Tuesday, 21 December, 2010

തിരുപ്പിറവി

 ബാലചന്ദ്രൻ ചുള്ളിക്കാട്


ഈ തടവുമുറിയിൽ ടി.വി ഇല്ല.
ഇന്റർനെറ്റ് ഇല്ല.
ഒരു പഴയ ട്രാൻസിസ്റ്റർ മാത്രം.

അതു ട്യ്യൂൺ ചെയ്താൽ
വിദൂരമായ കടലിരമ്പം മാത്രം.

കടലിരമ്പമോ അതോ
എല്ലാ ആശുപത്രികളിലെയും
എല്ലാ രോഗികളുടെയും കരച്ചിലോ.
വധിക്കപ്പെട്ടവരുടെ
പരിഹാരമില്ലാത്ത പരാതിയോ.
നിരോധിക്കപ്പെട്ട ബീജകോടികളുടെ
ഘോരപ്രാർത്ഥനയോ.
പാപഗ്രഹത്തിന്റെ പ്രസവവേദനയോ.

എന്തായാലും
എനിക്കുറങ്ങാനാവുന്നില്ല.

ട്രാൻസിസ്റ്റർ ഓഫ് ചെയ്യാം.
എറിഞ്ഞുടയ്ക്കാം.

പക്ഷേ അപ്പോൾ
തിരുപ്പിറവി എങ്ങനെ അറിയും?
-------------------

Sunday, 24 October, 2010

ഒരു അഭ്യർത്ഥനബാലചന്ദ്രൻ ചുള്ളിക്കാട്


പ്രിയ സുഹൃത്തുക്കളേ,
ഞാൻ ചത്താൽ ശവം ഉടൻ മെഡിക്കൽ കോളെജിനു കൊടുക്കണം.
എന്റെ ശവം പൊതുദർശനത്തിനു വെയ്ക്കരുത്.
ചാനലുകളിൽ  ശവപ്രദർശനം നടത്തരുത്.
ശവത്തിൽ പൂക്കൾ വെച്ച് പൂക്കളെ അപമാനിക്കരുത്.
സർക്കാർബഹുമതിയും ആചാരവെടിയും ഒരിക്കലും അനുവദിക്കരുത്.
 ദയവായി ആരും അനുശോചിക്കരുത്.സ്തുതിക്കരുത്.
എന്നെക്കാൾ നന്നായി കവിതയെഴുതുന്ന
ധാരാളം  കവികൾ ഉണ്ട്.ഇനിയും ഉണ്ടാകും.
അതിനാൽ എന്റെ മരണം തീരാനഷ്ടമാണെന്നു പച്ചക്കള്ളം പറഞ്ഞ്
എന്റെ ഓർമ്മയെ അപമാനിക്കരുത്.

എന്റെ ഭാര്യയയുടെ ദുഃഖത്തിൽ മറ്റാരും പങ്കുചേരരുത്.
അത്  അവൾക്കുമാത്രമുള്ള എന്റെ  തിരുശേഷിപ്പാണ്.

എന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തരുത്.
സാഹിത്യ അക്കാദമിയുടെ ചുമരിൽ എന്റെ പടം തൂക്കരുത്.
എനിക്ക് സ്മാരകം ഉണ്ടാക്കരുത്.


എന്റെ കവിതയ്ക്ക്
എന്റെ സ്മരണ നിലനിർത്താൻ കഴിയില്ലെങ്കിൽ
എന്നേക്കുമായി എല്ലാവരാലും
വിസ്മരിക്കപ്പെടുന്നതാണ് എനിക്കു സന്തോഷം.

        -------------------ऽ-----------------

Friday, 22 October, 2010

ഭയം

ബാലചന്ദ്രൻ ചുള്ളിക്കാട്ഞട്ടിയുണർന്നു ഞാൻ.
വാതിലിൽ മുട്ടുന്നതാര്?


ജാലകത്തിൽച്ചന്ദ്രദംഷ്ട്ര.
മലങ്കാറ്റു വീശും മുഴക്കം.


