Tuesday, 2 August, 2011

പകർച്ച

ബാലചന്ദ്രൻ ചുള്ളിക്കാട്


ആഫ്രിക്കൻ മരുഭൂമിക്കു
വടക്കുള്ളൊരതിർത്തിയിൽ
അടിമച്ചന്തയിൽ‌വെച്ചു
പണ്ടെന്നോ കണ്ടതാണു നാം.


കൊള്ളിമീനുകൾ പായുന്ന
കിനാക്കണ്ണുള്ള പെണ്മണി.
കാട്ടുമുന്തിരിപോലുള്ള
മുലക്കണ്ണുള്ള സുന്ദരി.


നിലാവുള്ള വനം‌പോലെ
നിത്യചേതോവിമോഹിനി.
സാംബസീനദിയെപ്പോലെ
സർവ്വസംഹാരരൂപിണി.


നിന്നരക്കെട്ടിൽനിന്നോരോ
വംശവും പിറകൊണ്ടതും,
ചത്തും കൊന്നും വെന്നുമെത്ര
സഹസ്രാബ്ദം കഴിഞ്ഞതും,


കടലും കരയും പിന്നെ-
യാകാശവുമടക്കുവാൻ
ദിഗന്തങ്ങൾ നടുങ്ങിപ്പോം
മട്ടു ഗർജ്ജിച്ചലഞ്ഞതും,


അതൊക്കെയോർത്തു പേടിച്ചു
നിന്നെക്കാത്തു കിടക്കയാം
ഞാനിബ്ഭ്രാന്താലയത്തിന്റെ
ചങ്ങലയ്ക്കിട്ട രാത്രിയിൽ.
--------//-------
( മാധ്യമം ആഴ്ചപ്പതിപ്പ്- 2011 ആഗസ്റ്റ് -8)

35 comments:

സുനിൽ പണിക്കർ said...

കവിതയുടെ തിരിച്ചു വരവിന് നന്ദി..

kARNOr(കാര്‍ന്നോര്) said...

നല്ല കവിത

T.A.Sasi said...

നിലാവുള്ള വനം‌പോലെ
നിത്യചേതോവിമോഹിനി.
സാംബസീനദിയെപ്പോലെ
സർവ്വസംഹാരരൂപിണി...

yousufpa said...

ഓരോ വരികളും ആസ്വാദ്യകരമായത്.
'നിന്നരക്കെട്ടിൽനിന്നോരോ
വംശങ്ങൾ പിറകൊണ്ടതും,
ചത്തും കൊന്നും വെന്നുമെത്ര
സഹസ്രാബ്ദം കഴിഞ്ഞതും,'

നന്നായി കേട്ടോ..

Kalavallabhan said...

അന്ധകാരത്തിനെ ചങ്ങലയ്ക്കിട്ടു നിർത്തിയിരിക്കുന്ന ഈ ഭ്രാന്താലയം,
ഇവിടെ നമുക്ക് പേടിച്ച് കഴിയാം
വെളിച്ചം വരുവോളം

^^ ^^ വേനൽപക്ഷി ^^ ^^ said...

ഇതും മനോഹരം...മാഷിന്റെ മറ്റു കവിതകളെ പോലെ.

uthraadan said...

ഓരോ തവണ വായിക്കുംമ്പോഴും ഓരോ പുതിയ അര്‍ത്ഥ തലങ്ങള്‍. അതാണ് ഈ കവിതയുടെ പ്രത്യേകത. ഭ്രാന്താശുപത്രിയില്‍ ആയാലും മനുഷന്‍ എന്ന വികാര ജീവി തന്റെ മനസ്സിനെ സ്വപ്നങ്ങള്‍ക്കൊപ്പം ഇണ ചേരാന്‍ അനുവദിക്കുന്നതായിട്ടുള്ള ആവിഷ്കാരം വളരെ നന്നായിട്ടുണ്ട്. ഞാന്‍ ഒറ്റ തവണയെ ഈ കവിത വായിച്ചുള്ളു കാരണം അതല്ലെങ്കില്‍ , എന്റെ ചെങ്ങാതി, താങ്കള്‍ എന്റെ തുടരെ തുടരെ ഉള്ള കമന്റ്സ് കണ്ട് സഹികെടും.

