതിരായ വിമർശനം എന്റെ ജീവന്റെ തെളിവാണ്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എനിക്കെതിരായ എല്ലാ വിമർശനങ്ങളുടെയും സാരാംശം താഴെ കൊടുക്കുന്നു.
1) ബാലചന്ദ്രൻ ചുള്ളിക്കാട് കവിയല്ല.
2)ഭൂമിമലയാളത്തിലെ ഏറ്റവും വലിയ കള്ളനും വഞ്ചകനും കൊള്ളരുതാത്തവനും പിന്തിരിപ്പനും ബാലചന്ദ്രൻ ചുള്ളിക്കാടാണ്.
(ഈ രണ്ടുകാര്യങ്ങൾ ബോധ്യപ്പെടാൻ വിമർശനങ്ങൾ മുഴുവൻ വായിച്ചു നേരം കളയുകയോ അതിനു പണം മുടക്കുകയോ വേണമെന്നു നിർബ്ബന്ധമില്ല.അല്ലാതെ തന്നെ ആർക്കും ബോധ്യപ്പെടാം.)

വയനാടന്‍ said...

കുറച്ചു സമയമെടുത്തു വിശ്വാസമാകാൻ.
ഇനിയെന്തു പറയാൻ സന്ദർശകർക്കുള്ള ഈ വരിയിൽ ഞാനും അണി ചേരുന്നു.

Jyothibai Pariyadath said...

ബാലചന്ദ്രന്‍,
തിരിച്ചുവരവോ, പോക്കോ എന്തോ ആവട്ടെ എഴുതാന്‍ വീണ്ടും തുടങ്ങി എന്നതു തന്നെ കാര്യം. വായനക്കാരെ സന്തോഷിപ്പിക്കുന്നു അത്. തീര്‍‌ച്ചയായും വിമര്‍‌ശകരേയും. കൈയ്ക്കരുത്തിനൊത്ത ഇര എന്നത് നിസ്സാര കാര്യമല്ലല്ലൊ. എഴുത്തിന്റെ ഇടവേളകളുടെ ദൈര്‍‌ഘ്യം കൂടാതിരിക്കട്ടെ. പിന്നെ അതു ഞാനല്ല എന്ന തിരിച്ചറിവ്‌ നല്ല ലക്ഷണമാണ്‌. ബാലനെ വായിച്ചെടുക്കുന്നു അതില്‍ ഞാന്‍‌. നന്ദി ഒരുപാട് .ലിങ്ക് അയച്ചു തന്നതില്‍‌.

ഹരീഷ് കീഴാറൂർ said...

കവിയല്ല കവിതയാണ് വയിക്കപ്പെടെണ്ടത്.മഹാത്മഗാന്ധിയും മദർ തെരേസയും എനിക്കു നല്ലമനുഷ്യരാണ്.ചുള്ളിക്കാട് നല്ലകവിയും.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പാണ്ഡവാസ്,സഹയാത്രികൻ,വയനാടൻ‌ ‌-- നന്ദിയും സ്നേഹവും.

ജ്യോതീ- ശബ്ദം, ഈണം, ഭാവം, അർത്ഥബോധം എന്നി നാലു കാര്യങ്ങളിലും ജ്യോതിയുടെ കവിതാലാപനം മികച്ചുനിൽക്കുന്നു.മലയാളഭാഷയിലെ മികച്ച കവിതകൾ ജ്യോതിനാദത്തിൽ ലോകമെങ്ങും മാറ്റൊലിക്കൊള്ളട്ടെ.ഭാവിതലമുറകൾ അതു കേട്ടനുഭവിച്ചറിയട്ടെ.

സനാതനൻ | sanathanan said...

മാഷെ,
ഈ കവിതയുടെ പേരിലല്ല.താങ്കളുടെ ഈ ബ്ലോഗിന്റേയും ഇത്രയും കമെന്റുകളുടെയും താങ്കളുടെ മറയില്ലാത്ത ഇടപെടലുകളുടേയും പേരിൽ ഞാനും ഈ ചുവരിൽ എഴുതുന്നവനാണെന്നതിൽ അഭിമാനിക്കുന്നു. ബ്ലോഗ് എന്ന ഈർപ്പമുള്ള മാധ്യമം ചുള്ളിക്കാട് എന്ന ‘കവിയെ‘ ഞങ്ങൾക്ക് തിരിച്ചുതരുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മഷിത്തണ്ടിനും സനാതനനും നന്ദി

കാപ്പിലാന്‍ said...