മറ്റൊരാൾകൂടി മുറിയിലുണ്ടെന്നപോൽ
തപ്പിത്തടഞ്ഞൂ മനസ്സ്.

കത്തിയോ വാളോ മഴുവോ?

എത്രമേൽ നീണ്ട നിമിഷം!

-----------------------------------

Friday, 17 September, 2010

പുഴ.ഷുൻ‌താരൊ  തനികാവ (ജപ്പാൻ)

തർജ്ജമ: ബാലചന്ദ്രൻ ചുള്ളിക്കാട്

അമ്മേ,
പുഴ ചിരിക്കുന്നതെന്താ?
സൂര്യൻ അതിനെ ഇക്കിളിയാക്കുന്നതുകൊണ്ട്.

അമ്മേ,
പുഴ പാടുന്നതെന്താ?
വാനമ്പാടി പുഴയുടെ ശബ്ദത്തെ പുകഴ്ത്തിയതുകൊണ്ട്.              

അമ്മേ,
പുഴയ്ക്കിത്ര തണുപ്പെന്താ?
അതു മഞ്ഞിന്റെ സ്നേഹത്തെ ഓർക്കുന്നതല്ലേ.                                                                      

അമ്മേ ,
പുഴയ്ക്കെത്ര വയസ്സായി?
പൂക്കാലത്തെപ്പോലെ എന്നും പതിനാറ്.        

അമ്മേ, അമ്മേ,
പുഴ ഒരിക്കലും നിൽക്കാത്തതെന്താ?
അതോ,
വീട്ടിൽ കടലമ്മ അവളെ കാത്തിരിക്കയല്ലേ
------------------------

Sunday, 18 July, 2010

വൃദ്ധൻ

GEORGE SEFERIS

തർജ്ജമ: ബാലചന്ദ്രൻ ചുള്ളിക്കാട്

ആൾക്കൂട്ടങ്ങൾ കടന്നുപോയി.
അശ്വാരൂഢരായ ആഢ്യന്മാരും
അഗതികളും കടന്നുപോയി.
വിദൂരഗ്രാമങ്ങളിൽനിന്നുള്ള സഞ്ചാരികൾ
രാത്രികാലങ്ങളിൽ ചെന്നായ്ക്കളെ ഓടിക്കാൻ
പാതയോരത്തു തീ കൂട്ടി.
ചാരം കാണുന്നില്ലേ?
വ്രണം കരിഞ്ഞപോലെ
തീയണഞ്ഞ വടു.


അയാൾ
വടുക്കൾ നിറഞ്ഞ പെരും‌പാതപോലെ.
പാതയോരത്തെ വറ്റിപ്പോയ കിണറ്റിൽ
വഴിപോക്കർ ഭ്രാന്തൻ‌നായ്ക്കളെ തള്ളിയിട്ടു.

അയാൾക്കു കണ്ണില്ല.
വടുക്കൾ മൂടിയ മനുഷ്യൻ.
അയാൾക്കു വെളിച്ചമുണ്ട്; കാറ്റുവീശുന്നുണ്ട്.
അയാൾ ഒന്നും വേർ‌തിരിച്ചറിയുന്നില്ല,
എങ്കിലും എല്ലാം അറിയുന്നുണ്ട് .
പൊള്ളമരത്തിലെ ചീവീടിന്റെ ഉണക്കത്തൊണ്ട്.

അയാൾക്കു കണ്ണില്ല; കൈകൊണ്ടും കാണുന്നില്ല.
അയാൾ ഉദയാസ്തമയങ്ങളെ അറിയുന്നു,
നക്ഷത്രങ്ങളെ അറിയുന്നു.
പക്ഷേ അവയുടെ ജീവരക്തം അയാളെ പോഷിപ്പിക്കുന്നില്ല.

അയാൾ മരിച്ചിട്ടില്ല.
അയാൾക്കു വംശമില്ല.
അയാൾ മരിക്കയുമില്ല.
എല്ലവരും അയാളെ ചുമ്മാ അങ്ങു മറക്കും.
അയാൾക്കു പൂർവ്വികരില്ല.

