Monday, 14 November, 2011

സ്മൃതിനാശം

 ബാലചന്ദ്രൻ ചുള്ളിക്കാട്
എവിടെയോ പണ്ടു കണ്ടതാണീ മുഖം.
എവിടെയാണതെന്നോർമ്മകിട്ടുന്നില്ല.


കൊടിയ വേനലിൻ പാതയിൽ യൌവ്വനം
കൊടിപിടിച്ച ദിനങ്ങളിലാകണം,
തെരുവുതോറും ചരിത്രം നിണംകൊണ്ടു
ചുവരെഴുത്തു നടത്തുമ്പൊഴാകണം,
ഒരു സഖാവുമൊത്തന്നത്തെ രാത്രിയിൽ-
ക്കയറിവന്ന പെൺകുട്ടിയിലാകണം,


എവിടെയോ പണ്ടു കണ്ടതാണീ മുഖം.
എവിടെയാണെന്നൊരോർമ്മകിട്ടുന്നില്ല.


വിധവകൾക്കുള്ള പെൻഷൻ ലഭിക്കുവാൻ
വഴിതിരക്കി വന്നെത്തിയ പെങ്ങളേ,
കനലുകൾ കെട്ടുപോയ നിൻ കൺകളെ,
പണിയെടുത്തു പരുത്ത നിൻ കൈകളെ,
അരികു വാൽ‌പ്പുഴു തിന്ന കടലാസു
ചുരുളിലാണ്ട നിൻ ജീവിതരേഖയെ,
അറിവതെങ്ങനെ,യെല്ലാം മറക്കുവാൻ
നര കറുപ്പിച്ചു വാഴുമെൻ വാർദ്ധകം!
-----------------------------------

Wednesday, 9 November, 2011

യുദ്ധകാണ്ഡം

ബാലചന്ദ്രൻ ചുള്ളിക്കാട്


ദണ്ഡകാരണ്യത്തിൽനിന്നും
വീണ്ടും കേൾക്കുന്നു രോദനം.
വനവാസികളെച്ചുട്ടു
മുടിക്കും രാജശാസനം.


ആറ്റിലും കാറ്റിലും നിത്യം
വിഷം ചേർക്കുന്ന ദുഷ്ടത.
ധാതുലോഹാദികൾക്കായ് ഭൂ
ഗർഭം കീറുന്ന വേദന.


ഋതുഭേദങ്ങളാൽക്കാവ്യം
രചിക്കും സാന്ദ്രകാനനം,
അദ്ധ്വാനംകൊണ്ടു സംസ്കാരം
തഴച്ച ധരണീതലം,


അതൊക്കെയും നശിപ്പിച്ചും
കൊള്ളയിട്ടും കലക്കിയും
ആഗോള ലോഭമൂർത്തിക്കു
ബലിയാകുന്നു ജീവിതം.


അഹിംസാബദ്ധമാം സത്യ
ഗ്രഹമേ വൃദ്ധസമ്മതം;
അതാണു ധർമ്മമെന്നത്രേ
ആർഷഭാരത പൈതൃകം.


ഉണ്ണാനില്ലാതെ ചാവുന്നോർ
ഉണ്ണാവ്രതമെടുക്കണോ?
എന്നു ചോദിച്ചു പൊങ്ങുന്നൂ
യൌവ്വനത്തിന്റെ ഗർജ്ജനം:


“ജീവിക്കാൻ സമ്മതിക്കാത്ത
നിയമം തുലയേണ്ടതാം.
ജീവിക്കാൻ സമ്മതിക്കാത്ത
ഭരണം തകരേണ്ടതാം.