എനിക്കെതിരായ എല്ലാ വിമർശനങ്ങളുടെയും സാരാംശം താഴെ കൊടുക്കുന്നു.
1) ബാലചന്ദ്രൻ ചുള്ളിക്കാട് കവിയല്ല.
2)ഭൂമിമലയാളത്തിലെ ഏറ്റവും വലിയ കള്ളനും വഞ്ചകനും കൊള്ളരുതാത്തവനും പിന്തിരിപ്പനും ബാലചന്ദ്രൻ ചുള്ളിക്കാടാണ്.
(ഈ രണ്ടുകാര്യങ്ങൾ ബോധ്യപ്പെടാൻ വിമർശനങ്ങൾ മുഴുവൻ വായിച്ചു നേരം കളയുകയോ അതിനു പണം മുടക്കുകയോ വേണമെന്നു നിർബ്ബന്ധമില്ല.അല്ലാതെ തന്നെ ആർക്കും ബോധ്യപ്പെടാം.)

ചുള്ളിക്കാട് എന്ന കവിയേയും നടനെയും എനിക്ക് പരിചയമുണ്ട് . ചുള്ളികാട് എന്ന ബ്ലോഗറെ കണ്ടതില്‍ സന്തോഷം . ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ വിമര്‍ശകര്‍ വിമര്‍ശിക്കുന്നതിന്റെ സാരാംശം മുകളില്‍ പറഞ്ഞല്ലോ . അത് തന്നെയാണ് ബൂലോകത്ത് ഈ ഏഴയും പാപിയും ദോഷിയുമായ ഞാനും . എന്തായാലും ഒരേ തൂവല്‍ പക്ഷികള്‍ എന്നൊക്കെ പറയുന്നത് പോലെ ഇങ്ങനെ പഴികള്‍ കേട്ട ഒരു മനുഷ്യനെ കണ്ടതിലും ബഹുത് ബഹുത് കുശി ഹോ !!!

ഏറനാടന്‍ said...

വിശദമായ മറുപടിക്ക് വളരെ നന്ദിയുണ്ട്. തീരെ പ്രതീക്ഷിച്ചതല്ല, അവിചാരിതമായിരുന്നു.

കൊട്ടോട്ടിക്കാരന്‍... said...

:)

അനസ് said...

എന്തെഴുതണമെന്നറിയില്ല.ചുള്ളിക്കാടിന്റെ കവിതയെ അതിന്റെ സകല ഗരിമയോടും കൂടി ബ്ലോഗില്‍ കണ്ടതില്‍ ഏറെ സന്തോഷം.ഓര്‍മ്മകള്‍ പോലും പാപമെന്നു കരുതി ഒളിച്ചോടാന്‍ ശ്രമിക്കുമ്പോഴും അതില്‍ നിന്നും മോചനമില്ലാതെയുഴറുന്ന അവനവനെത്തന്നെയാണ് ഈ കവിതയില്‍ കാണാന്‍ കഴിയുക.ബ്ലോഗ് എന്ന ജനകീയ മാധ്യമത്തില്‍ എഴുതാന്‍ താങ്കള്‍ കാണിച്ച ആര്‍ജ്ജവത്തെ അഭിനന്ദിക്കാതെ വയ്യ.
2002 ജൂണ്‍ മാസത്തില്‍ കോഴിക്കോട് ടൌണ്‍ ഹാളില്‍ കറന്റ് ബുക്സ് ജൂബിലിയോടനുബന്ധിച്ചുള്ള കവി സമ്മേളനത്തില്‍ താങ്കള്‍ ‘സന്ദര്‍ശനം’ ചൊല്ലിയത് നേരിട്ട് കേള്‍ക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. അന്നെനിക്ക് ‘അമാവാസി’,‘മാപ്പുസാക്ഷി‘,ചിദംബരസ്‌മരണ’ എന്നിവയില്‍ അങ്ങ് ഒപ്പിട്ടു തന്നു.രണ്ടു വാക്ക് സംസാരിക്കുകയും ചെയ്തു.
ദൂരെ നിന്ന് ആദരപൂര്‍വം നോക്കിക്കണ്ട പ്രിയകവി കൈയെത്തും ദൂരത്ത്,ബ്ലോഗില്‍ എത്തിയതില്‍ വളരെ സന്തോഷം

