Friday, 11 September, 2009

നിമജ്ജനം

എന്നെ മറക്കൂ, മരിച്ച മനുഷ്യന്റെ
കണ്ണു തിരുമ്മിയടയ്ക്കുന്നതുപോലെ
എന്നേയ്ക്കുമായി നീ എന്നെക്കുറിച്ചുള്ള-
തെല്ലാം മറക്കൂ‌‌-- വിടപറയുന്നു ഞാൻ.

ആരെയോ ചങ്ങലയ്ക്കിട്ട മുറിപോലെ
ആരും കടക്കാതടച്ച മനസ്സിലും
നേർത്ത തണുത്ത നിലാവിന്റെ രശ്മിപോൽ
രാത്രികാലങ്ങളിലോർമ്മ വന്നെത്തുമോ?

ലോലചർമ്മത്തിന്നടിയിലൊഴുകുന്ന
നീലസംഗീതം നിറഞ്ഞ ഞരമ്പിനെ
ഞാനുമ്മവെച്ചു തുടിപ്പിച്ചൊരോർമ്മയിൽ
നീ ഒരു ജന്മം പിരിഞ്ഞു ജീവിക്കുമോ?

എങ്കിലോർമ്മിക്കുക-അന്ധസമുദ്രങ്ങൾ
നീന്തിനീന്തിത്തളർന്നെത്തുമെന്നോർമ്മയെ.

--------------/ /----------------
( ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച “ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രണയകവിതകൾ” എന്ന പുസ്തകത്തിൽനിന്നും )

78 comments:

chithrakaran:ചിത്രകാരന്‍ said...

എത്ര നിമജ്ജനം ചെയ്താലും ഓര്‍മ്മകള്‍
കാറ്റായും,കുളിരായും,നിസ്വാസങ്ങളായും പുനര്‍ജ്ജനിച്ച്
നമ്മേ കാണാനെത്തുന്നുണ്ട്.
അനുഭവങ്ങളുടെ നീല ഞരംബുകള്‍
തെളിഞ്ഞു നില്‍ക്കുന്ന കവിത.
ക്ഷേമാശംസകളോടെ....
സസ്നേഹം.

തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ആദ്യത്തെ തേങ്ങ എന്റെ വക!!!

ഠേ!!!! (തേങ്ങ പൊട്ടിയതാണ് )

വീ കെ said...

ആശംസകൾ.

കാപ്പിലാന്‍ said...

കയ്ക്കുന്നതും മധുരിക്കുന്നതുമായ ഓര്‍മ്മകള്‍ ഒരിക്കലും മായാതെ നില്‍ക്കട്ടെ . ആശംസകള്‍

സെറീന said...

കാലങ്ങള്‍ക്കു ശേഷം വീണ്ടും കാണുമ്പോള്‍
ഒരുപാട് സന്തോഷം, അതും ഇങ്ങനെ.
പത്മിനിയുടെ ചിത്രപ്രദര്‍ശനം
കണ്ടിറങ്ങിയ ഒരു വൈകുന്നേരം,
ലളിതകല അക്കാദമിയുടെ മുറ്റത്ത്‌ വെച്ചു
ഞങ്ങള്‍ക്ക് ചൊല്ലി തന്ന ആ കവിത..

വല്യമ്മായി said...

ഓര്‍മ്മകള്‍ക്ക് മരണമില്ല,പ്രണയത്തിനും.

തറവാടി said...

നല്ല കവിത :)

ഉമ്പാച്ചി said...

കൊഴുത്തു വെന്ത കടലിന്‍റെ വീര്‍പ്പു പോല്‍
രാത്രികാലങ്ങളിലോര്‍മ്മ വന്നെത്തുന്ന
ഒരിടത്തു നിന്ന്
നിമജ്ജനം പിന്നെയും വായിക്കുന്നു.

നന്ദി

kichu / കിച്ചു said...

മധുരിക്കും ഓര്‍മകളേ...

പകല്‍കിനാവന്‍ | daYdreaMer said...

ലോലചർമ്മത്തിന്നടിയിലൊഴുകുന്ന
നീലസംഗീതം നിറഞ്ഞ ഞരമ്പിനെ
ഞാനുമ്മവെച്ചു തുടിപ്പിച്ചൊരോർമ്മയിൽ
നീ ഒരു ജന്മം പിരിഞ്ഞു ജീവിക്കുമോ?

ഹാ..

Pandavas said...

എങ്കിലോർമ്മിക്കുക-അന്ധസമുദ്രങ്ങൾ
നീന്തിനീന്തിത്തളർന്നെത്തുമെന്നോർമ്മയെ.
മനോഹരമായ വരികള്‍...

വിഷ്ണു said...

