Saturday, 12 February, 2011

മൃഗജഡം

ഷാൾസ് ബോദ്‌ലെയ്

വിവർത്തനം: ബാലചന്ദ്രൻ ചുള്ളിക്കാട്

ഓമനേ, സുന്ദരഗ്രീഷ്മപ്രഭാതത്തിൽ

നാമൊരുമിച്ചു നടക്കുന്ന വേളയിൽ

ഏതോ മൃഗത്തിന്റെ ചീഞ്ഞ ജഡം ചരൽ‌-

പ്പാതയോരത്തു നാം കണ്ടതോർക്കുന്നുവോ,കാലുപൊക്കിക്കിടക്കുന്ന കാമാർത്തയെ-

പ്പോലെയെരിഞ്ഞും, വിഷം വിയർത്തും, കെട്ട

വായു കുമിഞ്ഞ പെരുവയർ ലോകത്തെ

നാണവും മാനവുമില്ലാതെ കാട്ടിയും.വിശ്വപ്രകൃതിയൊരിക്കലീ ജീവിയെ

സൃഷ്ടിക്കുവാൻ തീർത്ത മൂലക സഞ്ചയം

നൂറുമടങ്ങായ്ത്തിരിച്ചുകൊടുക്കുവാൻ

പാകത്തിനൊത്തു പചിക്കുന്നതായിടാം

ആ ജീർണ്ണതയ്ക്കുമേൽ മാനത്തുനിന്നൽ‌പ്പ -

താപം ചൊരിഞ്ഞു പ്രകാശിച്ചു സൂര്യനും.പൂർണ്ണത പ്രപിച്ച ജീർണ്ണതയാലൊരു

പൂപോലെ പൊട്ടിവിടരും ജഡത്തിനെ

പൂവിനെയെന്നപോൽ നോക്കുന്നു യാതൊരു

ഭാവവും കൂടാതെ ദൂരനീലാംബരം.

ഉഗ്ര ദുർഗ്ഗന്ധം സഹിക്കാതെയന്നു നീ

പുൽത്തട്ടിൽ മൂർഛിച്ചുവീഴുമെന്നോർത്തുപോയ്.കെട്ടഴുകുന്ന വയറ്റിന്റെ ചുറ്റിലും

പറ്റമായ് മൂളിപ്പറക്കയാണീച്ചകൾ.

പൊട്ടിയൊലിച്ചൂ തൊലിക്കിടയിൽനിന്നു

കുഷ്ഠരക്തം‌പോൽ കരിം‌പുഴുക്കൂട്ടങ്ങൾ.ആകെയിരമ്പുകയാണിവയൊക്കെയും

ആഴിത്തിരപോലെ മുങ്ങിയും പൊങ്ങിയും.

ചത്തതില്ലെന്നോർത്തുപോകും! അവ്യക്തമാം

ശ്വാസത്തിൽ വീർത്തുപൊട്ടിപ്പെരുകും ജഡം.കാറ്റിനും, കാട്ടുചോലയ്ക്കും, മുറം‌കൊണ്ടു

ചേറ്റിപ്പതിരൊഴിക്കുന്ന താളത്തിനും

ഓരോ തനതു സംഗീതമുണ്ടെങ്കിലി -

ന്നീ ജീർണ്ണതയ്ക്കുണ്ടതിന്റെ സംഗീതിക.രൂപമേ മാഞ്ഞും, കിനാവെന്നപോലെയും,

ഏകാന്തവിസ്മൃതചിത്രപടംതന്നി -

ലേതോ കലാകാരനോർമ്മയിൽനിന്നൊരു

രേഖാന്തചിത്രം വരച്ചപോലീജഡം.അപ്പുറം പാറയ്ക്കുപിന്നിലായ്ക്കണ്ടുവോ

ക്രുദ്ധനേത്രങ്ങളാൽ നമ്മെ നോക്കിക്കൊണ്ടു,

ചത്തമൃഗത്തിന്റെ ബാക്കിഭാഗം തിന്നു

തീർക്കുവാൻ കാത്തുനിൽക്കുന്ന പെൺപട്ടിയെ?എന്റെ മാലാഖേ, പ്രണയമേ, കൺകൾതൻ

തങ്ക നക്ഷത്രമേ,ആത്മപ്രകാശമേ,

നീയുമിതേപോലെ ചീഞ്ഞഴുകും നാളെ

നീയുമിതേപോലെ നാറിപ്പുഴുത്തുപോം.എന്തു ഭയംകരം! ഇവ്വിധം‌തന്നെയാം

സൌന്ദര്യദേവതേ നിന്നന്ത്യരംഗവും.