Reji Puthenpurackal said...

കവിത വായിച്ചു.അങ്ങയുടെ കവിതയെ വിലയിരുത്തല്‍ ഞാന്‍ യോഗ്യനല്ല. ഇനിയും കൂടുതല്‍ കവിതകള്‍ എഴുതി , വരും തലമുറയ്ക്ക് യൌവ്വന തീഷ്ണതയില്‍ ജീവിക്കാന്‍ ശക്തി നല്‍കൂ...

INTIMATE STRANGER said...

വായിച്ചു ...
അഭിപ്രായം എഴുതാന്‍ കമന്റ് ബോക്സ്‌ തുറന്നു വെച്ചിട്ടുണ്ട് പക്ഷെ സൈഡില്‍ "ബാലചന്ദ്രന്‍ ചുള്ളികാട്" എന്ന പേര് കാണുമ്പോള്‍ വല്ലാത്തൊരു പകപ്പ് ...ചെറുപ്പം മുതല്‍ക്കേ കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുള്ള ഒരാളോടുള്ള ഭയം കലര്‍ന്ന ആരധന ആവാം ...എന്നോട് ക്ഷമിക്കുക ..

:Drishya

ഇഗ്ഗോയ് /iggooy said...

"നിന്നെക്കാത്തു കിടക്കയാം
ഞാനിബ്ഭ്രാന്താലയത്തിന്റെ
ചങ്ങലയ്ക്കിട്ട രാത്രിയിൽ"
ആഫ്രിക്കയിൽ പിറന്ന് ഉലകാകെ പരന്ന മനുഷ്യജീവന്റെ, കൊന്നതിന്റേയും തിന്നതിന്റേയും കഥ

Kattil Abdul Nissar said...

അടിമത്തത്തിന്റെ അഭിവാഞ്ജയ്ക്ക് ഇത്ര വശ്യതയോ,
വിസ്മയമോ, രൌദ്രമോ, ചരിത്രമോ,. ഒടുക്കത്തെ സ്വാതന്ത്രം കാംക്ഷിക്കുന്ന കവിയും ചരിത്രത്തെ ഭയക്കുന്നുവോ........?
ഈ കവിതയ്ക്ക് ആദ്യം ആസ്വാദനം എഴുതാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം ഉണ്ട്.

Kattil Abdul Nissar said...

മോചനത്തിന്റെ ദാഹം കുടിക്കുമ്പോഴും വിട്ടു മാറാത്ത ഭയം . അത് സൃഷ്ടിക്കുന്ന വ്യതിരിക്തമായ ചിത്രങ്ങള്‍. കാമം,ഭയം, ആധി
പത്യം,സമ്മോഹനമായ ആരണ്യ ശീതളിമ, അതില്‍ കുരുക്കുന്ന വംശാവലി . ആ ഒടുക്കത്തെ ഭയം ഉല്‍പ്പത്തി യുടെ വേദനയ്ക്ക് തുല്യമല്ലേ .....? ഈ കവിതയ്ക്ക് ആദ്യം ആസ്വാദനം എഴുതാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്,

arun bhaskaran said...

കവിത എനിക്ക് ഇഷ്ടമായി.

ഷാരോണ്‍ said...

"നിന്നരക്കെട്ടിൽനിന്നോരോ
വംശങ്ങൾ പിറകൊണ്ടതും,
ചത്തും കൊന്നും വെന്നുമെത്ര
സഹസ്രാബ്ദം കഴിഞ്ഞതും"

നന്ദി...സംശയത്തിനും...ഇപ്പോള്‍ പകര്ച്ചക്കും.