അങ്ങയെ പോലെ പ്രമുഖനായ ഒരാള്‍ ഈ ബൂലോകത്തേക്ക് വന്നതില്‍ വളരെ അധികം സന്തോഷം. ഞങ്ങള്‍ക്ക് ഇനി സ്ഥിരമായി അങ്ങെയുടെ രചനകള്‍ ഇവിടെയും വായിക്കാമല്ലോ. ആശംസകള്‍

ഏറനാടന്‍ said...

ഒരുപാട് സന്തോഷമുണ്ട്
ചുള്ളിക്കാടിന്‍ കവിതകള്‍
ബ്ലോഗിലൂടെ വായിക്കാന്‍
സാധിച്ചതില്‍ സന്തോഷമുണ്ട്

കുഴൂര്‍ വില്‍‌സണ്‍ said...

മണിനാദം ഇവിടെ കേള്ക്കാം

::സിയ↔Ziya said...

ലോലചർമ്മത്തിന്നടിയിലൊഴുകുന്ന
നീലസംഗീതം നിറഞ്ഞ ഞരമ്പിനെ
ഞാനുമ്മവെച്ചു തുടിപ്പിച്ചൊരോർമ്മയിൽ
നീ ഒരു ജന്മം പിരിഞ്ഞു ജീവിക്കുമോ?

.............................
എന്നെന്നും നിന്നസാന്നിദ്ധ്യം എന്‍ പാനപാത്രം നിറക്കട്ടിഷ്ടാ...
So let us kiss and part :)

(നീറിപ്പോയ മനസ്സില്‍ ഒരിത്തിരി ഒരു ലിറ്റര്‍ വെള്ളമൊഴിക്കാന്‍ വേണ്ടി എഴുതിപ്പോയതാണ്, മാപ്പ് :) )

കിനാവ് said...

അയ്യയ്യാ വരവഞ്ചിത നൃത്തം
ചെയ്യും നല്ല മണിക്കവിത.

പഴയതാണെങ്കിലും പോരട്ടെ..

ശിഹാബ് മൊഗ്രാല്‍ said...

ഓര്‍മ്മകള്‍ മരിക്കുമോ.. ഓളങ്ങള്‍ നിലയ്ക്കുമോ...

ആദര്‍ശ്║Adarsh said...

കവിതയെക്കുറിച്ചു പറയാനൊന്നും അറിയില്ല.
ഒരുപാടു കേട്ട, വളരെ അകലെയുള്ള കവിയെ ,
ഇവിടെ ഇത്ര അടുത്ത്‌ കണ്ടതില്‍ സന്തോഷമുണ്ട്..

unni said...

Sir,
Ee kavitha njaan innaanu aadyamaayi kaanunnathu.
Manoharamaayirikkunnu.
Nandi,orupaadu nandi.
(malayalam lipi ente computeril illaathathinaalaanu englishil typechithathu; kshamikkumallo?!)

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി

ഗുപ്തന്‍ said...

മറന്നേക്കുക എന്ന ഓരോ മൊഴിയിലും ഓര്‍ക്കുക എന്ന നിലവിളിയുണ്ട്; മറവിയുടെ ഇരുട്ടില്‍ മാത്രം ഇടയ്ക്കുതെളിയുന്ന, ജീവിതത്തിന്റെ കൊടും വെളിച്ചത്തില്‍ കാണാതെയാവുന്ന, ഓര്‍മയുടെ നിലാത്തെളിച്ചങ്ങളും...

വളര്‍ന്ന കാലത്തിന്റെ വേദനകള്‍ അതുപോലെ ഒപ്പിയെടുത്ത ഒരാളെ ഇതുപോലെ ഒരു മാധ്യമത്തില്‍ കാണുന്നത് തികഞ്ഞ സന്തോഷം. ആ കാലങ്ങള്‍ക്ക് അവയുടെ ജീവനുള്ളതുകൊണ്ട് ഈ വരികള്‍ പഴകുന്നുമില്ല.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നന്ദി ഗുപ്തൻ

ഉപാസന || Upasana said...

Nice to see you here sir...
:-)
Upasana

നരിക്കുന്നൻ said...

ഈ വിടപറച്ചിലിലും മനസ്സ് തേടുന്നുണ്ട്. ഒരിക്കലെങ്കിലും ഓർമ്മച്ചെപ്പുകൾ തുറന്ന് മുന്നിൽ അവതരിച്ചെങ്കിലെന്ന്...മറവിയുടെ മാറാലപിടിച്ച് നശിക്കില്ലൊരോർമ്മയും.. ഒരിക്കലെങ്കിലും മനസ്സിലേക്കത് തിരയടിച്ച് വരും..

ശ്രീ said...