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഹാ. അനസ്.ഞാൻ ഓർക്കുന്നു. മതപാഠശാലയിൽ പഠിക്കുന്നെന്നു പറഞ്ഞതായി ഓർമ്മ. വെളുത്ത വേഷം. ആ ആൾ തന്നെയാണോ? ഇപ്പോൾ എന്തു ചെയ്യുന്നു? നോമ്പായിരിക്കും അല്ലെ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഹരീഷിൻന്: എന്റെ കവിതയെ മാത്രമല്ല എന്റെ ഉപജീവന മാർഗ്ഗങ്ങളെയും മതവിശ്വാസത്തെയും രൂപത്തെയും മുഖത്തെയും ശബ്ദത്തെയും വസ്ത്രധാരണത്തെപ്പോലും വിമർശകർ നിശിതമായി വിമർശിക്കാറുണ്ട്.

അനസ് said...

അതേ സാര്‍.അതു തന്നെ.സാറിന്റെ ഓര്‍മ്മകളില്‍ ഞാനും ആ കൂടിക്കാഴ്ചയും ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ എന്റെ സന്തോഷവും അതിലേറെ അദ്ഭുതവും ഇരട്ടിക്കുന്നു.ഇപ്പോള്‍ സൌദി അറേബ്യയിലെ ദമ്മാമില്‍ ഒരു പരസ്യ ഏജന്‍സിയില്‍ കാപ്‌ഷന്‍ എഴുത്തും തര്‍ജ്ജമയുമൊക്കെയായി ജീവിതം കഴിഞ്ഞുപോകുന്നു.
നോമ്പാണ്.സാറിനും കുടുംബത്തിനും എന്റെ റംസാന്‍ ആശംസകള്‍.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വളരെ സന്തോഷം അനസ്. താങ്കൾക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കാപ്പിലാന്: എന്തെങ്കിലും ഗുണം നമ്മളിൽ യഥാർത്ഥത്തിൽ ഉണ്ടെങ്കിൽ അതിനെ ഇല്ലാതാക്കാൻ ഒരു വിമർശനത്തിനും കഴിയില്ല.

കാപ്പിലാന്‍ said...

Thanks sir

O.M.Ganesh Omanoor said...

ഈ വരികളില്‍ കവിത പഠിക്കുന്ന പുള്ളേരുടെ കണ്ണുകളുടെ പുതുവെളിച്ചം മാത്രം.

എവിടെ ചുള്ളിക്കാടിന്റെ മണം..?

ചക്രവാളങ്ങളുടെ ചോര കൊണ്ടു പണ്ടു കരളു ചുട്ടു ചോപ്പിച്ചോനല്ലീ അങ്ങ്...!
അമാവാസിയുടെയാകാശത്തിനു ചൂട്ടെറിഞ്ഞു കൊടുത്തോന്‍..!!

കേവലമൊരു കുഞ്ഞുധ്യാനത്തിന്‍ മൗനം മതി അങ്ങേയ്ക്കാ പഴയയാകാശത്തിന്നധിപനാവാന്‍..!!

ഞങ്ങള്‍ കാത്തിരിക്കുന്നവിടെ പട്ടം പറത്താന്‍..!!

Mahi said...

എന്തായാലും സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതിനേക്കാള്‍ നല്ല കാര്യം.പണ്ട്‌ താങ്കളെ വായിച്ചു പനി പിടിച്ചിട്ടുണ്ട്.പക്ഷെ ഇപ്പോഴും ആ ഭാഷയില്‍ തന്നെ നില്‍ക്കേണ്ടി വരുന്നത്‌ കഷ്ടമാണ്‌.എങ്കിലും ഈ ബൂലോകത്തില്‍ വന്നതിന്‌ എന്റെ നന്ദി.വലിയൊരു എഴുത്തുകാരന്റെയൊ വായനക്കാരന്റെയൊ വിടവില്ലാതെ ബാലേട്ട എന്ന്‌ വിളിക്കാമല്ലൊ

കെ ജി സൂരജ് said...