കാറ്റ് ഇരുണ്ടുവീശുമ്പോൾ
അയാളുടെ ക്ഷീണിച്ച നഖമുനകൾ
അഴുകിയ ഓർമ്മകൾക്കുമേൽ കുരിശുവരയ്ക്കുന്നു.
മഞ്ഞുവീഴുന്നു.

ഞാൻ കണ്ടു, മുഖങ്ങളെ ചൂഴ്ന്ന ഉറമഞ്ഞ്.
ഞാൻ കണ്ടു,നനവാർന്ന ചുണ്ടുകൾ.
കൺകോണിൽ ഉറഞ്ഞുപോയ കണ്ണുനീർ.
നാസാദ്വാരങ്ങൾക്കരികിൽ വേദനയുടെ നീലരേഖ.
കൈമുട്ടിലെ ക്ലേശം.
ഞാൻ കണ്ടു: ശരീരം അതിന്റെ അന്ത്യത്തിലെത്തിയിരിക്കുന്നു.


അയാൾ ഒറ്റയ്ക്കല്ല.
വളയാത്ത ഉണക്കവടിയിൽ തങ്ങിനിൽക്കുന്ന നിഴൽ.
നിലത്തുകിടക്കാൻ അയാൾ കുനിയുന്നില്ല;അതിനു കഴിയുന്നില്ല.
കുഞ്ഞുങ്ങളുടെ കയ്യിലെ കളിപ്പാട്ടങ്ങൾപോലെ
ഉറക്കം അയാളുടെ സന്ധിബന്ധങ്ങളെ ചിതറിക്കും.

അയാൾ ആജ്ഞാപിക്കുന്നു;
രാത്രി വന്നെത്തുമ്പോൾ,
മലയിടുക്കുകളിൽ കാറ്റുണരുമ്പോൾ,
ഉണക്കമരക്കൊമ്പുകൾ പൊടുപൊടെ പൊട്ടും‌പോലെ.

നിഴലിലെ മനുഷ്യരോടല്ല,
മനുഷ്യന്റെ നിഴലിനോടാണ് അയാളുടെ ആജ്ഞ.
അയാൾ കേൾക്കുന്നത്
കടലിന്റെയും കരയുടെയും ക്ഷീണനാദം കലർന്ന
വിധിയുടെ മുരൾച്ച മാത്രം.

തീരത്തു നിവർന്നുനിൽക്കുകയാണയാൾ.
അസ്ഥിഖണ്ഡങ്ങൾക്കിടയിൽ.
കൊഴിഞ്ഞുവീണ മഞ്ഞയിലകൾക്കിടയിൽ.

അഗ്നിമുഹൂർത്തം കാത്തുനിൽക്കുന്ന
ശൂന്യപഞ്ജരം!
---------------------
(February 1937)

Translation from Greek : Edmund Keeley& Philip Sherrard
Saturday, 19 June, 2010

ഇത്തിരി ശുദ്ധത

യാനിസ് റിറ്റ്സോസ് (ഗ്രീക്ക്)

തർജ്ജമ: ബാലചന്ദ്രൻ ചുള്ളിക്കാട്


വൃക്ഷനിബിഡമായ   സൌമ്യദിനങ്ങൾ.

നിന്റെ അധരത്തെ വലയംചെയ്യുന്ന ഈ ഇളംകാറ്റ് 
നിനക്കനുയോജ്യമായിരിക്കുന്നു.
നീ നോക്കിനിൽക്കുന്ന ഈ ചെമ്പനീർപ്പൂവും 
നിനക്കനുയോജ്യംതന്നെ. 

അതിനാൽ,
സമുദ്രം, ചായുന്ന സൂര്യൻ,
സന്ധ്യയുടെ ചെമ്പനീർത്തോപ്പിലൂടെ
ഒഴുകിനീങ്ങുന്ന ഒറ്റത്തോണി,
അതിൽ ശോകവീണയേന്തിയ ഏകാന്തയാത്രിക-
ഇവയൊന്നും മിഥ്യയല്ല.

ആ തോണി തുഴയാൻ എന്നെ അനുവദിക്കൂ.

