Sunday, 18 July, 2010

വൃദ്ധൻ

GEORGE SEFERIS

തർജ്ജമ: ബാലചന്ദ്രൻ ചുള്ളിക്കാട്

ആൾക്കൂട്ടങ്ങൾ കടന്നുപോയി.
അശ്വാരൂഢരായ ആഢ്യന്മാരും
അഗതികളും കടന്നുപോയി.
വിദൂരഗ്രാമങ്ങളിൽനിന്നുള്ള സഞ്ചാരികൾ
രാത്രികാലങ്ങളിൽ ചെന്നായ്ക്കളെ ഓടിക്കാൻ
പാതയോരത്തു തീ കൂട്ടി.
ചാരം കാണുന്നില്ലേ?
വ്രണം കരിഞ്ഞപോലെ
തീയണഞ്ഞ വടു.


അയാൾ
വടുക്കൾ നിറഞ്ഞ പെരും‌പാതപോലെ.
പാതയോരത്തെ വറ്റിപ്പോയ കിണറ്റിൽ
വഴിപോക്കർ ഭ്രാന്തൻ‌നായ്ക്കളെ തള്ളിയിട്ടു.

അയാൾക്കു കണ്ണില്ല.
വടുക്കൾ മൂടിയ മനുഷ്യൻ.
അയാൾക്കു വെളിച്ചമുണ്ട്; കാറ്റുവീശുന്നുണ്ട്.
അയാൾ ഒന്നും വേർ‌തിരിച്ചറിയുന്നില്ല,
എങ്കിലും എല്ലാം അറിയുന്നുണ്ട് .
പൊള്ളമരത്തിലെ ചീവീടിന്റെ ഉണക്കത്തൊണ്ട്.

അയാൾക്കു കണ്ണില്ല; കൈകൊണ്ടും കാണുന്നില്ല.
അയാൾ ഉദയാസ്തമയങ്ങളെ അറിയുന്നു,
നക്ഷത്രങ്ങളെ അറിയുന്നു.
പക്ഷേ അവയുടെ ജീവരക്തം അയാളെ പോഷിപ്പിക്കുന്നില്ല.

അയാൾ മരിച്ചിട്ടില്ല.
അയാൾക്കു വംശമില്ല.
അയാൾ മരിക്കയുമില്ല.
എല്ലവരും അയാളെ ചുമ്മാ അങ്ങു മറക്കും.
അയാൾക്കു പൂർവ്വികരില്ല.

കാറ്റ് ഇരുണ്ടുവീശുമ്പോൾ
അയാളുടെ ക്ഷീണിച്ച നഖമുനകൾ
അഴുകിയ ഓർമ്മകൾക്കുമേൽ കുരിശുവരയ്ക്കുന്നു.
മഞ്ഞുവീഴുന്നു.

ഞാൻ കണ്ടു, മുഖങ്ങളെ ചൂഴ്ന്ന ഉറമഞ്ഞ്.
ഞാൻ കണ്ടു,നനവാർന്ന ചുണ്ടുകൾ.
കൺകോണിൽ ഉറഞ്ഞുപോയ കണ്ണുനീർ.
നാസാദ്വാരങ്ങൾക്കരികിൽ വേദനയുടെ നീലരേഖ.
കൈമുട്ടിലെ ക്ലേശം.
ഞാൻ കണ്ടു: ശരീരം അതിന്റെ അന്ത്യത്തിലെത്തിയിരിക്കുന്നു.


അയാൾ ഒറ്റയ്ക്കല്ല.
വളയാത്ത ഉണക്കവടിയിൽ തങ്ങിനിൽക്കുന്ന നിഴൽ.
നിലത്തുകിടക്കാൻ അയാൾ കുനിയുന്നില്ല;അതിനു കഴിയുന്നില്ല.
കുഞ്ഞുങ്ങളുടെ കയ്യിലെ കളിപ്പാട്ടങ്ങൾപോലെ
ഉറക്കം അയാളുടെ സന്ധിബന്ധങ്ങളെ ചിതറിക്കും.

അയാൾ ആജ്ഞാപിക്കുന്നു;
രാത്രി വന്നെത്തുമ്പോൾ,
മലയിടുക്കുകളിൽ കാറ്റുണരുമ്പോൾ,
ഉണക്കമരക്കൊമ്പുകൾ പൊടുപൊടെ പൊട്ടും‌പോലെ.

