Friday, 24 June, 2011

ഒരു ഇടവേള

ബാലചന്ദ്രൻ ചുള്ളിക്കാട്


സീരിയൽ ഷൂട്ടിംഗിനാണു ഭ്രാന്താശുപത്രിയിൽ ചെന്നത്. ഒഴിവുസമയത്തു ഞാൻ മനോരോഗികളുടെ ലോകം ചുറ്റിനടന്നു കണ്ടു.
മരണം ഭേദമാണ്. മനോരോഗമാണു ഭയാനകം.
പെട്ടെന്ന് ഒരു പാട്ടു കേട്ടു- താമരക്കുമ്പിളല്ലോ മമഹൃദയം!
അപകടകാരികളായ രോഗികൾക്കുള്ള ഏകാന്തത്തടവറയുടെ ജാലകപ്പടിയിൽ കയറിയിരുന്ന് ഒരു യുവതി പാടുകയാണ്.മധുരമായ ശബ്ദം. ഞാൻ നിന്നു.
“എന്റെ പാട്ട് ഇഷ്ടമായോ ചേട്ടാ? ”
“ഇഷ്ടമായി.”
അവൾ പാട്ടു തുടർന്നു.
“നിർത്തെടീ”
ഒരു അലർച്ച.
തടിച്ചിവാർഡൻ!
“ഇറങ്ങെടീ”
യുവതി പേടിച്ച് ചാടിയിറങ്ങി തടവറയുടെ ഇരുട്ടിൽ മറഞ്ഞു.
വാർഡൻ സഹതാപത്തോടെ എന്നോടു പറഞ്ഞു.“ കഷ്ടമാ സാറെ. ഭർത്താവിനോടു വഴക്കിട്ട് സമനിലതെറ്റി. ഒറങ്ങിക്കെടന്ന സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ രണ്ടിനേം വാക്കത്തിക്കു കണ്ടം തുണ്ടം വെട്ടിയരിഞ്ഞു കൊന്നു. നാലു ദിവസമായി ഇവിടെ എത്തിയിട്ട്.”
-----/ /-----

37 comments:

sm sadique said...

വാക്കുകൾക്കപ്പുറം ചില ധർമ്മസങ്കടങ്ങൾ മനസ്സിൽ. ആർക്കും ഈ വിധി വരരുതെ എന്ന് പ്രാർഥിക്കാൻ മാത്രമേ ആവൂ. സങ്കടത്തോടെ...

karimeen/കരിമീന്‍ said...

ആര്‍ക്കാണു രോഗം?.യുവതിക്കോ അതോ വാര്‍ഡനോ.............

jayaraj said...

angane ethra per?

കുട്ടുറൂബ്‌ said...

മനുഷ്യന്‍ മനസ്സ് എന്നാ നൂല്‍ പാലത്തിലൂടെ നടക്കുന്ന നിസ്സഹായനനെന്നും .....
അഹങ്കരിക്കാന്‍ നമുക്ക് ഒന്നും ഇല്ലന്നും ..എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട് .
ഒന്നു താളം തെറ്റിയാല്‍ തീര്‍ന്നില്ലേ നമ്മിലെ നാം.

ഇത് വായിച്ചപ്പോള്‍ ഉള്ളില്‍ എവിടെയോ ഒന്നു നീറി ....

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇതിൽ ആർക്കാ ശരിക്ക് ഭ്രാന്ത്..അല്ലേ

കൊമ്പന്‍ said...

ശരിയാ മരണത്തെക്കാള്‍ ഭയാനകം മനോ രോഗം തന്നെ

- സോണി - said...

ഹോ...

സന്തോഷ്‌ പല്ലശ്ശന said...

മരണം ഭേദമാണ്. മനോരോഗമാണു ഭയാനകം.

moideen angadimugar said...

മരണം ഭേദമാണ്. മനോരോഗമാണു ഭയാനകം.

ശരിയാണ് മാഷെ...

രമേശ്‌ അരൂര്‍ said...