താങ്കളുടെ ബ്ലോഗിനെ കുറിച്ച്‌ ജ്യോതിയേച്ചി പറഞ്ഞാണറിഞ്ഞത്‌ (ജ്യോതിബായ്‌ പരിയാടത്ത്‌) . ഒരുപാടു സന്തോഷം...

സ്നേഹം
കെ.ജി.സൂരജ്‌

ഉമ്പാച്ചി said...

മത പാഠശാലയില്‍ പഠിക്കുന്നു എന്ന് പറഞ്ഞ്
പരിചയപ്പെടാന്‍ വന്നാ ആളിതാ ഇവിടുണ്ടേ..
ഞാന്‍ ഒരു ചിത്രം വരച്ചു തരുമോ എന്ന് ചോദിച്ചു.
അപ്പോ പ്രസന്നത പോയി ആളു ചൂടായി, ഒരാട്ട് ആട്ടി.
ഞാന്‍ മാനാഞ്ചിറയില്‍ നോക്കി മുഖം കഴുകി.

കവിതകള്‍ മുഴുവനും ഉണ്ട് ഇവിടെ.
അവ ദുബായിലേക്കും കൊണ്ട് പോന്നു ഞാന്‍, 18 കവിതകളുടേ പ്രത്യേക പതിപ്പ് ഉള്‍പ്പെടെ.
നിമജ്ജനം ഒരു സമാഹാരത്തിലും കാണാനില്ല,
എറണാകുളത്തു നിന്ന് ഇറങ്ങിയാ സര്‍ഗ്ഗധാരയിലാ അതാദ്യം വായിച്ചത്.
അതൊന്ന് മെയില്‍ അയക്കാമോ?
നിമജ്ജനം ചൊല്ലിയുറങ്ങിയ രാത്രികള്‍ തിരിച്ചു പിടിക്കുന്നതിനാണ്.

ഇടപ്പോണിലെ സ്കൂള്‍ കുട്ടികളെ കൊന്ന ലോറി
എന്നെ കുത്തിക്കൊല്ലാന്‍ വരുന്ന പോലെ...
ഞാനിന്നലെ
ലോറിക്കടിപ്പെട്ടരഞ്ഞു കുഞ്ഞുങ്ങള്‍ വന്നൂതിക്കെടുത്തിയ പാതവിളക്കുകള്‍
ചൊല്ലിയുറങ്ങി...
ബാലേട്ടന്‍..
കവിത കാവലുണ്ട് എനിക്കിപ്പോഴും

അടുത്ത പോസ്റ്റ് കാത്ത്

Shaju Joseph said...

"ശാഖയും ഇലകളും പൂക്കളും ഇല്ലാത്ത" ഇങ്ങനെയും ചില ജീവിതങ്ങൾ..

ബ്ലോഗ്ഗിന്റെ ലോകത്തിലേക്ക്‌ ഒരു മുതൽക്കൂട്ട്‌ തന്നെ ഈ വരവ്‌!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഒ.എം.ഗണേഷ്,മഹി,കെ.ജി.സൂരജ്,ഉമ്പാച്ചി‌- എല്ലാവർക്കും നന്ദി

മഹിക്ക്: ഭിക്ഷ യാചിച്ചും ഹോട്ടലിൽ എച്ചിലിലയെടുത്തും പോലും ജീവിച്ചിട്ടുള്ള എനിക്ക് സീരിയൽ അഭിനയം എന്ന നിയമവിധേറ്യമായ തൊഴിൽ മോശംകാര്യമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.കഴിഞ്ഞ 8 കൊല്ലമായി അഭിനയത്തൊഴിൽ കൊണ്ടാണ് ഞാൻഉപജീവനം കഴിക്കുന്നത്. എല്ലാ കവികൾക്കും ഉന്നതവിദ്യാഭ്യാസവും ഉന്നത ഉദ്യോഗവും ലഭിക്കാൻ ഭാഗ്യമുണ്ടായെന്നു വരില്ലല്ലൊ.എല്ലാ കവികൾക്കും ഗൾഫിൽ എത്താനും കഴിയില്ല.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മഹിക്ക്; ക്ഷമിക്കണം.എന്റെ ഭാഷ മാറ്റാൻ യാതൊരുദ്ദേശവുമില്ല. ഈ ഭാഷയിൽത്തന്നെ ഉറച്ചു നിൽക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ട് എന്തു നഷ്ടമുണ്ടായാലും, ആരൊക്കെ അവഗണിച്ചാലും ,എത്ര വിമർശനം കേൾക്കേണ്ടിവന്നാലും.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഒ.എം ഗണേഷിന്; ക്ഷമിക്കണം. മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്ത് എഴുതാനുള്ള കഴിവ് എനിക്കില്ല.എനിക്കു തോന്നുമ്പോൾ, തോന്നുന്നത് എനിക്കു തോന്നിയപോലെ എഴുതാനുൾല പരിമിതമായ കഴിവേ എനിക്കുള്ളു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഷജു ജോസഫിനു നന്ദി.
ഉമ്പാച്ചിക്ക് : ‘നിമജ്ജനം’ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാണുക.