നിഴലിലെ മനുഷ്യരോടല്ല,
മനുഷ്യന്റെ നിഴലിനോടാണ് അയാളുടെ ആജ്ഞ.
അയാൾ കേൾക്കുന്നത്
കടലിന്റെയും കരയുടെയും ക്ഷീണനാദം കലർന്ന
വിധിയുടെ മുരൾച്ച മാത്രം.

തീരത്തു നിവർന്നുനിൽക്കുകയാണയാൾ.
അസ്ഥിഖണ്ഡങ്ങൾക്കിടയിൽ.
കൊഴിഞ്ഞുവീണ മഞ്ഞയിലകൾക്കിടയിൽ.

അഗ്നിമുഹൂർത്തം കാത്തുനിൽക്കുന്ന
ശൂന്യപഞ്ജരം!
---------------------
(February 1937)

Translation from Greek : Edmund Keeley& Philip Sherrard
28 comments:

smiley said...

സര്‍,
ഇതിന്റെ തര്‍ജ്ജമ്മ ഒന്നുകൂടെ
നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു
ഇതിലും ശക്തമാണ് താങ്ങളുടെ അമാവാസി
നന്ദി..

റ്റോംസ് കോനുമഠം said...

മാഷെ,
അസ്സലായിരിക്കുന്നു.

ജയിംസ് സണ്ണി പാറ്റൂര്‍ said...

എന്നടുത്തിടും ഈ തുറമുഖത്തില്‍
ഗുലാം അലിയുടെ ഗസലു പോലൊരു
ചുള്ളിക്കാടിന്‍ കാവ്യ നൌക
കാത്തിരിപ്പൂ യാത്രികര്‍ ഞങ്ങളാ
യാനപാത്രമതെത്തിടുന്നതും കാത്തു
നിലയ്ക്കാത്ത വാച്ചിലോ സമയമായില്ലേ
ആനന്ദധാരയതു പകര്‍ന്നിടില്ലേ
തുറമുഖക്കരയില്‍ ഞങ്ങളോടൊപ്പമാ
“ഒറ്റമണല്‍ത്തരി”യും കാത്തിരിപ്പൂ

മുകിൽ said...

'ayaal marikkunnilla' aarokke marannaalum ayaaliniyum orkkappuraththu eneettu nilkum..

Ranjith chemmad said...

കവിതയുടെ ആത്മാവ് വരികളിലൂടെ സമ്വദിക്കുന്നുണ്ട്...
നന്ദി, നല്ല തര്‍ജ്ജമയ്ക്ക്..

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഒരിക്കലും....
അയാൾ മരിച്ചിട്ടില്ല.
അയാൾക്കു വംശമില്ല.
അയാൾ മരിക്കയുമില്ല.
എല്ലവരും അയാളെ ചുമ്മാ അങ്ങു മറക്കും.
അയാൾക്കു പൂർവ്വികരില്ല.
നന്നായിരിക്കുന്നു...ഭായ്

ഒഴാക്കന്‍. said...

കവിത ഇഷ്ട്ടായി

പാഥേയം ഡോട്ട് കോം said...

നന്നായിരിക്കുന്നു

akhi said...

ഞാൻ കണ്ടു, മുഖങ്ങളെ ചൂഴ്ന്ന ഉറമഞ്ഞ്.
ഞാൻ കണ്ടു,നനവാർന്ന ചുണ്ടുകൾ.
കൺകോണിൽ ഉറഞ്ഞുപോയ കണ്ണുനീർ.
നാസാദ്വാരങ്ങൾക്കരികിൽ വേദനയുടെ നീലരേഖ.
കൈമുട്ടിലെ ക്ലേശം.
ഞാൻ കണ്ടു: ശരീരം അതിന്റെ അന്ത്യത്തിലെത്തിയിരിക്കുന്നു.

നന്നായിരിക്കുന്നു കവി.

Kalavallabhan said...