അന്ത്യശുശ്രൂഷകഴിഞ്ഞിട്ടു,പുഷ്പിച്ച

പൊന്തപ്പടർപ്പിനും പുല്ലിനും താഴത്തെ

മണ്ണിന്നടിയിൽക്കിടന്നഴുകും നിന്നെ

ഉമ്മവെച്ചുണ്ണും പുഴുക്കളോടൊക്കെയും

ഇന്നഴുകിപ്പോയൊരിപ്രണയത്തിന്റെ

പൂർണ്ണസ്വരൂപവും ദിവ്യചൈതന്യവും

എന്നുള്ളിലെന്നേക്കുമായി ഞാൻ സൂക്ഷിക്കു -

മെന്ന രഹസ്യം പറഞ്ഞു കൊടുക്കണേ.------------------------------( ഇടപ്പള്ളി ചങ്ങമ്പുഴസ്മാരകസാംസ്കാരിക കേന്ദ്രത്തിൽ 2011 ജനുവരി 31 നു കുമാരനാശാന്റെ ‘കരുണ’ യെക്കുറിച്ച് ഞാൻ ഒരു പ്രഭാഷണം നടത്തി. അതിനു മുൻപുള്ള നാളുകളിൽ എന്റെ വിചാരങ്ങളിൽ ഷാൾസ് ബോദ് ലെയുടെ THE CARCASS എന്ന കാവ്യം കടന്നുവന്നു.' കരുണ 'എഴുതപ്പെടുന്നതിന് 66 വർഷം മുൻപ്, 1857 ൽ ആണ് THE CARCASS പ്രസിദ്ധീകരിക്കപ്പെട്ടത്.അഴിവുള്ള ശരീരത്തെയും അഴിവില്ലാത്ത പ്രണയത്തെയും കുറിച്ചുള്ള ഈ ഫ്രഞ്ചുമഹാകാവ്യത്തിന്റെ പല ഇംഗ്ലീഷ് തർജ്ജമകളും വായിച്ചുനോക്കി.അതിന്റെ അശാന്തിയിൽനിന്നു രക്ഷപ്പെടാൻ ഒടുവിൽ എന്റെ പരിമിതിയിലേക്ക് അതു വിവർത്തനംചെയ്ത് ബാധയൊഴിക്കേണ്ടിവന്നു. )

---------------------------------

33 comments:

N M Sujeesh said...

nannaayittuntu..

മുല്ല said...

നന്നായി സാര്‍, ഈ ബാധയെ ഞാന്‍ ഏറ്റുവാങ്ങുന്നു. അഴിവില്ലാത്ത പ്രണയം ! ഓ ദൈവമേ അതങ്ങനെ തന്നെയാവട്ടെ.
ഷാള്‍സ് ബോദ് ലേയെ പരിചയപ്പെടുത്തിയതിനു നന്ദി.

MyDreams said...

വിവര്‍ത്തനത്തില്‍ വികാരം ചോര്‍ന്നു പോവാതെ നന്നായിരിക്കുന്നു ..നന്ദി ഇത് പോലെ ഒരു ബാധയെ വായനകരില്‍ കൂടുന്നുണ്ട്

നഗ്നന്‍ said...

kumaranaasaan
kochukallan

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

‘എന്തു ഭയങ്കരം ഇവ്വിധം‌തന്നെയാം

സൌന്ദര്യദേവതേ നിന്നന്ത്യരംഗവും...’


ഈ ജീർണ്ണതകളിലെ സംഗീതകളിലൂടെ എന്ത് ബാധയൊഴിപ്പിക്കുന്ന പേരിലായാലും മലയാളത്തിന് നല്ലൊരു കാവ്യം കിട്ടിയല്ലോ..!