നന്നായി മാഷേ. ഇതിവിടെ പങ്കു വച്ചതിനു നന്ദി

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഉപാസനയ്ക്കും നരിക്കുന്നനും ശ്രീയ്ക്കും നന്ദി.

junaith said...

ഒരായിരം നന്ദി ഈ വരികള്‍്ക്ക്..

പള്ളിക്കുളം.. said...

അന്ധസമുദ്രങ്ങൾ നീന്തി നീന്തിക്കടന്നെത്തി
ഞാനിന്നീ തുറമുഖത്ത്.

ഇനിയിപ്പൊ നല്ല കവിതയൊക്കെ കേട്ട് അല്പം വിശ്രമിക്കാം..
മാഷ് ഇവിടുണ്ടാവുമല്ലോ അല്ലേ?

എല്ലാ ആശംസകളും.

സിമി said...

നല്ല കവിത, നിങ്ങളുടെ ചിന്തകള്‍ കോര്‍ത്തു വരുന്നതു കാണാന്‍ രസമുണ്ട്.

മീര അനിരുദ്ധൻ said...

ചുള്ളിക്കാട് മാഷിനെ ഇവിടെ കാണാനായതിൽ ഒത്തിരി സന്തോഷം.

കെ.കെ.എസ് said...

വ്യസനം വഴുക്കുന്ന വരിപടവുകളിലൂ‍ടെ കവിതയിലേക്കിറങ്ങുമ്പോൾ ഞാനോർത്തു..ശ്യാമദു:ഖത്തിന്റെ നിഗൂഢ ഖനിയിലേക്കാണല്ലോ താങ്കളെന്നെ കൈപിടിച്ചു നടത്തുന്നതെന്ന്!ഇരുളിൽ ഒരു ഇന്ദ്രനീലകല്ലെനിക്കു കിട്ടി..”നീല സംഗീതം നിറഞ്ഞൊഴുകുന്ന ഞെരമ്പെന്ന് അതെന്റെ ചിന്തയിലിരുന്നു തിളങ്ങികൊണ്ടിരിക്കുന്നു.

കുമാരന്‍ | kumaran said...

ലോലചർമ്മത്തിന്നടിയിലൊഴുകുന്ന
നീലസംഗീതം നിറഞ്ഞ ഞരമ്പിനെ
ഞാനുമ്മവെച്ചു തുടിപ്പിച്ചൊരോർമ്മയിൽ
നീ ഒരു ജന്മം പിരിഞ്ഞു ജീവിക്കുമോ?


hooooo.. manoharam......! ithine vellanenthunt..

അനൂപ്‌ കോതനല്ലൂര്‍ said...

മാഷെ മനസ്സിലേയ്ക്ക് ഒരു നനുത്ത തൂവൽ പറന്നു വന്നതു പോലെ
മാഷിന്റെ മനസ്സിലെ പ്രണയം എത്ര തീക്ഷണമാണ്
എന്നെ മറക്കൂ, മരിച്ച മനുഷ്യന്റെ
കണ്ണു തിരുമ്മിയടയ്ക്കുന്നതുപോലെ
എന്നേയ്ക്കുമായി നീ എന്നെക്കുറിച്ചുള്ള-
തെല്ലാം മറക്കൂ‌‌-- വിടപറയുന്നു ഞാൻ
വർണ്ണിക്കാനാവുന്നില്ല

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സഹൃദയസുഹൃത്തുക്കൾക്കും നിറഞ്ഞ മനസ്സോടെ നന്ദി.

Thallasseri said...

വീണ്ടും കണ്ടതില്‍ സന്തോഷം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

തൽശ്ശേരിക്കു നന്ദി

സുജീഷ് നെല്ലിക്കാട്ടില്‍ said...

Nice poem

Dinkan-ഡിങ്കന്‍ said...

ലോലചർമ്മത്തിന്നടിയിലൊഴുകുന്ന
നീലസംഗീതം നിറഞ്ഞ ഞരമ്പിനെ
ഞാനുമ്മവെച്ചു തുടിപ്പിച്ചൊരോർമ്മയിൽ
നീ ഒരു ജന്മം പിരിഞ്ഞു ജീവിക്കുമോ?


നിങ്ങളുടെ വരികളില്‍ ഡ്രാക്കുളയില "നാഗദന്തം മുലക്കണ്ണിലാഴ്ത്തി..." എന്ന് തുടങ്ങുന്ന നാല്‍‌വരിയായിരുന്നു എനിക്കേറെ പ്രിയപ്പെട്ടത്ത്. എന്നാല്‍ മുകളിലെ വരികള്‍ അതിനെയും മറികടക്കുമെന്ന് തോന്നുന്നു.
സസ്നേഹം

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നന്ദി ഡിങ്കൻ

ഫൈസലിന്റെ ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ said...

