Wednesday, 28 October, 2009

അന്തർദ്ധാനം

താഴേയ്ക്കു ചാടിമരിച്ച സൌന്ദര്യമേ,
ആഴക്കിണറ്റിലെയമ്പിളിത്തെല്ലിനെ-
പ്പോലെ വേഗം തേങ്ങിമായും വിഷാദമേ,
               ആവാഹനം;
നിനക്കീ വെള്ളിമൂങ്ങയിലാവാഹനം.

ഈരേഴുലോകവും നിന്റെയാത്മാവിനെ-
ത്തേടിയലയുന്നൊരക്കൊടുങ്കാറ്റിനോ,
പാതിരാത്താമരമൊട്ടിനുള്ളിൽ ബ്രഹ്മ-
ഭാവന ചെയ്യും കഠിന തപസ്സിനോ
കാണുവാനാവില്ല നിന്നെയൊരിക്കലും. 

ഭൂമി പിളർന്നു മറഞ്ഞ സൌന്ദര്യമേ,
നീ മാനഭംഗപ്പെടും നിമിഷത്തിന്റെ 
ലോകനീതിക്കു ദയാവധാശംസകൾ. 

 

Sunday, 18 October, 2009

സാഹിത്യ ശില്പശാല.

തൃശ്ശൂർ കേരളവർമ്മ കോളേജിൽ ഈ വർഷത്തെ സാഹിത്യ ശില്പശാലയുടെ മേൽനോട്ടം ഞാൻ വഹിക്കണമെന്ന് മലയാളവിഭാഗം മേധാവി വി.ജി. തമ്പി എന്നോടാവശ്യപ്പെട്ടിരിക്കുന്നു. ശരിക്കും അതൊരു ഭാരിച്ച ഉത്തരവാദിത്തമാണ്. ശില്പശാല എങ്ങനെവേണം എന്നു വിഭാവനം ചെയ്യുകയാണ് ആദ്യത്തെ പണി.

കേരളവർമ്മയിൽനിന്നും മറ്റു കോളേജുകളിൽനിന്നും തിരഞ്ഞെടുത്ത 50 വിദ്യാർത്ഥികളെ ക്യാമ്പ് അംഗങ്ങളാക്കാമെന്നു തീരുമാനിച്ചു.


എങ്ങനെ സാഹിത്യം എഴുതാം എന്നു കുട്ടികളെ പഠിപ്പിക്കുന്ന ഏർപ്പാടാണു സാഹിത്യശില്പശാല എന്ന് ഇപ്പോഴും ചിലരെങ്കിലും ധരിക്കുന്നുണ്ട്. ആ ധാരണ തെറ്റാണ്. സാധാരണ ശില്പശാലകളിൽ സാഹിത്യത്തെക്കുറിച്ച് വിധഗ്ധർ പ്രഭാഷണവും ചർച്ചയും നടത്തും. അംഗങ്ങളുടെ രചനകൾ സീനിയർ സാഹിത്യകാരന്മാരും സാഹിത്യാദ്ധ്യാപകരും പരിശോധിച്ചു ചർച്ചചെയ്യും. തിരുത്തും. അംഗങ്ങൾക്കിടയിൽ സൌഹൃദങ്ങളും ചർച്ചകളും കൊണ്ടുപിടിച്ചു നടക്കും. ഇതൊക്കെയാണു പതിവ്.


ഇത്തവണ ഞങ്ങൾ മറ്റൊരു രീതി വിഭാവനം ചെയ്തു. വിശ്വസാഹിത്യത്തിലെ  മഹാവിസ്മയങ്ങളായ  ചില കൃതികൾ അവ വായിച്ചുപഠിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികൾക്കു പരിചയപ്പെടുത്തുന്നു. ആ കൃതികൾ വായിക്കാൻ കുട്ടികൾക്കു പ്രേരണയും മാർഗ്ഗ നിർദ്ദേശവും നൽകുന്നു.


ഹോമർ, സോഫോക്ലിസ്,ഷേക്സ്പിയർ,ദസ്തയെവ്സ്കി, വാൽമീകി, വ്യാസൻ,കാളിദാസൻ, കസാന്ദ്സാകിസ് , പബ്ലോ നെരൂദ, തുടങ്ങിയ മഹാപ്രതിഭകളുടെ ഓരോ കൃതികൾ എം.ലീലാവതി, കെ..ജി. ശങ്കരപ്പിള്ള, തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകർ കുട്ടികൾക്കു പരിചയപ്പെടുത്തുന്നു.