നജൂസ്‌ said...

പാവര്‍‌ട്ടി സര്‍ സയ്യിദില്‍ നിന്നൊരിക്കല്‍ കേട്ടിട്ടുണ്ട്‌
അതിനും മുന്‍‌പേ എന്നെ തൊട്ടിട്ടുണ്ട്‌
കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

O.M.Ganesh Omanoor said...

:::മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്ത് എഴുതാനുള്ള കഴിവ് എനിക്കില്ല.എനിക്കു തോന്നുമ്പോൾ, തോന്നുന്നത് എനിക്കു തോന്നിയപോലെ എഴുതാനുൾല പരിമിതമായ കഴിവേ എനിക്കുള്ളു.:::


താനേ ചെറുതാകുമ്പോഴും അങ്ങാം മഞ്ഞുതുള്ളിയില്‍
അനാദിയാമൊരാകാശത്തിന്‍ വിസ്മയങ്ങൊളിഞ്ഞിരിപ്പുണ്ടെന്നൊരു പച്ചഭൂമിയെപ്പോഴും
നേരു ചൊല്ലുന്നു....!

പിന്നെന്തിനീ സ്വാന്തത്തണലിലേക്കൊരു ഒളിച്ചോട്ടം ബാലേട്ടാ...?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഗണേഷിന് : എന്റെ പരിമിതിയെക്കുറിച്ചുള്ള ബോധമാണ് എന്റെ ബലം എന്നുഞാൻ കരുതുന്നു.

Siraj Ksd said...

Dear Sir
It is great thing to read ur poems in blog...
anyway thank you very much sir...

Siraj Ksd said...

Dear Sir...
It is great thing to read ur poems in blog...
thank you very much sir..

ശ്രീ said...

ബൂലോകത്തേയ്ക്ക് തിരിച്ചു വന്നതില്‍ സന്തോഷം

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സിറാജിനും ശ്രീയ്ക്കും നന്ദി

തരികിട::tharikida said...

സിബു പറഞ്ഞപ്പോഴാണ് കണ്ടത്. കവിക്ക്‌ സ്വാഗതം

ബാലചന്ദ്രൻ ചുള്ളിക്കാട് said...

തരികിടയ്ക്കും പാവത്താനും നന്ദി. പാവത്താന്റെ പേരു നേരത്തേ വിട്ടുപോയതാണ്.ക്ഷമിക്കണം.

മനോജ് മേനോന്‍ said...

സര്‍..

ഒത്തിരി സന്തോഷം ഇവിടെ കണ്ടതില്‍.

വളരെ കുറച്ചേ താങ്കള്‍ എഴുതിയിട്ടുള്ളൂ..ആ ക്ഷുഭിത യൌവനത്തിന്‍റെ ഹൃദയത്തില്‍ നിന്നിറ്റി വീണ ഓറോ രക്തതുള്ളിയും ഇന്നും യുവത്വത്തിന്‍റെ ഞരമ്പുകളില്‍ ലഹരി നിറക്കുന്നു.

ചിദംബരസ്മരണപോലെ, താങ്കളുടെ തൂലികയില്‍ നിന്നും ഓരോ കവിതക്കു പിന്നിലേയും കഥ , അനുഭവിച്ച ആത്മ സംഘര്‍ഷം ഞങ്ങള്‍ക്കായ് പങ്കുവെച്ചൂടെ?

അനുരൂപ് said...