എടുക്ക വില്ലും ശരവും
തോക്കും വാക്കും മനുഷ്യരേ,
നഷ്ടപ്പെടാൻ നമുക്കുള്ള-
താർക്കും വേണ്ടാത്ത ജീവിതം.”
-------------------------------------
(മാദ്ധ്യമം ആഴ്ച്ചപ്പതിപ്പ് ,2011 നവംബർ 7)

Sunday, 23 October, 2011

വിട


ബാലചന്ദ്രൻ ചുള്ളിക്കാട്ഒരുപാടുകാലം മുമ്പാണ്.
എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് അവശനായി ഒരു പാതിരാത്രിയിൽ ഞാൻ കൊല്ലം തേവള്ളിയിൽ കാക്കനാടന്റെ പഴയ വാടകവീട്ടിൽ എത്തി. വിളക്കുകൾ അണഞ്ഞിരുന്നു. എല്ലാവരും കിടന്നുകഴിഞ്ഞു. ആരെയും ഉണർത്തേണ്ട എന്നു കരുതി ഞാൻ തിണ്ണയിൽ കിടക്കാൻ ഒരുങ്ങി. ഒരു കസാലയിൽ കൈ തട്ടി. ശബ്ദം കേട്ട് അകത്തു നിന്നും അമ്മിണിച്ചേച്ചി വിളിച്ചു ചോദിച്ചു:
‘ആരാ?’
‘ഞാനാ ചേച്ചീ. ബാലൻ’
‘നീ വല്ലോം കഴിച്ചോ?’
‘ഇല്ല.
‘വാതിൽ പൂട്ടിയിട്ടില്ല.മേശപ്പൊറത്ത് ചോറിരിപ്പൊണ്ട്. ഞങ്ങളിപ്പം കെടന്നേയൊള്ളൂ.’


                                      ഞാൻ അകത്തു കയറി.ലൈറ്റിട്ടു.മേശപ്പുറത്തു ചോറും കറിയും! വിശന്നു പ്രാണൻ കത്തുന്നുണ്ടായിരുന്നു. ആർത്തിയോടെ തിന്നു.വെള്ളം കുടിച്ചു.ആകെ തളർന്നുപോയി.നിലത്തു ചുരുണ്ടു.കണ്ണടച്ചതേ ഓർമ്മയുള്ളു.


പിറ്റേന്ന് ഞാൻ അത്ഭുതത്തോടേ ചോദിച്ചു:
‘ഞാൻ രാത്രി വരുമെന്ന് അമ്മിണിച്ചേച്ചി എങ്ങനെ അറിഞ്ഞു?’
ചേച്ചി ചിരിച്ചുകൊണ്ടു പറഞ്ഞു:
‘നിന്നെപ്പോലെ ആരെങ്കിലുമൊക്കെ പാതിരായ്ക്കു കേറിവരുമല്ലൊ.ഇവിടുത്തെ ബഹളമൊക്കെ തീർന്നു കെടന്നാപ്പിന്നെ എനിക്ക് ഇടയ്ക്ക് എണീക്കാൻ മേലാ.അതാ ചോറെടുത്തു വെച്ചിട്ടുകിടന്നത്.’
ഞാൻ പറഞ്ഞു:
‘ വാതിലും പൂട്ടിയിരുന്നില്ല!’
അമ്മിണിച്ചേച്ചി ചിരിച്ചു:
‘ ഒ. ഇവിടെ എന്നാ ഇരുന്നിട്ടാ പൂട്ടാൻ? ഇതു ബേബിച്ചായന്റെ വീടാന്ന് എല്ലാ കള്ളന്മാർക്കും അറിയാം.’


ഹൃദയത്തിന്റെ വാതിലുകൾ ഒരിക്കലും പൂട്ടാതെ ജീവിച്ച ‍ആ വലിയ മനുഷ്യനു വിട.
                -----------------------------------------Tuesday, 16 August, 2011

ഉൾഖനനം

ബാലചന്ദ്രൻ ചുള്ളിക്കാട്


പദ്മനാഭക്ഷേത്രത്തിന്റെ നിലവറയിൽ
രത്നശേഖരങ്ങളുണ്ടെന്നറിഞ്ഞിടാതെ
നഷ്ടചരിത്രത്തിൻ പുറമ്പോക്കിലെങ്ങാണ്ടോ
പട്ടിണിയുംപാടുമായിക്കഴിഞ്ഞവരേ,
വിസ്മരിക്കപ്പെട്ടവരേ, നിങ്ങളെയൊക്കെ
ഓർത്തെടുക്കാൻ ശ്രമിക്കയാണശുഭചിന്ത.


