Wednesday, 7 October, 2009

ദളിത് തീവ്രവാദംമാദ്ധ്യമങ്ങളിൽ പുതുതായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന പദമാണു  ‘ദളിത് തീവ്രവാദം'.


                                             
1937-ലാണു മഹാകവി ചങ്ങമ്പുഴ  പുലയ സമുദായാംഗവും സ്വന്തമായി ഭൂമിയില്ലാത്തവനും ജന്മിയുടെ ഭൂമിയിൽ താമസിച്ച് അയാൾക്കുവേണ്ടി കൃഷിപ്പണി നടത്തുന്നവനുമായ  തനിമനുഷ്യനെ നായകനാക്കി ‘വാഴക്കുല’ എന്ന കവിത എഴുതുന്നത്. അവന്റെ അദ്ധ്വാനത്തിന്റെ ഫലം സാമൂഹ്യവ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും സഹായത്തോടെ ജന്മി ചൂഷണം ചെയ്യുന്നു. അക്കാലത്ത് അസംഘടിതനും നിരായുധനുമായ മലയപ്പുലയൻ  നിസ്സഹായനായിരുന്നു.ഈ പരമാർത്ഥമാണ് ആ കവിത വിളിച്ചുപറഞ്ഞത്. “ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ?” എന്നു മനുഷ്യസ്നേഹിയായ ആ യുവകവി ആവേശംകൊണ്ടു. മഹാനായ  ജനകീയകാഥികൻ കെടാമംഗലം സദാനന്ദൻ ആ കവിതയെ ജനലക്ഷങ്ങളുടെ വികാരവും  വിചാരവുമാക്കി മാറ്റി.


കാലം മാറി. കേരളത്തിൽ ഭൂപരിഷ്കരണം വന്നു. കുടികിടപ്പുകാർക്ക് അഞ്ചുസെന്റും പത്തുസെന്റും ഭൂമി കിട്ടി. അതിനപ്പുറം ഒരു ഗുണവും ഭൂമിയിൽ യഥാർത്ഥത്തിൽ കൃഷിപ്പണി നടത്തിയ പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും കിട്ടിയില്ല. കോളടിച്ചത് പണിയെടുക്കാതെ ദളിതരെക്കൊണ്ടു പണിയെടുപ്പിച്ചിരുന്ന  ഇടനിലക്കാരായ പാട്ടക്കുടിയാന്മാർക്കാണ്. അവർക്കു പാട്ടഭൂമി കിട്ടി. ദളിതർക്ക് കൃഷിഭൂമി കിട്ടിയില്ല.ഈ മഹാരാജ്യത്തെ ജനങ്ങൾക്ക് വേണ്ടത്ര  അന്നം ചരിത്രാതീതകാലം മുതൽ  ഉല്പാദിപ്പിച്ചുപോരുന്ന അർദ്ധപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ മനുഷ്യർക്ക് നീതി കിട്ടിയില്ല.ഇന്നും കിട്ടുന്നില്ല.
          ഇന്ത്യയിലെ ദളിതർ ഇന്നും ഭൂരഹിതരായി തുടരുന്നു. വിദ്യാഭ്യാസത്തിലോ സാഹിത്യത്തിലോ ശാസ്ത്രത്തിലോ സാങ്കേതികവിദ്യയിലോ രാഷ്ട്രീയത്തിലോ  വ്യാപാരത്തിലോ വ്യവസായത്തിലോ സംവരണമില്ലാത്ത ഉന്നത ഉദ്യോഗങ്ങളിലോ മറ്റേതെങ്കിലും രംഗത്തോ മറ്റു സമുദായങ്ങളോടൊപ്പം മുന്നേറാൻ ദളിതർക്കു കഴിഞ്ഞിട്ടില്ല. അനേകകാലം എല്ലാ തലത്തിലും നിഷ്ഠുരമായ ചൂഷണത്തിന് ഇരയായ വർഗ്ഗത്തിന് മാനുഷികമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിൽ  പരിമിതികളുണ്ടായി.  സ്വന്തമായി ഭൂമിയില്ലെന്നു മാത്രമല്ല, മനുഷ്യസംസ്കാരത്തിന്റെയും നാ‍ഗരികതയുടെയും സാങ്കേതിക വിദ്യയുടെയും വിശ്വവിജ്ഞാനത്തിന്റെയും സദ്ഫലങ്ങൾ അനുഭവിക്കാനും  ദളിതർക്ക്  കഴിഞ്ഞില്ല. ഇന്ത്യൻ സ്വാതന്ത്രത്തിന്റെ  ഗുണഫലങ്ങൾ പോലും ഇന്ത്യയിലെ ദളിതജീവിതങ്ങളിൽ എത്തിച്ചേർന്നിട്ടില്ല എന്നറിയാൻ ഇന്ത്യയിലെ ആദിവാസിക്കുടികൾ സന്ദർശിച്ചാൽ മാത്രം മതി.(ഒറ്റപ്പെട്ട  ചില വ്യക്തികളുടെ പരിമിതമായ നേട്ടങ്ങൾ ഇവിടെ കണക്കിലെടുക്കുന്നില്ല.)


ഭക്ഷണം, വസ്ത്രം, പാർപ്പിടം,ഭൂമി, തൊഴിൽ, വിശ്രമം, ശുചിത്വം, വിദ്യാഭ്യാസം, വിജ്ഞാനം,സാമൂഹ്യമായ അന്തസ്സ്, രാഷ്ട്രീയാധികാരം, സൌന്ദര്യാനുഭൂതി, വിനോദം, വൈദ്യസഹായം--- ഇതെല്ലാം ദളിതർക്കും അവകാശപ്പെട്ടതാണ്. അവർക്കത് എന്നു കിട്ടും? ഒരിക്കലും കിട്ടുകയില്ലേ?


സ്പന്ദിക്കുന്ന അസ്ഥിമാടത്തിൽനിന്നും കവിയുടെ ശബ്ദം ഇന്നും മുഴങ്ങുന്നു:                    
  “ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ?”

93 comments:

desertfox said...

പൂര്‍ണമായും യോജിക്കുന്നു.
പക്ഷേ അവരെ ആയുധമാകുന്ന ദളിത്‌ നേതാക്കന്മാരും അനവധി...

നിശാഗന്ധി said...

മനുഷ്യനെ മനുഷ്യനായി കാണൂ മനുഷ്യാ...

നന്നായിരിക്കുന്നു സാറിന്റെ ഈ ലേഖനം .....

പകല്‍കിനാവന്‍ | daYdreaMer said...

ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും...
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും...
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും...

ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...!

M.Kutty said...

പുതിയ സംഭവവികാസങ്ങളിൽ ദളിത വിഭാഗങ്ങൾ കൂടി ഭീകര പ്രസ്ഥാനങ്ങളിൽ പ്രതി ചേർക്കപ്പെടുന്ന സാഹചര്യത്തിൽ മേൽപ്പറഞ്ഞ കവി വാക്യം ദുരുപയോഗം ചെയ്യപ്പെടില്ലേ എന്ന് ഈയുള്ളവൻ സംശയിക്കുന്നു. ചിലപ്പോൾ ഈ സംശയം വിവരക്കേടാകാം. മാറിയ ലോകത്ത്‌ ചുള്ളികാട്‌ ഇത്‌ ഇങ്ങനെ തിരുത്തി എഴുതണമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു: "ഇതിനൊക്കെ പരിഹാരം കാണാതിരിക്കുമോ, പതിതരേ നിങ്ങൾ തൻ പിൻ മുറക്കാർ"

അങ്കിള്‍ said...

“കോളടിച്ചത് പണിയെടുക്കാതെ ദളിതരെക്കൊണ്ടു പണിയെടുപ്പിച്ചിരുന്ന ഇടനിലക്കാരായ പാട്ടക്കുടിയാന്മാർക്കാണ്. അവർക്കു പാട്ടഭൂമി കിട്ടി. ദളിതർക്ക് കൃഷിഭൂമി കിട്ടിയില്ല.“

അങ്ങനെയെങ്കിൽ നാം പടവെട്ടേണ്ടിയിരുന്നത് പാട്ടക്കുടിയാന്മാർക്കെതിരെയായിരുന്നില്ലെ? പക്ഷേ ജന്മിമാർക്കെതിരെയല്ലേ നാം ഇതുവരെ പടവെട്ടിക്കൊണ്ടിരുന്നതും, ഇരിക്കുന്നതും.

തിരൂര്‍കാരന്‍ said...

പട്ടിണി പാവങ്ങള്‍ എന്നും പട്ടിണി തന്നെ, ഇന്ത്യ പോരോഗതി പ്രാപിക്കുന്നു എന്ന് മാധ്യമങള്‍ വിളിച്ചു കൂവുന്നു.. ആരുടെ പുരോഗതി.. ? ഇല്ലാത്തവന്നു വേണ്ടി ശബ്ദിക്കാന്‍ ഇന്ന് ഒരാളും ഇല്ല..ഉള്ളവന്റെ മുന്നില്‍ വീണ്ടും വീണ്ടും കുമിഞ്ഞു കൂടുന്നു...അല്ലെങ്ങില്‍ അവനെ തേടി ഏല്പിക്കുന്നു.. ഭൂപരിഷ്കരണം നടന്നു എന്ന് ചിലര്‍ വീമ്പിളക്കുന്നു.. അഞ്ചു സെന്റ്‌ കൊന്ണ്ട് എന്ത് നേടാന്‍? മാത്രമല്ല അന്നത്തെ ഭൂപരിഷ്കരണത്തിന്റെ വക്താക്കള്‍ ഇന്ന് എവിടെ നില്കുന്നു? കേരളത്തില്‍ നാലു മെഗാ വികാസങ്ങള്‍ വരാന്‍ പോകുന്നു എന്ന് കേട്ടു...എല്ലാം കുടിയോഴിപിക്കളും പരിസ്ഥിതി നാശവും വിതച്ചു കൊണ്ട്.. പുനരധിവാസം വെറും പ്രഹസനമായി നില്കുന്നു.. മാധ്യമ പ്രവര്‍ത്തനം എയര്‍ കണ്ടീഷന്‍ ചെയ്ത റൂമുകളില്‍ കുത്തകകള്‍ പറയുന്നത് മാത്രം എഴുതി മനുഷ്യന്റെ കണ്ണില്‍ പൊടിയിടുന്നു.സാംസ്കാരിക പ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാരന്റെ കൂലി എഴുതുകരയിരിക്കുന്നു..ഇനി എവിടെയാണ് രക്ഷ...? . ഒരു വിപ്പ്ലവത്തിന്റെ സമയം അടുത്തിരിക്കുന്നു...അതിന്റെ സൂചനകള്‍ കണ്ടു തുടങ്ങി...പ്ലചിമാടയുണ്ട് മുന്നില്‍ , മുക്കാല്‍ സെന്റ്‌ കോളനിയുണ്ട്...എന്റൊസള്‍ഫാന്‍ വല്ലാര്‍ പടം , ചെങ്ങറ..വെളിച്ചം വന്നു തുടങ്ങി..പ്രഭാതത്തിന്റെ ആലസ്യം മാത്രം...അതൊന്നു മാറികോട്ടെ .. മാറ്റം വരും..വരാതിരിക്കില്ല...

manjhiri manjhiri said...

dalithante peru paranju avare mattullavar muthaledukkunnille...athinethire enthu cheyyan kazhiyum....????

ചാറ്റല്‍ said...

അത്ര ഗഹനമായതൊന്നുമല്ല, വളരെ വളരെ ലളിതമായ സത്യം പക്ഷെ താങ്കളീ പറയുന്നത് ആര്‍ക്കും മനസ്സിലാവില്ല. അല്ലെങ്കില്‍ അങ്ങിനെ ഭാവിക്കില്ല.
എങ്കിലും നാവരിയുന്നതുവരെ നാവാടുകതന്നെ.

പാമരന്‍ said...

നക്സലിസത്തിലേയ്ക്കൊരു തിരിച്ചുപോക്കാണോ പരിഹാരം?

bilatthipattanam said...

ഏതൊരു പ്രസ്ഥാനവും ഇപ്പോൾ, കൊല്ലും കൊള്ളയും നടത്തുന്ന ഒരു വിഭാഗം പ്രവർത്തകരെ വളർത്തികൊണ്ടിരിക്കുകയാണിപ്പോൾ;അതിന്റെ ഓമനപ്പേരാണല്ലൊ തീവ്രവാദം ....
ആ പഴയ കവിവാക്യം ഇതിനെല്ലാം വളമായികൊണ്ടിരിക്കുകയാണെന്നു തോന്നുന്നൂ !

Anonymous said...

നാലഞ്ച് കവിത ഇതിനെപ്പറ്റി എഴുതി ഒരു സീഡി ഇറക്കാം. എന്താ?ചില്ലറ വല്ലതും/തിരസ്കരിക്കേണ്ടാത്ത ഒന്നുരണ്ടവാർഡും തടയാതിരിക്കില്ല.
നാലും സമരവും ഒരിലക്ഷനിൽ വോട്ടും എന്നേ നിങ്ങളുടെ വല്യേട്ടൻ രാഷ്ട്രീയക്കാർ ഭൂപരിഷ്കരണം കൊണ്ടു ഉദ്ദേശിച്ചുള്ളൂ.
അഞ്ചെട്ടു ഫീച്ചറ് ആർട്ടിക്ക്ളും ഒരു വിശേഷാൽ പതിപ്പും എന്നാണു ഇക്കര്യത്തെപ്പറ്റി പത്രക്കാരെണ്ണുന്നതു.
കാടാളുന്ന കിരാതമൂർത്തിക്ക് വിളക്കും മാലയും ഏകാദശരുദ്രം ധാരയുമെന്നാവാം ജ്യൌതിഷികളെണ്ണുന്നത്.
ശങ്കരാചാര്യരെ നന്നാക്കേണ്ട ആവശ്യമില്ല കവേ. ബീജേപ്പി ഇനി അടുത്തകാലത്തൊന്നും ജയിക്കാൻ പോകുന്നില്ല.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ദളിതര്‍ മാത്രമല്ല ചൂഷണത്തിനിരയാവുന്നത്.
എന്നും ദളിതരെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തപ്പെടാനേ ഇത്തരം വാദഗതികള്‍ കൊണ്ട് ഉപകരിക്കൂ. മനുഷ്യനെ മനുഷ്യനായി കാണാനുള്ള മാനസികാവസ്ഥയും ചിന്താഗതികളുമാണുണ്ടാകേണ്ടത്. ചൂഷണം ഇല്ലാതെയാക്കാനുള്ള സാമൂഹിക വ്യവസ്ഥ ഉണ്ടാവുക എന്നതാണ് ഇതിനെല്ലാമുള്ള പോംവഴി. നമ്മുടെയൊക്കെ ചിന്താഗതിയില്‍ ആണ് മാറ്റം വരേണ്ടത്. അല്ലാതെ ദളിതെഴുത്തും ദളിത് തീവ്രവാദവും അല്ല വേണ്ടത്. ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യനു വേണ്ടിയാവണം പോരാടേണ്ടത്.

ഒരിക്കലെങ്കിലും വേട്ടക്കാരനാവണമെന്നത് ഏതൊരു ഇരയുടേയും ആഗ്രഹമാണ്. അവസരം കിട്ടിയാല്‍ ഇരയും വേട്ടക്കാരനാവും. ഇരയോടൊപ്പം നില്‍ക്കേണ്ടവനാണ് താനെന്നത് അപ്പോള്‍ സൌകര്യപൂര്‍വ്വം മറക്കുകയും ചെയ്യും.

ജിവി/JiVi said...

പ്രതികാരം എന്ന പേരുപറഞ്ഞ് പിന്മുറക്കാരെ ആ രീതിയില്‍ക്കൂടി ചൂഷണം ചെയ്യുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എന്തുതന്നെയായാലും കവിയുടെ കാല്പനികമായ പരികല്പനകള്‍ക്കനുസൃതമായി ഒരു സമുദായത്തിന്റെ മുഴുവന്‍ ജീവിതക്രമം ചിട്ടപ്പെടുന്നുവെങ്കില്‍ അതുതന്നെ വലീയ അപകടമാണ്.

chithrakaran:ചിത്രകാരന്‍ said...

ഹഹഹ....
പട്ടിക ജാതിക്കാരും,വര്‍ഗ്ഗാക്കാരുമൊക്കെ
മനുഷ്യരാണോ ?

വിയര്‍പ്പുപൊടിയാതെ ഭക്ഷണം കഴിക്കാന്മാത്രം
ഉളിപ്പില്ലാത്ത ഇത്തിക്കണ്ണി മനസ്സുള്ള സവര്‍ണ്ണതയിലേക്ക്
നാം അറിയാതെ ഒഴുകിക്കൊണ്ടിരിക്കയാണ്.
നല്ലൊരു വിഭാഗം ഈഴവരും,വിശ്വകര്‍മ്മജരും,പട്ടികജാതികളും,ക്രൈസ്തവരും,മുസ്ലീങ്ങളിലെ സംബന്നരും ആ ഒഴുക്കില്‍ അഭിമാനിക്കുന്നു.മന്ദബുദ്ധികളുടെ അഭയകേന്ദ്രമായ ഗുരുവായൂരും,കഥകളിയും,മികച്ച ജാതിപ്പേരുകളും നമ്മുടെ ജീവിതത്തിനും സവര്‍ണ്ണതയുടെ സുഗന്ധം പകരുകയല്ലേ !
എന്നാല്‍, ആയിരക്കണക്കിനു വര്‍ഷം സമൂഹത്തെ ഊട്ടിപ്പോറ്റാന്‍ വേണ്ടി സ്വന്തം ശരീരം എരിച്ചു തീര്‍ത്തുകൊണ്ടിരുന്ന ചെറിയൊരു വിഭാഗം...
ദളിതരെന്ന ലേബലിലെങ്കിലും ആത്മാഭിമാനത്തോടെ
ഘോരമായ അസമത്വത്തിനെതിരേയും,അനീതിക്കെതിരേയും,
അധര്‍മ്മത്തിനെതിരേയും ചെറുത്തുനില്‍പ്പ് നടത്താന്‍
തയ്യാറാകുന്നുണ്ടെങ്കില്‍ അതിനെ ബഹുമാനിക്കുകതന്നെ വേണം.