വിസ്മൃതിയിലേക്കു കേണുകേണലിഞ്ഞുപോയ
രണ്ടു ശോണരശ്മികൾകൊണ്ടെന്നപോലെ
ആ തോണി തുഴയാൻ എന്നെ അനുവദിക്കൂ.
---------------------------------------------

Tuesday, 6 April, 2010

എന്റെ സഹോദരന്‍ മിഗ്വേലിന്, ഓര്‍മ്മയ്ക്കായി.

സെസാര്‍ വയെഹൊ (പെറു)
വിവര്‍ത്തനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്.


ഇന്നുഞാന്‍ വീടിന്റെ കല്പടിയില്‍ 
ഒറ്റയ്ക്കു കുത്തിയിരിക്കുന്നു.
നിന്റെ അഭാവം സൃഷ്ടിച്ച 
അടിത്തട്ടില്ലാത്ത ശൂന്യതയില്‍.


ഈ നേരത്ത് നമ്മള്‍ ഓടിക്കളിക്കാറുള്ളതും,
“വേണ്ട മക്കളേ” എന്ന് അമ്മ നമ്മളെ പുന്നാരിക്കാറുള്ളതും
ഓര്‍ത്തുപോകുന്നു.


പണ്ടെന്നപോലെ ഇന്നും ഇതാ ഞാന്‍ ഒളിക്കുന്നു,
എല്ലാ അന്തിക്കുര്‍ബ്ബാനകളില്‍നിന്നും.
നീ എന്നെ കാട്ടിക്കൊടുക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.
പുറംതളത്തിലൂടെ, അകത്തളത്തിലൂടെ,ഇടനാഴിയിലൂടെ.
പിന്നെ നീയും ഒളിക്കുകയായി.
ഇല്ല. ഞാന്‍ നിന്നെ കാട്ടിക്കൊടുക്കില്ല.
കളിച്ചു കളിച്ച്,
കരയുവോളം നമ്മള്‍ ചിരിച്ചതും
ഞാന്‍ ഓര്‍ക്കുന്നു.


ഒരു ഗ്രീഷ്മാന്തരാത്രിയില്‍,
പുലര്‍ച്ചയ്ക്കു തൊട്ടുമുന്‍പ്,
മിഗ്വേല്‍, നീ ഒളിച്ചുകളഞ്ഞു.
അപ്പോള്‍ നീ പുഞ്ചിരിച്ചില്ല.
നീ ദുഃഖിതനായിരുന്നു.


നമ്മുടെ ഹൃദയങ്ങള്‍ ഒന്നായിരുന്നു.
മരിച്ചുപോയ ആ മൂവന്തികളുടെ അപരഹൃദയം
ഇതാ നിന്നെ കണ്ടെത്താനാവാതെ കുഴങ്ങുന്നു.
എന്റെ ആത്മാവില്‍ ഒരു കരിനിഴല്‍ വീഴുന്നു.


കേള്‍ക്കൂ സഹോദരാ,
പുറത്തുവരാന്‍ വൈകരുതേ.
അമ്മ വിഷമിക്കും.


---------------------------------------------------------
 James Wright, Robert Bly, Clayton Eshleman, Michael Smith, എന്നീ നാലുപേരുടെ ഇംഗ്ലീഷ് തർജ്ജമകളെ ആശ്രയിച്ചാണ് ഈ മലയാളം തർജ്ജമ.
----------------------------------------------------------------------------

Sunday, 4 April, 2010

കഥാശേഷം

ബാലചന്ദ്രന്‍ ചുള്ളിക്കാട്.

പെട്ടെന്ന് രാധ
പ്രേമശക്തിയുടെ പരിധിക്കു പുറത്തായി.
യമുനാതടത്തില്‍ 
അവളുടെ നനഞ്ഞ നിഴല്‍ മാത്രം
ഉടഞ്ഞു കിടന്നു.

കൃഷ്ണന്‍ ഭൂസ്പര്‍ശിയല്ല.
അയാളുടെ കാല്പാടുകള്‍ കണ്ടെത്താന്‍
നിയമപാലകര്‍ക്കു കഴിഞ്ഞില്ല.