അന്തിവെട്ടം വാർന്ന വേളിമലയ്ക്കുമേലേ
പഞ്ചമിച്ചന്ദ്രന്റെ പന്തം തെളിയും‌നേരം,
വഞ്ചിരാജാവിന്റെ വാളിൻ വായ്ത്തലപോലെ
ശംഖുംമുഖം കടൽത്തീരം തിളങ്ങും‌നേരം,
വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഓർത്തുകൊണ്ടിരിക്കയാണെന്നശുഭചിന്ത.


ഒരുകാലം പൊരുതാനായ് ജനിച്ചവരേ
കരിമ്പാറക്കെട്ടിനോടും കലഹിച്ചോരേ
തിരണ്ട മണ്ണിനെപ്പോലും ഭോഗിച്ചവരേ
തിരയുടെ കുഞ്ചിരോമം പറിച്ചവരേ
ഇരുമ്പിന്റെ കൊലയറ തുറന്നവരേ
പെരും‌തീ പിഴിഞ്ഞു ചാറു കുടിച്ചവരേ


വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഉൾഖനനം ചെയ്തെടുക്കാൻ ശ്രമിക്കും‌നേരം
പട്ടിപെറ്റുകിടക്കുന്ന മനസ്സുമായി
കർക്കടകം കാത്തിരിപ്പൂ കടത്തിണ്ണയിൽ.
----------------------
(സമകാലിക മലയാളം വാരിക)

Tuesday, 2 August, 2011

പകർച്ച

ബാലചന്ദ്രൻ ചുള്ളിക്കാട്


ആഫ്രിക്കൻ മരുഭൂമിക്കു
വടക്കുള്ളൊരതിർത്തിയിൽ
അടിമച്ചന്തയിൽ‌വെച്ചു
പണ്ടെന്നോ കണ്ടതാണു നാം.


കൊള്ളിമീനുകൾ പായുന്ന
കിനാക്കണ്ണുള്ള പെണ്മണി.
കാട്ടുമുന്തിരിപോലുള്ള
മുലക്കണ്ണുള്ള സുന്ദരി.


നിലാവുള്ള വനം‌പോലെ
നിത്യചേതോവിമോഹിനി.
സാംബസീനദിയെപ്പോലെ
സർവ്വസംഹാരരൂപിണി.


നിന്നരക്കെട്ടിൽനിന്നോരോ
വംശവും പിറകൊണ്ടതും,
ചത്തും കൊന്നും വെന്നുമെത്ര
സഹസ്രാബ്ദം കഴിഞ്ഞതും,


കടലും കരയും പിന്നെ-
യാകാശവുമടക്കുവാൻ
ദിഗന്തങ്ങൾ നടുങ്ങിപ്പോം
മട്ടു ഗർജ്ജിച്ചലഞ്ഞതും,


അതൊക്കെയോർത്തു പേടിച്ചു
നിന്നെക്കാത്തു കിടക്കയാം
ഞാനിബ്ഭ്രാന്താലയത്തിന്റെ
ചങ്ങലയ്ക്കിട്ട രാത്രിയിൽ.
--------//-------
( മാധ്യമം ആഴ്ചപ്പതിപ്പ്- 2011 ആഗസ്റ്റ് -8)