കേരളത്തില്‍ ദിവസവും അനവധി കൊലപാതകങ്ങളും,
കുറ്റകൃത്യങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട്.ആ കുറ്റവാളികളില്‍ ആരും തന്നെ ദളിതരായിരുന്നില്ല.
ഇപ്പോള്‍ ചില ദളിതരെ ഒരു കൊലക്കേസില്‍ പ്രതി ചേര്‍ത്തു എന്ന കാരണത്താല്‍ ദളിതന്‍ സംഘടിക്കുന്നതുകൊണ്ടാണ് ആ കുറ്റകൃത്യം നടന്നതെന്നും, ദളിതന് മറ്റു വിഭാഗങ്ങളെപ്പോലെ
അംഗീകൃത സംഘടന പ്രവര്‍ത്തനം നടത്താന്‍ അവകാശമില്ലെന്നും മുന്‍‌വിധിയോടെ തീരുമാനമെടുക്കാന്‍ അധികാരികള്‍ നമ്മുടെ മനസ്സിലുള്ള ദളിത അയിത്ത ചിന്തകളുടെ കൂട്ടുപിടിക്കുന്നത് സവര്‍ണ്ണതയുടെ കുഷ്ടം പിടിച്ച മനസ്സുകാരണമാണ്. ഒന്നുമില്ലെങ്കിലും ലോകത്തിന് മാനവികതയുടേയും,അഹിംസയുടേയും,സമാധാനത്തിന്റേയും വെളിച്ചം നല്‍കിയ മഹാത്മാഗാന്ധിയുടെ നാടാണ് നമ്മുടേതെന്ന ഒരു ഓര്‍മ്മയെങ്കിലും നമുക്കുണ്ടാകേണ്ടതല്ലേ ?
കുറ്റ കൃത്യം നടത്തുന്നവരെ ഏതു സംഘടനയില്‍ പെട്ടവരായാലും ശാസ്ത്രീയമായി കുറ്റം തെളിയിച്ച് ശിക്ഷിക്കട്ടെ. പക്ഷേ,ആയിരക്കണക്കിനു വര്‍ഷത്തെ പീഢനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദളിത ജനതയെ സംഘടിച്ചു എന്നതിന്റെ പേരില്‍ വേട്ടയാടുന്നത് ചെറ്റ സവര്‍ണ്ണതയുടെ കൂലിപ്പട്ടാളത്തിന്റെ വളവു നിവരാത്ത വാലിന്റെ ശീലം കാരണമാണ്.

അമ്മൂമ്മമാരിലാരൊക്കെയോ അദ്ധ്വാനിച്ചതിനാല്‍ നമുക്ക് ലഭിച്ച വെളുത്ത തൊലിയും,വെള്ളാരം കണ്ണുകളും,മഹനീയമായ ആര്യപാരംബര്യത്തിലേക്ക് നമ്മെ ഉയര്‍ത്തുന്നതായി ദളിതനു സമം കരിംബന്മാരായ കേരള ബ്രാഹ്മണ്യം ജാതിമാഹാത്മ്യങ്ങള്‍ പ്രചരിപ്പിച്ചതിനാല്‍ നമുക്ക്
ആത്മാഭിമാനം എന്നു പറയുന്നത് എന്താണെന്ന് മനസ്സിലാകില്ല.
അടിമകള്‍ക്ക് ആത്മാഭിമാനം ഉണ്ടാകുന്നത് നന്ദികേടാണെന്നും
നമുക്കറിയാം.ആത്മാഭിമാനമില്ലാത്ത,നമുക്കു കീഴില്‍ ആത്മാഭിമാനമുള്ള ഒരു ദളിത ചിന്തയെ എന്തുകൊണ്ടും തല്ലിക്കെടുത്തേണ്ടി വരുന്നത് അതുകൊണ്ടാണ്. ജാനുവിന്റെ കീഴിലെ ആദിവാസി സമരത്തേക്കാള്‍ ചരിത്രപരമായ അറിവും ആത്മബോധവും പ്രകടമാക്കിയിരിക്കുന്ന പുതിയ ദളിത സംഘടനക്ക് കേരള രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവിയുണ്ടെന്ന് തോന്നുന്നു.
അവര്‍ ഗാന്ധിയേയും അഹിംസയേയും ഹൃദയത്തില്‍ ഉള്‍ക്കൊള്ളണമെന്നുമാത്രം.

കൃഷിചെയ്യാതെകിടക്കുന്ന എല്ലാ കൃഷിഭൂമിയും പിടിച്ചെടുത്ത് കാര്‍ഷികവൃത്തി ഉപജീവനമാക്കിയ ദളിതരായ വ്യക്തികള്‍ക്കോ അവരുടെ സഹകരണ സംഘങ്ങള്‍ക്കോ കൈമാറേണ്ടതാണ്.

ഹരീഷ് കീഴാറൂർ said...

ആയുധമെടുത്തുള്ള അവകാശപ്പോരാടങ്ങൾ തെറ്റിദ്ധരിക്കപ്പെടും, ആറുപതിറ്റാണ്ടിലധികമായി നമ്മൾ സ്വതന്ത്രരെങ്കിലും നമ്മൾ നമ്മളിൽനിന്നു സ്വതന്ത്രരായിട്ടില്ല. ജാതിമതചിന്തകളുടെ തടവറ തകർക്കാനുള്ള കുതിപ്പുകളെല്ലാം കഴിഞ്ഞനൂറ്റാണ്ടിൽത്തന്നെ കെടുപോയിരിക്കുന്നു. ഇന്ന് സ്വന്തം ജാതിയുംമതവും എഴുതാത്ത ബയോഡാറ്റകൾ കൂടുന്നത് ജാതിപ്പേരുള്ള അച്ഛനെ തോട്ടുതാഴെ വലുത്തായെഴുതിവച്ചുകൊണ്ടാണ്, കരുതലോടെ ഇക്കൂട്ടർ കളംനിറയുമ്പോൽ,കളിയറിയാത്തവന്റെ വികാരത്തിന് ചുവന്നകാർഡായിരിക്കും കിട്ടുക.

ശ്രീ said...

“ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ?”

അത് തന്നെ.

njaanpaathi said...

ദളിതര്‍ കാലാകാലങ്ങളായി ചൂഷണം ചെയ്യപ്പെടുന്നു എന്നത് പൊതുസമൂഹം വൈമനസ്സോടെ എങ്കിലും സമ്മതിക്കുന്ന സാഹചര്യം ഇന്നുണ്ട്. അത് ഇല്ലാതാക്കാനുള്ള ശ്രമത്തിനു മുന്നിലും പതിവ് പോലെ ദളിതര്‍ നിസ്സഹായരാകുന്നു.

കാട്ടിപ്പരുത്തി said...

എന്താണു പ്രതികാരം?
എങ്ങിനെയാണു പ്രതികരിക്കേണ്ടത്?
അതറിയുകവേണമാദ്യം!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.


അഹിംസയിലൂടെയും സമാധാനത്തിലൂടെയും മനുഷ്യരാശിയുടെ ചില അടിസ്ഥാനപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ അക്രമം, കലാപം, യുദ്ധം, സായുധവിപ്ലവം എന്നിവയ്ക്കും ആ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല എന്നു ലോകചരിത്രം തെളിയിക്കുന്നു.


അപ്പോൾ അനീതിക്കു പരിഹാരം എന്ത് എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്.എങ്കിലും എന്നെങ്കിലും എന്തെങ്കിലും പരിഹാരം വേണ്ടെ?

നീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങൾ സംഘടിച്ചു ശക്തരായി ജനാധിപത്യ മാർഗ്ഗത്തിലൂടെ അനീതിക്കു പരിഹാരം കാണുക എന്നതു മാത്രമാണ് ഉള്ളതിൽ ഏറ്റവും ഭേദമായ മാർഗ്ഗം.അതിന് വിവേകവും യാഥാർത്ഥ്യ ബോധവും ബുദ്ധിശക്തിയും ധാർമ്മികശക്തിയും ഇച്ഛാശക്തിയും ക്ഷമയും ഉള്ള നേതൃത്വം വേണം. ഇന്ന് അതുണ്ടെന്നു തോന്നുന്നില്ല.


ഒറ്റപ്പെട്ട അക്രമങ്ങൾ ആത്മനാശത്തിലേ അവസാനിക്കൂ എന്ന് നക്സലൈറ്റുകളൂടെ അനുഭവം തെളിയിച്ചിട്ടുണ്ട്.അക്രമികൾ സമൂഹത്തിൽനിന്നും ഒറ്റപ്പെടുകയാവും ആത്യന്തിക ഫലം.


ഇന്ത്യാ ഗവണ്മെന്റിന്റെ സൈനിക-അർദ്ധ സൈനിക ശക്തിയെയും വിഭവശേഷിയെയും സായുധമായി നേരിടാൻ ഇന്ത്യയിലെ ദളിതർക്ക് ഇന്നു കഴിവില്ല. ഭരണകൂടം അവരെ ചവിട്ടിയരയ്ക്കുകതന്നെ ചെയ്യും.ദളിതരേക്കാൾ എത്രയോമടങ്ങ് കൂടുതൽ സായുധശക്തിയും മാനവശേഷിയും വിഭവശേഷിയും ഉണ്ടായിരുന്നിട്ടും ഇന്ത്യയിലെ സിഖ് തീവ്രവാദത്തിനോ മുസ്ലിം തീവ്രവാദത്തിനോ ശ്രീലങ്കയിലെ തമിഴ് തീവ്രവാദത്തിനോ ലക്ഷ്യം നേടാൻ കഴിഞ്ഞില്ല എന്ന യാഥാർത്ഥ്യം നമ്മുടെ മുന്നിലുണ്ട്.


എങ്കിലും നീതിനിഷേധം അസഹ്യമാകുമ്പോൾ ആത്മനാശകമായ തീവ്രവാദത്തിലേയ്ക്ക് ഒരു ന്യൂനപക്ഷം തിരിയുക സ്വാഭാവികം.പരിഹാരം ആവശ്യമുള്ള പ്രശ്നങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ തീവ്രവാദംകൊണ്ട് സാധിക്കും എന്നു മാത്രമായിക്കാം തീവ്രവാദികളുടെ പ്രതീക്ഷ.ദളിതർ അനുഭവിക്കുന്ന നീതിനിഷേധത്തിലേക്കും ദുരിതങ്ങളിലേക്കും നമ്മുടെ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സത്വരശ്രദ്ധ പതിയുകയും എന്തെങ്കിലും പരിഹാരം കാണുകയും ചെയ്തില്ലെങ്കിൽ ദളിത് തീവ്രവാദം ഒരു യാഥാർത്ഥ്യമായേക്കും.അതിന്റെ പേരിൽ ഭരണകൂടവും പൊതുസമൂഹവും ദളിതരെ ഒറ്റപ്പെടുത്തി ചവിട്ടിയരയ്ക്കാനും സാധ്യതയുണ്ട്.


മനുഷ്യസ്നേഹികളായ എല്ലാ സുഹൃത്തുക്കളുടെയും ഉൽക്കണ്ഠ ഞാനും പങ്കുവെയ്ക്കുന്നു.

smiley said...

ബാലൻ സാർ,

ഇക്കാര്യത്തിൽ എനിക്കൽപ്പം വിയൊജിപ്പുണ്ടു... ഇന്നു ഇന്ത്യയിൽ എല്ലാവിധ റിസർവ്വേശനും ഇന്നു ദലിദന്നാണു... എട്ടാം ക്ലാസും ഗുസ്തിയും കഴിഞ്ഞ ഒരുദലിദനും സർക്കാറിൽ ജ്യോലി കിട്ടതിരുന്നിട്ടില്ല.. ഒരു അദ്വനവും ഇല്ലതെ ഏക്കർ കണക്കു ഭൂമി ദലിതനു കൊടുത്തു കോണ്ടൈരിക്കുന്നു... ഇതിലും പരമകഷട്ടമ്മാണു പല സവർണന്റെയും അവസ്ഥ.. കഷ്റ്റപ്പാടിനു റിസർവ്വേഷൻ ഇല്ലത്തതിനാൽ അവൻ കയറി എല്ലാവരെയും ആക്രമിക്കുന്നു എന്നു മാത്രം..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സ്മൈലിക്ക് നന്ദി.


തീർച്ചയായും സാമ്പത്തിക പരാധീനതയും പിന്നോക്കാവസ്ഥയുമുള്ള സവർണ്ണർ ഉണ്ട്.അവർക്ക് ദളിതർക്കു ഭരണഘടനാപ്രകാരം ലഭിക്കുന്ന അവകാശങ്ങളോട് കടുത്ത അസഹിഷ്ണുത സ്വാഭാവികമാണ്. ദളിതരുടെ അനേകം തലമുറകൾ ഈ രാജ്യത്തിനു നൽകിയ അദ്ധ്വാനസേവനത്തിന്റെയും സഹിച്ച അടിച്ചമർത്തലുകളുടെയും പ്രതിഫലമാണ് അവർക്കിന്നു ലഭിക്കുന്ന സംവരണം അടക്കമുള്ള ചില അവകാശങ്ങളെന്നും അതാരുടെയും ഔദാര്യമല്ല എന്നും മനസ്സിലാക്കാൻ വേണ്ട അറിവ് ഇല്ലാതിരുന്ന കാലത്ത് എനിക്കും ഇതേ അസഹിഷ്ണുത ദളിതരോടുണ്ടായിരുന്നു എന്ന കാര്യം ഞാൻ മറച്ചുവെയ്ക്കുന്നില്ല.

ഒരു ചെറുവിഭാഗം ദളിതരുടെ ജീവിതാവസ്ഥ താരതംയേന അല്പം മെച്ചപ്പെട്ടിട്ടുണ്ടെന്നതും സത്യം.പക്ഷെ ഒരു ജനത എന്ന നിലയിൽ ഇന്ത്യയിലെ ദളിതരുടെ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവുമായ പിന്നോക്കാവസ്ഥ മറച്ചുവെയ്ക്കാനാകാത്ത യാഥാർത്ഥ്യമാണ്.ഇന്ത്യയിലെ ദളിതരുടെ അവസ്ഥയെക്കുറിച്ചുള്ള ആധികാരികവും ശാസ്ത്രീയവുമായ പഠനങ്ങൾ വായിച്ചു മാത്രമല്ല,എന്റെ ദേശാടനങ്ങൾക്കിടയിൽ ഞാൻ നേരിട്ടു കണ്ട ദളിതജീവിതങ്ങളിൽനിന്നും കൂടി രൂപപ്പെട്ടതാണ് ഈ വിഷയത്തിൽ എന്റെ അഭിപ്രായങ്ങൾ.

ബിജു ചന്ദ്രന്‍ said...

ബാലന്‍ സാര്‍ ,
കാലിക പ്രസക്തിയുള്ള ലേഖനം. നന്ദി.
ഇതുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഒരു പ്രസ്താവന കണ്ടു, " ദളിതരെ മുഖ്യധാരയില്‍ നിന്നകറ്റാന്‍ ചില തല്പരകക്ഷികളുടെ ശ്രെമിക്കുന്നു എന്ന്." എന്ന്, ഏത് ദളിതനായിരുന്നു മുഖ്യ ധാരയിലുണ്ടായിരുന്നത്? ക്രൂരമായ ഫലിതം.

പള്ളിക്കുളം.. said...

സ്മൈലിയെപ്പോലെ ചിന്തിക്കുന്നവരെ എമ്പാടും കാണാം.
സവർണ്ണന്റെ ദാരിദ്ര്യത്തിൽ ദു:ഖിക്കാൻ എത്രയാളുകളാണ്. എത്ര സിനിമകളാണ് ഇത്തരത്തിൽ ഇറങ്ങിയിരിക്കുന്നത്.
ദളിതൻ വിശന്നാൽ അവൻ വിശക്കേണ്ടവൻ,
കരഞ്ഞാൽ കരയേണ്ടവൻ എന്ന നിലപാടായിരുന്നു മുഖ്യധാരക്കെന്നും.
ദളിത് ദൈവങ്ങളെപ്പോലും മാടനും മറുതയുമാക്കി ആണിയടിച്ച് അടിമകളാക്കി വെച്ചു ചരിത്രം.
ചരിത്രം നേരായ വഴിക്കായിരുന്നെങ്കിൽ ദളിതൻ നൽകുന്ന സംവരണത്തിൽ കഴിയേണ്ട ന്യൂനപക്ഷമായേനെ ഈ സവർണ്ണ വർഗ്ഗം.
ദളിത് മുന്നേറ്റങ്ങൾക്ക് ഐകദാർഢ്യം.!

unnikrishnan said...

prasakthi oru kaalathum nasikkaatha parihaaravum labhikkan itayillaatha vishayam..Paattakkarute muthaletuppum bhooparishkaranathe janmimaare karuvaakki nettangalaakkiyathum,mattum arinju vasaayappolekkum kaalam vaiki..achummaan ottappettu..atutha kaalathu natanna ettavum sakthamaaya samaram vijayathilethiyathu 'chengarayil maathramaanu..namukku aa dheera sakhaakkale anumodikkaam.. ee bhoomikku kaimaattam cheyyaan avasaram nalkiyaal 'raanchaan' bhoo maafiakal kaathirippundu thaanum..

hshshshs said...
This comment has been removed by the author.
ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി

VEERU said...

"ഇതിനൊക്കെ പരിഹാരം കാണാതിരിക്കുമോ, പതിതരേ നിങ്ങൾ തൻ പിൻ മുറക്കാർ"
താങ്കളെപ്പോലൊരാളിൽ നിന്നും ഊന്നി വരുന്ന ഈ വരികൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്നു തന്നെയാണു ‘എം കുട്ടി’ പറഞ്ഞപോലെ എന്റെയും സശയം...

jayanEvoor said...

വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ആശയ വിനിമയം ---- ശ്രീനാരായണഗുരു.

എന്ന് മുകളില്‍ എഴുതി വച്ചിട്ടു ഇത് വാദിക്കാനുള്ള ഇടം തന്നെയായി മാറിയല്ലോ മാഷേ!


“ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ?”

അന്ന് കവി അങ്ങനെ ചോദിച്ചതില്‍ ഒരു തെറ്റുമില്ല..

പക്ഷെ ആരോടാണ് പ്രതികാരം എന്നുള്ളിടത്താണ് പ്രശ്നം...

നിരപരാധികളെ കൊലപ്പെടുത്തി കരുത്ത് കാട്ടുന്ന നക്സലുകലെപ്പോലെ ഇവര്‍ എന്ത് നേടും?