ഒരു കൃതിയെങ്കിലും ശില്പശാലയിലെ ഓരോ അംഗവും ഗൌരവ പൂർവ്വം വായിച്ചാൽ അത് അയാളുടെ വ്യക്തിജീവിതത്തിലും കേരളത്തിന്റെ സാംസ്കാരികജീവിതത്തിലും വലിയ നേട്ടമായിരിക്കും എന്നു ഞങ്ങൾ കരുതുന്നു.


സാഹിത്യം എഴുതാൻ എങ്ങനെ പഠിക്കാം? പലരെയും അലട്ടാറുള്ള ചോദ്യമാണിത്. താൻ എഴുതിയ സാഹിത്യം നല്ലതാണോ എന്ന്  അറിയാനുള്ള ജിജ്ഞാസ എല്ലാ എഴുത്തുകാർക്കും ഉണ്ടാകും.


ഒരേയൊരു വഴിയേയുള്ളു. മഹത്തായ സാഹിത്യകൃതികൾ ശ്രദ്ധാപൂർവ്വം വായിച്ചുപഠിക്കുക. എന്താണു സാഹിത്യമെന്നും എങ്ങനെ സാഹിത്യം എഴുതാം എന്നും അപ്പോൾ താനേ മനസ്സിലാവും. സ്വന്തം സാഹിത്യത്തിന്റെ മൂല്യം സ്വയം നിർണ്ണയിക്കാനും അപ്പോ‍ൾ പ്രാപ്തിയുണ്ടാവും. സാഹിത്യം എഴുതാനാവശ്യമായ പ്രതിഭ തനിക്കില്ല എന്നു സ്വയം ബോദ്ധ്യപ്പെട്ട് ,കൂടുതൽ ബുദ്ധിയുള്ള ചിലർ അപ്പോൾ  എഴുത്തു നിർത്തിയെന്നും വരാം.


ലോകത്തെവിടെയും അല്പന്മാരായ എഴുത്തുകാർ സാഹിത്യ മാഫിയകളും ക്ലിക്കുകളും ഗ്രൂപ്പുകളും ഗൂഢസംഘങ്ങളും ഉണ്ടാക്കി  സാഹിത്യം ‘പിടിച്ചെടുക്കാൻ’ കഠിനശ്രമം നടത്താറുണ്ട്. ഇക്കൂട്ടർ സർക്കാരുകളുടെയും  സർവ്വകലാശാലകളുടെയും അക്കാദമികളുടെയും നിരൂപകവൃന്ദങ്ങളുടെയും അവാർഡു കമ്മറ്റികളുടെയും പത്രാധിപന്മാരുടെയുമൊക്കെ അംഗീകാരം നേടിയെടുക്കാറുമുണ്ട്.


പക്ഷെ, അനേകം തലമുറകളിലെ വായനക്കാരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ മഹാപ്രതിഭകൾക്കു മാത്രമേകഴിയൂ. അതെന്തുകൊണ്ടാണെന്നു മനസ്സിലാകണമെങ്കിൽ മഹാപ്രതിഭകളുടെ മഹത്തായ കൃതികളുമായി പരിചയപ്പെടണം. അതിനുള്ള പ്രേരണയാകണം സാഹിത്യശില്പശാല എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.Wednesday, 7 October, 2009

ദളിത് തീവ്രവാദംമാദ്ധ്യമങ്ങളിൽ പുതുതായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന പദമാണു  ‘ദളിത് തീവ്രവാദം'.


                                             
1937-ലാണു മഹാകവി ചങ്ങമ്പുഴ  പുലയ സമുദായാംഗവും സ്വന്തമായി ഭൂമിയില്ലാത്തവനും ജന്മിയുടെ ഭൂമിയിൽ താമസിച്ച് അയാൾക്കുവേണ്ടി കൃഷിപ്പണി നടത്തുന്നവനുമായ  തനിമനുഷ്യനെ നായകനാക്കി ‘വാഴക്കുല’ എന്ന കവിത എഴുതുന്നത്. അവന്റെ അദ്ധ്വാനത്തിന്റെ ഫലം സാമൂഹ്യവ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും സഹായത്തോടെ ജന്മി ചൂഷണം ചെയ്യുന്നു. അക്കാലത്ത് അസംഘടിതനും നിരായുധനുമായ മലയപ്പുലയൻ  നിസ്സഹായനായിരുന്നു.ഈ പരമാർത്ഥമാണ് ആ കവിത വിളിച്ചുപറഞ്ഞത്. “ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ?” എന്നു മനുഷ്യസ്നേഹിയായ ആ യുവകവി ആവേശംകൊണ്ടു. മഹാനായ  ജനകീയകാഥികൻ കെടാമംഗലം സദാനന്ദൻ ആ കവിതയെ ജനലക്ഷങ്ങളുടെ വികാരവും  വിചാരവുമാക്കി മാറ്റി.