Friday, 24 June, 2011

ഒരു ഇടവേള

ബാലചന്ദ്രൻ ചുള്ളിക്കാട്


സീരിയൽ ഷൂട്ടിംഗിനാണു ഭ്രാന്താശുപത്രിയിൽ ചെന്നത്. ഒഴിവുസമയത്തു ഞാൻ മനോരോഗികളുടെ ലോകം ചുറ്റിനടന്നു കണ്ടു.
മരണം ഭേദമാണ്. മനോരോഗമാണു ഭയാനകം.
പെട്ടെന്ന് ഒരു പാട്ടു കേട്ടു- താമരക്കുമ്പിളല്ലോ മമഹൃദയം!
അപകടകാരികളായ രോഗികൾക്കുള്ള ഏകാന്തത്തടവറയുടെ ജാലകപ്പടിയിൽ കയറിയിരുന്ന് ഒരു യുവതി പാടുകയാണ്.മധുരമായ ശബ്ദം. ഞാൻ നിന്നു.
“എന്റെ പാട്ട് ഇഷ്ടമായോ ചേട്ടാ? ”
“ഇഷ്ടമായി.”
അവൾ പാട്ടു തുടർന്നു.
“നിർത്തെടീ”
ഒരു അലർച്ച.
തടിച്ചിവാർഡൻ!
“ഇറങ്ങെടീ”
യുവതി പേടിച്ച് ചാടിയിറങ്ങി തടവറയുടെ ഇരുട്ടിൽ മറഞ്ഞു.
വാർഡൻ സഹതാപത്തോടെ എന്നോടു പറഞ്ഞു.“ കഷ്ടമാ സാറെ. ഭർത്താവിനോടു വഴക്കിട്ട് സമനിലതെറ്റി. ഒറങ്ങിക്കെടന്ന സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ രണ്ടിനേം വാക്കത്തിക്കു കണ്ടം തുണ്ടം വെട്ടിയരിഞ്ഞു കൊന്നു. നാലു ദിവസമായി ഇവിടെ എത്തിയിട്ട്.”
-----/ /-----

Tuesday, 21 June, 2011

യുവകവികൾക്ക് ആശംസ.

ബാലചന്ദ്രൻ ചുള്ളിക്കാട്


(ഇക്കഴിഞ്ഞ ജൂൺ 19 നു തിരുവനന്തപുരത്തു യുവകവികളുടെ കൂട്ടായ്മ ഉണ്ടായി. അവരുടെ യ ര ല വ എന്ന കവിതാമാസികയുടെ ആദ്യലക്കം പ്രകാശിപ്പിക്കാൻ എന്നെ ക്ഷണിച്ചിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങൾ മൂലം പോകാൻ കഴിഞ്ഞില്ല. പകരം ആശംസ നൽകി.)
അസുഖം മൂലം പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ വന്നതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.പുതിയകവികളുടെ കൂട്ടായ്മയായ യ ര ല വ യുടെ പുതിയ സംരംഭത്തിന് എല്ലാ ആശംസകളും.


മലയാള കവിതയിലെ ഏറ്റവും പുതിയ തലമുറയെ ഒരു പഴയ കവിഎന്ന നിലയിൽ ഞാൻ അഭിവാദ്യം ചെയ്യുന്നു. കവിതയിൽ ഓരോ തലമുറയും അവരുടേതായ ഭാഷയും ഭാവുകത്വവും സൃഷ്ടിക്കുന്നു.പഴയ തലമുറകളെയല്ല,സ്വന്തം തലമുറയെയാണ് പുതിയ കവി അഭിസംബോധന ചെയ്യുന്നത്.പുതിയ കവിത പുതിയ വായനക്കാരെ സൃഷ്ടിക്കണം.എന്നെപ്പോലുള്ള പഴയ കവികളുടെയോ പഴയ കാവ്യാസ്വാദകരുടെയോ അംഗീകാരം പുതിയ കവിതയ്ക്ക് ആവശ്യമേയില്ല. കാരണം പുതിയ കവിത മനസ്സിലാക്കാനും ഉൾക്കൊള്ളാനും എന്നെപ്പോലുള്ളവർക്കു കഴിഞ്ഞില്ലെന്നു വരും. യുവത്വത്തെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും വാർദ്ധക്യത്തിനു പരിമിതികളുണ്ടാവും. മദ്ധ്യവയസ്സായിട്ടും യുവകവിപ്പട്ടം നിലനിർത്താനും യുവകവികളുടെ രക്ഷകർത്താക്കളാകാനും അവരുടെ ആചാര്യപദവി നേടാനും മത്സരിക്കുന്ന കുബുദ്ധികളായ പഴങ്കവികളുടെ കൂട്ടത്തിൽ ഞാൻ ഇല്ല.എന്റെ കവിതയുടെയും ഭാവുകത്വത്തിന്റെയും പഴമയെ വിനയപൂർവ്വം അംഗീകരിച്ചുകൊണ്ട് ഞാൻ മാറിനിൽക്കുന്നു.മലയാളത്തിലെ യുവകവിതയുടെ ഊർജ്ജസ്വലമായ സർഗ്ഗാത്മകതയെ തുറന്ന മനസ്സോടെ അഭിവാദ്യം ചെയ്യുന്നു.