ഭയാനകമാണീ ലോകം ..

idiot of indian origin said...

മനോരോഗം നിര്‍വാണാവസ്തയാണ് !
എല്ലാ കെട്ടുപാടുകളും , ചുറ്റികളികളും പൊട്ടിച്ച മനസ്സിന്റെ
സ്വാതന്ത്ര്യ പ്രഖ്യാപനം !
അവരോടു അസൂയ മൂത്ത ,സ്വന്തം മനസ്സിന്റെ മൂക്കില്‍ തുളച്ചു,
സാമൂഹിക ശാസ്ത്രത്തിന്റെ കയറിട്ടു സ്വയം പിന്നോട്ട് വലിച്ചു,
ങ്ങ്യെഹെ.... എന്ന് കലാഭവന്‍ മണിയെ പ്പോലെ ഇളിക്യുന്ന ഭ്രാന്തന്മാരുടെ
attitude ആണ്‌ ഭയാനകം .
നിനക്ക് ആ കുട്ടിയുടെ പാട്ട് മുഴുവന്‍ കേള്‍ക്കാന്‍
കഴിഞ്ഞില്ലല്ലോ .... കഷ്ടം !
അവള്‍ പാടിയത് ഓര്‍മയുണ്ടല്ലോ ....
"താമര കുംബിളല്ലോ മമ ഹൃദയം "!!!!

മുല്ല said...

ദൈവമേ...എന്തൊരവസ്ഥ.

Kalavallabhan said...

ഈ രോഗം ബാധിച്ച് പകൽ വെളിച്ചത്തിൽ നടക്കുന്നവരേറെയുള്ള ഒരു നാടല്ലേ നമ്മുടേത്.
പാവങ്ങളെയും അശക്തരെയും മാത്രം തടവറയിൽ അടച്ചിട്ടിരിക്കുന്നു.
ഡോക്ടറെ കാണുന്നവർ മാത്രം രോഗികൾ!

Rinsha Sherin said...

കേട്ടിട്ട് സങ്കടം തോനുന്നു......

ഏറനാടന്‍ said...

ചിത്തരോഗാശുപത്രിയില്‍ ഒരു രാത്രി എങ്കിലും കഴിഞ്ഞാല്‍ അറിയാം ആര്‍ക്കാണ് ഭ്രാന്ത്‌ എന്നത്?

Ranjith Chemmad / ചെമ്മാടന്‍ said...

"മരണം ഭേദമാണ്. മനോരോഗമാണു ഭയാനകം"
മറ്റേതൊരു വിവരണത്തിനും അപ്പുറം നിൽക്കുന്നു ഈ വരികൾ...
ഹൃദയം മുറിയുന്ന കാഴ്ചകൾ.....

സീത* said...

മനുഷ്യമനസ്സിന്റെ പിടി കിട്ടാത്ത പ്രയാണം...

മണ്‍സൂണ്‍ നിലാവ് said...

എല്ലാ പേരെയും ഭ്രാന്ത് പിടിപ്പിക്കുന്ന ഈ സമൂഹത്തിന്റെ ഭ്രാന്ത്‌ എന്ന് തീരും മാഷെ !!

poor-me/പാവം-ഞാന്‍ said...

വേദന കൊണ്ടുവരാൻ അധികം വക്കുകൾ ആവശ്യമില്ല...മുഖം മൂടിക്കു പുറകിലെ തടിച്ചിയുടെ മനസ്സും ആർദ്രം തന്നെ നമ്മെ പ്പോലെ ഒരു പക്ഷെ നമ്മേക്കാളും!!!

റോസാപൂക്കള്‍ said...

കഷ്ടം തോന്നി.
മാനസിക ആശുപത്രികളിലെ ശുശ്രൂഷകര്‍ പരിശീലനം സിദ്ധിച്ചവരാകേണ്ടിയിരിക്കുന്നു

കുമാരന്‍ | kumaran said...

:(

ഒരു യാത്രികന്‍ said...

വാക്കുകളില്ല. .....സസ്നേഹം

Suma Rajeev said...

