Wednesday, 9 March, 2011

സാഹിത്യവും ഞാനും.*

ബാലചന്ദ്രൻ ചുള്ളിക്കാട്

പഠനത്തിനോ ഗവേഷണത്തിനോ ഉദ്യോഗലബ്ധിക്കോ ആശയപ്രചാരണത്തിനോ അധികാരലബ്ധിക്കോ സ്ഥാനമാനങ്ങൾക്കോ ബഹുമതികൾക്കോ ധനലാഭത്തിനോ വേണ്ടിയല്ല, ആത്മരക്ഷയ്ക്കുവേണ്ടിയാണ് ഞാൻ സാഹിത്യത്തെ ആശ്രയിച്ചത്.

കുലമഹിമയോ സമ്പത്തോ ബുദ്ധിശക്തിയോ, ആരോഗ്യമോ സൌന്ദര്യമോ സ്വഭാവഗുണമോ ഒന്നും എനിക്കുണ്ടായിരുന്നില്ല. മാതാപിതാക്കൾക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും സ്ക്കൂളിലെ അദ്ധ്യാപകർക്കും സഹപാഠികൾക്കും എന്നെ ഒട്ടുംതന്നെ ഇഷ്ടമല്ലായിരുന്നു.അവരിൽനിന്നും എപ്പോഴും കടുത്ത ശിക്ഷയും നിന്ദയും അപമാനവും പരിഹാസവും അപവാദവും കുറ്റപ്പെടുത്തലും അവഗണനയും പുച്ഛവും വെറുപ്പും എനിക്കു സഹിക്കേണ്ടിവന്നു.ഈ ലോകത്തിൽ എനിക്കല്ലാതെ മറ്റാർക്കും എന്നെ ആവശ്യമില്ല എന്നു കുട്ടിക്കാലത്തുതന്നെ എനിക്കു ബോദ്ധ്യപ്പെട്ടു.കൌമാരത്തിൽത്തന്നെ വീടിന്റെയും നാടിന്റെയും തണൽ എനിക്കു നഷ്ടമായി. ജീവിതം പെരുവഴിയിലായി.

ജീവിച്ചിരിക്കാൻ എന്തെങ്കിലും ന്യായീകരണമുണ്ടോ? ആത്മഹത്യചെയ്യാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോ? പ്രത്യാശയുടെ ഒരു കണികയെങ്കിലും ഈ പ്രപഞ്ചത്തിലുണ്ടോ? എന്റെ നിലനില്പിനു എന്തെങ്കിലും അർത്ഥമുണ്ടോ? ലോകം എന്ന നരകത്തിൽനിന്നു രക്ഷപ്പെടാനായി പിടയുന്ന പ്രാണനെ പിടിച്ചുനിർത്താൻ എന്തെങ്കിലും സാദ്ധ്യതയുണ്ടോ?ആതുരമായ എന്റെ ആത്മാവ് അന്വേഷിച്ചുകൊണ്ടിരുന്നു.
ആ അന്വേഷണത്തിന്റെ അവസാനമാണ്
‘ഋതുവായ പെണ്ണിനും, ഇരപ്പന്നു, ദാഹകനു,
പതിതന്നും അഗ്നിയജനം ചെയ്ത ഭൂസുരനും’
അവകാശപ്പെട്ട സാഹിത്യം എനിക്കും ആശ്രയമായത്.

സാഹിത്യത്തിൽ കൊലപാതകിക്കും വേശ്യയ്ക്കും തീർത്ഥാടകനും ഭിക്ഷാടകനും കുടിയനും മരമണ്ടനും മഹാപാപിക്കും ഭ്രാന്തനും ഭ്രഷ്ടനും തിരസ്കൃതനും-മണൽ‌ത്തരിക്കും മഹാസാഗരങ്ങൾക്കും പരമാണുവിനും നിത്യഭാസുരനഭശ്ചരങ്ങൾക്കും-എല്ലാം ഇടമുണ്ട്,അഭയമുണ്ട്,ആശ്രയമുണ്ട് എന്നു ഞാൻ മനസ്സിലാക്കി.

ഞാൻ സാഹിത്യവിദ്യാർത്ഥിയോ സാഹിത്യപ്രതിഭയോ സാഹിത്യപണ്ഡിതനോ ഒന്നുമല്ല.ആത്മരക്ഷാർത്ഥം സാഹിത്യത്തെ ആശ്രയിച്ച ഒരഭയാർത്ഥി മാത്രമാണ്.സാഹിത്യം എനിക്കുനൽകിയ സാന്ത്വനം ആത്മഹത്യയിൽനിന്നും ഭ്രാന്താലയത്തിൽനിന്നും എന്നെ രക്ഷിച്ചു.എന്തും സഹിക്കാൻ മനഃശക്തി തന്നു. ജീവിതത്തെ നേരിടാൻ ധൈര്യം തന്നു.അതെ.സാഹിത്യം എനിക്കു പ്രാണരക്ഷയായിരുന്നു.

എന്റെ എഴുത്ത് എന്റെ സാഹിത്യഭക്തിയുടെപരിമിതമായ ഉപോൽ‌പ്പന്നംമാത്രമാണ്. അതു നല്ലതാണെന്ന് ആരെങ്കിലും പറഞ്ഞാൽ അല്പനേരത്തേയ്ക്ക് മനുഷ്യസഹജമായ ഒരു ചെറുസന്തോഷം ഉണ്ടാവും.അതിൽക്കവിഞ്ഞൊന്നുമില്ല.അതിന്റെ പേരിൽ യാതൊരവകാശവാദങ്ങളും എനിക്കില്ല.

എനിക്കു വയസ്സ് 54 ആയി. ഇത്രകാലം ജീവിച്ചിരിക്കുമെന്ന് ഒരിക്കലുംപ്രതീക്ഷിച്ചതല്ല. ഒരുപാടു കൂട്ടുകാർ പോയിക്കഴിഞ്ഞു.ഞാനും എപ്പോൾവേണമെങ്കിലും യാത്രപറയാൻ തയ്യാറായി സന്തോഷത്തോടെ കഴിയുന്നു. സാഹിത്യത്തിന്റെ ജീവജലം എന്നെ ഇത്രകാലം ജീവിപ്പിച്ചു. ജീവിതത്തിന്റെ ഈരേഴുപതിനാലുലോകവും എനിക്കു കാണിച്ചുതന്നു.നന്ദി.

സാമ്രാജ്യങ്ങളും നാഗരികതകളും തത്വശാസ്ത്രങ്ങളുംസിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും ആവിർഭവിക്കുന്നു, അല്പകാലംനിലനിൽക്കുന്നു,കാലഹരണപ്പെടുന്നു. മഹത്തായ സാഹിത്യകൃതികൾ അതിജീവിക്കുന്നു.അവയിലൂടെ മനുഷ്യൻ അതിജീവിക്കുന്നു.

--------------------------
* കൊച്ചിൻ വിചാരവേദിയുടെ സുവനീറിനു വേണ്ടി.
------------------------------------