പ്രിയപ്പെട്ട ചുള്ളിക്കാട്,
‘ഇടപ്പള്ളിത്തെരുവില്‍
രാത്രി ഒറ്റക്കുനടന്നു പോകുമ്പോള്‍
ബാലചന്ദ്രന്‍ ചുള്ളീക്കാടിനെ
രണ്ടു അനാഥബിംബങ്ങള്‍
തട്ടിക്കൊണ്ടു പോയി‘ എന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീ. ടി. പി. രാജീവന്‍ എഴുതി. തട്ടിക്കൊണ്ടുക്കൊണ്ടു പോകപ്പെട്ടവന്‍
തിരിച്ചെത്തുമ്പോള്‍ പ്രതീക്ഷിച്ചിരിക്കുന്നവന്റെ മനസ്സ് എന്തൊരു ഭാവുകത്വത്തിലായിരിക്കും!
വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി താങ്കള്‍ കുറിച്ചിട്ട വരികള്‍
ഞാന്‍ ഏറെ ആഘോഷിച്ചു.
ചങ്ങാതിമാരുമായി പങ്കുവെച്ചു.
പോസ്റ്റ്മോര്‍ട്ടം ടേബിളറിയുന്നില്ല
അതിനു മേല്‍ കിടന്നവന്‍ കൊണ്ടാടിയ ഉത്സവങ്ങള്‍.
എഴുത്തിനിടയിലെ ഇടവേളകള്‍ കുറക്കണമെന്ന് ഞാന്‍ പറഞ്ഞാല്‍ അത് ഭാഷയോടും കവിതയോടുമുള്ള പ്രണയത്തിന്റെ ഭാഗമാണ് എന്നുകൂടി മനസ്സിലാക്കുമല്ലോ?
മറക്കാനാകുന്നില്ലെങ്കില്‍
തീര്‍ച്ചയായും ഓര്‍മിച്ചുകൊണ്ടേയിരിക്കാം.
പണ്ട് ശ്രീ.ബഷീര്‍ മേച്ചേരിയുടെ പുസ്തകം പ്രകാശിപ്പിച്ചപ്പോള്‍ ഗുരുവായൂരില്‍ താങ്കളുണ്ടായിരുന്നു.
ശ്രീ. കോവിലനെ സ്വന്തം തട്ടകം ആദരിച്ചപ്പോഴും ആത്മഭാഷണങ്ങളും തട്ടകവും പ്രകാശിപ്പിച്ചപ്പോഴും താങ്കളുണ്ടായിരുന്നു.
സസ്നേഹം
എം.ഫൈസല്‍
e-id: amalakhil99@yahoo.com
blog: amalakhil.blogspot.com

::സിയ↔Ziya said...

ലോലചര്‍മ്മത്തിനടിയിലെ നീലസംഗീതം നിറഞ്ഞ ഞരമ്പിനെ ഉമ്മവെച്ചു തുടുപ്പിക്കുക...

എനിക്ക് വയ്യ. ഞാനിതെത്രാമത്തെ തവണയാണ് ഇവിടെയെത്തി ഈ വരികള്‍ വീണ്ടും വീണ്ടും കണ്ട് എന്റെ കരള്‍ തുടുപ്പിക്കുന്നത്...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഫൈസലിനും സിയയ്ക്കും നന്ദി.

ഫൈസലിന്:
ഗുരുവായൂരിലെ ദിനങ്ങൾ ഓർക്കുന്നു.
കോവിലനെ കുറച്ചുനാൾമുൻപു പോയി കണ്ടിരുന്നു.അദ്ദേഹത്തിനു ക്ഷീണവും ദേഹാസ്വാസ്ഥ്യവുമുണ്ടായിരുന്നു. അധികം സംസാരിച്ചില്ല.

ബഷീർ മേച്ചേരിയുടെ പുസ്തകപ്രകാശനം ഓർക്കുന്നു. മൾബറി ഷെൽ‌വിയെ അവസാനമായി കണ്ടത് അന്നാണ്.അന്നു ബഷീറും ഞാനും ഷെൾവിയും ഒരുമിച്ചുപോയി പനങ്കള്ളുകുടിച്ചത് ഓർക്കുന്നു. ഷെൽ‌വിയെ ഇനി ഒരിക്കലും കാണാനാവില്ലല്ലൊ. ബഷീറ് എവിടെയാണ്? അവൻ ഒന്നു വിളിക്കാറുകൂടിയില്ല നാട്ടിൽ വരുമ്പോൾ.ജീവിതപ്രാരാബ്ധവും തിരക്കുകളും കൂടിയിട്ടുണ്ടാവും. അവനെ കണ്ടാൽ എന്റെ സ്നേഹാന്വേഷണം പറയുക.