എന്തേകവിയീത്തുറമുഖത്ത്
വരവിനെമാത്രംകാത്തിരിപ്പൂ
എന്തേതൻ കയ്യൊന്നെടുത്തീ
ഭാണ്ഡത്തിലുള്ളതുപങ്കിടാത്തൂ

Jishad Cronic™ said...

നല്ല കവിത.

anoopmr said...

ബാലേട്ടാ,

"കാറ്റ് ഇരുണ്ടുവീശുമ്പോള്‍
അയാളുടെ ക്ഷീണിച്ച നഖമുനകള്‍
അഴുകിയ ഓര്‍മ്മകള്‍ക്കുമേല്‍ കുരിശുവരയ്ക്കുന്നു"

എന്ന ഭാഗം വായിച്ചതിന്‍റെ തണുപ്പു നിറഞ്ഞ ഏകാന്തത ഇപ്പോഴും എന്‍റെ വായനാമുറിയില്‍ തങ്ങിനില്‍ക്കുന്നു. ഒറ്റപ്പെട്ട എന്‍റെ വീട്ടിന്‍റെ അടച്ചിട്ട ജനാലകളെ കൂസാതെ വരുന്ന മഴക്കാറ്റില്‍ ഞാനുമൊരു കുരിശ് വരയ്ക്കുന്നു.

സസ്നേഹം,
അനൂപ്.എം.ആര്‍

പ്രണവം രവികുമാര്‍ said...

valare nannaayi Sir!

smitha adharsh said...

ഇങ്ങനെ ഒക്കെ തര്‍ജ്ജമകള്‍ ചെയ്തു പോസ്റ്റ്‌ ആക്കുന്നത് കാരണം ഞങ്ങളെപ്പോലുള്ളവര്‍ ഗ്രീക്ക് കവിതയൊക്കെ വായിക്കുന്നു.നന്ദി.

MyDreams said...

മാഷെ .......
പരിഭാഷയാണ് എങ്കിലും
ഭാഷ അങ്ങയെ കൈ വിട്ടില്ല ....പിന്നെ എന്തിനു അമാന്തം

ആശംസകള്‍

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

jayaraj said...

വിവര്‍ത്തനം നന്നായിരിക്കുന്നു മാഷേ

Syam said...

പ്രിയപ്പെട്ട സര്‍,
ഇന്ന് ജൂലൈ 30..
കാലം കടന്നുപോവുകതന്നെയാണ്,
കാണുവാനാര്‍ക്കുമാകാത്ത സമുദ്രാഗ്നിപോല്‍ ശുദ്ധവും, കാലത്രയങ്ങള്‍ക്കതീതവുമായ അങ്ങയുടെ ഇനിയുള്ള കവിതകള്‍ എഴുതപ്പെടാ‍തെപോവാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്
എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍

VineshNarayanan said...

sir tharjama nannayi...pakshe ....
endanu pakshe ennalle....patha sampathulla saril ninnun swantham glittering poems pratheeshikunnu...
vazhipokente .....

സങ്.എം.കല്ലട said...

nannayittundu

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

sir, i read thanks. please come in my blog. and tell your advice

എം.കെ.നംബിയാര്‍(mk nambiear) said...

ആശംസകൾ
എംകെനമ്പിയാർ

ബാലചന്ദ്രൻ ചുള്ളിക്കാട് said...

thank u dear friends

jayarajmurukkumpuzha said...

valare nalla kavitha..... aashamsakal..................

സോണ ജി said...

പരിചയപ്പെടുത്തലിന്..നന്ദി!

ശ്രീനാഥന്‍ said...

എന്തൊരു ചിത്രമാണീ കവിത തരുന്നത്!

പ്രണയകാലം said...

നന്നായിരുന്നു
ആശംസകള്‍

സ്തംഭിപ്പിക്കും ഞാന്‍ said...

ഒരു ആസ്വാദകന്‍ എന്ന നിലയില്‍ പോലും ഞാന്‍ ഒരു തുടക്കക്കാരനാണ്‌.....ഇത്തരമൊരുനിരൂപണത്തിനു നന്ദി...അല്ലെങ്കില്‍ ഒരിക്കലും ഇത്തരമൊന്നു വായിക്കാതെ പോകുമായിരുന്നു... മാഷിണ്റ്റെ പിന്തുണ ആഗ്രഹിക്കുന്നു