-------------------------

Sunday, 5 June, 2011

ഫെദെറികൊ ഗാർസിയ ലോർകയുടെ രണ്ടു കവിതകൾ

വിവർത്തനം: ബാലചന്ദ്രൻ ചുള്ളിക്കാട്

ഞാൻ മരിക്കുമ്പോൾ
----------------
ഞാൻ മരിക്കുമ്പോൾത്തുറന്നിടൂ ജാലകം.
നാരങ്ങ തിന്നുന്ന കുട്ടിയെക്കാണട്ടെ.

ഞാൻ മരിക്കുമ്പൊഴാ വാതിൽ തുറന്നിടൂ
പാടത്തു കൊയ്ത്തുകാർ പാടുന്ന കേൾക്കട്ടെ.


ഞാൻ മരിക്കുമ്പൊഴീ ലോകം തുറന്നിടൂ.

---------------നിശാഗീതം
-----------------


മരണം വന്നുപോകുന്നു
മദ്യശാലയിലെപ്പൊഴും.


കരിം‌കുതിരകൾക്കൊപ്പം
ദുഷ്ടരായ മനുഷ്യരും
തിങ്ങിക്കടന്നുപോകുന്നൂ
ഗിഥാറിൻ താഴ്ന്ന പാതയിൽ.


കടൽത്തീരത്തു കാറ്റത്തു
വിറയ്ക്കും പൂത്തപൊന്തയിൽ
മണക്കുന്നുണ്ടൊരേപോലെ
ഉപ്പും പെണ്ണിന്റെ ചോരയും.


മൃത്യു കേറിയിറങ്ങുന്നു
മദ്യശാലയിലെപ്പൊഴും.


-------------

Wednesday, 9 March, 2011

സാഹിത്യവും ഞാനും.*

ബാലചന്ദ്രൻ ചുള്ളിക്കാട്

പഠനത്തിനോ ഗവേഷണത്തിനോ ഉദ്യോഗലബ്ധിക്കോ ആശയപ്രചാരണത്തിനോ അധികാരലബ്ധിക്കോ സ്ഥാനമാനങ്ങൾക്കോ ബഹുമതികൾക്കോ ധനലാഭത്തിനോ വേണ്ടിയല്ല, ആത്മരക്ഷയ്ക്കുവേണ്ടിയാണ് ഞാൻ സാഹിത്യത്തെ ആശ്രയിച്ചത്.

കുലമഹിമയോ സമ്പത്തോ ബുദ്ധിശക്തിയോ, ആരോഗ്യമോ സൌന്ദര്യമോ സ്വഭാവഗുണമോ ഒന്നും എനിക്കുണ്ടായിരുന്നില്ല. മാതാപിതാക്കൾക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും സ്ക്കൂളിലെ അദ്ധ്യാപകർക്കും സഹപാഠികൾക്കും എന്നെ ഒട്ടുംതന്നെ ഇഷ്ടമല്ലായിരുന്നു.അവരിൽനിന്നും എപ്പോഴും കടുത്ത ശിക്ഷയും നിന്ദയും അപമാനവും പരിഹാസവും അപവാദവും കുറ്റപ്പെടുത്തലും അവഗണനയും പുച്ഛവും വെറുപ്പും എനിക്കു സഹിക്കേണ്ടിവന്നു.ഈ ലോകത്തിൽ എനിക്കല്ലാതെ മറ്റാർക്കും എന്നെ ആവശ്യമില്ല എന്നു കുട്ടിക്കാലത്തുതന്നെ എനിക്കു ബോദ്ധ്യപ്പെട്ടു.കൌമാരത്തിൽത്തന്നെ വീടിന്റെയും നാടിന്റെയും തണൽ എനിക്കു നഷ്ടമായി. ജീവിതം പെരുവഴിയിലായി.