പാവപ്പെട്ടവന്‍ said...

മാഷേ ഇതൊക്കെ വായിച്ചതാണ് പുതിയത് തരൂ എങ്കിലും ആനന്ദം

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ആഗ്രഹമില്ലാതെയല്ല.എപ്പോഴും പുതിയത് എഴുതിക്കൊണ്ടിരിക്കാൻ വലിയ പ്രതിഭ വേണം. എനിക്കതില്ല പാവപ്പെട്ടവൻ.. വല്ലകാലത്തും ഇങ്ങനെ വല്ലതുമൊക്കെ.. അത്രയേ എനിക്കു സാധിക്കൂ. ഇക്കാര്യത്തിൽ ഞാൻ നിസ്സഹായനാണ്.

girishvarma balussery... said...

അഭിപ്രായങ്ങള്‍ക്ക് താങ്ങള്‍ എഴുതുന്ന മറുകുറിപ്പുകള്‍ ഹൃദ്യം . നന്മ നിറഞ്ഞ ആ മനസ്സ് ഇവിടെ തെളിഞ്ഞു വിലസുന്നു. ഞങ്ങളോടായ്‌ സംസാരിക്കുമ്പോള്‍ വല്ലാത്ത ഒരു സുഖം സാര്‍. ശരിക്കും അനുഭവിക്കുന്നുണ്ട് ഞാന്‍... നന്ദി ഈ സൌഹൃദത്തിനു ...............

മുസാഫിര്‍ said...

മാഷെ, താങ്കളെക്കുറിച്ചുള്ള ഇമേജ് മാറി മറിഞ്ഞത് (പലതും അത്ര സുഖകരമല്ലാത്ത കേട്ടറിവുകളായിരുന്നു)ചിദംബര ദിനങ്ങള്‍ വായിച്ചപ്പോഴാണ്.ഈ പുതിയ സം‌രഭവും അങ്ങയെ ജനങ്ങള്‍ക്ക് കൂടുതല്‍ അറിയാന്‍(കവിയെന്ന നിലക്കല്ല) ഇട വരുമെന്ന് പ്രത്യാശിക്കട്ടെ.നന്ദി ഞങ്ങളുടെ ഇടയില്‍ ഇറങ്ങി വരാനുള്ള സന്മനസ്സിന്.
-ബാബു

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഗിരിഷ് വർമ്മയ്ക്ക് നന്ദി. കുറുമ്പ്രനാട് കോവിലകവുമായി ബന്ധമുണ്ടോ? അവിടുത്തെ ഒരു തമ്പുരാനെ ഒരിക്കൽ പരിചയപ്പെട്ടത് ഓർക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മുസാഫിർ, എന്നെ ആ‍കാശത്തിലേക്ക് എടുത്തുയർത്താനും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താനും പലരും ശ്രമിക്കുന്നു.എങ്കിലും ഞാൻ എപ്പോഴും ഈ ഭൂമിയിൽത്തന്നെയാണ്.നിങ്ങളോടൊപ്പം. അതിനാൽ എനിക്ക് എങ്ങോട്ടും ഇറങ്ങി വരേണ്ടതില്ല.അങ്ങനെയൊന്നും വിചരിക്കരുതേ.നമ്മളോക്കെ ഈ ഭൂമിയിൽത്തന്നെ ജനിച്ചുജീവിച്ചുമരിക്കുന്നു.പലരും പല വിധിയിൽ ജീവിക്കുന്നു. അത്രേയുള്ളു.

MANOHAR MANIKKATH said...

എണ്‍പതുകളില്‍
താങ്കളുടെ പുതിയ രചനകള്‍ക്കുവേണ്ടി
കാത്തിരുന്നിരുന്നു ഒരു ആവേശവുമായി
പിന്നീടെങ്ങോ...
താങ്കള്‍ വഴിമാറിയോയെന്നു തോന്നായ്കയില്ല.

ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷവും
ആഹ്ലാദവും അറിയിക്കട്ടെ

girishvarma balussery... said...

പഴയ കുറുമ്പ്രനാട് രാജവംശത്തിലെ ആ കോവിലകം തന്നെ. പരിചയപെട്ട ആളെ മനസ്സിലായി. എന്റെ വല്യച്ഛന്റെ മകന്‍. ഒരു എം കെ രവിവര്‍മ്മ.

aryan blueyeboy said...

nalladu

aryan blueyeboy said...

nannayi

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മനോഹർ മാണിക്കത്ത്,ഗിരീഷ് വർമ്മ,ആരൻ ബ്ലൂബോയ് എന്നിവർക്കു നന്ദി.

ഗിരീഷ് വർമ്മയ്ക്ക് : രവിവർമ്മതമ്പുരാനോട് എന്റെ സ്നേഹാന്വേഷണം അറിയിക്കുവാനപേക്ഷ.