ഭ്രാന്താശുപത്രി ആണ് പുറം ലോകത്തേക്കാള്‍ സുരക്ഷിതം..ഭ്രാന്ത്‌ ആയിരുന്നെങ്കില്‍ എന്ന് ആലോചിച്ചു പോകുന്ന നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ തോന്നുന്ന ഒരു തോന്നല്‍ ..

Rare Rose said...

:(
എന്തെഴുതാന്‍..

സിജി സുരേന്ദ്രന്‍ said...

മനസ്സേ മടങ്ങുക.....

sankalpangal said...

സ്നേഹമില്ലാത്തവരുടെയിടയില്‍പ്പെട്ട് മനോരോഗത്തിലേക്ക് എടുത്തെറിയപ്പെടുന്നവരുടെ വേദന പങ്കുവയ്ക്കപെടട്ടെ....

http://venattarachan.blogspot.com said...

മരണം തന്നെ ഭേദം

Sabu M H said...

എല്ലാവർക്കും ഭ്രാന്താണ്‌.
വെറുതെ ഉറക്കെ വിളിച്ച്‌ പറഞ്ഞ്‌
'ഭ്രാന്തൻ' എന്നു വിളി കേൾക്കേണ്ടി വരുമല്ലോ എന്നു വിചാരിച്ച്‌ മിണ്ടാതിരിക്കുന്നതാണ്‌..

Devi.. said...

Her condition will worst if she return to her normal mind..How can a mother bear this..

വിജീഷ് കക്കാട്ട് said...

ഓര്‍മ പോലും മാഞ്ഞുപോകുവതെന്തേ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി

വീ കെ said...

‘മരണം ഭേദമാണ്. മനോരോഗമാണു ഭയാനകം.‘
അവരെ നിയന്ത്രിക്കുന്നവർക്കും താമസിയാതെ ഭ്രാന്തെടുക്കും, ആ തടിച്ചിയേപ്പോലെ...!

MyDreams said...

:(

പുന്നകാടൻ said...

സാർ , നമ്മുടെ സമൂഹത്തിൽ അവഞ്ജയോടേയും,പരിഹാസപാത്രമായും വെറുക്കപ്പെട്ടരായും രണ്ട്‌ കൂട്ടരാനുള്ളത്‌.എയിഡ്സ്‌ രോഗികളും,മാനസിക രോഗികളും.ഭയാനകമായ പല സംഭവങ്ങളും ഞാൻ കേട്ടീട്ടും,കണ്ടിട്ടുമുണ്ട്‌.എന്തെന്നാൽ മധ്യ കേരളത്തിലെ ഒരു മാനസികരോഗ പരിചരണ അനാധാലയത്തിൽ 3 വർഷകാലം സേവനമനുഷ്ടിച്ചട്ടുണ്ട്‌.ഇടയ്ക്കു വിട്ടു പോന്നു.ഇപ്പോൾ വീന്ദും എന്റെ സേവനമാവിശ്യപ്പെട്ട്‌ വിളിപ്പിച്ചിരിക്കുകയാണു.ഞാൻ പോകാൻ തന്നെ തീരുമാനിച്ചു.

Reji Puthenpurackal said...

ഈ ലോകത്ത് സമനില തെറ്റാതെ ജീവിക്കുന്നവര്‍ സുകൃതം ചെയ്തവരാണ്. ഭ്രാന്തന്‍മാര്‍ അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ സന്തോഷവാന്‍ മാരാണന്നു എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് ഒന്നിനെകുറിച്ചും ടെന്‍ഷന്‍ ഇല്ല.നമുക്കാണങ്കില്‍ നാളെ എങ്ങനെ ജീവിക്കും എന്നുള്ള ടെന്‍ഷനും.
അങ്ങയുടെ ബ്ലോഗില്‍ വരാനും കമെന്റ് എഴുതുവാനും സാധിച്ചതില്‍ വളരെ സന്തോഷം ഉണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി

sangeetha said...

theerchayaayum rogam vaardenu thanne