താങ്കള്‍ ബുദ്ധമതം സ്വീകരിച്ച ആള്‍ ആണെന്നാണ്‌ എന്റെ അറിവ്‌..

അങ്ങനെയെങ്കില്‍ ബുദ്ധന്‍ പറഞ്ഞത് മാധ്യമ മാര്‍ഗം സ്വീകരിക്കണം എന്നല്ലേ?
(അനുയായാത്‌ പ്രതിപദം സര്‍വ ധര്‍മേഷു മധ്യമാം)

അപ്പൊ ഇടത്തും വലത്തും നോക്കി വേണ്ടേ പ്രതികരിക്കാന്‍?

ദളിതരോടുള്ള ന്യായമായ അനുഭാവം പ്രകടിപ്പിക്കുകയും
ഒപ്പം നിരപരാധിയായ ഒരു മനുഷ്യജീവന്‍ പോലിഞ്ഞതില്‍ ഒരു തരിയെങ്കിലും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ താങ്കളൊരു ബൌദ്ധനായേനെ..!

അനിത / ANITHA said...

Jeevikkanulla abakaasham ellavarkkumundu. athu nediyedukkunnathine theevravaadam ennenthinu vilikkanam. aa padam uoayogichu nammal nishedha arthamaakki kalanju. charcha cheyyenda vishayamaanu maashu avatharippichathu. pakshe ethra karnnangal athu kelkkum.

Manoj മനോജ് said...

“ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ?”

പ്രതികാരമെന്നത് തീവ്രവാദമാണെന്ന് വ്യാഖ്യാനിച്ച് ബാലചന്ദ്രന്‍ എന്ന മനുഷ്യന്‍ എനിക്ക് അത്ഭുതമായിരിക്കുന്നു.

കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ മാത്രമല്ല മറീച്ച് മാനുഷിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അമേരിക്കയില്‍ പോലും കറുത്തവനെതിരെയുള്ള വിവേചനം നേരിട്ട് ദര്‍ശിക്കാം. ബ്ലാക്ക് എന്നത് വിവരിക്കുവാന്‍ ബ്രാക്കറ്റില്‍ നീഗ്രോ എന്ന് എഴുതിയ ഫോം പൂരിപ്പിക്കുവാന്‍ അമേരിക്കയില്‍ ഇടവരുന്നുവെങ്കില്‍, കറുത്തവന്‍ താമസിക്കുന്ന പ്രദേശമായത് കൊണ്ട് മാത്രം രക്ഷാപ്രവര്‍ത്തനം വൈകി എന്ന് വിമര്‍ശനമേല്‍ക്കേണ്ടി വന്നുവെങ്കില്‍ പിന്നെ ഏത് രാജ്യത്താണ് കറൂത്തവന് രക്ഷകിട്ടുക? എല്ലാ മതത്തിലും കറുത്തവന്‍ തീണ്ടല്‍പ്പാടകലെയല്ലേ നില്‍ക്കുന്നത്.

ആയുധം കയ്യിലെടുക്കുകയല്ല മറീച്ച് കിട്ടിയ സാഹചര്യം മുതലെടുത്ത് റിസര്‍വേഷന്‍ എന്നത് വെറും ഔദാര്യമല്ല എന്ന് തെളിയിക്കണം. അടിച്ചമര്‍ത്തപ്പെട്ടത് കൊണ്ട് മാത്രമാണ് തങ്ങള്‍ പുറകിലായത് എന്ന് തെളിയിച്ച് കാണീക്കണം. അത് ഇന്ന് അമേരിക്കയിലെ “കറുത്തവര്‍ഗ്ഗം” ചെയ്ത് കാണിക്കുന്നു. അതിന്റെ ഒരു തെളിവാണ് ഒബാമ എന്ന പ്രസിഡന്റ്. എന്ത് കൊണ്ട് ഇന്ത്യയിലെ “കറുത്തവര്‍ഗ്ഗത്തിന്” അതിനാവുന്നില്ല? താന്‍ അടിച്ചമര്‍ത്തപ്പെട്ടവനാണെന്ന് അവന്റെ നേതാക്കള്‍ തന്നെ പറഞ്ഞ് പറഞ്ഞ് മനസ്സില്‍ പതിപ്പിക്കുന്നു. പിന്നീടുള്ള അവന്റെ നടത്തം ആ വിധത്തിലാണ്. ഇന്ന് ചിലര്‍ ചെയ്യുന്നത് പോലെ അവര്‍ക്ക് ആയുധമല്ല നല്‍കേണ്ടത്. താന്‍ ജീവിക്കുന്നത് പുതിയ സാഹചര്യത്തിലാണെന്നും തനിക്ക് ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്താന്‍ പറ്റുമെന്ന ധൈര്യം ആണ് അവര്‍ക്ക് വേണ്ടത്. ഇനിയുള്ള തലമുറയെങ്കിലും അത് ശീലിപ്പിക്കണം. അവരെങ്കിലും ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടട്ടേ......

വികടശിരോമണി said...

അഹിംസക്കും കഴിഞ്ഞില്ല,സായുധവിപ്ലവത്തിനും കഴിഞ്ഞില്ല.ഇനിയിപ്പോൾ എന്തുകൊണ്ട് കഴിയും എന്നാണിവിടെ പറയുന്നത് എന്നെനിക്കു മനസ്സിലായില്ല.
ദളിത് സമൂഹത്തിനു മുന്നിൽ വാഴക്കുലസൂക്തം പുനരാനയിച്ചതുകൊണ്ട് എന്താണു കാര്യം?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അഭിപ്രായം എഴുതിയ സുഹൃത്തുക്കൾക്കെല്ലാം നന്ദി.


നിരപരാധികളെ കൊല്ലുന്നത് അപരാധമാണെന്ന കാര്യം സർവ്വസമ്മതമാകയാൽ ഞാനത് എടുത്തു പറഞ്ഞില്ലെന്നേയുള്ളു.എല്ലാ തീവ്രവാദ പ്രവർത്തനങ്ങളിലും നിരപരാധികൾ കൊല്ലപ്പെടുന്നു. ഒരു സാഹചര്യത്തിലും ഞാൻ അതിനെ അനുകൂലിക്കുന്നില്ല.


പ്രതികാരം തീവ്രവാദമാവണമെന്നില്ല. പക്ഷെ, അനീതിക്കിരയാകുന്ന മനുഷ്യരുടെ പ്രതികാരബുദ്ധി അവരെ കുറ്റകരമായ തീവ്രവാദത്തിലേക്കും വിവേകശൂന്യമായ അക്രമത്തിലേക്കും നിയമലംഘനത്തിലേക്കും ആത്മനാശത്തിലേക്കും നയിച്ചേക്കാം.അതിനാൽ നീതി നടപ്പാകണം.ഭക്ഷണവും വെള്ളവും പ്രാണവായുവും പോലെ നീതിയും മനുഷ്യന് അനിവാര്യമാണ്.

അമേരിക്കയിലെ കറുത്ത വർഗ്ഗക്കരെക്കുറിച്ച് മനോജ് എഴുതിയതിനോട് ഞാനും യോജിക്കുന്നു.ദളിതർ ആത്മവിശ്വാസവും ധൈര്യവും നിശ്ചയദാർഢ്യവും ആർജ്ജിക്കുകതന്നെവേണം.പക്ഷെ നമ്മുടെ സാഹചര്യങ്ങലളിൽ അതിനു കുറച്ചുകൂടി സമയമെടുക്കും എന്നു തോന്നുന്നു.എന്തായാലും കാലാന്തരത്തിൽ കാര്യങ്ങൾ മാറും എന്നുതന്നെ അനേകരെപ്പോലെ ഞാനും പ്രതീക്ഷിക്കുന്നു.

anilan -അനിലന്‍ said...

ചുള്ളിക്കാടിന്റെ വാദങ്ങള്‍ വളരെ ശരിയാണ്‌...പക്ഷേ താങ്കളടക്കം പലരും കേരളത്തിലെ ഇടതുപക്ഷം സാമൂഹ്യരംഗത്ത്‌ വരുത്തിയ പരിവര്‍ത്തങ്ങളെ ഒരു ചെറു ന്യൂനപക്ഷം ദളിതരുടെ പ്രശ്നങ്ങളെ മാത്രമടിസ്ഥാനമാക്കി കാണാതിരിക്കരുത്‌...ദളിത്‌ പ്രശ്നം ഒരു രാഷ്ട്രീയ പ്രശ്നമെന്നതുപോലെ ഒരു സാംസ്കാരിക പ്രശ്നവും കൂടിയാണ്‌...ആ നിലയില്‍ അതിനെ നോക്കിക്കാണേണ്ടത്‌ നമ്മള്‍ പിന്‍മുറക്കാരുടെ പണിയായിരുന്നു...നാമത്‌ കണ്ടില്ലെന്ന് മാത്രമല്ല ദളിതനു ലഭിക്കുന്ന 2--4 ശതമാനം സംവരണത്തെപ്പറ്റി വല്ലാതെ വിഷമിക്കുകയും ചെയ്യുന്നുണ്ട്‌.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അനിലനു നന്ദി.തീർച്ചയായും ഇടതുപക്ഷത്തിന്റെ നന്മകൾ അംഗീകരിക്കുന്നതുകൊണ്ടാണല്ലൊ എന്നെപ്പോലുള്ളവർ ഇടതുപക്ഷത്തെ അനുകൂലിക്കുകയും ഇടതുപക്ഷത്തിനു വേണ്ടി ചിലപ്പോൾ പ്രവർത്തിക്കുകയും വോട്ടിടുകയും ചെയ്യുന്നത്. ചിലകാര്യങ്ങളിൽ ചിലപ്പോൾ ഇടതുപക്ഷത്തോടു വിയോജിക്കേണ്ടിയും വരാറുണ്ട്.


വികടശിരോമണിക്ക് :

മനുഷ്യന്റെ പല അടിസ്ഥാനപ്രശ്നങ്ങളും പരിഹരിക്കാൻ അഹിംസയ്ക്കും സായുധവിപ്ലവത്തിനും കഴിഞ്ഞില്ല എന്നത് എന്റെ വെറും അഭിപ്രായമല്ല, മനുഷ്യരാശിയുടെ അനുഭവമാണ്. മഹാന്മാർക്കുപോലും കണ്ടെത്താനാകാത്ത പരിഹാരം നിസ്സാരനായ എനിക്കെങ്ങനെ നിർദ്ദേശിക്കാനാവും? എങ്കിലും എല്ലാ വിവേകികളും പറയുന്ന പരിഹാരം ഞാൻ മുൻപൊരു കമന്റിൽ ചൂണ്ടിക്കാട്ടിയിരുന്നു:

“നീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങൾ സംഘടിച്ചു ശക്തരായി ജനാധിപത്യ മാർഗ്ഗത്തിലൂടെ അനീതിക്കു പരിഹാരം കാണുക എന്നതു മാത്രമാണ് ഉള്ളതിൽ ഏറ്റവും ഭേദമായ മാർഗ്ഗം.അതിന് വിവേകവും യാഥാർത്ഥ്യ ബോധവും ബുദ്ധിശക്തിയും ധാർമ്മികശക്തിയും ഇച്ഛാശക്തിയും ക്ഷമയും ഉള്ള നേതൃത്വം വേണം.”

shahir chennamangallur said...

'ദലിത് തീവ്രവാദം'
നമ്മുടെ പത്ര മാധ്യമങ്ങള്‍ പുതിയ പദങ്ങള്‍ കണ്ടെത്തി കഴിഞ്ഞു. ഇനി അത് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കും. ദളിത് സമൂഹത്തിന്‌ ശബ്ദമുയര്‍ത്താനാവാത്ത തരത്തില്‍ അന്യവല്‍കരിക്കാന്‍ ഇനി എക്കാലവും ദളിത് തീവ്രവാദം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിറയും, തീര്‍ച്ച.
കഴിഞ്ഞ കുറച്ച് കാലങ്ങളായ അസ്ഥിത്ത സം‌രക്ഷണത്തിനായി പൊരുതിയവരെ തകര്‍ക്കാന്‍ പിന്നില്‍ നിന്ന് പലരും കരു നീക്കുന്നുണ്ടെന്നത് തീര്‍ച്ച.
ദളിത് സമൂഹങ്ങള്‍ ഈ ഭീഷണി തിരിച്ചറിഞ്ഞേ പറ്റൂ..
വര്‍ക്കല കൊലപാതകവും മറ്റുമെല്ലാം വലിയ വാര്‍ത്താ പ്രാധാന്യം നേടുന്നതില്‍ കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി സമവാക്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ജയൻ ഏവൂരിന് : ആശയവിനിമയം അറിയാനും അറിയിക്കാനുമാകണം എന്നാണ് ആഗ്രഹം. പക്ഷെ താങ്കൾ പറഞ്ഞപോലെ ചിലപ്പോൾ അതു വാദപ്രതിവാദമായിപ്പോകുന്നു.എല്ലാവരും ശ്രമിച്ചാൽ ആദർശപരമായ ആശയവിനിമയം സാധിക്കും.

പിന്നെ, ക്രിസ്തുവും ക്രിസ്ത്യാനിയും തമ്മിലുള്ള വ്യത്യാസം ബുദ്ധനും ഞാനും തമ്മിലുമുണ്ടാവും.ആ കുറവു വ്യസനപൂർവ്വം സമ്മതിക്കുന്നു

സാപ്പി said...

:(

Aasha said...

സത്യത്തില്‍ തീവ്രവാതം ശരിയാണോ?? പാവപ്പെട്ട നിഷ്കളങ്കരായ ജനങ്ങള്‍ ആണു കബളിപ്പിക്കപ്പെടുന്നത് ... ശരിയാണു അവര്‍ക്കുള്ള അവകാശങ്ങള്‍ ഗാന്ധിജിയുടെ സ്വതന്ത്രഭാരതത്തിലും അവര്‍ക്കു കിട്ടുന്നില്ല... അതുകൊണ്ട് ഒരു മനുഷ്യ ബോംബായി വന്നു നിഷ്കളങ്കരായ ജനങ്ങളേ കൊല്ലുന്നത് ശരിയാണൊ?? അവന്റെ അവകാശങ്ങള്‍ ആരും ശ്രദ്ധിക്കപ്പെടുന്നില്ല.. കഷ്ടതയില്‍ സഹായിക്കാന്‍ ആരും ഉണ്ടായില്ല... പത്രത്തില്‍ ഒരു കഥ വായിക്കുന്നത് പോലെ ഒരു കമന്റും ഇട്ട് തള്ളിക്കളയുന്നു ... അവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ ആരും ധൈര്യപ്പെടുന്നില്ല... ആരും മുന്നോട്ട് വരുന്നില്ല... പക്ഷെ തീവ്രവാതത്തെ ന്യായീകരിക്കാനും പറ്റുന്നില്ല.... ശരിയാണൊ അത്?? ഇങ്ങനെ അവര്‍ക്കു അവരുടെ അവകാശം നേടി എടുക്കാന്‍ പറ്റുമോ?? ഇത്രയും ആള്‍ക്കാരെ കൊന്നിട്ട് ലാദന്‍ മനസ്സമാധാനത്തോടെ ഇരിക്കുന്നുണ്ടാകുമോ?? തീവ്രവാദം കൊണ്ട് അവര്‍ എന്താണു ഉദ്ദേശിക്കുന്നത്??അവര്‍ക്കു എന്താണു ലഭിക്കുന്നത്??? അവര്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കു ഞങ്ങള്‍ക്ക് എന്ത് മറുപടി നല്‍കാനാകും??? മുറിവുള്ളപ്പോള്‍ വേദന സംഹാരി കൊടുക്കാതെ ഉണങ്ങിയ മുറിവിനു മരുന്നു കൊടുത്തിട്ട് എന്ത് കാര്യം??? എന്നാലും തീവ്രവാതം ശരിയായ വഴിയാണോ???

smiley said...

ബാലൻസാർ,

ദലിതന്റെ അവസ്ഥ കേരളത്ത്തിൽ അത്ര മോശം ആണു എന്നു തോന്നുന്നില്ല. ഇന്നു ജ്യോലിയും കൂലിയും ഇല്ലാത്ത സഹചര്യം കേരളത്തിൽ നിലവിൽ ഇല്ല.. ബീഹാറിൽ ദലിതൻ വാളൊടുത്താൽ എനിക്കു മനസ്സിലാകും.. എന്നാൽ കേരളത്തിൽ തോക്കു എടുക്കുന്ന ദലിതൻ അദ്യം നിറ ഒഴിക്കെണ്ടതു സ്വന്തം നേതാക്കൾകെതിരെയാണു.. ഈയിടെ അവസാനിച്ച ഭൂസമരംത്തിൽ പങ്കെടുത്ത ണല്ലോരുശതമനത്തിനും സ്വന്തം ഭൂമി ഉള്ളവർ ആയിരുന്നു എന്നാണു പത്ര വാർത്ത...

ഇത്തരം ഫ്രീ ഡിന്നറുകൾ കൂടുതൽ അലസന്മാരയും ദുരാഗ്രഹികളെയും മാത്രമെ സൃഷ്ട്ടിക്കൂ... പരിണിതഫലം ജാനു മുതലാളിമാർ "പെരും" മുതലാളിമാർ ആകുന്നതു കാണാം..

നിലവിലെ സർക്കാർ ആനുകൂല്യങ്ങൾ തന്നെ ദലിതനു എതു ഉന്നതിയിൽ എത്താനും ഉള്ള സഹചര്യം ഉണ്ടാക്കിയിരിക്കുന്നു.. അതു കാര്യക്ഷമമായി ഉപയോഗപെടുത്തനുള്ള ഒരു ആർജവം ആണു ദലിതർക്കു ഉണ്ടാവേണ്ടതു...

ഈ ഭൂമി എല്ലവർക്കും വേണ്ടി അല്ലേ..

Madhusudanan Perati said...

The problem is that every society by instincts would search for and creat its own donkey segment as that kind of a hirearchy is, practically, a functional requirement. Now once a section of people, identified by cast to skin color to whatever, falls into this trap, the force that is trying keep them that way is far stronger than the forces that would like to re look or correct. This so called war between the animal and human sides within ourselves is unfortunately won by the animal side more often, heance the state of affairs.