ഹാരിസ് said...

പഴയൊരു കഥയാണ്.
അടിമുടി കാല്‍‌പനികനായ എന്റെ ഒരു സുഹൃത്ത് തിരുവല്ലക്കാരിയായ
ഒരു പെന്തക്കോസ്തുകാരിയുമായി അഗാധമായ പ്രണയത്തിലകപ്പെടുന്നു,ബീജാപ്പൂരില്‍ വെച്ച്.
ഒരിയ്ക്കല്‍ മദ്യപിച്ച് വശം കെട്ടിരിയ്ക്കുന്ന ഒരു രാത്രിയില്‍ തന്നെക്കാണാനെത്തിയ പ്രണയിനിയെ കാമുകന്‍ പരവശനായി ചുംബിക്കുവാന്‍ മുതിരുന്നു.വായില്‍ വന്ന തെറിമുഴുവന്‍ പറഞ്ഞ് തിരികെ പോയ കാമുകിയെ, നായകന്‍ അതിരാവിലെ ഫോണില്‍ വിളിച്ച് കാതരനായി ചുള്ളിക്കാടിന്റെ കവിത
ചൊല്ലിക്കേള്‍പ്പിക്കുന്നു.
"മാപ്പു ചോദിപ്പൂ,വിഷം കുടിച്ചിന്നലെ രാത്രിതന്‍ സംഗീതശാലയില്‍...
ഞാന്‍ നിന്നരികിലിരുന്നുവോ"
കവിതമുഴുവന്‍ ചൊല്ലിക്കഴിഞ്ഞ് ഫോണ്‍ വെച്ച് വിഷണ്ണനായി വരുന്ന നായകനോട്
കാര്യം ചോദിച്ചപ്പോള്‍ ..
"അളിയാ..ഇന്നലെ അവളെ ഞാന്‍ ചുംബിച്ചിരുന്നു എങ്കില്‍ അതൊരു വമ്പന്‍ വേസ്റ്റായിപ്പോയേനെ.കവിത അവസനം വരെ കേട്ടിട്ട് അവള്‍ ചോദിയ്ക്കുന്നു.."ഇതെന്നതാ ഇത് രാവിലെ തന്നെ,ഫോണീല്‍കൂടി, ഓട്ടം തുള്ളലോ"-ന്ന്.

കക്ഷി പിന്നീടൊരിയ്ക്കലും പ്രേമിച്ചിട്ടില്ല.
അക്കാലത്ത് യുവാക്കള്‍ പ്രണയിച്ചിരുന്നത് പോലും താങ്കളുടെ കവിതകളിലൂടെയായിരുന്നു

ജ്വാല said...

മാഷെ,
കവിത വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയത് എന്റെ പ്രീഡിഗ്രി കാലത്തെ സുഹൃത്തിനെ കുറിച്ചായിരുന്നു.ഒരിക്കല്‍ അവന്റെ കെമിസ്റ്ററി നോട്ട് എല്ലാവരുടെയും പോലെ ക്ലാസ്സില്‍ സാര്‍ ചെക്കു ചെയ്തു.ആദ്യത്തെ പേജില്‍ പേരും വിഷയവും ശരിയായി എഴുതിയിട്ടുണ്ടു.അടുത്ത പേജുമുതല്‍ മാഷിന്റെ ഓരോ കവിതകളായി അവന്‍ പകര്‍ത്തി വെച്ചിരിന്നു. അവനെ അപ്പോള്‍ തന്നെ ക്ലാസ്സില്‍ നിന്നു പുറത്താക്കുമെന്ന് ഞങ്ങള്‍ കരുതി .പക്ഷെ സാര്‍ അവനെ കൊണ്ട് ആ കവിതകള്‍ ക്ലാസ്സില്‍ ആലപിക്കുവാന്‍ പറഞ്ഞു.“ജോസഫ്.. ഒരോര്‍മ്മതന്‍...”അവന്‍ നന്നായി അവതരിപ്പിച്ചു അപ്പോള്‍ തന്നെ ഞങ്ങളുടെ സര്‍ പറഞ്ഞു.”ഓരോരുത്തര്‍ക്കും ഓരൊ നിയോഗമുണ്ടു.“നിനക്കു രസതന്ത്രത്തിലെ സമവാക്യങ്ങള്‍ വഴങ്ങുന്നില്ല,ബാലചന്ദ്രനെന്ന ലഹരിയിലാണു നീ.“
ആ വാക്കുകള്‍ സത്യം തന്നെ.താങ്ങളുടെ കവിതയുടെ സൌന്ദര്യ ലഹരിയില്‍ മയങ്ങിപോയ ഒരു കാലവും പ്രായവും ചങ്ങാതികൂട്ടവും ഒരു കാലത്തും നിമജ്ജനം ചെയ്യപ്പെടാനാവാത്തതായി ഇന്നും കൂടെയുണ്ട്.
ഇവിടെ കണ്ടതില്‍ സന്തോഷത്തോടെ

Sapna Anu B.George said...