Sabu M H said...

ദേവതേ, പ്രണയ സർവ്വസ്വമെ,
എൻ കൺകളിൻ താരമെ,
എൻ അഭിലാഷ സൂര്യനെ,
അളിഞ്ഞു പോം നീയും, ഇതുപോലെയൊരുനാൾ
പുഴുവരിച്ചു പോം നിന്നുടെ, ഉടലുമിതു പോലെ..

my humble translation..
based on:
http://fleursdumal.org/poem/126

and

http://www.poemhunter.com/poem/the-carcass/

ഷാജു അത്താണിക്കല്‍ said...

സാര്‍
വായിച്ച് അവസാനം വന്നപ്പോളാണ് ...
അ ദിവ്യ
പ്രണയതിന്റെ പുഴുവരിക്കും മേനിയേ
പ്രണയികാന്‍ ഒരു
മഞ്ഞുപെയ്യും
മനസ്സുള്ള കവിത

ayyopavam said...

ഏറ്റു വാങ്ങുന്നു ആ ബാദയെ അങ്ങയുടെ കയ്യില്‍ നിന്നും

രമേശ്‌അരൂര്‍ said...

ഷാള്‍സ് ബോദ്ലെയേ ബാധിച്ച ബാധ ഈ മനോഹര ഫ്രഞ്ച് കാവ്യ രചനയ്ക്ക് പ്രേരണയായി..അത് വായിച്ച ആശാന്റെ പ്രേത ബാധ വീണപൂവിലൂടെ ഒഴിഞ്ഞു പോയി...ഇപ്പോള്‍

"ഏതോ കലാകാരനോർമ്മയിൽനിന്നൊരു
രേഖാന്തചിത്രം വരച്ചപോലീജഡം."

ഈ കവിതയും !

ഈ തര്‍ജമയുടെ ബാധയില്‍ ഉറഞ്ഞുതുള്ളട്ടെ :)

പഞ്ചാരക്കുട്ടന്‍ said...

എന്തൊക്കെ സംഭവിച്ചാലും നമ്മുടെ ഉള്ളിലെ പ്രണയം എന്നെന്നും..........ജീവിക്കും.കേള്‍ക്കാന്‍ ഒക്കെ രസ്സമാ.
വിവര്‍ത്തനമാണെന്ന് തോന്നുന്നേ ഇല്ല

Manoraj said...

ഷാള്‍സ് ബോദ് ലേയെ പരിചയപ്പെടുത്തിയതില്‍ നന്ദി

T.U.ASOKAN said...

വീണ്ടും നല്ല ഒരു കവിത
തന്നതിനു നന്ദി.
ഇടപ്പള്ളിയിലെ“കരുണ” പ്രഭാഷണം
മുഴുവന്‍ കേട്ടിരുന്നു.
ശ്രീ.ജോണ്‍ പോള്‍ തൃപ്പൂണിത്തുറയില്‍
സൂചിപ്പിച്ചതനുസരിച്ച്‌ എത്തിയതാണു.
ഉപഗുപ്തന്‍,വാസവദത്ത,ശ്മശാനം-
ഇതിനിടയിലേക്കിപ്പോള്‍ മൃഗജഡവും
നന്ദി...നന്ദി മാത്രം..

ശ്രീനാഥന്‍ said...

ഗംഭീരം!

shaji said...

കവിത ഇഷ്ടമായി. എല്ലാ ചുള്ളിക്കാടൻ കവിതയെയും പോലെ. വർഷങ്ങൾക്കു മുമ്പ് ചുള്ളിക്കാ‍ട് ആവേശിച്ചത് പുതുമയാർന്ന കാവ്യഭാഷയിലൂടെയാണ്. ഇപ്പോഴും അതങ്ങനെ തന്നെ, പണ്ടത്തെ പോലെ. ഇതെന്താ ഇങ്ങനെ?

Kalavallabhan said...