വേഗാഡ് said...

shahir chennamangallur .. നെപ്പോലെ ചിന്ടിക്കുന്നവേരോടൊരു ചോദ്യം "വഴിയെ പോയ,നിരപരാധി ആയ ഒരു വിമുക്ത ഭടനെ ഒരു ഇര ആക്കിയതിനെ എങ്ങിനെ ന്യായീകരിക്കും ? അതിനു ലഭിച്ച വാര്‍ത്താ പ്രാധാന്യത്തെക്കുരിച്ച്ചു കരയ്ന്നതിനുമുന്പ് ,,ഈ വലിയ ഇരകള്‍ക്ക്, വഴിയെ പോവുന്ന ഒറ്റപെട്ട ചെറിയ ഇരകളേടുള്ള സമീപനം വ്യക്ടമാക്കട്ടെ !
വ്യക്ടമാക്കട്ടെ !

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

“ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ?”

ഒരമ്മ മകനോട്‌ എന്തെങ്കിലും കാര്യത്തിനു ദേഷ്യപ്പെട്ട്‌ 'നിന്നെ ഞാന്‍ തല്ലിക്കൊല്ലുമെഡാ" എന്നു പറഞ്ഞാല്‍ മകന്‍ വധഭീഷണിക്കു കേസു കൊടുക്കണമെന്നാണോ? പോലീസ്‌ സംരക്ഷണം ആവശ്യപ്പെടണമെന്നാണോ? അതു പോലെ ഭര്‍ത്താവ്‌ ഭാര്യയോട്‌ "പോയി ചാകഡീ" എന്നു എന്തെങ്കിലും തല്‍ക്കാല ദേഷ്യത്തിനു പറഞ്ഞാല്‍ "ആത്മഹത്യാ പ്രേരണ' ക്കും കേസു കൊടുക്കണോ? ഭ്രാന്തറെ ചെയ്തികള്‍ക്കു കണക്കു വെച്ച്‌ ഭ്രാന്തു മാറുമ്പോള്‍ അയാളേയും അയാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ മക്കളേയും പിന്‍തലമുറക്കാരേയും ശിക്ഷിക്കണമെന്ന രീതിയിലുള്ള ഒരു ലോജിക്‌ എനിക്കു ആ വരികളില്‍ വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കലും. കവിയുടെ ക്ഷണീകമായ ദേഷ്യ സ്ഫുരണമായീട്ടേഎനിക്കാ വരികള്‍ തോന്നിയിട്ടുള്ളു.

നല്ല ഈ ലേഖനത്തില്‍ വിട്ടു പോയെന്നു തോന്നിയ മറ്റൊരു കാര്യം അഞ്ചും പത്തും സെണ്റ്റുകളായുള്ള ആ വെട്ടിമുറിക്കല്‍ ഒടുവില്‍ അതിലെ കൃഷിയെ തന്നെ പ്രതികൂലമായി ബാധിച്ചിരിക്കാന്‍ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കില്ലേ എന്നതാണ്‌.
(ഒരു ചെറുതല്ലാത്ത ശതമാനമെങ്കിലും)

ചാര്‍വാകന്‍ said...

സമയോചിതമായ പോസ്റ്റ്.ഒരു കവിയുടെ നീതിബോധത്തോട് ,മറ്റോരു കവീയുടെ രാഷ്ട്രീയ ബോധ്യവും ,ചരിത്ര ബോധവും തീര്‍ച്ചയായും ഈപോസ്റ്റിനുണ്ട്.കഴിഞ്ഞ മാധ്യമം ആഴ്ചപതിപ്പില്‍ ഇതുമായി ബന്ധപ്പെട്ട രണ്ടു ലേഖനങ്ങള്‍ വന്നിരുന്നു.വലിയ ആശ്വാസമായിരുന്നു.കാരണം മുഖ്യധാരാ രാഷ്ട്രീയ കക്ഷികളില്‍ നിന്നും (തീവ്ര-ഇടതുപക്ഷത്തു നിന്നും )വിടുതല്‍ നേടി സ്വന്തമായൊരു ജ്ഞാന മണ്ഡലവും ,സൈദ്ധാന്തിക/സം ഘടാരൂപവും നിര്‍മ്മിച്ചെടുക്കാനുള്ള നീക്കം പുതു തലമുറ വികസിപ്പിക്കുന്നുണ്ടായിരുന്നു.അതെല്ലാം ഒറ്റയടിക്കു റദ്ദാവുന്ന സം ഭവമായിരുന്നു.വര്‍ക്കല യില്‍ കണ്ടത്.ഒരു കാര്യം ചുള്ളിക്കാട് ശ്രദ്ധിച്ചിട്ടുണ്ടോ..?കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ നീണ്ടുനിന്ന സമരങ്ങളെല്ലാം ദലിതരുടെ മുന്‍കൈയില്‍ നടന്നതാണ്‌.അത്,പരിസ്ഥിതി പ്രശ്നമായാലും ,മനുഷ്യാവകാശ പ്രശ്നമായാലും ,ഭൂസമരങ്ങളായാലും .ഇതിലൂടെല്ലാം ചില നേതാക്കളുടെ പ്രത്യക്ഷപെടലും (ജാനുവിനേയും ,ളാഹ ഗോപാലനേയും മൂന്നാം കിട നേതാക്കളെന്നു വിളിക്കുന്നത് ഭരണക്കാരുമാത്രമല്ല.ബ്ലോഗു പുത്തിജീവികളുമാണ്‌)ചരിത്ര ത്തിന്റെ ഭാഗാമാവാതേ..പോയ ഒരുപാടുകലാപങ്ങളിലൂടെയാണ്‌ ,ഇന്നുകാണുന്നതരം വികാസം -ദലിതരിലും ,പിന്നോക്ക ജനതയിലുമുണ്ടായത്.ഏതെങ്കിലും പ്രസ്ഥാനമോ,വ്യക്തിത്വങ്ങളൊ ,കര്‍ത്രുത്വങ്ങള്‍ ഏറ്റെടുക്കാന്‍ പലരേയും ,പല വസ്തുതകളേയും തമസ്കരിക്കേണ്ടിവരും (കേരളചരിത്രമെഴുതിയപ്പോള്‍-അയ്യങ്കാളിയെ ഓര്‍ക്കതെ പോയ ഈ.എം .എസ്സ്).ഏതായാലും അം ബേദ്ക്കര്‍ ചിന്തയില്‍ തീവ്രവാദമില്ല.പ്രാധിനിത്യ ജനാധിപത്യത്തിനും ,സാമൂഹ്യാവകാശത്തിനും വേണ്ടി ഒരുമനുഷ്യായിസ്സു മുഴുവന്‍ ചിലവിട്ട ,ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായ ബാബാസാഹിബിന്റെ പേരില്‍ നടന്ന ഈ ക്രൂരതയെ'ദലിത് തീവ്രവാദമെന്ന"ലേബലൊട്ടിച്ച് എല്ലാവഴികളുമടക്കാന്‍ ദലിത് ജനതയെ മറ്റൊരു ഇസ്ളാമിക തീവ്രവാദത്തിന്റെ വണ്ടിയില്‍കേറ്റിവിടാനുള്ള ശ്രമമായി കരുതുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഞാൻ പ്രതീക്ഷിച്ച ഗൌരവത്തോടെതന്നെ എല്ലാ സുഹൃത്തുക്കളും ഈ പ്രശ്നത്തെ കാണുന്നുണ്ടെന്നറിയുന്നതിൽ ആശ്വാസമുണ്ട്.എന്നോടു വിയോജിച്ചവരുടെ അഭിപ്രായങ്ങൾ ഞാൻ കാണാതിരുന്ന ചില വശങ്ങൾ കാണാനും അതിനെപ്പറ്റി ആലോചിക്കാനും എന്നെ സഹായിച്ചു.
എല്ലാ സുഹൃത്തുക്കൾക്കും മനസ്സു നിറഞ്ഞ നന്ദി.

നമ്മുടെ സാമൂഹ്യജീവിതത്തിലെ നീറുന്ന പ്രശ്നങ്ങളിലൊന്നാണിത്. ഇതിനെപ്പറ്റി എല്ലാവരും ചിന്തിക്കണം. അവരവർക്കു സാധ്യമാകുന്ന വേദികളിലെല്ലാം തോന്നുന്ന അഭിപ്രായം പറയണം,എഴുതണം. സമ്പത്തിന്റെയോ കുലമഹിമയുടെയോ വിദേശസഹായത്തിന്റെയോ ധൈഷണികപാരമ്പര്യത്തിന്റെയോ സംഘടനാശക്തിയുടെയോ പിൻബലമില്ലാത്ത ദളിതർക്ക് സാമൂഹ്യനീതി ലഭിക്കാനും അവരെ ആത്മഹത്യാപരമായ അക്രമത്തിലേക്കും തീവ്രവാദത്തിലേക്കും നയിച്ചു നശിപ്പിക്കതെ ജനാധിപത്യപരമായ മുഖ്യധാരയിലേക്കു നയിക്കാനും മുഴുവൻ ജനതയുടെയും അഭിപ്രായരൂപീകരണവും ധാർമ്മികവും രാഷ്ട്രീയവുമായ പിന്തുണയും കൂടിയേ തീരൂ എന്നു ഞാൻ വിചാരിക്കുന്നു.

shahir chennamangallur said...

പ്രിയ വേഗാഡ്,
ഒരു പാവം മനുഷ്യനെ അരും കൊല ചെയ്തതിനെ ഞാന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചതല്ല. മറിച്ച് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ ഒരു സംഭവത്തെ മുന്‍ നിര്‍ത്തി കേരളത്തിലെ ദളിത് മുന്നേറ്റങ്ങളെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും വിധം ദളിത് തീവ്രവാദം എന്ന പദത്തിന്‌ അസാമാന്യമായ വാര്‍ത്താ പ്രാധാന്യം നല്‍കുന്നതിനെ ചൂണ്ടിക്കാണിച്ചു എന്നേ ഉള്ളൂ. ഇന്ന് ഇന്ത്യയിലെ മുസ്ലിം ജന വിഭാഗങ്ങള്‍ വ്യക്തമായും അനുഭവിക്കുന്ന അന്യതാ ബോധത്തിന്‌ പ്രധാന കാരണം ഈ മാധ്യമ കുടിലതയാണ്‌.
ഒരിക്കലും തല ഉയര്‍ത്താനാവാത്ത ദുരവസ്ഥയിലേക്ക് ചരിത്രം ചവച്ചു തുപ്പിയ ദളിത് വിഭാഗത്തെ ഇനിയും നമുക്ക് വലിച്ചെറിഞ്ഞു കൂട.
വര്‍ക്കല സംഭവം ദളിത് തീവ്രവാദമാണെങ്കില്‍, ദളിതന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഏതൊരു സംഭവത്തേയും വംശീയ അതിക്രമവും, ജാതി ഭ്രാന്തും, ജാതീയ അതിക്രമങ്ങളും ആയി പേരിട്ട് വിളിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാവണം. അങ്ങിനെ വരുമ്പോള്‍ ഇത്തരം പദപ്രയോഗങ്ങള്‍ സാമന്യ വല്‍കരിക്കപ്പെട്ട് അനീതി വിമുക്തമാകും.

ഭൂതത്താന്‍ said...

സാറിന്‍റെ ചിന്താഗതികളോട് ഒരു പരിധി വരെ യോജിക്കുകയും ...അതുപോലെ ജയന്‍ ,സ്മൈലി ,മനോജ്‌ എന്നിവര്‍ പങ്കിട്ട സത്യത്തെ മറക്കാതെയും പറയട്ടെ ....ദളിതന്‍ എന്ന് പലവുരു പറഞ്ഞു നമ്മള്‍ ജാതി വ്യവസ്ഥയെ വീണ്ടും മുന്‍ നിരയില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് ഈ അറിവില്ലാത്തവന്‍ സംശയിക്കുന്നു .മനുഷ്യ മനസ്സുകളില്‍ നിന്നു ജാതി വ്യവസ്ഥ പൂര്‍ണ്ണമായും തൂത്തേറിയ പെട്ടിട്ടില്ലെങ്കിലും നമ്മള്‍ അങ്ങനെ നടിക്കുക എങ്കിലും ചെയ്യുന്നുണ്ട് .പണ്ടു ജന്മികള്‍ അടക്കി വാണപ്പോള്‍ ദളിതന് ശരിക്ക്‌ ആഹാരമെങ്കിലും ലഭിച്ചിരുന്നു (വിരലില്‍ എണ്ണാന്‍ പറ്റുന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ).മുന്‍പ്‌ ജന്മി എന്ന ഒരു ശത്രു ഉണ്ടായിരുന്നു യുദ്ധം ചെയ്യാന്‍ ...ഇന്നു അതിന്റെ നിലഴിനോട് ആണ് യുദ്ധം .ഒരു മനുഷ്യയുസ്സിനിടക്ക് രണ്ടും മൂന്നും പ്രാവശ്യം വീടും ഭൂമിയും ലഭിച്ച ദളിതരെ എനിക്ക് അറിയാം .പിന്നെ അനുവദിച്ചു കിട്ടിയ ഭൂമി സൌകര്യ പൂര്‍വ്വം വിറ്റു കാശാക്കി വീണ്ടും ഭൂമിക്ക്‌ മുറവിളി കൂട്ടുന്നവരും കുറവല്ല .ഒരിക്കല്‍ ഉണ്ടവന് വീണ്ടും ഇലയിട്ടു വിളബിക്കൊടുക്കുംപോള്‍..പൊരിയുന്ന വയറുമായി ...എന്നാല്‍ മുറവിളി കൂട്ടാതെ(ദുരഭിമാനം കൊണ്ട് മാത്രം )അപ്പുറത്ത്‌ നില്‍ക്കുന്നവനെ കാണാതെ പോകുന്നത് ശരിയാണോ ?...ഈ അടുത്ത കാലത്ത്‌ ഒരു ദ്രിശ്യ മാധ്യമത്തില്‍ കണ്ട ഒരു തെരുവ് ഗായികയുടെ ജീവിത അവസ്ഥ കണ്ടപ്പോള്‍ കാര്യങ്ങള്‍ കുറെ കൂടി വ്യക്തമായി ...സാമാന്യ വിദ്യഭാസം നേടിയിട്ടും പി.എസ്‌.സി ലിസ്റ്റില്‍ അഞ്ചാം സ്ഥാനം നേടിയിട്ടും ....ജാതി രേഖപ്പെടുത്തേണ്ട കോളത്തില്‍ "ബ്രാഹ്മണ "എന്ന് ഉള്ളത് കൊണ്ട് തെരുവില്‍ പാടേണ്ടി വന്നു ജീവിക്കാന്‍ ..ഒരു തുണ്ട് ഭൂമിയില്ലാതെ അലയേണ്ടി വന്നു ...എല്ലാ സമരങ്ങളും നന്മക്കു വേണ്ടി മാത്രം ആകട്ടെ എന്ന് ആശിക്കാം ....സവര്‍ണ്ണ -അവര്‍ണ്ണ ഭേദം നോക്കാതെ ..മനുഷ്യന്റെ ജീവിത സമരത്തെ നോക്കി കാണാം .."ഒരു ജാതി ഒരു മതം ....ഒരു ദൈവം മനുഷ്യന് "എന്ന് ഉത്ഘോഷിച്ച സാമൂഹിക പരിഷ്കര്‍താവിനെയും...."ഒരൊറ്റ മതമുണ്ട് ഉലകിന്നുയിരാം ..പ്രെമമതൊന്നല്ലൊ" എന്ന് പാടിയ കവിയേയും മറക്കാതിരിക്കാം ..ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ എന്നോട്‌ ക്ഷമിക്കുക ..ഈ ഉള്ളവന്‍റെ അറിവില്ലായ്മയും ലോക പരിജയക്കുറവും ആയി മാത്രം പരിഗണിക്കുക .....വാളെടുക്കാത്ത എല്ലാ നല്ല സമരങ്ങളുടെയും വിജയ കാംഷി ...

Murali Nair I മുരളി നായര്‍ said...

കേരളത്തിലെ ദളിതര്‍ എന്നല്ല ഇന്ത്യയിലെ ദളിതര്‍ എന്നാണ് നമ്മള്‍ വായിക്കേണ്ടത്....ചെറിയൊരു ഒരു വിശകലനത്തില്‍ തന്നെ ഒരു അമ്പതു വര്‍ഷം മുന്‍പുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് ഒട്ടും മുന്നോട്ടുപോയിട്ടില്ല ഇന്ത്യന്‍ ദളിതര്‍ എന്ന് മനസ്സിലാകും....പിന്നെ സമരങ്ങളെയും പലയിടങ്ങളിലും ഉയരുന്ന ശബ്ദങ്ങളെയും പറ്റി....വളരെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് ഇങ്ങനെ മുഖ്യധാരയിലേക്ക് വരുന്നത്......എന്ത് സംവരണമുണ്ടെങ്കിലും നമ്മുടെ മുഖ്യധാരയില്‍ എത്ര ദളിതരെ നമുക്ക് കാണാം??(വീണ്ടും കേരളം വിട്ടു ഇന്ത്യയിലെ എന്ന് വായിക്കാന്‍ അപേക്ഷ..)വോട്ടു ബാങ്ക് എന്ന ഒരു പരിഗണന കൂടി ഇല്ലായിരുന്നെങ്കില്‍ രാഷ്ട്രീയകാരുടെ വായില്‍ നിന്ന് പോലും ഈ പദം മാഞ്ഞു പോവുമായിരുന്നു.....ദളിത്‌ എന്ന പേരുനല്‍കി പട്ടികവല്‍ക്കരിച്ചതിനു പകരം സാമ്പത്തിക അടിത്തറ മുന്നില്‍ കണ്ടുകൊണ്ടു കൊള്ളൂള്ള ഒരു തരം തിരിവ് നടത്തിയെങ്കില്‍ സ്മൈലി യെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇവിടെ ചര്‍ച്ചയില്‍ വരുമായിരുന്നില്ല.. ചെങ്ങറ സമരങ്ങള്‍ ഉണ്ടാവുമായിരുന്നില്ല....
ഈ സാങ്കേതിക യുഗത്തിലും നമ്മുടെ നാട് എന്ന് നന്നാവും ??
പിന്നെ സര്‍..
ഇന്നത്തെ രാഷ്ട്രീയ അവസ്ഥകളെ പറ്റി ഞാന്‍ പുതിയ ഒരു കഥ എഴുതിയിട്ടുണ്ട് ....
ചങ്ങലകളുടെ തത്വശാസ്ത്രം
സാര്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്..
സമയമുണ്ടാവുകയാണെങ്കില്‍ ഒന്ന് സന്ദര്‍ശിക്കാന്‍ വിനയപൂര്‍വ്വം ക്ഷണിക്കുന്നു..