നീ ഒരു ജന്മം പിരിഞ്ഞു ജീവിക്കുമോ?.......ഒരിക്കലും ഇല്ല!!!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സപ്നയ്ക്ക് നന്ദി

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഹാരിസിനും ജ്വാലയ്ക്കും നന്ദി.

വീട് വിട്ടുപോയ ഫൈസല്‍ said...

സ്നേഹത്തോടെ,
മറുകുറിയില്‍ ആനന്ദിക്കുന്നു.
ഞാന്‍ റിയാദിലാണ്. അധ്യാപകന്‍.
ബഷീര്‍ മേച്ചേരി റസല്‍ഖൈമയില്‍.
തര്‍ക്കേടില്ലാത്ത നിലയിലാണ്.
ത്രിശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ വീട് വെച്ചു.
രണ്ടു കഥസമാഹാരങ്ങള്‍ ഇറങ്ങിയത് അറിഞ്ഞിരിക്കുമല്ലോ?
എന്റെ കഥാസമാഹാരം ഒലീവ് ഇറക്കിയിട്ടുണ്ട്. ദേഹവിരുന്ന്.
ഞാന്‍ ബഷീറിക്കയെ ഈ വിവരം അറിയീക്കാം.
എന്നും ക്ഷുഭിത യൌവ്വനത്തിന്റെ കവിതയും സ്വരവുമായിരുന്നു ചുള്ളിക്കാട് ഞങ്ങള്‍ക്ക്.
ഞങ്ങളുടെ കാമ്പസ് ജീവിതത്തെ ധന്യമാക്കിയതിന് ചുള്ളിക്കാടുകവിതകളുടെ ആഗ്നേയവീര്യത്തിനുള്ള പങ്ക് നിഷേധിക്കാനാവില്ല.
ഇ മെയില്‍ ഐഡി തന്നാല്‍ അത് ബഷീര്‍ക്കക്ക് കൈമാറാമായിരുന്നു.
എന്റെ ഇ ഐഡി:
amalakhil99@yahoo.com
സസ്നേഹം
എം. ഫൈസല്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഫൈസലിനു നന്ദി. എന്റെ ഐ.ഡി: balachandranchullikkad@gmail.com

സന്തോഷ് said...

അപ്രതീക്ഷിതമായാണു് ഇതുകണ്ടതു്. ഈ വരികള്‍ വീണ്ടും വായിക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വന്നതു് സന്ദര്‍ശനവും കൂലിപ്പണിക്കാരന്‍റെ ചിരിയുമാണു്.

പറയുവാനുണ്ടു പൊന്‍ ചെമ്പകം പൂത്ത
കരളുപണ്ടേ കരിഞ്ഞു പോയെങ്കിലും
കറപിടിച്ചൊരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍
കവിതപോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം.

.
.
.

അരുതു ചൊല്ലുവാന്‍ നന്ദി, കരച്ചിലിന്‍
അഴിമുഖം നാം കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍-രാത്രിതന്‍
നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍!

(സന്ദര്‍ശനം)

ഒരു പുസ്തകത്തിലും
നിന്‍റെ സങ്കീര്‍ണ്ണമാം
ചിരിയുടെ പരമാര്‍ത്ഥമില്ല.
.
.
.
ഒരു പുസ്തകത്തിലും
നിന്‍റെയീ ഗൂഢമാം
ചിരിയുടെ പൊരുള്‍മാത്രമില്ല.

(കൂലിപ്പണിക്കാരന്‍റെ ചിരി)

ആ കവിതകളാവട്ടെ, ഇനി!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നന്ദി സന്തോഷ്.

നീര്‍വിളാകന്‍ said...

കവിതയുടെ അര്‍ഥങ്ങള്‍ക്കും ആഴങ്ങള്‍ക്കും അപ്പുറം താങ്കളുടെ സാന്നിദ്ധ്യം എന്നില്‍ ആവേശം ഉണര്‍ത്തുന്നു... നന്ദി!

നിശാഗന്ധി said...

പ്രണയത്തിന്റെ സുനാമിയാണു വിടപറയല്‍ ......
ഞാന്‍ ഒരു പാട് സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ബാല ചന്ദ്രന്‍ സാറിനു ആശംസകള്‍ നേരുന്നു........
ദയവ്വു ചെയ്തു അങ്ങു എന്റെ ഈ കവിത (ഒരു വേര്‍പാടിന്റെ നൊമ്പരം)വായിച്ചു അഭിപ്രായം എഴുതുമല്ലോ....
http://suniljacobkavithakal.blogspot.com/2009/07/blog-post_19.html

bilatthipattanam said...