അങ്ങയുടെ കവിത ഞങ്ങള്‍ക്ക് പഠിക്കുവാനുണ്ട്, അങ്ങയേപറ്റി കൂടുതല്‍ അറിയാനിരിക്കുന്നതേ ഉള്ളൂ. എങ്കിലും ഇവിടെ താങ്കളുമായി സംസാരിക്കാനായതില്‍ എനിക്ക് അഭിമാനമുണ്ട്. കവിതയേക്കാള്‍ ബ്ലോഗെന്ന മാധ്യമത്തിന്റെ ഫലപ്രദമായ ഉപയോഗത്തിന്‌ അഭിനന്ദനങ്ങള്‍.
തുടരുക...
ആശംസകള്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മനോജ് മേനോനും അനുരൂപിനും നന്ദി.


മനോജിന്:
കവിതയ്ക്കുപിന്നിൽ ബോധം മാത്രമല്ല. അബോധവും പ്രവർത്തിക്കുന്നു. അതിനാൽ കവിതയ്ക്കു പിന്നിലെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വളരെ പ്രയസമുണ്ട് മനോജ്.

ജീ . ആര്‍ . കവിയൂര്‍ said...

നെഞ്ചുരുകി

കരള്‍വെന്തു

ഒഴുകിയിറങ്ങും

വരികള്‍ കാട്ടിടുകിലും

അറിയുന്നില്ലാരുമി

കവിതന്‍ ദഃഖം

ഭാവുഗങ്ങള്‍ കവേ

മരമാക്രി said...

കര്‍ത്താവേ, ഇത് ഒറിജിനല്‍ ചുള്ളിക്കാടാണോ? അതോ പിണറായിയുടെ പ്രത്യയശാസ്ത്രം പോലെ? ബെന്‍സ്‌ കാര്‍ ഇടവഴിയില്‍ തിങ്ങി ഞെരുങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ ഒരു ഞെട്ടല്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മരമാക്രിക്ക് നന്ദി

(Aji Mathew) Varghese Mathew said...

സാര്‍ ,താങ്കളുടെ ചിന്ദംബര സ്മരണകളാല്‍ വായിച്ചു ,ജോണ്‍ എവിടെ വായിച്ചു ,താങ്കളുടെ പല കവിതകളും വായിച്ചു കരഞ്ഞോരാള്‍..ഞാന്‍ ആരുമല്ല ..പക്ഷെ ഇനിയും താങ്കള്‍ ഒന്നും കുറി ച്ചി ല്ലെ ങ്കിലും ..ഒരിക്കല്‍ പൊള്ളി പടര്‍ന്ന അക്ഷരങ്ങള്‍ ഇറങ്ങി വന്ന ആത്മാവും ആ ചോരയും ഇവിടെയുണ്ടെന്നുള്ള ചിന്ത മതി താങ്കള്‍ ഈ ലോകത്തിനു എല്ലാം ആകാന്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അജിത് മാത്യുവിനു നന്ദി

ജീ . ആര്‍ . കവിയൂര്‍ said...

കവിത എന്‍ ബലഹീനത
എന്‍ വിശ്വാസവും
ആശ്വാസവും
താങ്കളും ഇതില്‍ വിശ്വസിക്കുന്നുവോ
എങ്കില്‍ എന്തുകൊണ്ട് ഒരു വരി മറുപടി
തന്നില്ല ഒഴിവാക്കിയതാണോ

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ജി.ആർ.കവിയൂരിന് : ഒരിക്കൽ ഞാൻ നന്ദി പറഞ്ഞിരുന്നു. വീണ്ടും നന്ദി.

ജീ . ആര്‍ . കവിയൂര്‍ said...

കവിയുടെ മറുപടിക്ക്
നന്ദി കവിതയാകുന്ന ആഴിയില്‍ നിന്നും മുത്തുമായി വന്ന കപ്പലില്‍ തുറമുഖത്ത് വന്നതറിഞ്ഞ് ഇനിയും കവിതകള്‍ കാണുവാനും കേള്ക്കുവാനുമായി കാത്തു കാത്തിരിക്കുന്നു ഞാന്‍ ഇരിക്കുന്നു നിരാശപ്പെടുതുകയില്ലല്ലോ കവേ

ജീ . ആര്‍ . കവിയൂര്‍ said...