.......മുഫാദ്‌.... said...

ദളിത് തീവ്രവാദമെന്ന പുതിയ പദം ആ ഒരു സമൂഹത്തിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ പൊളിച്ചെഴുതാന്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു കൊണ്ടേയിരിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ ഒരു സമൂഹത്തിന്റെ ചുമലില്‍ വെച്ചു കെട്ടി അവരെ അന്ന്യവല്‍ക്കരിക്കുന്ന ഒരു അവസ്ഥയാണ് ഇവിടെയും സംജാതമാകുന്നത്.ഇതിനിടയില്‍ നമ്മുടെ രാഷ്ട്രീയക്കാരും പരമാവധി മുതലെടുക്കുന്നു. സാമൂഹിക പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന ഇന്നത്തെ സാംസ്കാരിക നായകന്മാര്‍ക്കിടയില്‍ ഒറ്റപ്പെട്ട്ടു നില്ക്കുന്നു ഈ ലേഖനം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അഭിപ്രായം എഴുതിയ സുഹൃത്തുക്കൾക്കെല്ലാം നന്ദി

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

താങ്കളുടെ പോസ്റ്റിലെ ആത്മാർത്ഥതയെ അംഗീകരിക്കുമ്പോൾ തന്നെ ചില വിയോജിപ്പുകൾ രേഖപ്പെടുത്തിക്കൊള്ളട്ടെ

ഒന്നു, ഈ പോസ്റ്റ് വൈകാരികമായ ഒരു ചിന്തയിൽ നിന്നു വന്നു എന്നതിലുപരി വസ്തുതാ പരമായ് ഒന്നും തന്നെ അതിനു അടിസ്ഥാനമായി പറഞ്ഞിട്ടില്ല.

താങ്കൾ പറയുന്നു:

“കോളടിച്ചത് പണിയെടുക്കാതെ ദളിതരെക്കൊണ്ടു പണിയെടുപ്പിച്ചിരുന്ന ഇടനിലക്കാരായ പാട്ടക്കുടിയാന്മാർക്കാണ്. അവർക്കു പാട്ടഭൂമി കിട്ടി. ദളിതർക്ക് കൃഷിഭൂമി കിട്ടിയില്ല.“

ഇതു എത്രമാത്രം വസ്തുതയുമായി യോജിക്കുന്നു?ഭൂപരിഷ്കരണം ഉദ്ദേശിച്ച രൂപത്തിൽ സമ്പൂർണ്ണമായി നടപ്പിലായിട്ടില്ല എന്ന് ഞാൻ സമ്മതിക്കുന്നു.പക്ഷേ അതു മുഴുവൻ കോളടിച്ചത് ചില ഇടനിലക്കാർക്ക് ആണെന്ന രീതിയിൽ താങ്കൾ എഴുതുമ്പോൽ തീർച്ചയായും അതിനു ചില വസ്തുതകളുടെ അടിസ്ഥാനം വേണം.അല്ലാതെ ദളിതർക്ക് വിമോചനം സാധ്യമായില്ല എന്ന കാര്യം സ്ഥാപിക്കാൻ വേണ്ടി ചുമ്മാ കാടടച്ചു വെടി വച്ചിട്ട് കാര്യമില്ല.

മറ്റൊരു സംശയം “ദളിത്” വിഭാഗങ്ങൾ എന്നതു കൊണ്ട് താങ്കൾ ഏതൊക്കെ ജന വിഭാഗ്ങ്ങളെ ആണു ഈ പോസ്റ്റിൽ ഉദ്ദേശിച്ചിരിക്കുന്നത്? അവരുടെ ഇന്നത്തെ സാമുഹ്യ ചുറ്റുപാടുകളെക്കുറിച്ചുള്ള വസ്തുതാപരമായ കാര്യങ്ങൾ എന്തൊക്കെയാണു?

ആദ്യ രണ്ടു പാരഗ്രാഫിൽ കേരളത്തെക്കുറിച്ച പറഞ്ഞിട്ട് താങ്കൾ ഒറ്റച്ചാട്ടം ഇൻ‌ഡ്യയിലേക്ക്..അപ്പോൾ ഈ പോസ്റ്റിൽ കേരളമാണു ഇൻ‌ഡ്യയാണോ ഉദ്ദേശിക്കുന്നത്?ഇതു ഞാൻ പറയാൻ കാരണം ഈ രണ്ടും രണ്ടായി തന്നെ കാണണം എന്ന് പറയാനാണു.കേരളത്തിനു വെളിയിലെ സാമൂഹികാന്തരീക്ഷം ഇപ്പോളും നമുക്ക് സങ്കൽ‌പ്പിക്കാൻ പോലും വയ്യാത്തത്ര വ്യത്യസ്തമാണു എന്നതു തന്നെ അതിനു കാരണം.

ഇത്തരം കാര്യങ്ങൾ ഇല്ലാതെ എഴുതുമ്പോൾ അത് ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന വ്യക്തിക്കുപരി ഒരു “കവി” എഴുതിയതായി മാത്രമേ കരുതാനാവൂ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സുനിൽ കൃഷ്ണന് :

താങ്കൾ പറഞ്ഞത് ശരിയാണ്. സ്ഥിതിവിവരക്കണക്കുകളുടെയും ഔദ്യോഗിക വസ്തുതകളൂടെയും അടിസ്ഥാനത്തിലുള്ള ഒരു സാമൂഹ്യഗവേഷണപ്രബന്ധത്തിന്റെ ആധികാരികത എന്റെ കൊച്ചുകുറിപ്പിനില്ല.

ഒരു ഉദാഹരണം : 1950 മുതൽ 2000 വരെ കേരളത്തിലെ ആദിവാസിക്ഷേമത്തിനു വേണ്ടി കേരള സർക്കാർ മാത്രം ചിലവഴിച്ചത് 2000 കോടി രൂപയാണത്രെ.ഔദ്യോഗിക കണക്കു പ്രകാരം കോടിക്കണക്കിനു രൂപ ദളിത് എന്നറിയപ്പെടുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാരുടെ ക്ഷേമത്തിനു വേണ്ടി കേന്ദ്ര കേരള സർക്കാരുകൾ നാളിതുവരെ ചിലവഴിച്ചുകഴിഞ്ഞിട്ടുണ്ട്.കണക്കുപ്രകാരം അനേകം ഏക്കർ ഭൂമിയും അവർക്കു നൽകിയിട്ടുണ്ട്.‘അസൂയാർഹമായ’ സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും വേറെ.

അപ്പോൾ കേരളത്തിലെമ്പാടും ആദിവാസിമേഖലകളിലും പട്ടികജാതി കോളനികളിലും കുടികിടപ്പുകളിലും എന്റെ കണ്ണുകൾ കണ്ട പേക്കോലങ്ങളോ? ദളിതരോട് മറ്റുസമുദായക്കാർ രഹസ്യമായും പരസ്യമായും വെച്ചുപുലർത്തുന്ന ജാതിക്കുശുമ്പും പുച്ഛവും താഴ്ന്നജാതിക്കാരനെന്ന പരിഹാസവും മാനസികമായ തീണ്ടലും കലർന്ന മനോഭാവമോ? ദളിതർ നടത്തുന്ന വ്യാപാരസ്ഥാപനങ്ങളും വ്യവസായസ്ഥാപനങ്ങളും കൃഷിത്തോട്ടങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും എത്രയുണ്ടാവും കേരളത്തിൽ? സംവരണസീറ്റിലല്ലാതെ എത്ര ദളിതർ കേരളത്തിൽ ജനപ്രതിനിധികളായി? ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ദളിതർക്കു കേരള നിയമസഭയിലുണ്ടോ? ദളിതരിൽ നിന്ന് കേരളത്തിന്റെ മുഖ്യധാരയിൽ എത്ര സാംസ്കാരിക-രാഷ്ടീയ നായകന്മാരുണ്ട്? കേരളത്തിൽ വെള്ളാപ്പള്ളി നടേശനും നാരായണപ്പണിക്കർക്കും മുസ്ലിം-ക്രിസ്ത്യൻ സമുദായ നേതാക്കന്മാർക്കും തുല്യമായ സ്ഥാനം ആരെങ്കിലും ഒരു പട്ടികജാതി പട്ടികവർഗ്ഗ നേതാവിനു നൽകുന്നുണ്ടോ?


എറണാകുളത്ത് ദളിതനായ മുതലാളി നടത്തുന്ന ഒരു ഹോട്ടൽ കണ്ടെത്താൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.സർക്കാർ ശമ്പളം കൊടുക്കുന്ന കേരളത്തിലെ സ്വകാര്യ- സാമുദായിക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മെറിറ്റ് ക്വാട്ടയിൽ ജോലിലഭിച്ച എത്ര ദളിത് അധ്യാപകരുണ്ടെന്ന് എനിക്കറിഞ്ഞുകൂട.

ഒരുപക്ഷേ എന്റെ വിചാരങ്ങൾ വിടുവിഡ്ഡിയായ ഒരു കവിയുടെ വികാരവിക്ഷുബ്ധമായ ദുസ്വപ്നങ്ങൾ മാത്രമാവാം. കഴിയുമെങ്കിൽ, ഉദ്ദേശശുദ്ധിയെ ഓർത്ത് ക്ഷമിക്കുക.

അങ്കിള്‍ said...

പ്രീയ ബാലചന്ദ്രൻ,

സുനിലിനു കൊടുത്ത മറുപടിയിലെ ഒരു വാചകമാണു താഴെകൊടുക്കുന്നത്:

“‘അസൂയാർഹമായ’ സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും വേറെ.“

അസൂയാർഹമായ എന്ന വാക്കു നേരായ അർത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നത് എന്നു തോന്നുന്നു. എന്നാൽ ഇതൊന്നു വായിച്ചിട്ട് പറയൂ അസൂയാർഹമായ പദ്ധതികൾ തന്നെയല്ലേ അവർക്ക് വേണ്ടി സർക്കാർ ഉണ്ടാക്കിയിട്ടുള്ളത്. എവിടെയാണു പിഴച്ചതെന്നു അവിടെ പറഞ്ഞിട്ടുണ്ട്. വളരെയധികം നീണ്ടു പോകുമെന്ന ഭയം കൊണ്ടാണു മുഴുവൻ ഇവിടെ പകർത്താത്തത്, ക്ഷമിക്കുമല്ലോ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വളരെ നന്ദി അങ്കിൾ.

ദരിദ്രരായ സവർണ്ണർ പട്ടികജാതി-പട്ടികവർഗ്ഗക്കാർക്കു ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അസൂയപ്പെടുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അസൂയ ഏതു സാഹചര്യത്തിലായാലും ഒരു അധമ വികാരമാണെന്നു ഞാൻ കരുതുന്നു.

smiley said...

ബാലൻ സാർ,

കെ ആർ നാരയണൻ ഇന്ത്യയുടെ പ്രസിഡന്റ്‌ ആയതും.. ഇപ്പൊഴെത്തെ ചീഫ്‌ ജസ്റ്റിസിനെയും മറന്നാണൊ താകൾ ഇതു വിലയിരിത്തിയതു എന്നറിയില്ല.. എന്തായാലും അധക്രിതരുടെ ഇടയിൽനിന്നും ഉയർന്നു വന്ന ഈ നേതക്കൾ ക്കു അവരുടെ തന്നെ ജീവിതം ഒരു മാതൃകയാക്കീ കാണിക്കാമായിരുന്നു.. !

ജാതിയുടെ പേരിൽ കേരളത്തിൽ ആരെങ്കിലും നേതാവാകതിരിന്നിട്ടു ണ്ടൊ..? അറിവുള്ള്വർ അറിയിക്കുക..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സ്മൈലിക്ക് നന്ദി:

പേരിന് ഏതെങ്കിലും ഉന്നതസ്ഥാനത്ത് ഒരു ദളിതനെ പ്രതിഷ്ഠിക്കുക ഇന്ത്യൻ നയതന്ത്രജ്ഞതയുടെ രീതിയാണ്. ജഗജീവൻറാം അടക്കം ചില നേതാക്കളും കെ.ആർ നാരായണനെയും കെ.ജി ബാലകൃഷ്ണനെയും പോലുള്ള ചില ഉന്നതരും ഉണ്ടെന്ന വസ്തുതയെ കേരളത്തിലെയും ഇന്ത്യയിലെയും പട്ടികജാതി പട്ടിക വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ലഭിച്ചതിന്റെ തെളിവായി കാണാൻ എനിക്കു കഴിയുന്നില്ല.ദളിതർ ഈ രാജ്യത്തിനും സമൂഹത്തിനും നൽകിയിട്ടുള്ള സംഭാവനയും അവരുടെ ജനസംഖ്യയും അവരുടെ സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ പിന്നോക്കാവസ്ഥയും വെച്ചു നോക്കുമ്പോൾ ഏതു രംഗത്തും ദളിതർക്കുണ്ടായിട്ടുള്ള പുരോഗതി വളരെ വളരെ തുച്ഛമാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

നമ്മളെല്ലാം മനുഷ്യരാണെന്നാണല്ലൊ വെയ്പ്.സൌകര്യം കിട്ടുമ്പൊൾ കേരളത്തിലെ പട്ടികജാതി- പട്ടികവർഗ്ഗ കോളനികളും അവർ തിങ്ങിപ്പാർക്കുന്ന മറ്റു മേഖലകളും സന്ദർശിച്ചു നിരീക്ഷിച്ചാൽ അവരുടെ ജീവിതത്തിന്റെ പരിമിതികൾ ആർക്കും കാണാം.

രാജ്യസഭയിലേക്കു സംവരണമില്ല. കേരളത്തിൽനിന്ന് തൊണ്ണൂറിലധികം രാജ്യസഭാംഗങ്ങൾ ഉണ്ടായി. അവരിൽ മൂന്നു ദളിതരേയുണ്ടായിട്ടുള്ളു.(ടി.കെ.സി. വടുതല, മാ‍ധവൻ മാസ്റ്റർ, കുഞ്ഞച്ചൻ.) അതിലധികം പ്രാതിനിധ്യം അവരർഹിക്കുന്നില്ലെ?

മറ്റു സമുദായാംഗങ്ങളെപ്പോലെ ദളിതരും നേതൃത്വത്തിൽ വരാൻ സാധ്യതയുണ്ട്. പക്ഷെ എളുപ്പമല്ല. കാരണം ദളിതനെ നേതാവായി അത്രപെട്ടെന്നൊന്നും അംഗീകരിക്കാൻ മറ്റു സമുദായാംഗങ്ങൾ തയ്യാറാവുകയില്ല.

വെള്ളാപ്പള്ളിനടേശനോ നാരായണപ്പണിക്കർക്കോ ലഭിക്കുന്ന പരിഗണന കേരളത്തിൽ സി.കെ.ജാനുവിനോ ളാഹ ഗോപാലനോ എന്നെങ്കിലും ലഭിക്കുമോ?

Bijli said...

മാഷ്‌ ഇവിടെ വരച്ചു കാണിച്ചിരിക്കുന്നത് ഒരു നഗ്ന സത്യം തന്നെ..........എന്നും എക്കാലത്തും കുമ്പിളില്‍ കഞ്ഞി മാത്രം കുടിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളവര്‍....,അടിസ്ഥാന വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്ന ,സ്വന്തം മാളങ്ങളില്‍ മാത്രം ഒതുങ്ങിക്കഴിയേണ്ടി വരുന്ന ഈ ദളിത സമൂഹം ,അവരുടെ വരും തലമുറ, ഇതിനെതിരായി പ്രതികരിക്കാനുള്ള ശക്തിയും കരുത്തും ഇനിയും ആര്‍ജ്ജിക്കെണ്ടിയിരിക്കുന്നു........

smiley said...

ബാലൻ സാർ,

ഞാൻ ദലിതനു ആനുകൂല്യങ്ങളെ ഓർത്തു വ്യാകുലപൊറ്റുന്ന ആൾ അല്ല.. എന്നാൽ ദലിതന്റെ പേരിൽ മുതലകണ്ണീർ ഒഴിക്കുന്നവർ അവർക്കിടയിലെ കള്ളനാണയങ്ങളെ വെള്ളപൂശുന്ന ഒരു അവസ്ഥ്‌ കാണുമ്പോൾ അമർഷം തേ‍ാന്നുന്നു..

പ്രത്യേകിച്ചു ഇത്തരം സമരങ്ങൾ വെറും ഭൂമിക്കു വെണ്ടി മാത്രമാകുമ്പോൾ.. ഇതുവരെ ഭൂമി ലഭിച്ച എത്ര ദലിതന്മാർ രക്ഷപെട്ടിറ്റുണ്ടു എന്നു കൂടി കണക്കിലെടുക്കണം... ജാനുവിനെ പോലുള്ള നേതക്കൾക്കു ഭൂസമരത്തൊടെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന രീതിയിലാണു പോകുന്നതു.. ഇതിനു പകരം അവർക്കു പറ്യുന്നതിൽ ആത്മാർത്ത ത ഉണ്ടെകിൽ സൊ-സൈറ്റികകത്തു ഇറങ്ങിച്ചെന്നു കഴിവുള്ള തലമുറകളെ വാർത്തെടുക്കണം..

ദലിതന്റെ ദുരവസ്ഥ തുടരുന്നു എങ്കിൽ അതിനു സമൂഹത്തെ മാത്രം കുറ്റപെടുത്തിയിട്ടു കാര്യം ഇല്ല... കള്ളും, കഞ്ജാവും ആണു മിക്ക ദലിതു കോളനികളിലെ രാജകന്മാർ.. അർഹിക്കുന്നതിലെറെ കൂലിലഭിച്ചിട്ടും അതിൽ ഒരുതുണ്ടു പോലും ബാക്കി ഇല്ലാതെ മുഴുവനും വിട്ടു കുടിച്ചു സ്വയം ശിക്ഷിക്കുന്ന ഒരു എർപ്പാടാണു അവിടെ നടന്നു കൊണ്ടിരിക്കുന്നതു.. എന്നാൽ ഇതിനെതിരെ ശബ്ധം ഉയർത്താൻ ഒരു ളാഹയും ഇല്ല, ജാനുവും ഇല്ല..