ജീവിച്ചിരിക്കാൻ എന്തെങ്കിലും ന്യായീകരണമുണ്ടോ? ആത്മഹത്യചെയ്യാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോ? പ്രത്യാശയുടെ ഒരു കണികയെങ്കിലും ഈ പ്രപഞ്ചത്തിലുണ്ടോ? എന്റെ നിലനില്പിനു എന്തെങ്കിലും അർത്ഥമുണ്ടോ? ലോകം എന്ന നരകത്തിൽനിന്നു രക്ഷപ്പെടാനായി പിടയുന്ന പ്രാണനെ പിടിച്ചുനിർത്താൻ എന്തെങ്കിലും സാദ്ധ്യതയുണ്ടോ?ആതുരമായ എന്റെ ആത്മാവ് അന്വേഷിച്ചുകൊണ്ടിരുന്നു.
ആ അന്വേഷണത്തിന്റെ അവസാനമാണ്
‘ഋതുവായ പെണ്ണിനും, ഇരപ്പന്നു, ദാഹകനു,
പതിതന്നും അഗ്നിയജനം ചെയ്ത ഭൂസുരനും’
അവകാശപ്പെട്ട സാഹിത്യം എനിക്കും ആശ്രയമായത്.

സാഹിത്യത്തിൽ കൊലപാതകിക്കും വേശ്യയ്ക്കും തീർത്ഥാടകനും ഭിക്ഷാടകനും കുടിയനും മരമണ്ടനും മഹാപാപിക്കും ഭ്രാന്തനും ഭ്രഷ്ടനും തിരസ്കൃതനും-മണൽ‌ത്തരിക്കും മഹാസാഗരങ്ങൾക്കും പരമാണുവിനും നിത്യഭാസുരനഭശ്ചരങ്ങൾക്കും-എല്ലാം ഇടമുണ്ട്,അഭയമുണ്ട്,ആശ്രയമുണ്ട് എന്നു ഞാൻ മനസ്സിലാക്കി.

ഞാൻ സാഹിത്യവിദ്യാർത്ഥിയോ സാഹിത്യപ്രതിഭയോ സാഹിത്യപണ്ഡിതനോ ഒന്നുമല്ല.ആത്മരക്ഷാർത്ഥം സാഹിത്യത്തെ ആശ്രയിച്ച ഒരഭയാർത്ഥി മാത്രമാണ്.സാഹിത്യം എനിക്കുനൽകിയ സാന്ത്വനം ആത്മഹത്യയിൽനിന്നും ഭ്രാന്താലയത്തിൽനിന്നും എന്നെ രക്ഷിച്ചു.എന്തും സഹിക്കാൻ മനഃശക്തി തന്നു. ജീവിതത്തെ നേരിടാൻ ധൈര്യം തന്നു.അതെ.സാഹിത്യം എനിക്കു പ്രാണരക്ഷയായിരുന്നു.

എന്റെ എഴുത്ത് എന്റെ സാഹിത്യഭക്തിയുടെപരിമിതമായ ഉപോൽ‌പ്പന്നംമാത്രമാണ്. അതു നല്ലതാണെന്ന് ആരെങ്കിലും പറഞ്ഞാൽ അല്പനേരത്തേയ്ക്ക് മനുഷ്യസഹജമായ ഒരു ചെറുസന്തോഷം ഉണ്ടാവും.അതിൽക്കവിഞ്ഞൊന്നുമില്ല.അതിന്റെ പേരിൽ യാതൊരവകാശവാദങ്ങളും എനിക്കില്ല.