ഞങ്ങള്‍ പ്രവാസി എഴുത്തുകാരുടെ ഒരു ചെറിയ കുടുംബമുണ്ട് "വാക്ക് " കുരിപ്പുഴ സാറും ഉണ്ടതില്‍ തങ്ങളെയും ക്ഷണിക്കുന്നു വരുമല്ലോ നിരാശപ്പെടുത്തരുതെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു www.vaakku.ning.com

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ശരി കവിയൂർ. നന്ദി.

ശ്രീജിത്ത്‌ said...

ബാലേട്ടാ,.. ഇതു ഞാന്ന് മാത്രുഭൂമിയിൽ വായിഛിരുന്നു,...ശരിക്കും ഇഷ്ട്ടപ്പെട്ടു,...

നീര്‍വിളാകന്‍ said...

താങ്കളുടെ കവിതക്ക് കമന്റിടാന്‍ ഉള്ള അറിവ് എനിക്കില്ല... പ്രവാസ ജീവിതത്തിലെ വിരളമായ വായനക്ക് താങ്കളുടെ ബ്ലോഗ് ഒരു ഉത്തേജനം ആകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു... ഭാവുകങ്ങള്‍!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ശ്രീജിത്തിനും നീർവിളാകനും നന്ദി.

Eranadan / ഏറനാടന്‍ said...

ചട്ടമ്പിനാട് ഷൂട്ട് കഴിഞ്ഞെത്തി എന്നു കരുതുന്നു.
ക്യാമറാമാന്‍ മനോജ് പിള്ളയെ ഞാന്‍ വിളിച്ചിരുന്നു. (ശിവന്‍സ് സ്റ്റുഡിയോയില്‍ എന്റെ സീനിയര്‍ ആയിരുന്നു)

അപ്പോള്‍ ഇനിയും ബ്ലോഗില്‍ മാഷിന്റെ കവിതകള്‍ ഉടന്‍ പ്രതീക്ഷിച്ചുകൊണ്ട്...

ഉഷാകുമാരി.ജി. said...

ഇവിടെ ഉണ്ടായിരുന്നു,അല്ലേ?

പി എ അനിഷ്, എളനാട് said...

ആശംസകള്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഏറനാടനും ഉഷാകുമാരിക്കും അനിഷിനും നന്ദി.

neeraja [Raghunath.O] said...

കവിതയില്‍ വലിയ താല്പര്യമില്ലാത്ത ഒരു
സഹാധ്യപക സുഹൃത്ത്‌ കണ്‍കളില്‍ കലാലയ
ജീവിതം തുളുംബുമീ..... എന്നിടയ്ക്കിടെ
മൂളുന്നു. സന്തോഷം തോനുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എനിക്കും സന്തോഷം. നന്ദി നീരജ

Unni Sreedalam said...

താങ്കളുടെ ലക്ഷക്കണക്കിന്‌ ആരാധകരിലൊരാള്‍. ഹാജര്‍ വെയ്ക്കാന്‍ വന്നതാണ്‌. ട്രഷറിയിലാണ്‌ ജോലി. സമയമുണ്ടെങ്കില്‍ എണ്റ്റെ എളിയ ബ്ളോഗ്‌ സന്ദര്‍ശിക്കാന്‍ അപേക്ഷ.

കോട്ടയ്കന്‍ said...

ആള്‍കൂട്ടത്തിന്റെ നടുവിലുരുന്ന് ശ്രവിക്കുന്ന വരികള്‍ നെഞ്ചിലെറ്റുന്നതൊടൊപ്പം
ഒരഭിനന്ദനം പറയാന്, ഒരുപ്രതികരണമറിയിക്കാന്‍
മുന്പില്‍ വരാന്‍ ഭയമായിരുന്നു.
കാരണം മനസ്സില്‍ ചുള്ളിക്കാടെന്ന ബിംബംഎനിക്കപ്രാപ്യമായതായിരുന്നു.
ഇപ്പോള്‍ ബൂലോകത്തിലിരുന്നു്‌ സംവദിക്കുമ്പോള്‍
ഒരു മറയില്ലാതെ സ്വകാര്യമായി കിട്ടിയതുപൊലെ
വല്ലാത്ത ഒരാത്മഹര്‍ഷം ഉണ്ടാകുന്നു.

കവിത നന്നായിരിക്കുന്നു

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഉണ്ണിയ്ക്കും കോട്ടയ്ക്കകനും നന്ദി.

Muyyam Rajan said...