ഇത്തരം സമരങ്ങൾ ഭൂസമരങ്ങളി ഒതുക്കാതെ.. ദലിതർക്കിടയിൽ ഒരു കൂട്ടായ്മകൾ ഉണ്ടാക്കുകയും കഴിവുള്ള ദലിതു വിദ്യാർത്തികൾക്കും, മുതിർന്നവർക്ക്ക്കും വ്യക്ത്മായ ഗൈഡൻസു കൊടുത്തു വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ അവർക്ക്ക്കു ഉന്നതി എർപ്പാടക്കാൻ ഇത്ത്തരം വ്യാജ നേതക്കൾ ശ്രമിക്കുന്നില്ല. ഇനി ദലിതർക്കിടയിൽനിന്നും ഉയർന്നു വന്നവർ ആകട്ടെ.. ഞാനും, എന്റെ കുടുമ്പവും ആയി ചുരിങ്ങിയിരിക്കുന്നു.. ചുരുക്കത്തിൽ ദലിതർ ഈ അവസ്ഥയിൽ തുടരണം എന്നാതു അവരുടെ നേതാക്കളുടെയും ആവശ്യം ആയിരിക്കുന്നു..

thank you

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സ്മൈലി ചൂണ്ടിക്കാട്ടിയത് വളരെ പ്രസക്തമായ കാര്യങ്ങൾ തന്നെ. ലഭിക്കുന്ന അവസരങ്ങൾ തന്നെ വേണ്ടതുപോലെ പ്രയോജനപ്പെടുത്താൻ ദലിതർക്ക് കഴിയാതെ പോകുന്നത് അവരെ വേണ്ടതുപോലെ ബോധവൽക്കരിക്കാൻ അവരുടെ നേതൃത്വത്തിനു കഴിയുന്നില്ല എന്നതു കൊണ്ടുകൂടിയാണ്.ഇതു സമൂഹത്തിന്റെ മാത്രം കുറ്റമല്ല എന്നു ഞാൻ സമ്മതിക്കുന്നു.

ദലിതർ മദ്യത്തിനും മയക്കുമരുന്നിനും പെട്ടെന്ന് അടിമകളായിപ്പോകുന്ന ദുസ്ഥിതിയും സത്യംതന്നെ. അവരെ അതിനെതിരെ ബോധവൽകരിക്കാൻ ആരും ശ്രമിക്കുന്നില്ലെന്നതും വാസ്തവം.

ദളിതരിൽ നിന്നും ഉയർന്നുവന്നവർ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുകയും സ്വന്തം ജനതയെ മറക്കുകയും ചെയ്യുന്ന അവസ്ഥയും വാസ്തവം തന്നെ.

ദളിതരുടെ നിഷേധാത്മകവശങ്ങളെ വിമർശിക്കാനും തിരുത്താനും ശക്തമായ ആത്മാർഥതയുള്ള നേതൃത്വം അവരിൽനിന്നും ഉയർന്നുവരണം.

കോട്ടയ്കന്‍ said...

പാര്‍ട്ടിതാത്പര്യങ്ങളുടെ മുന്പില്‍ ധാര്‍മിക മൂല്യങ്ങള്‍ മറന്നു അസഹിഷ്ണുക്കളും അക്രമ്കാരികളുമാകുന്ന ഒരിസത്തിനും അതിന്റെ വക്താക്കള്‍ക്കും,
വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്ന് കനക സിംഹാസനത്തിലെത്താന്‍ വേണ്ടി മാത്രം രാഷ്ട്രീയാഭ്യാസം നടത്തുന്ന വിശുദ്‌ധ പശുക്കള്‍ക്കും

ദളിതരെ ഈ സ്ഥിതിയില്‍ നിന്നുമുയര്‍ത്താന്‍ താത്പര്യൌണ്ടാവില്ല മനസ്സുമുണ്ടാവില്ല്.
ഈ ദളിതരുടെയിടയില്‍നിന്നു തന്നെ
ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നതും
സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളെ മൂല്യബോധത്തോടെ വിശകലനം നടത്തി പരിഹരിക്കുവാന്‍ കെല്പുള്ള ഒരു കൂട്ടായ്മ സ്വയം രൂപപ്പെട്ടുവരണം
എങ്കിലേ ഈ ദുസ്ഥിതിയില്‍ നിന്നും അവര്ക്കു മോചനമുണ്ടാകൂ

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കോട്ടയ്ക്കകന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. നന്ദി സുഹൃത്തെ.

ചാര്‍വാകന്‍ said...

ധാരാളം സ്മൈയിലികള്‍ 'തന്തക്കുപിറകാഴ്ക 'കമന്റെന്ന പേരില്‍ എഴുതുമ്പോള്‍,റദ്ദായിപോകുന്നൊരു വസ്തുതയുണ്ട്.അത് ,കാലാകാലങ്ങളായി ദലിതനെ ഉദ്ധരിക്കാന്‍ ഭരണവര്‍ഗ്ഗം നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ (അങ്കിളിന്റെ പോസ്റ്റില്‍-അങ്കിളിനോട് നന്ദിയുണ്ട്)അതിന്റെ ഫലപ്രാപ്തിയില്‍ വ്യാകുലരല്ല.കിടക്കാടമോ(കുടികിടപ്പ്),കക്കൂസ്,ആടികോഴിയോ മാത്രം കൊണ്ട് അതിജീവിക്കേണ്ട സമൂഹമാണന്ന പൊതുബോധത്തെ തിരുത്താനുള്ള സമരങ്ങളാണ്‌ ഇന്നുയരുന്നത്.'എട്ടാം ക്ളാസ് കടന്ന ഒരാള്‍ക്കും ജോലി കിട്ടാതിരുന്നിട്ടില്ല'എന്നുപറയുമ്പോള്‍ ഈ നാടിനെ പറ്റിയുള്ള ആ തമ്പ്രാന്‍കുട്ടിയുടെ "വെളിവ്" മനസ്സിലാകും .'ഏക്രകണക്കിനു'ഭൂമിയുള്ളവരാണ്‌ അടുക്കള പൊളിച്ചു ശവമടക്കുന്നത്.
ശബ്ദമില്ലാതായിണ്ട് നൂറ്റാണ്ടുകളായി.ചെറുശബ്ദങ്ങളുണ്ടാക്കാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടേ ആയിട്ടുള്ളു.ജനാധിപത്യത്തില്‍ പത്തുശതമാനം (8+2) സം വരണമുണ്ട്.,സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ അതുപോലും അനീതിയാണന്നു കാണുന്ന ആ മനസ്സ് നന്നായികാണാം .(പിന്നോക്ക സമുദായങ്ങള്‍ക്ക് അതിലും കൂടുതലുണ്ടന്ന വസ്തുത പലരും മറച്ചു വെക്കുകയാണ്‌).മിച്ചമായ മനുഷ്യര്‍ക്കുവേണ്ടിയാണ്‌ "മിച്ച്ഭൂമി".അവര്‍ക്കുവേണ്ടിയാണ്‌ 'കോളനികള്‍'.കേരളത്തില്‍ കോളനികളില്‍ ജീവിക്കുന്ന ഒരൊറ്റജനതയേ യുള്ളൂ.അവരാണ്‌ ദലിതര്‍.തമിഴ് ബ്രാഹ്മണര്‍ താമസിക്കുന്ന കോളനിയെ അഗ്രഹാരമെന്നു പറയും .പലരും ,"രക്ഷകര്‍ത്താവു"മനസ്സുമായി പരിഹാരങ്ങള്‍ പറഞ്ഞു തരുന്നതിന്‌ നല്ല നമസ്കാരം ."ദലിത് തീവ്രവാദ"ത്തിന്റെ കഥകളൊക്കെ ചിലപ്പോള്‍ വെളിവാകും .മുസ്ളീം തീവ്രവാദ കഥകളൊക്കെ പുറത്തുവന്നു കൊണ്ടിരിക്കുന്നുണ്ട്‌.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ചാർവാകന്റെ വികാരം ഏതൊരു മനുഷ്യസ്നേഹിയും പങ്കിടുന്നതാണ്.എങ്കിലും ദളിതരുടെ യാഥാർത്ഥ്യം മനസ്സിലാക്കാൻ മറ്റു സമുദായക്കാർക്ക് ഒരിക്കലും സാധിക്കുന്നില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.എനിക്കും ഇക്കാര്യത്തിൽ പരിമിതികളുണ്ടെന്നു തുറന്നു സമ്മതിക്കുന്നു.


എങ്കിലും,എന്റെ സമൂ‍ഹം എനിക്കു കനിഞ്ഞു തന്ന കവിപ്പട്ടം തിരിച്ചെടുത്താലും, മറ്റെല്ലാ സമുദായക്കാരും എന്നെ വെറുത്താലും,എല്ലാ മുഖ്യരാഷ്ട്രീയപ്പാർട്ടികളും എന്നെ എതിർത്താലും ശരി,ദളിതർക്കു നീതിയും സാമൂഹ്യമായ അന്തസ്സും കിട്ടുന്നില്ല എന്നു ഞാൻ ചാവുന്നതുവരെ വിളിച്ചു പറയും.അവർ നരകിക്കുന്നിടത്തോളംകാലം മനുഷ്യസംസ്കാരം അപൂർണ്ണമാണ് എന്നും വിളിച്ചു പറയും.എന്റെ ഒരു മനസ്സമാധാനത്തിന്.

Unni Sreedalam said...

താങ്കളുടെ ലക്ഷക്കണക്കിന്‌ ആരാധകരിലൊരാള്‍. ഹാജര്‍ വെയ്ക്കാന്‍ വന്നതാണ്‌. ട്രഷറിയിലാണ്‌ ജോലി. സമയമുണ്ടെങ്കില്‍ എണ്റ്റെ എളിയ ബ്ളോഗ്‌ സന്ദര്‍ശിക്കാന്‍ അപേക്ഷ.

smiley said...

ചാരുവാകനോടു

പട്ടിണിയും കഷ്ഠപ്പാടും ഏതെങ്കിലും സമുദായത്തിതിന്റെ മാത്രം കുത്തകയനെന്ന തിരിച്ചറിവു ചാരുവകന്റെ കമന്റു കണ്ടപ്പോൾ ആണു മനസിലായതു..

ഞാൻ ദലിതനു ഭൂമിലഭിക്കുന്നതിൽ സന്തോഷം ഉള്ള ആളാണു. എന്നാൽ ഭൂമിയുള്ള ദലിതനു വേണ്ടി ചെങ്ങറയിൽ നടന്ന നാടകം നമ്മൾ എല്ലാവരും കണ്ടതാണു, തമിഴുനാറ്റുകരനും, കർണ്ണടകക്കാരനും അണിനിരന്ന നാടകം എതു ദലിതനെ ഉദ്യാശിച്ചുള്ളതാണു എന്നു വ്യക്തം ആക്ക്ക്കിയാൽ കൊള്ളാം.. ഇതുനു മുൻപു ഇതുപോലെ ഭൂമി ലഭിഛ എത്ര ദലിതുകൾ അവിടെ കൃഷി ഇറക്കുന്നുണ്ടു എന്നും വ്യക്തമാക്ക്ക്കുക.. ഹാരിസൺ കുത്തകയണെകിലും അവിടെ 3 കൊല്ലം ദലിതു സമരത്താൽ ജ്യോലി ഇല്ലാതെ പട്ടിണി കിടക്കുന്നവൻ ദലിതനല്ലാത്തതിനാൽ അവന്റെ പട്ടിണി സവർണ്ണ പട്ടിണി ആകുമോ ആവൊ?

മറയടക്കാൻ ഭൂമി ഇല്ല എന്നതു സകടകരം തന്നെ.. എന്നാൽ വീട്ടിൽ തന്നെ കുഴി വെട്ടണം എന്നു എതു വേദത്തിലാണു എന്നു പറഞ്ഞാൽ കൊള്ളാം.. അതു പോലെ കുഴി വെട്ടാൻ സ്ഥലം ഇല്ലാത്തവർ എല്ലാ സമുദായങ്ങളിലും ഉണ്ടു താനും.. നിഷേധിക്കുന്നുവെകിൽ ഡീറ്റൈൽസ്‌ അയച്ചു തരാം.. ഒരെക്കർ പോരെന്നും പകരം അഞ്ചേക്കർ വേണം എന്നാണു ഇപ്പൊഴ്തെ വാദം.. അങ്ങിനെ എങ്കിൽ എക്കർ കണക്കിനു സ്വത്തുള്ള ളാഹ ഗോപലൻ സ്വന്തം ഭൂമിയിൽ പകുതിയെങ്കിലും ദലിതനു കൊടുക്കട്ടെ... ( ഈ പറഞ്ഞതു ചാരുവാകനും ആകാം..)

മദ്യലോപികളുടെ പണം വാങ്ങി ആദിവാസികൾ അടക്കമുള്ള സർവ്വ്വ ദലിതനെയും കുടിപ്പുച്ചു കിടത്തുന്ന ദലിതു നേതക്കന്മാർക്കു സല്യൂട്ട്‌ കൊടുക്കാൻ ചാരു തന്നെ പോകു..

ഇക്കാര്യത്തിൽ എന്റെ നിലപ്പാടു ഇതുനു മുൻപുള്ള പോസ്റ്റു വായിച്ചാൽ അറിയാം..


എന്റെ കമന്റ്സ്‌ കൃത്യമായും അഡ്രസ്സ്‌ ഉള്ളതാണു..ഫോട്ടൊ സഹിതം..
പ്രിതുത്വം ഇല്ലാത്ത കമന്റ്സ്‌ അതു ഇല്ലാത്തവർ തന്നെ തിരിചറിയട്ടെ

Inji Pennu said...

സ്മൈലി പറയുന്നു
“ദലിതന്റെ അവസ്ഥ കേരളത്ത്തിൽ അത്ര മോശം ആണു എന്നു തോന്നുന്നില്ല. ഇന്നു ജ്യോലിയും കൂലിയും ഇല്ലാത്ത സഹചര്യം കേരളത്തിൽ നിലവിൽ ഇല്ല..” -- എത്ര സത്യം! ദളിതൻ ഇന്ന് ജീവിക്കുന്നതു തികഞ്ഞ ആഡംബരത്തിലാണ്. അതിന്റെ സുഖം പിടിച്ച് പോയതുകൊണ്ട് കഞ്ചാവിനും മദ്യത്തിനും അടിമപ്പെടുന്നു. അവന്റെ സ്ത്രീകൾ ദിവ്യഗർഭം ധരിക്കുന്നു. അതിൽ ജനിക്കുന്ന കുഞ്ഞുങ്ങളാകട്ടെ 75% മരണപ്പെടുന്നു (ഒരു കണക്കിനു അത് നന്നായി അല്ലെങ്കിൽ എത്ര കുട്ടികളുടെ മുഖങ്ങൾ നമ്മളുടെയൊക്കെ ഉറക്കം കെടുത്തിയേനെ), അതും ശിശുമരണനിരക്ക് ഇന്ത്യയിൽ ഏറ്റവും കുറവുള്ള സംസ്ഥാനത്ത്.
സംവരണം എന്തെന്ന് അവനു കൃത്യമായി അറിയാവുന്നതുകൊണ്ടും അവൻ എല്ലാം ചോദിച്ചു വാങ്ങുന്നതുകൊണ്ടും ഇന്നവനു കിടപ്പാടം, ഭക്ഷണം എല്ലാം ഓർഗാനിക്ക് ആയി പ്രകൃതിയിൽ നിന്നും. സായിപ്പൊക്കെ ഓർഗാനിക്കിന് ഇമ്മിണി വല്യ കാശ് പൊടിക്കുമ്പോഴാണ് നമ്മുടെ ദളിതന്റെ ഈ അഹങ്കാരം. ഇത്രയൊക്കെ പോരേ എന്ന് നമ്മൾ ചോദിക്കാതെ എങ്ങിനെയിരിക്കും? കേരളത്തിൽ എന്തു ദുരവസ്ഥ? എല്ലാ ദുരവസ്ഥകളും അങ്ങ് ബീഹാറിൽ അല്ലേ? ബിഹാർ എന്തായാലും നമ്മൾ ജീവിക്കാൻ പോകുന്നില്ല, അതുകൊണ്ട് ദുരവസ്ഥകളെ അങ്ങ് മാക്സിമം തീവണ്ടികയറ്റി ബീഹാറിലോട്ട് അയച്ചാൽ നമ്മുടെ ജീവിതം സുഖജഡം.

വികടശിരോമണി said...

സ്മൈയിലി ശരിക്കും ആളെ ചിരീപ്പിക്കുന്നുണ്ട്.ഇപ്പൊ വിഷയമൊക്കെ വിട്ട് പിതൃശൂന്യചർച്ചയിലെത്തിയിരിക്കുന്നു.ആ വിഷയം ബ്ലോഗുലകത്തിൽ പഴങ്കഞ്ഞിയായതു കൊണ്ട്,ക്ലച്ചുപിടിക്കില്ല,മാറ്റിപ്പിടി മാഷേ.
"പശ്ഴയൊരില്ലം വിറ്റു പുത്തിയൊരോട്ടോ വാങ്ങിയ ഉണ്ണിക്കുട്ടന്റെ”നൊമ്പരങ്ങൾ കൂടി പറയാൻ തുടങ്ങിയാൽ വൃത്തിയായി.ബാക്കിയൊക്കെ ഏകദേശം ഒപ്പിച്ചിട്ടുണ്ട്.ളാഹ ഗോപാലന്റെ സ്വത്തുവിവരം,അനോനിയാണെങ്കിലും ചർവാകന്റെ സ്വത്തുവിവരം.അവയിൽ ദളിതർക്കു പങ്കിട്ടു കൊടുക്കേണ്ട അളവ്,എല്ലാം.

അങ്ങയെപ്പോലുള്ളവരുടെ ഔദാര്യമനോഭാവം കൊണ്ട് ദളിതർ രക്ഷപ്പെടട്ടെ.

smiley said...

ദലിതൻ ചൂഷണത്തിനു വിദേയം ആകുന്നു എങ്കിൽ അതിനു തികഞ്ഞ ഉത്തരവാദിത്തവം അവരുടെ നേതക്കൾക്കു തന്നെ ആണു.. അത്തരം കള്ളനാണയങ്ങളെ അവർ തിർച്ചറി‍ൂന്നില്ലെങ്കിൽ ഇതിൽ നിന്നും മോചനം ഉണ്ടാകുമെന്നു തോന്നുന്നില്ല..