എനിക്കു വയസ്സ് 54 ആയി. ഇത്രകാലം ജീവിച്ചിരിക്കുമെന്ന് ഒരിക്കലുംപ്രതീക്ഷിച്ചതല്ല. ഒരുപാടു കൂട്ടുകാർ പോയിക്കഴിഞ്ഞു.ഞാനും എപ്പോൾവേണമെങ്കിലും യാത്രപറയാൻ തയ്യാറായി സന്തോഷത്തോടെ കഴിയുന്നു. സാഹിത്യത്തിന്റെ ജീവജലം എന്നെ ഇത്രകാലം ജീവിപ്പിച്ചു. ജീവിതത്തിന്റെ ഈരേഴുപതിനാലുലോകവും എനിക്കു കാണിച്ചുതന്നു.നന്ദി.

സാമ്രാജ്യങ്ങളും നാഗരികതകളും തത്വശാസ്ത്രങ്ങളുംസിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും ആവിർഭവിക്കുന്നു, അല്പകാലംനിലനിൽക്കുന്നു,കാലഹരണപ്പെടുന്നു. മഹത്തായ സാഹിത്യകൃതികൾ അതിജീവിക്കുന്നു.അവയിലൂടെ മനുഷ്യൻ അതിജീവിക്കുന്നു.

--------------------------
* കൊച്ചിൻ വിചാരവേദിയുടെ സുവനീറിനു വേണ്ടി.
------------------------------------

Saturday, 12 February, 2011

മൃഗജഡം

ഷാൾസ് ബോദ്‌ലെയ്

വിവർത്തനം: ബാലചന്ദ്രൻ ചുള്ളിക്കാട്

ഓമനേ, സുന്ദരഗ്രീഷ്മപ്രഭാതത്തിൽ

നാമൊരുമിച്ചു നടക്കുന്ന വേളയിൽ

ഏതോ മൃഗത്തിന്റെ ചീഞ്ഞ ജഡം ചരൽ‌-

പ്പാതയോരത്തു നാം കണ്ടതോർക്കുന്നുവോ,കാലുപൊക്കിക്കിടക്കുന്ന കാമാർത്തയെ-

പ്പോലെയെരിഞ്ഞും, വിഷം വിയർത്തും, കെട്ട

വായു കുമിഞ്ഞ പെരുവയർ ലോകത്തെ

നാണവും മാനവുമില്ലാതെ കാട്ടിയും.വിശ്വപ്രകൃതിയൊരിക്കലീ ജീവിയെ

സൃഷ്ടിക്കുവാൻ തീർത്ത മൂലക സഞ്ചയം

നൂറുമടങ്ങായ്ത്തിരിച്ചുകൊടുക്കുവാൻ

പാകത്തിനൊത്തു പചിക്കുന്നതായിടാം

ആ ജീർണ്ണതയ്ക്കുമേൽ മാനത്തുനിന്നൽ‌പ്പ -

താപം ചൊരിഞ്ഞു പ്രകാശിച്ചു സൂര്യനും.പൂർണ്ണത പ്രപിച്ച ജീർണ്ണതയാലൊരു

പൂപോലെ പൊട്ടിവിടരും ജഡത്തിനെ

പൂവിനെയെന്നപോൽ നോക്കുന്നു യാതൊരു

ഭാവവും കൂടാതെ ദൂരനീലാംബരം.

ഉഗ്ര ദുർഗ്ഗന്ധം സഹിക്കാതെയന്നു നീ

പുൽത്തട്ടിൽ മൂർഛിച്ചുവീഴുമെന്നോർത്തുപോയ്.കെട്ടഴുകുന്ന വയറ്റിന്റെ ചുറ്റിലും

പറ്റമായ് മൂളിപ്പറക്കയാണീച്ചകൾ.

പൊട്ടിയൊലിച്ചൂ തൊലിക്കിടയിൽനിന്നു

കുഷ്ഠരക്തം‌പോൽ കരിം‌പുഴുക്കൂട്ടങ്ങൾ.ആകെയിരമ്പുകയാണിവയൊക്കെയും

ആഴിത്തിരപോലെ മുങ്ങിയും പൊങ്ങിയും.