"എന്റെ പരിമിതിയിലേക്ക് അതു വിവർത്തനംചെയ്ത് "

അവിടെയാണിക്കവിതയുടെ വിജയം.
ഒരു സാധാരണ വിവർത്തനം വായനക്കാരന്‌ അറിയണമെന്നാഗ്രഹമുണ്ടെങ്കിലും അരോചകമാണുണ്ടാക്കുന്നത്.
ഒരു കവിത വായിക്കുന്നതിന്റെ എല്ലാ സുഖവും (വിഷയം സുഖം തരുന്നതല്ലെങ്കിലും) തരുന്നു.

shinod said...

let me be

Raghunath.O said...

തര്‍ജമയിലെ വാക്കുകളും വരികളും
എന്നത്തേയും പോലെ ആകര്‍ഷകം

കെ.എം. റഷീദ് said...

അഴുകിയ ജഡത്തെപ്പോലെ നാളെ പ്രണയവും അഴുകുമെങ്കില്‍ ആ പ്രണയമൊരു കപടതയാണ്
പ്രണയത്തെ കുറിച്ചും നാളെ ജടമാകേണ്ട ജീവിതത്തെ കുറിച്ചും ഓര്‍മിപ്പിച്ച കവിത

Ronald James said...

ഒരു കാലത്ത് കാറ്റ്കൊള്ളുവാന്‍ നാം നടന്ന തീരങ്ങളില്‍ നോക്കൂ, പുഴുത്തു പകുതിയും മീന്‍ തിന്നുതീര്‍ത്ത ശവങ്ങള്‍

സാറിന്‍റെ ഇന്നും പഴകാത്ത വരികള്‍ ഓര്‍ത്തുപോയി..

Pramod.KM said...

ഗംഭീരം!

സുഗന്ധി said...

നന്ദി,ഈ കാവ്യാനുഭവത്തിന്......

ജയകൃഷ്ണന്‍ കാവാലം said...

അവിടെ നിന്നൊഴിഞ്ഞ ബാധ, ദേ എന്റെ പുറകേ വരുന്നു...

സന്തോഷ്‌ പല്ലശ്ശന said...

ബാഹ്യസൗന്തര്യത്തിന്റെ നശ്വരതകളേയും ആന്തരിക പ്രണയത്തിന്റെ അനശ്വരതകളേയും ആവിഷ്‌ക്കരിച്ചുകാണുന്നതിനുമപ്പുറം ഈ കവിതയ്ക്ക് മറ്റൊരു തലം കൂടിയുണ്ട്.

ജീര്‍ണ്ണതയില്‍, ജൈവ സൗന്തര്യത്തെ കണ്ടെത്തുന്ന കവിത്വ സിദ്ധി എന്നെ വിസ്മയിപ്പിക്കുന്നു.

മലയാളകവിത എറിയാല്‍ മോര്‍ച്ചറിവരെ പോയിക്കാണും. ചിലപ്പോള്‍ ഭ്രമാത്മകമായ അപസര്‍പ്പകഥപോലെ കുഴിമാടം വരെ എത്തിയിട്ടുണ്ടാകാം എന്നാല്‍ ഇതുപോലെ 'ഈ പ്രസന്നമായ ഗ്രീഷ്മ പ്രഭാതത്തില്‍ ചരല്‍പാതക്കരുകിലെ അളിഞ്ഞുകൊണ്ടിരിക്കുന്ന ഒരു മൃഗത്തിന്റെ ജൈവ സൗന്ദര്യത്തെ കാണിക്കുന്ന ഒരു കവിത വായിക്കുന്നത് ആദ്യമായാണ്.

കവിത ചോരാതെ വിവര്‍
ത്തനം നിര്‍വ്വഹിച്ച ബാലചന്ദ്രന്‍ സാറിന്് ബഹുമാനത്തോടെ ആദരവോടെ
കവിളത്ത് ഒരു ഉമ്മ

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി

രാമൊഴി said...

valare nannayitund..

ജോയ്‌ പാലക്കല്‍ - Joy Palakkal said...