വഞ്ചിക്കപ്പെട്ട വേണുഗാനം
സ്വര്‍ഗ്ഗത്തിലേക്കു തിരിച്ചുപോയി.

വൃന്ദാവനത്തില്‍
അഴുകിയ മാംസത്തിന്റെ ഗന്ധം മാത്രം അവശേഷിച്ചു.
-------------------------------

Wednesday, 24 March, 2010

സത്യം എനിക്കറിയാം

മറിന സ്വെതയെവ.
വിവര്‍ത്തനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്.

സത്യം എനിക്കറിയാം.
മറ്റെല്ലാ സത്യങ്ങളെയും ഉപേക്ഷിക്കൂ!
ഭൂമിയിലൊരിടത്തും ജനങ്ങള്‍ കഷ്ടപ്പെടേണ്ടതില്ല.
നോക്കൂ--ഇതാ സായാഹ്നം. നിശാരംഭം.
കവികളേ, കാമുകരേ, സേനാനായകരേ,
നിങ്ങള്‍ എന്തിനെക്കുറിച്ചാണു പറയുന്നത്?

കാറ്റ് ശാന്തം. ഭൂമി ഹിമാര്‍ദ്രം.
ആകാശത്തിലെ നക്ഷത്രവിക്ഷോഭം ഉടന്‍ ശമിക്കും.
ഉടനെ നാമെല്ലാം ഭൂമിക്കടിയില്‍ ഉറക്കമാവും.
ഭൂമിക്കുമുകളില്‍ ഉറങ്ങാന്‍ 
ഒരിക്കലും പരസ്പരം സമ്മതിക്കാത്ത നാം.
             ----------------------------

Tuesday, 19 January, 2010

ഉറയൂരൽ

എ.കെ.രാമാനുജന്റെ  MOULTING  എന്ന ഇംഗ്ലീഷ് കവിതയുടെ വിവര്‍ത്തനം.
 --------------------------------------------------------
 
ഉറയൂരാന്‍ ആദ്യം വേണ്ടത്, വാലറ്റത്തെ ഏറിവരുന്ന മരവിപ്പിനെ തറച്ചുറപ്പിക്കാന്‍, വേണ്ടത്ര ഉയരത്തില്‍ ഒരു മുള്ളു കണ്ടെത്തുകയാണ്. പിന്നെ ഉറയൂരല്‍ തുടങ്ങാം. അയഞ്ഞ വാലില്‍നിന്നു കുടിയൊഴിയാം. മുഴുവന്‍ തൊലിയും ജീവനോടെ ഉരിഞ്ഞുപോകുമെങ്കിലും.


അങ്ങനെയാണ് ഒന്നോ രണ്ടോ ഉണങ്ങിയ പാമ്പുറ തൂങ്ങിക്കിടക്കുന്നത് നീ ഇടയ്ക്കിടെ കാണുക. മാത്രമല്ല, നീ ഇപ്പോള്‍ മൂത്രമൊഴിച്ച് അശുദ്ധമാക്കിയ വേലിമേല്‍, കാരമുള്ളില്‍ തൂങ്ങിയാടി പുതുശരീരം രൂപപ്പെടുത്താന്‍ യത്നിക്കുന്ന, മെലിഞ്ഞു വിളറിയ ഒരു വയസ്സന്‍പാമ്പ്  ഒരു നിമിഷം നിന്നെ അസ്വസ്ഥനാക്കാനും മതി.


പാമ്പുകള്‍ക്കും പരുന്തുകള്‍ക്കും
അവയ്ക്കിടയിലുള്ളവയ്ക്കൊക്കെയ്ക്കും ദൈവമായുള്ളോവേ!
എന്റെ മകന്റെ പരിവര്‍ത്തനമുഹൂര്‍ത്തത്തില്‍,
ഒരു നാഴികയുടെ നിഴല്‍കൊണ്ട് അവനെ നീ മൂടേണമേ.
വേണ്ടുന്ന ഉയരത്തിലെ ആ മുള്ളായി  അവനെ നീ അനുഗ്രഹിക്കേണമേ.


------------------------------------------------------------