ളാഹ ഗോപാലനെ പറ്റി അവരുടെ തന്നെ സംഘടന നേതക്കൾ പറഞ്ഞതു ഇഞ്ജിപെണ്ണൂ കണ്ടു കാണും എന്നു കരുതുന്നു... ഇല്ലെങ്കിൽ അറിയിക്കുക .

കേരളത്തിൽ തമിഴു നാട്ടുകാരനും, ബീഹാറുകാരനും
ജ്യോലിയും, കൂലിയും ഉണ്ടെകിൽ കേരളത്തിൽ ജനിച്ച വളർന്ന ദലിതനു ജ്യോലി ഇല്ലാതിരിക്കുന്നതെങ്ങിനെ.. അപ്പൊ ഫ്രീ ഡിന്നർ തന്നെ എല്ലാവർക്കും താൽപര്യം..

ക്കെ ആർ ൻ നെ പോലെ ഉള്ളവർ ഇന്ത്യ യുടെ പ്രസിഡന്റായിരിന്നിട്ടും ദലിതു സമൂഹത്തിന്റെ പുരോഗമനത്തിനു വേണ്ടി എന്തു ചെയ്തു എന്നു കൂടി അറിയിച്ചാൽ കൊള്ളാം..

smiley said...

വികടൻ,

പ്രിതുശൂന്യ ചർച്ച ഞാൻ തുടങ്ങിയതല്ല.. എയർക്കണ്ടീഷനകത്തിരുന്നു വിപ്ലവം പറയുന്ന ചിലർ ആണു.. ഞാൻ പറഞ്ഞതിനു മറുപടി പറഞ്ഞ മുകളിലെ ചിലരുടെ കുറിപ്പുകൾ കൂടി താകളുടെ കണ്ടുപിടുത്തങ്ങളിൽ ഉൾപ്പെടുത്തിയാൽ നന്നു..

സർക്കാറിന്റെ എചിൽ കഷ്ണങ്ങൾക്കു കാത്തു നിൽക്കാതെ നാടും വീടും വിട്ട്‌ ജീവിക്കുന്ന ലക്ഷങ്ങളിൽ ഒരാളാണു അതു കൊണ്ടു തന്നെ ..നിങ്ങളുടെ സർട്ടിഫിക്കറ്റു എനിക്കു ആവശ്യം ഇല്ല...

Inji Pennu said...

കേരളത്തിൽ ഇത്രമാത്രം ജോലി ഉള്ളപ്പോൾ സ്മൈലി നാടും വീടും വിട്ട് പോയത് കേരളത്തിനു വൻ നഷ്ടമായിപ്പോയി. :(

(ഈ ദളിതരുടെ ഒരു കാര്യം. അവർ ചിലപ്പോൾ കേരളത്തെ സേവിക്കാനോ ആ ഫ്രീ ഡിന്നറിനോ നിൽക്കുന്നതായിരിക്കണം)

smiley said...

കേരളത്തിൽ ദലിതൻ ഒഴിച്ചു ബാക്കി എല്ലാവരും ഇപ്പൊ ബെൻസ്‌ കാറിലാണു യാത്ര, സമ്മർ വെക്കാഷൻ ലാസ്‌ വേഗാസിൽ ബ്ലു ലഗൂണിലും..

സന്തോഷം...

unnimol said...

ദളിതരും മനുഷ്യര്‍ ആണ്
ഇവിടെ ചര്‍ച്ച ചെയ്യുന്നതുപോലെ അത്ര എളുപ്പമല്ല അവരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നത് .കേരളത്തിലെ ഏതെങ്ങിലും ഒരു കൊളോനിയില്‍ ഒരു ദിവസം താമസിച്ചിട്ട് വന്നു നിങ്ങള്‍ ഈ ചര്‍ച്ച വീണ്ടും തുടങ്ങൂ. നിങ്ങള്ക്ക് ഒന്നും പറയാനുണ്ടാവില്ല. കാരണം അതാണ്‌ ജീവിത അവസ്ഥ !!!!!!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സ്മൈലി, ഇഞ്ചിപ്പെണ്ണ്, വികടശിരോമണി,ഉണ്ണിമോൾ -എല്ലാവർക്കും നന്ദി.

annamma said...

ഇന്നാണ് ഈ ബ്ലോഗ്‌ കാണുന്നത് . നല്ല കവിതകള്‍ ഫ്രീ ആയി വായിക്കാമെന്ന് വിജാരിച്ച് ഓടി വന്നതാണ് .
:(

annamma said...

.കവിത വായിച്ചുട്ടോ .. സന്തോഷമായി

പുതു കവിത said...

സ്പന്ദിക്കുന്ന അസ്ഥിമാടത്തിൽനിന്നും കവിയുടെ ശബ്ദം ഇന്നും മുഴങ്ങുന്നു:
“ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍തന്‍ പിന്മുറക്കാര്‍?”

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അന്നാമ്മയ്ക്കും പുതുകവിതയ്ക്കും നന്ദി

ചാര്‍വാകന്‍ said...

സ്മൈലി എന്ന കെഴങ്ങനോട് പ്രതികരിച്ചിട്ടു കാര്യമില്ല.മമ്മൂട്ടി പറഞ്ഞപോലെ"പാവമാണ്‌,വിദ്യാഭ്യാസമുണ്ടന്നേയുള്ളു,വെവരമില്ല".
ചുള്ളിക്കാടിനോട്:ദലിത് തീവ്രവാദം 'വര്‍ക്കല കൊലപാതക'വുമായി ബന്ധ്പ്പെട്ട് വന്ന പദമാണ്.ഇതിനു മുമ്പ് കേട്ട രണ്ടുപദങ്ങള്‍"ദലിത് മൌലീകവാദം "ടി.പത്മനാഭനും ,"ദലിത് ഉദ്യോഗസ്ഥ പ്രഭുത്വം "സി.വി.ശ്രീരാമനുമാണ്‌ സം ഭാനചെയ്തത്.ഇനിയും കൂടുതല്‍ പദങ്ങള്‍ നമ്മുടെ ഭാഷാശേഖരത്തിലേക്ക് വരുന്നതാണ്.എഴുപതുകള്‍ ഞാനും താങ്കളും രണ്ടുതരത്തില്‍ ഓര്‍ത്തെടുക്കുന്നത് നമ്മള്‍ രണ്ടു സാമൂഹ്യ/രാഷ്ട്രീയ ചുറ്റുപാടില്‍ ജീവിച്ചതിനാലാണല്ലോ..?ഭൂപരിഷ്ക്കരണത്തോടെ കേരളത്തിന്റെ സാമൂഹ്യ ബന്ധങ്ങളിലും ,ഉല്‍പാദന ബന്ധങ്ങളിലും വന്ന മാറ്റം ഒരുപാര്‍ട്ടികളിലും ചര്‍ച്ചയ്ക്കു വന്നതിനു തെളിവില്ല.ഇന്ത്യയുടെ സാമൂഹ്യ/രാഷ്ട്രീയ ജീവിതത്തില്‍ "ജാതി"യുടെ പങ്കും ചര്‍ച്ചചെയ്യുന്നില്ല.ദേശീയപ്രസ്ഥാനത്തിന്റെ കാലം മുതല്‍,തുടങ്ങി ആധുനിക വിപ്ളവ പ്രസ്ഥാനത്തിലും തുടരുന്ന അനീതിയെ അം ബേദ്ക്കറുപ്പെടെ കീഴാളപ്രസ്ഥാനങ്ങള്‍ പാഠവല്‍ക്കരിക്കുന്നുണ്ട്.എഴുപതുകളില്‍ മഹാരാഷ്ട്രയില്‍ രൂപം കൊണ്ട'ദലിത് പാന്തര്‍'പ്രസ്ഥാനത്തിന്റെ മുന്‍അനുഭവം അമേരിക്കയിലെ'ബ്ളാക്ക് പാന്തര്‍'ആയിരുന്നു.മുഖ്യധാരയില്‍ നിന്നും വേറിട്ട 'ജ്ഞാന മണ്ഡലം 'സ്രീഷ്ഠിച്ച് മുന്നേറിയത് വിത്യസ്ത വഴികളിലായിരുന്നു.ബി.എസ്.പി യുടെ വളര്‍ച്ചയും ,തനിതീവ്രവാദവുമൊക്കെ ദ്രിഷ്ടാന്തമാണ്‌.സാമുദായികമായി ഇന്നും ഐക്യപെടാനാവാതെ പോയ ദുരന്തം ,പൊതു സമൂഹത്തിലുണ്ടാക്കുന്ന അസ്വസ്തതകള്‍ ,എല്ലാമെല്ലാം ചരിത്രത്തിന്റെ ഭാഗം തന്നെ.

നിസ്സഹായന്‍ said...

സ്മൈലിയുടെ കമന്റുകള്‍ വസ്തുതകള്‍ ഉള്‍ക്കൊള്ളാന്‍, കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അദ്ദേഹത്തിനുള്ള പരിമിതികളും ഹൃദയശൂന്യതയും വ്യക്തമാക്കുന്നു.
ദളിതരെ മുഴുവന്‍ നന്നാക്കിയെടുക്കേണ്ടത് ദളിത് നേതാക്കന്മാരുടെ മാത്രം പണിയാണോ ? അവരുടെ പേരില്‍ അനുവദിക്കപ്പെടുന്ന ഫണ്ടിന്റെ എത്രശതമാനം അവരില്‍ എത്തിച്ചേരുന്നു? അങ്കിളിന്റെ വിശദമായ പോസ്റ്റുകള്‍ വായിച്ചു നോക്കുക. സവര്‍ണ്ണ രാഷ്ട്രീയവും ബ്യൂറോക്രസ്സിയും ചേര്‍ന്നു മലര്‍ത്തിയടിക്കുന്ന ഫണ്ട്, പഴാക്കിക്കളയുന്ന ഫണ്ട്, ഇതിനൊക്കെ ഉത്തരം പറയാന്‍, ദളിതന്റേയും ആദിവാസ്സിയുടേയും പേരിലുള്ള ഫണ്ടായതുകൊണ്ട് ആര്‍ക്കും ഉത്തരവാദിത്വമില്ലല്ലോ ! ഈ ദുര്‍ബ്ബല ജനതയെ സംരക്ഷിക്കാന്‍ സഹായിക്കാന്‍ നന്നാക്കാന്‍ പൊതു സമൂഹത്തില്‍ നിന്നും എത്ര നേതാക്കന്മാര്‍ അവരുടെ കൂടെയുണ്ട്. ഏതു രാഷ്ട്രീയകക്ഷിയാണ് ആത്മാര്‍ത്ഥമായി അവര്‍ക്കു വേണ്ടി നിയമം നിര്‍മ്മിച്ചതും നടപ്പാക്കിയതും ? എം.എല്‍.എ/എം.പി ശമ്പളവും അലവന്‍സുകളും നിര്‍ണ്ണയിക്കുന്നതിനും പരിഷ്ക്കരിച്ചു പരിഷ്ക്കരിച്ചു ആദിവാസി ഭൂസംരക്ഷണ നിയമം അവര്‍ക്ക് ഒരു കാലത്തും ഭൂമി കൊടുക്കേണ്ടാത്ത അവസ്ഥയിലെത്തിക്കുന്നതിലും
കമ്മ്യൂണിസ്റ്റും കാണ്‍ഗ്രസ്സും ബിജേപ്പിയുമോക്കെ ഒറ്റക്കെട്ടല്ലേ. അംബ്ദേക്കര്‍ എന്ന മഹാനായ നേതാവുണ്ടായിരുന്നില്ലെങ്കില്‍ ഇന്നുള്ളതിനേക്കാള്‍ എത്ര ഭീതിതമാകുമായിരുന്നു ദളിതന്റെ അവസ്ഥ! ദളിതനും ആദിവാസിയും ഭൂമുഖത്തു തന്നെ ഉണ്ടാകുമായിരുന്നോ ! ജാനുവും ഗീതാനന്ദനും പട്ടിയേക്കാള്‍ കഷ്ടമായി തല്ലിച്ചതയ്ക്കപ്പെട്ട, അവഹേളിക്കപ്പെട്ട അവസ്ഥ പൊതു ധാരയിലെ ഏത് നേതാവിനാണ് അനുഭവിക്കേണ്ടിവരുന്നത് ? ഒരു കാര്യം സത്യമാണ്, ദളിതനെ രക്ഷിക്കാന്‍ ദളിതന്‍ മാത്രമേ ഉണ്ടാകൂ. ഒരു രാഷ്ട്രീയകക്ഷി ദൈവവും അവരെ രക്ഷിക്കില്ല. കമ്മ്യൂണിസ്റ്റു കക്ഷികള്‍ ഒരിക്കലും !

poor-me/പാവം-ഞാന്‍ said...

ആശയത്തോടു യോജിക്കുന്നു...
പണ്ട് ഞങളെ കുറെ ബുദ്ധി മുട്ടിച്ചിട്ടുണ്ട്
ഇനി വരുടെ തെങു കയറിക്കൊടുക്കാതെ
ഞങൾ- പ്രതികാരം ചെയ്യും - ലയിനിനോടു വിയോജിക്കുന്ന കാര്യത്തില്‍‌ യോജിക്കുന്നു...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പാവം ഞാനും നിസ്സഹായനും നന്ദി

nandana said...

കാലം കണക്കുതീര്തിട്ടുന്ട്ട് അത എത്ര വൈകിയാണെങ്കിലും -
ഇതുപോലുള്ള നല്ലമാനസ്സുകളുടെ ഫലമായി അവര്‍ ഇന്ന്
മാറ്മരക്കുന്നു...... കാലം തീന്ജുകൊതുമ്.........

നരിക്കുന്നൻ said...

ഒരു സാധാരണക്കാരന്റെ ആകാംക്ഷയായി മാത്രം ഈ ലേഖനത്തെ കാണുന്നില്ല. അടിച്ചമർത്തപ്പെടുന്നവനുവേണ്ടി സംസാരിക്കാനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും ആരും ഇല്ലാതിരുന്നത് കൊണ്ടാണോ ദളിതർ എന്നും പിന്നോക്കം പോയത്? ദളിതനുവേണ്ടി അച്ചടിക്കപ്പെട്ട ലേഖനങ്ങൾ അനവധിയുണ്ടായിട്ടും എന്തു കൊണ്ട് അവയൊന്നും കേൾക്കേണ്ട കാതുകൾ കേട്ടില്ല, കാണേണ്ട കണ്ണുകൾ കണ്ടില്ല. വാക്കുകൾക്കും ആശയങ്ങൾക്കും ആത്മാർത്ഥത നഷ്ടപ്പെട്ടത് കൊണ്ടായിരുന്നോ? അറിയില്ല. ഈ ആകാംക്ഷയും വേദനയും ഞാനും മനസ്സിലാക്കുന്നു. പക്ഷെ,

“ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ?”

എങ്ങിനെ പ്രതികാരം? ആയുധം കൊണ്ടോ?

പണ്ടാരോ പറഞ്ഞപോലെ..പാവപ്പെട്ടവൻ ഉണ്ടായാലേ പണക്കാരൻ ഉള്ളൂ..

നാറാണത്ത് said...

@ബാലചന്ദ്രൻ മാഷ്,
ലേഖനം നന്നായിരിക്കുന്നു, പ്ക്ഷെ അത് ഒരു തെറ്റായ മെസ്സേജ് നൽകുന്നുണ്ടോ എന്ന് ഭ്രാന്തന് സംശയം. മാധ്യമങ്ങളിൽ ദളിത് തീവ്രവാദം പുതിയതായി പ്രത്യക്ഷപ്പെട്ടതാണ്, സമൂഹത്തിലും. 1937-ൽ ചങ്ങമ്പുഴയുടെ “വാഴക്കുല” ആവേശത്തോടെ വിളിച്ചുപറഞ്ഞത് 2009ൽ നടക്കാനിറങ്ങിയ വൃദ്ധനെ വെട്ടികമഴ്ത്താനല്ല.ഭരണവും ഭരണക്രമവും മാറിയപ്പോൾ പ്രതികാരത്തിന്റെ ശൈലിയും മാറേണ്ടതായിരുന്നു, സായുധത്തിൽ നിന്നും ബാലറ്റ്പെട്ടിയിലേയ്ക്ക് ചിന്തകൾ കുടിയേറിയപ്പോൾ വാൾത്തലപ്പായിരുന്നില്ല പ്രതികാര മാർഗ്ഗം. ഇന്ത്യയിലെ എത്ര സംസ്ഥാനത്ത് ഭൂപരിഷ്ക്കരണം വന്നു ? എത്ര കുടികിടപ്പുകാരന് കൂരകെട്ടാൻ ഇടംകെട്ടി ? പാളിച്ച ഇല്ലാതല്ല ഭൂപരിഷക്കരണം നടപ്പായത്, അതിന്റെ വക്താക്കൾ തന്നെ അക്കാര്യം സമ്മതിക്കുന്നു. എന്നിരുന്നാലും കേരളത്തിലെ ദരിദ്രനായണന്മാരിൽ നല്ലൊരു പങ്കിന് അന്ന് കുടിൽ കെട്ടാൻ ഇടം കിട്ടി എന്നത് ചെറിയകാര്യമായി കാണാൻ പറ്റുമോ ബാലൻ സാറെ!

നാറാണത്ത് said...