എന്റെ മാലാഖേ, പ്രണയമേ, കൺകൾതൻ

തങ്ക നക്ഷത്രമേ,ആത്മപ്രകാശമേ,

നീയുമിതേപോലെ ചീഞ്ഞഴുകും നാളെ

നീയുമിതേപോലെ നാറിപ്പുഴുത്തുപോം.
..........................

ഞാനിതിലെ ചിന്താധാരകള്‍..കാണുന്നു..
പ്രണയത്തെ..കാണുന്നു..
സംവദിയ്ക്കുന്ന വചാലമായ മൗനം..കാണുന്നു..

ഷാള്‍സ് ബോദ് ലേയെ പരിചയപ്പെടുത്തിയതിനു നന്ദി.ആശംസകളോടെ..

സ്തംഭിപ്പിക്കും ഞാന്‍ said...

വളരെയധികം നന്ദി.. ഈ സേവന മനഃസ്ത്ഥിതിക്ക്‌.. അല്ലെങ്കില്‍ ഇങ്ങനെയൊന്നു വായിക്കാന്‍ പറ്റില്ലായിരുന്നു.. ചില വരികള്‍ പ്രത്യേകമയി ആകര്‍ഷിച്ചു..

രൂപമേ മാഞ്ഞും, കിനാവെന്നപോലെയും,

ഏകാന്തവിസ്മൃതചിത്രപടംതന്നി -

ലേതോ കലാകാരനോർമ്മയിൽനിന്നൊരു

രേഖാന്തചിത്രം വരച്ചപോലീജഡം.

ﺎലക്~ said...

വായനയുടെ സദ്യ തരപ്പെടുത്തിത്തന്നതിനു നന്ദി..


ഇനിയും ഒരുപാട് എഴുതൂ...ആശംസകള്‍..

ഉമ്മവെച്ചുണ്ണും പുഴുക്കളോടൊക്കെയും
ഇന്നഴുകിപ്പോയൊരിപ്രണയത്തിന്റെ
പൂർണ്ണസ്വരൂപവും ദിവ്യചൈതന്യവും
എന്നുള്ളിലെന്നേക്കുമായി ഞാൻ സൂക്ഷിക്കു -
മെന്ന രഹസ്യം പറഞ്ഞു കൊടുക്കണേ.

ഭയങ്കരം..പ്രണയത്തിന്‍റെ ഭീകരമുഖം..!!

P said...

വളരെ നന്ദി!

അപ്പുറം പാറയ്ക്കുപിന്നിലായ്ക്കണ്ടുവോ
ക്രുദ്ധനേത്രങ്ങളാല്‍ നമ്മെ നോക്കിക്കൊണ്ടു,
ചത്തമൃഗത്തിന്റെ ബാക്കിഭാഗം തിന്നു
തീര്‍ക്കുവാന്‍ കാത്തുനില്‍ക്കുന്ന പെണ്‍പട്ടിയെ?

K C S -ന്റെ പെയിന്റിംഗ് ആണ് ഓര്മ വന്നത്.

-P

അതിരുകള്‍/മുസ്തഫ പുളിക്കൽ said...

ഇരുളിന്‍ മഹാ സാഗരത്തില്‍ നിന്നു
ഒരു കൊച്ചു പിടിവള്ളിയില്‍ കരം ചേര്‍ത്തു
വന്നതാണു ഗുരോ നിന്‍ പാദങ്ങളില്‍.
മാതാ പിതാ ഗുരൂ ദൈവമെന്ന
വേദവാക്ക്യം ഹൃദയത്തിനുള്ളില്‍
ജീവന്റെ തുടിപ്പായ്മിടിക്കുന്നു ഗുരോ.
അക്ഷരദേവി തന്‍ കവ്യ വരംകൊണ്ടു
അനുഗ്രഹീതമാം ഹസ്തംകൊണ്ടെന്‍
ശിരസ്സിലൊന്നനുഗഹിച്ചാലും ഗുരോ..?

r s kurup said...

Only a CHULLIKKAAT CAN RENDER IT IN SUCH AN ENCHANTING WAY FAR BETTER THAN THE eNGLISH TRANSLATION i READ.no meaning in saying congrats thank you and all that RSKURUP

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി

jayan edakkat said...

Thanks