ഗെഡീ,ഭായിയുടെ ഒരാരധകൻ ,ലണ്ടനിലെങ്ങാനും വരുന്നുണ്ടെങ്കിൽ അറിയിക്കണേ..കേട്ടൊ

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നീർവിളാകൻ, നിശഗന്ധി, ബിലാത്തിപ്പട്ടണം‌ ‌- എല്ലാവർക്കും നന്ദി.

ഇംഗ്ലണ്ടിൽ ഞാൻ കുറച്ചുകാലം മുൻപ് വന്നിരുന്നു. ഇനി വരാനാകുമോ എന്നറിയില്ല.വന്നാൽ അറിയിക്കാം

പി എ അനിഷ്, എളനാട് said...

ആശംസകള്‍ പ്രിയ കവേ,

rajeshshiva said...

ഓര്‍മകളെ താളില്‍ നിമഞ്ജനം ചെയപ്പെട്ടിരിയ്ക്കുന്നു. ..മനോഹരം ...കവിതയെക്കുറിച്ച് എന്ത് പറഞ്ഞാലും മുകളിലെ കമന്റുകളുടെ ആവര്‍ത്തനമായിപ്പോകും .ബൂലോകത്ത് വരികയും ഞങ്ങളില്‍ ഒരാളെപ്പോലെ ഇടപഴകുകയും ചെയുന്ന അങ്ങയുടെ ഈ സ്നേഹം തന്നെ ധാരാളം..പിന്നെ കവിത കൂടി ആകുമ്പോള്‍ വായനക്കാര്‍ക്ക്‌ കൂടുതല്‍ എന്ത് വേണം...ആശംസകള്‍... :രാജേഷ്‌ ശിവ

കോട്ടയ്കന്‍ said...

കുറ്റ ബോധത്തിന്റെയൊ അതോ ,പിന്നിട്ടവഴിയിലുപേക്ഷിച്ച സുഖധമായ അനുഭൂതിയുദെ പുളിച്ചു തികട്ടലിന്റെയൊ ഈ നിമജ്ജനം ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അനിഷിനും രാജേഷ് ശിവയ്ക്കും കോട്റ്റയ്ക്കകനും നന്ദി.

Akbar said...

നല്ല കവിത
എല്ലാ കമെന്റുകള്‍കും താഴെ ഒരു കയ്യൊപ്പ് !

ഏറെ അലച്ചില്നു ശേഷം കണ്ടെത്തിയ ഒരു നല്ല ബ്ലോഗ്‌- സ്നേഹാദരങ്ങളോടെ

ബാലചന്ദ്രൻ ചുള്ളിക്കാട് said...

thank u Akbar.

lekshmi said...

വളരെ മനോഹരമായ കവിത..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ലക്ഷ്മിക്കു നന്ദി

otherside said...

എങ്കിലോർമ്മിക്കുക-അന്ധസമുദ്രങ്ങൾ
നീന്തിനീന്തിത്തളർന്നെത്തുമെന്നോർമ്മയെ


കലക്കി.

ഭ്രമങ്ങളുടെ തടവുകാരാ..
വശ്യതയുടെ മിനുസങ്ങളില്‍ നീ വശപ്പെടും..
ഉടലുകളുടെ വെല്ലുവിളികളില്‍ നീ പരവേശപ്പെടും....
വര്‍ണ്ണങ്ങളുടെ ശബളിമയില്‍ നീ ദ്രവിക്കും..

ചിരി
നിന്നെ
തൂക്കിലേറ്റും..

നിലാവ് നിനക്കുള്ള കയര്‍ പിരിക്കുന്നുണ്ട്..
(എന്റെ ഒരു കവിതയില്‍ നിന്നും)

nandini said...

പ്രണയ കവിതയാണെങ്കിലും ...
അനുദിന ജീവിത ദുഖങ്ങളില്‍ ...
സാന്ത്വനമായി മനസ്സിനെ
തൊട്ടുണര്‍ത്തുന്ന വരികള്‍ ...
പണ്ടെങ്ങോ എവിടെയോ കേട്ട വരികള്‍
ഡയറിയില്‍ കുറിച്ചിട്ടത്‌ ...
ഇപ്പോള്‍ ഇവിടെ വച്ച് കണ്ടതില്‍...
സന്തോഷം ....

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി

sangeetha said...

എങ്കിലോർമ്മിക്കുക-അന്ധസമുദ്രങ്ങൾ
നീന്തിനീന്തിത്തളർന്നെത്തുമെന്നോർമ്മയെ.