കാലം മാറി. കേരളത്തിൽ ഭൂപരിഷ്കരണം വന്നു. കുടികിടപ്പുകാർക്ക് അഞ്ചുസെന്റും പത്തുസെന്റും ഭൂമി കിട്ടി. അതിനപ്പുറം ഒരു ഗുണവും ഭൂമിയിൽ യഥാർത്ഥത്തിൽ കൃഷിപ്പണി നടത്തിയ പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും കിട്ടിയില്ല. കോളടിച്ചത് പണിയെടുക്കാതെ ദളിതരെക്കൊണ്ടു പണിയെടുപ്പിച്ചിരുന്ന  ഇടനിലക്കാരായ പാട്ടക്കുടിയാന്മാർക്കാണ്. അവർക്കു പാട്ടഭൂമി കിട്ടി. ദളിതർക്ക് കൃഷിഭൂമി കിട്ടിയില്ല.ഈ മഹാരാജ്യത്തെ ജനങ്ങൾക്ക് വേണ്ടത്ര  അന്നം ചരിത്രാതീതകാലം മുതൽ  ഉല്പാദിപ്പിച്ചുപോരുന്ന അർദ്ധപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ മനുഷ്യർക്ക് നീതി കിട്ടിയില്ല.ഇന്നും കിട്ടുന്നില്ല.
          ഇന്ത്യയിലെ ദളിതർ ഇന്നും ഭൂരഹിതരായി തുടരുന്നു. വിദ്യാഭ്യാസത്തിലോ സാഹിത്യത്തിലോ ശാസ്ത്രത്തിലോ സാങ്കേതികവിദ്യയിലോ രാഷ്ട്രീയത്തിലോ  വ്യാപാരത്തിലോ വ്യവസായത്തിലോ സംവരണമില്ലാത്ത ഉന്നത ഉദ്യോഗങ്ങളിലോ മറ്റേതെങ്കിലും രംഗത്തോ മറ്റു സമുദായങ്ങളോടൊപ്പം മുന്നേറാൻ ദളിതർക്കു കഴിഞ്ഞിട്ടില്ല. അനേകകാലം എല്ലാ തലത്തിലും നിഷ്ഠുരമായ ചൂഷണത്തിന് ഇരയായ വർഗ്ഗത്തിന് മാനുഷികമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിൽ  പരിമിതികളുണ്ടായി.  സ്വന്തമായി ഭൂമിയില്ലെന്നു മാത്രമല്ല, മനുഷ്യസംസ്കാരത്തിന്റെയും നാ‍ഗരികതയുടെയും സാങ്കേതിക വിദ്യയുടെയും വിശ്വവിജ്ഞാനത്തിന്റെയും സദ്ഫലങ്ങൾ അനുഭവിക്കാനും  ദളിതർക്ക്  കഴിഞ്ഞില്ല. ഇന്ത്യൻ സ്വാതന്ത്രത്തിന്റെ  ഗുണഫലങ്ങൾ പോലും ഇന്ത്യയിലെ ദളിതജീവിതങ്ങളിൽ എത്തിച്ചേർന്നിട്ടില്ല എന്നറിയാൻ ഇന്ത്യയിലെ ആദിവാസിക്കുടികൾ സന്ദർശിച്ചാൽ മാത്രം മതി.(ഒറ്റപ്പെട്ട  ചില വ്യക്തികളുടെ പരിമിതമായ നേട്ടങ്ങൾ ഇവിടെ കണക്കിലെടുക്കുന്നില്ല.)


ഭക്ഷണം, വസ്ത്രം, പാർപ്പിടം,ഭൂമി, തൊഴിൽ, വിശ്രമം, ശുചിത്വം, വിദ്യാഭ്യാസം, വിജ്ഞാനം,സാമൂഹ്യമായ അന്തസ്സ്, രാഷ്ട്രീയാധികാരം, സൌന്ദര്യാനുഭൂതി, വിനോദം, വൈദ്യസഹായം--- ഇതെല്ലാം ദളിതർക്കും അവകാശപ്പെട്ടതാണ്. അവർക്കത് എന്നു കിട്ടും? ഒരിക്കലും കിട്ടുകയില്ലേ?


സ്പന്ദിക്കുന്ന അസ്ഥിമാടത്തിൽനിന്നും കവിയുടെ ശബ്ദം ഇന്നും മുഴങ്ങുന്നു:                    
  “ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ?”