ചത്തതില്ലെന്നോർത്തുപോകും! അവ്യക്തമാം

ശ്വാസത്തിൽ വീർത്തുപൊട്ടിപ്പെരുകും ജഡം.കാറ്റിനും, കാട്ടുചോലയ്ക്കും, മുറം‌കൊണ്ടു

ചേറ്റിപ്പതിരൊഴിക്കുന്ന താളത്തിനും

ഓരോ തനതു സംഗീതമുണ്ടെങ്കിലി -

ന്നീ ജീർണ്ണതയ്ക്കുണ്ടതിന്റെ സംഗീതിക.രൂപമേ മാഞ്ഞും, കിനാവെന്നപോലെയും,

ഏകാന്തവിസ്മൃതചിത്രപടംതന്നി -

ലേതോ കലാകാരനോർമ്മയിൽനിന്നൊരു

രേഖാന്തചിത്രം വരച്ചപോലീജഡം.അപ്പുറം പാറയ്ക്കുപിന്നിലായ്ക്കണ്ടുവോ

ക്രുദ്ധനേത്രങ്ങളാൽ നമ്മെ നോക്കിക്കൊണ്ടു,

ചത്തമൃഗത്തിന്റെ ബാക്കിഭാഗം തിന്നു

തീർക്കുവാൻ കാത്തുനിൽക്കുന്ന പെൺപട്ടിയെ?എന്റെ മാലാഖേ, പ്രണയമേ, കൺകൾതൻ

തങ്ക നക്ഷത്രമേ,ആത്മപ്രകാശമേ,

നീയുമിതേപോലെ ചീഞ്ഞഴുകും നാളെ

നീയുമിതേപോലെ നാറിപ്പുഴുത്തുപോം.എന്തു ഭയംകരം! ഇവ്വിധം‌തന്നെയാം

സൌന്ദര്യദേവതേ നിന്നന്ത്യരംഗവും.

അന്ത്യശുശ്രൂഷകഴിഞ്ഞിട്ടു,പുഷ്പിച്ച

പൊന്തപ്പടർപ്പിനും പുല്ലിനും താഴത്തെ

മണ്ണിന്നടിയിൽക്കിടന്നഴുകും നിന്നെ

ഉമ്മവെച്ചുണ്ണും പുഴുക്കളോടൊക്കെയും

ഇന്നഴുകിപ്പോയൊരിപ്രണയത്തിന്റെ

പൂർണ്ണസ്വരൂപവും ദിവ്യചൈതന്യവും

എന്നുള്ളിലെന്നേക്കുമായി ഞാൻ സൂക്ഷിക്കു -

മെന്ന രഹസ്യം പറഞ്ഞു കൊടുക്കണേ.------------------------------( ഇടപ്പള്ളി ചങ്ങമ്പുഴസ്മാരകസാംസ്കാരിക കേന്ദ്രത്തിൽ 2011 ജനുവരി 31 നു കുമാരനാശാന്റെ ‘കരുണ’ യെക്കുറിച്ച് ഞാൻ ഒരു പ്രഭാഷണം നടത്തി. അതിനു മുൻപുള്ള നാളുകളിൽ എന്റെ വിചാരങ്ങളിൽ ഷാൾസ് ബോദ് ലെയുടെ THE CARCASS എന്ന കാവ്യം കടന്നുവന്നു.' കരുണ 'എഴുതപ്പെടുന്നതിന് 66 വർഷം മുൻപ്, 1857 ൽ ആണ് THE CARCASS പ്രസിദ്ധീകരിക്കപ്പെട്ടത്.അഴിവുള്ള ശരീരത്തെയും അഴിവില്ലാത്ത പ്രണയത്തെയും കുറിച്ചുള്ള ഈ ഫ്രഞ്ചുമഹാകാവ്യത്തിന്റെ പല ഇംഗ്ലീഷ് തർജ്ജമകളും വായിച്ചുനോക്കി.അതിന്റെ അശാന്തിയിൽനിന്നു രക്ഷപ്പെടാൻ ഒടുവിൽ എന്റെ പരിമിതിയിലേക്ക് അതു വിവർത്തനംചെയ്ത് ബാധയൊഴിക്കേണ്ടിവന്നു. )

---------------------------------