കർഷകശ്രീ അവാർഡൊക്കെ ആരാ ബാലന്മാഷെ കൊണ്ടുപോകുന്നത് ? ആറും ഏഴും ഏക്കർ ഉള്ള കൊച്ചുകർഷകർ അല്ലെ. ഇവരുടെ കൃഷിയിടത്തിൽ ആരാണ് പണിയുന്നത് ? ആറ് ഏക്കർ കൃഷിഭൂമിയിൽ ഒരു കർഷകൻ തന്നെ കൃഷിയിറക്കി, കളപറിച്ച്, വിളവെടുക്കണമെങ്കിൽ ഏതെങ്കിലും സൂപ്പർ മാനായിരിക്കണം ആ “സാധനം”. യഥാർത്ഥത്തിൽ കൃഷിപ്പണി ചെയ്യുന്നവനെ കർഷകതൊഴിലാളി എന്നാണ് മാഷെ വിളിക്കുന്നത് അതായത് ശൂദ്രന്മാർ (ഇങ്ങനെ പറഞ്ഞാൽ എല്ലാ ഇനവും ആകുമല്ലോ, കൂടെ പാവപ്പെട്ട മുഹമ്മദീയനും, കൃസ്ത്യാനിയും) കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യമായിരുന്നു ഭൂപരിഷ്കരണനിയമത്തിൽ പറഞ്ഞിരുന്നത് അതാണ് “കുളയട്ടകൾ” കൃഷിഭൂമിക്ക് ഉടയോനായത് ഉണ്ടും, ഉറങ്ങിയും, ഉണ്ണിയെ ഉണ്ടാക്കിയും കാലം കഴിച്ച സവർണ്ണ ദുർമേദസ്സുകൾക്ക് ഓർക്കാ പ്പുറത്ത് കിട്ടിയ ഉരുക്കുമുഷ്ടിയുടെ പ്രഹരം ആയിരുന്നു ഭൂപരിഷ്ക്കരണനിയമം , കർഷകൻ എന്ന നിർവ്വചനത്തിലെ അധാർമ്മികത ആണ് ശൂദ്രനിൽ നിന്നും കൃഷിയിടം തട്ടിത്തെറിപ്പിച്ചത്, ഇത് അറിഞ്ഞോ അറിയാതെയോ വന്ന പിഴവാകാം. അതാകണം ഒരു രണ്ടാം ഭൂപരിഷ്ക്കരണത്തിന് സഖാക്കൾ തയ്യാറാവാത്തതിന്റെ കാരണം. ആരെ എവിടെ നിർത്തണം എന്നതിലെ ഒരു അവ്യക്തത.

നാറാണത്ത് said...

മാഷിന്റെ പോസ്റ്റിലെ പ്രധാന വ്യഥ ദളിതൻ പീഠിതവർഗ്ഗമായി തുടരുന്നു എന്നതാണല്ലോ, അതിൽ നിന്നും മോചിതനാവാൻ ദളിതൻ സ്വയം തയ്യാറാവണം,ഒരുനാൾ ഇരയും വേട്ടക്കാരൻ ആകും എന്നത് നേരുതന്നെ അല്ലെ?, ജാതിസംവരണത്തിലൂടെ അല്ലാതെ ഉയർന്നുവന്ന ദളിതർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്, ഇവിടെ ദളിതർക്കായ് വിഭാവനം ചെയ്യുന്ന കോടിക്കണക്കിന് രൂപയുടെ വികസനപദ്ധതികൾ എന്തുകൊണ്ട് ദളിതനിൽ എത്തിച്ചേരാതെ പോകുന്നു ? പൊതുസമൂഹത്തിന്റെ ഖജനാവിൽ നിന്നും ഒഴുകി പോകുന്ന പണം അതിന്റെ ഉപഭോക്താവിൽ എത്തുന്നില്ലങ്കിൽ അതിന് ആരാണ് ഉത്തരവാദികൾ ? ഇങ്ങനെ ഉയർന്നുവരുന്ന നൂറ് ചോദ്യങ്ങൾക്കുള്ള ഉത്തരമാണോ ദളിത് തീവ്രവാദം? ഒരു മലയാള ദിനപ്പത്രത്തിൽ വന്ന ഒരു വാർത്തയുടെ കുറച്ച് ഭാഗം ഇവിടെ പേസ്റ്റാം “
വര്ക്കൽല, കല്ലമ്പലം, കഴക്കൂട്ടം, മംഗലപുരം, കിളിമാനൂര്‍, പോങ്ങനാട് മേഖലകളിലെ കോളനികള്‍ കേന്ദ്രീകരിച്ചാണ് ഡി.എച്ച്.ആര്‍.എം പ്രവര്ത്ത നങ്ങള്‍ ശക്തിപ്പെടുത്തി വരുന്നതെന്ന് ഒരു രഹസ്യാ ന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇതിനകം ജില്ലയില്‍ 10,000 പേര്ക്ക് സംഘടന പ്രാഥമികാംഗത്വം നല്കി യതായും ഇവരില്‍ അയ്യായിരം പേര്ക്ക്ഡ യൂണിഫോം വിതരണം ചെയ്തതായുമാണ് റിപ്പോര്ട്ട്ാ. 500 ലേറെ പേര്ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്ഡും് നല്കി് കഴിഞ്ഞു. നീല പാന്റ്സും പിന്നിലായി അംബേദ്ക്കറുടെ മുഖം ആലേഖനം ചെയ്ത കറുത്ത ഷര്ട്ടു മാണ് ഇവരുടെ വേഷം.
കോളനികളിലെ 18നും 35നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കളെ അണിനിരത്തിയാണ് സംഘടന രൂപീകരിച്ചിട്ടുള്ളത്.
പരിശീലനം ലഭിച്ച നാലോ അഞ്ചോ അംഗങ്ങളുടെ സംഘടനയാണ് തിരഞ്ഞെടുക്കപ്പെട്ട കോളനികളിലെത്തി പരിശീലനം നല്കുഗന്നത്. സ്ത്രീകളിലേറെയും അവിവാഹിതരോ ബന്ധം വേര്പെളടുത്തിയവരോ ആണ്. മൂന്നോ നാലോ ഘട്ടങ്ങളിലായി ട്രെയിനിംഗ് ലഭിച്ചവരാണ് പരിശീലകരായി എത്തുന്നതത്.
രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ കോളനികളിലെ തിരഞ്ഞെടുക്കപ്പെട്ട വീട്ടില്‍ പ്രദേശത്തെ അമ്പതോളം വരുന്ന സംഘത്തിന് പരിശീലനം നല്കും . പരിശീലനത്തിന്റെ ഭാഗമായി ഹിന്ദു ആചാരങ്ങളെ ഉപേക്ഷിക്കുവാനും ഇവര്ക്ക്ട നിര്ദ്ദേ ശം നല്കുപന്നുണ്ടത്രെ. വിഗ്രഹാരാധന ഒഴിവാക്കുക, വീട്ടില്‍ നിലവിളക്ക് കത്തിക്കാതിരിക്കുക, കുട്ടികള്ക്ക് പേരിടുന്നതിനൊപ്പം 'ദ്രാവിഡ്' എന്നുകൂടി ചേര്ക്കു്ക ഇങ്ങനെ പോകുന്നു നിര്ദ്ദേതശങ്ങള്‍.
637/2007 എന്ന നമ്പരില്‍ സംഘടന ഇതിനകം രജിസ്ട്രേഷന്‍ നടത്തിയതായും 'സ്വതന്ത്ര നാട്ടുവിശേഷം' എന്ന പേരില്‍ ഒരു പത്രം പുറത്തിറക്കിയിട്ടുള്ളതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്ട്ട് നല്കി്യിട്ടുണ്ട്. 2010ഓടെ ജില്ലയിലെ മുഴുവന്‍ കോളനികളിലും ഓരോ യൂണിറ്റുകള്‍ രൂപീകരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.“

നാറാണത്ത് said...

ഇങ്ങനെ ഒക്കെ ആണെങ്കിൽ “ദളിത് തീവ്രവാദം” ഒരു മാധ്യമ സൃഷ്ടിയാണോ??? വരാൻ പോകുന്ന വൻവിപത്തിന്റെ സൂചനയാണ് ഇതൊക്കെ. ദളിതനെ പൊതുസമൂഹത്തിൽ നിന്നും അടർത്തിമാറ്റിയല്ല അവനെ ഉയർത്തിക്കൊണ്ടുവരേണ്ടത്. കഴിഞ്ഞ ആറ് പതിറ്റാണ്ട് നാം ഭഗീരഥ പ്രയത്നം നടത്തിയിട്ടും എവിടെയും എത്തിച്ചേരാതിരുന്ന സ്വപ്നമായിരുന്നു ദളിതന്റെ പുനരുദ്ധാരണം, ഇതിൽ ഉദ്യോഗസ്ഥ പ്രഭുക്കന്മാരും, രാഷ്ട്രീയ ദല്ലാളന്മാരും അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്, ആർജ്ജവമുള്ള ഒരു ഭരണസാരധ്യത്തിനല്ലാതെ, സംവരണത്തെ അതിന്റെ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാനാവില്ല. പാക്കിസ്ഥാനിലെ തീവൃവാദ ഗ്രൂപ്പുകൾ വെറും പേപ്പർ സംഘടനകൾ ആയിരുന്നു ഇന്ന് മജ്ജയും, മാംസവുമായി പാക്കിസ്ഥാനുമേൽ തന്നെ പൊട്ടിത്തേറിക്കൂന്നു. നാളെ ഇത് കേരളത്തിലും ആവാതെവരാൻ നാം ഇന്നെ കരുതിയിരിക്കണം.
ഒരു ഓടോ:
ളാഹഗോപാലന്റെ നേതൃത്വത്തിൽ ദളിദർ? നടത്തിയ ചെങ്ങറ സമരവും, രീതിയും അവർ ഉയർത്തിയ മുദ്രാവാക്യവും ശ്ലാഖനീയമായിരുന്നോ ???? കമന്റിന് അല്പം നീളം കൂടിയതിൽ ഖേദിക്കുന്നു,.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നന്ദനയ്ക്കും നരിക്കുന്നനും നന്ദി.നാറാണത്തിന്റെ വിശകലനത്തിൽ വസ്തുതകളും വാസ്തവങ്ങളൂമുണ്ട്.നന്ദി.

മഷിത്തണ്ട് said...

മാറ്റം വരും..വരാതിരിക്കില്ല...

Akbar said...

ബാലചന്ദ്രൻ ചുള്ളിക്കാട് said...
"നീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങൾ സംഘടിച്ചു ശക്തരായി ജനാധിപത്യ മാർഗ്ഗത്തിലൂടെ അനീതിക്കു പരിഹാരം കാണുക എന്നതു മാത്രമാണ് ഉള്ളതിൽ ഏറ്റവും ഭേദമായ മാർഗ്ഗം"


ഈ പറഞ്ഞത് മാത്രമാണ് യോജിക്കാവുന്ന ഒരേ ഒരു പോയിന്റ്‌.

"കുടില്‍ കെട്ടി" സമരമല്ല കുടിലില്‍ വെളിച്ചം പരത്തി നീതി ബോധമുനര്‍ത്തി വെളിച്ചം നിഷേധിച്ചവരോട് പ്രതികരിക്കാന്‍ അവരെ പ്തരാകേണ്ടതുണ്ട്. പ്രതികാരമല്ല, പരിഹാരമാണ് അഭികാമ്യം. അതിനു ജനാതിപത്യ മാര്‍ഗത്തിലുടെ അധികാര രാഷ്ട്രീയത്തിന്റെ മുന്‍ നിരയിലെക് ദളിതര്‍ എത്തിപ്പെടെണ്ടതുണ്ട്. നിരക്ഷരായ ഒരു ജനതയ്ക്ക് അത് എളുപ്പമല്ല. വിദ്യാഭാസതിലുടെ മാത്രമേ ഈ മാറ്റം സാധ്യമാകൂ. ചൂഷിതരുടെ നിസ്സഹായത ചൂഷണം ചെയ്യാനല്ലാതെ ശ്രമകരമായ ഈ ദൌത്യത്തിന് ഇന്നേ വരെ ആരും മുതിര്‍ന്നതായി അറിവില്ല.
ബാലചന്ദ്രന്‍ സാര്‍- താങ്കളുടെ പോസ്റ്റുകള്‍ നല്ല ചിന്തകള്ക് തുടക്കമിടുന്നു. അഭിനന്ദനങ്ങള്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അക്ബറിനു നന്ദി. വിമോചനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് സിസ്സംശയമാണ്.ആയിരത്താണ്ടുകളുടെ അടിമത്തം അരനൂറ്റാണ്ടുകൊണ്ടു മാറണം എന്നത് നമ്മുടെ ആത്മാർത്ഥമായ ആഗ്രഹമാനെങ്കിലും മാറ്റങ്ങൾക്ക് ചരിത്രം അതിന്റേതായ സമയം എടുക്കുന്നു എന്നാണു കാണുന്നത്.

ബിജു ചന്ദ്രന്‍ said...

ഇവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍ ജാതി സമ്പ്രദായമൊക്കെ ഏതാണ്ട് അപ്രത്യക്ഷമായി എന്നൊക്കെ പറഞ്ഞുകണ്ടു! ഹി ഹി ഹി! എന്നിട്ടാണ് ഇന്നും കേരളത്തില്‍ സജാതീയ വിവാഹങ്ങള്‍ മാത്രം നടക്കുന്നത്!. വളരെ ചെറിയ ശതമാനം അപവാദവും ഉണ്ടെന്നത് മറക്കുന്നില്ല പക്ഷേ അവര്‍ക്കൊക്കെയും സമൂഹത്തില്‍ നിന്നും പിന്നീട് പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. ദലിതര്‍ക്കിടയില്‍ നിന്നും നേതാക്കള്‍ ഉയര്‍ന്നു വരാത്തതാണ് അവരുടെ ഇന്നും തുടരുന്ന അധോഗതിക്കു കാരണം എന്നും മറ്റൊരു നിരീക്ഷണം... ഇങ്ങനെ ബ്ലോഗ്ഗില്‍ നിരീക്ഷിക്കാനൊക്കെ എളുപ്പമാണ്. വയനാട്ടിലെ ആദിവാസി കോളനികളില്‍ വന്നു നോക്കു, നൂറ്റാണ്ടുകള്‍ പുറകില്‍ ജീവിക്കുന്ന മനുഷ്യരെ കാണാം. അവരോടുള്ള തദ്ധേശീയരുടെ സമീപനവും വളരെ ക്രൂരം, എത്ര അവസരം കിട്ടിയാലും നന്നാവാത്തവര്‍ എന്നൊക്കെ....
ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൂടെ ഒരു ആദിവാസി പെണ്‍കുട്ടി ഉണ്ടായിരുന്നു. അവളോട്‌ ക്ലാസ്സിലെ അദ്ധ്യാപകന്‍ മിക്ക ദിവസവും ഒരു കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു, "പത്താം ക്ലാസ്സൊന്നു കഴിഞ്ഞോട്ടെ നിനക്ക് ജോലിയാ " എന്ന്. ആ കുട്ടിയും ഹൈ സ്കൂള്‍ കണ്ടില്ല.ആ വാക്കുകളില്‍ തികഞ്ഞ പുച്ഛം മാത്രമായിരുന്നു എന്ന് ഇന്നാണ് മനസ്സിലാവുന്നത്. ആദിവാസികള്‍ക്ക് മദ്യവും കഞ്ചാവും മറ്റും കൊടുത്തു പ്രലോഭിപ്പിച്ച് അവരുടെ കയ്യില്‍ നിന്നും ഭൂമിയും മറ്റെല്ലാം തട്ടിയെടുത്തതും ഇതേ നാട്ടുകാര്‍ തന്നെ. എന്നിട്ട് ആദിവാസികളും ദളിതരുമൊക്കെ മദ്യത്തിനും കഞ്ചാവിനും അടിമകളാണ് എന്നൊരു പരിതപിക്കലും! കൊള്ളാം.

kadathanadan said...

ചൂഷകനും ചൂഷിതരുമായി മനുഷ്യൻ വിഭജിക്കപ്പെട്ട നാൾമുതൽ സമൂഹത്തിന്റെ ഓരോ തൂണിലും തുരുമ്പിലും മർദ്ദനവും ബലപ്രയോഗമുണ്ട്‌.ജനങ്ങൾക്കെതിരെയുള്ള ബലപ്രയോഗം അല്ലെങ്കിൽ ജനങ്ങൾക്ക്‌ വേണ്ടിയുള്ള ബലപ്രയോഗം.നിങ്ങൾ ഇതിലേത്‌ തിരഞ്ഞെടുക്കുമെന്ന പ്രശ്നമേ ബാക്കിയുള്ളൂ. ഭക്ഷണവും,തൊഴിലും,വിദ്യാഭ്യാസവും മറ്റ്‌ അടിസ്ഥാന ആവശ്യങ്ങളും നിഷേധിക്കുന്ന ജീവിതത്തിൽ ബലപ്രയോഗം നിറഞ്ഞുനിൽക്കുന്നു.ബഹുജനങ്ങളെ പുഛിക്കുന്ന സംസ്കാരത്തിൽ ക്രൂരത മുറ്റിനിൽക്കുന്നു.സ്ത്രീകളെ,ദളിതരെ ആദിവാസികളെ രണ്ടാം അല്ലെങ്കിൽ താഴ്ന്ന വരായി കരുതുന്ന ചിന്തയിൽ നിന്ന് രക്തം ഇറ്റിവീഴുന്നു. കൊല്ലംതോറും കർഷകരെ കടക്കെണിയിൽ തള്ളിവിടുന്നനയങ്ങളിൽ കൊലപാതകമുണ്ട്‌.ഡോളറിന്ന് വേണ്ടി ഫാക്ടറി അടച്ചുപൂട്ടുന്നനിയമങ്ങളിൽ കൊലയാളികൾ ഒളിഞ്ഞിരുപ്പുണ്ട്‌.ഇത്‌ ഒരു ഹിന്തു രാജ്യമാണെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയത്തിൽ നരഹത്യ നിറഞ്ഞുനിൽക്കുന്നു.ബലപ്രയോഗം പുതിയ കാര്യമൊന്നുമല്ല.നൂറ്റാണ്ടുകളായി ഇത്‌ നമ്മോടൊപ്പമുണ്ട്‌. പക്ഷെ തിരിച്ചടിക്കാനുള്ള അവസരങ്ങൾ ജനങ്ങൾക്ക്‌ അപൂർവ്വമായേകിട്ടാറുള്ളു.അവരുടെ ഊഴം വരുമ്പോൾ ആർക്കാണ് അവരെ കുറ്റപ്പെടുത്താൻ അവകാശം. മർദ്ദനം നീണ്ടുനിൽക്കില്ലെന്ന് അറിയുമ്പോൾ അഹിംസാവാദത്തെ ക്കുറിച്ച്‌ പ്രസംഗിക്കാൻ കൊള്ളാം ഇനി ഒരടിയേ കിട്ടൂ എന്നുറപ്പുണ്ടെങ്കിൽ മറ്റേ ചെകിട്‌ കാട്ടിക്കൊടുക്കുന്നത്‌ കൊള്ളാം പക്ഷെ നൂറ്റാണ്ടുകളായി ക്രൂര മർദ്ദനമേൽക്കുമ്പോൾ...സുഹൃത്തെ ഇനിയും മിണ്ടാതിരിക്കാൻ പറയുന്ന നിങ്ങൾ മനുഷ്യൻ തന്നെയോ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ബിജു ചന്ദ്രനും കടത്തനാടനും നന്ദി.