പ്രിയപ്പെട്ട മാഷേ,

ഇവിടെ കണ്ടതില്‍ സന്തോഷം. കഴിഞ്ഞ മുപ്പതോളം വര്‍ഷമായിട്ട് മറുനാട്ടിലാണ്. കവിതയെക്കാള്‍ എന്നെ ഏറെ ആകര്‍ഷിച്ചത് "ചിദംബരസ്മരണ"യാണ്. ഇരന്നുണ്ട ഓണം ഇപ്പോഴും കണ്ണുകളെ ഈറനണിയിക്കാറുണ്ട്... നന്മകള്‍ നേരുന്നു !

nandana said...

“ ഇതു ഞാനല്ലാ കുഞ്ഞേ.
നിനക്കു തെറ്റിപ്പോയി "
ഒളിചോട്ടമാനെവിടെയും
മലയാളം ബ്ലൊകുകള്‍ സജീവമാകട്ടെ
ഒരായിരം വാതായനങ്ങള്‍ ഇവിടെ തുറക്കാം

ബാലചന്ദ്രൻ ചുള്ളിക്കാട് said...

thanks to muyyam rajan and nandana

Ankita said...

നന്ദി! നന്ദി !!

സാക്ഷ said...

കവിത പഴയ അസ്ഥി ബന്ധങ്ങളില്‍ നിന്നും മാറി നടക്കുന്നുവല്ലോ,

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അങ്കിതയ്ക്കും സാക്ഷയ്ക്കും നന്ദി

boss said...

"വംഗസാഗരത്തിന്റെ കരയില്‍ ശ്‌മശാനത്തില്‍
അന്തിതന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍
ബന്ധുക്കള്‍ മരിച്ചവര്‍ക്കന്തിമാന്നമായ്‌ വെച്ച
മണ്‍കലത്തിലെച്ചോറു തിന്നതു ഞാനോര്‍ക്കുന്നു."
ഓര്‍മകളിലെ വിശപ്പ്‌ ഇപ്പോഴും വെട്ടയാടരുണ്ടോ

akhi said...

ആരുപറഞ്ഞു മാഷ് കവിയല്ലെന്ന്....???
ഞങ്ങളുടെ വേദനയും പ്രണയവും
വെറുപ്പും എല്ലാം സ്വന്തം നെഞ്ചിലേററുവാങ്ങി അക്ഷരങ്ങളിലാവാഹിച്ചു ഞങ്ങള്‍ക്ക് തന്നെ പകര്‍ന്ന് നല്‍കിയ അങ്ങ്.........

MyDreams said...

njana late aayi pooyi enilum santhoshm undu

അംജിത് said...

പ്രിയപ്പെട്ട ബാലേട്ടാ,
എന്ന് വിളിക്കാമല്ലോ അല്ലെ?
എന്തെന്നറിയാത്ത നിര്‍വൃതിയിലാണ് ഞാന്‍ .
വിണ്ണില്‍ നിന്നിറങ്ങി വന്നൊരു നക്ഷത്രം മുന്നില്‍ വന്നു നിന്ന് പുഞ്ചിരിക്കുന്നത് പോലെ.
ഞാന്‍ എത്രയോ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അങ്ങ് വിരല്‍ത്തുമ്പുകള്‍ക്ക് തൊട്ടപ്പുറത്ത് നില്‍ക്കുമ്പോള്‍ മറ്റെന്തു തോന്നാന്‍ ?
ബൂലോകത്തിന് നന്ദി..
താങ്കള്‍ക്കു നന്ദി..
താങ്കളെ പ്രേരിപ്പിക്കുന്ന സുഹൃത്തിന് നന്ദി..
ആകസ്മികമായി ഈ വഴി വരാന്‍ തോന്നിച്ച നിമിഷത്തിനു നന്ദി ... :)

മിര്‍ഷാദ് said...

ഒരഭിപ്രായം പറയുവാനുള്ള വിവരം എനിക്കില്ല ........... കഥകള്‍ ആണെനിക്കിഷ്ടം .... അതുകൂടുതല്‍ മനസ്സിലാകുന്നത് കൊണ്ടാകും

ജ്യോതിസ് പരവൂര്‍ said...

മാഷേ എന്താ പറയുക വളരെ ഏറെ ഇഷ്ട്ടപെട്ടു