ശ്രീനാഥന്‍ said...

ഗംഭീരം.

mad|മാഡ് said...

ഇഷ്ട്ടപെട്ടു മാഷേ :)

നെല്ലിക്ക )0( said...

അഞ്ചെട്ടു വര്ഷം മുന്‍പുവരെ പാടിനടന്നിരുന്നു സാറിന്റെ കവിതകള്‍. കൊളെജൊക്കെ വിട്ട് കല്യാനൊക്കെ കഴിഞ്ഞപ്പോ ഒക്കെ പിടുത്തം വിട്ടുപോയി. ഇപ്പൊ ഇവിടെ കാണുമ്പോ സന്തോഷം തോന്നുന്നു.
കവിത വായിച്ചുട്ടോ.

കുമാരന്‍ | kumaran said...

great.......!!!

~ Sujeesh N M ~ said...

എന്തോ എനിക്കിഷ്ടപ്പെട്ടില്ല. :(

പ്രയാണ്‍ said...

നന്ദി, നല്ലൊരു കവിതക്ക്.........

അനില്‍ ജിയെ said...

അപൂര്‍ണ്ണമെന്നു തോന്നി! ഒരു പക്ഷെ ആ അപൂര്‍ണ്ണതയാവാം ഈ രചനയുടെ പൂര്‍ണ്ണത!!!

മുകിൽ said...

nannayirikkunnu.

Sandeep.A.K said...

"ആഫ്രിക്കൻ മരുഭൂമിക്കു
വടക്കുള്ളൊരതിർത്തിയിൽ
അടിമച്ചന്തയിൽ‌വെച്ചു
പണ്ടെന്നോ കണ്ടതാണു നാം."
അതെ... പരിചയമുണ്ട് എനിക്കും..

THABARAK RAHMAN said...

മാതൃഭൂമിയിലും, മാധ്യമത്തിലും
വരുന്ന കവിതകള്‍ വായിക്കാറുണ്ട്.
വായന ഗൌരവമായെടുത്ത നാള്‍
മുതല്‍ ഞാന്‍ സാറിനെ വായിക്കാറുണ്ട്,

സ്നേഹപൂര്‍വ്വം
തബാരക്.

കൊമ്പന്‍ said...

ആസ്വദിച്ച് വായിച്ചു

അനാമിക പറയുന്നത് said...

മോഹിനീരൂപമാണ്ട സാമ്രാജ്യത്തം ...അല്ലേ ?കവിത ഹൃദ്യം ..കവിതാസമാഹാരവും ഗദ്യവും കയ്യിലുണ്ട് . കരയുന്നവന്റെയും വിശക്കുന്നവന്റെയും പക്ഷത്തുനില്‍ക്കാന്‍ ആര്‍ക്കും നേരമില്ലാത്ത പുതിയ കെട്ടകാലത്തില്‍ .ആ കവിതകള്‍ ഒരാശ്വാസമാണ് സാര്‍ !

[[::ധനകൃതി::]] said...

സാര്‍
nalla kavitha ayirikkum..angayude aazhathilekkethinokkan koodi aakunnilla ee kridhi rachayithavinnu

മനോജ്‌ വെങ്ങോല said...

കവിതയില്‍ വെന്തു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും നന്ദി

dilshad raihan said...

santhosham vaayikkaan sathichathil

★ശ്രീജിത്ത്‌●sгєєJเ†ђ said...

ഇഷ്ടപ്പെട്ടു സർ,..

SUNIL AAVANY EN PONKALAM said...

ബാലേട്ട അറിയില്ല അങ്ങനെ വിളിക്കാമോ എന്ന് പക്ഷെ വയനതുടങ്ങിയതുമുതല്‍ ഞാന്‍ അങ്ങയുടെ കവിത വയിച്ചുതുടങ്ങിയിരുന്നു ബാലേട്ടന്‍ നമ്മുടെ കവി ആണ് അഭിനയതിഴിലാളി അല്ല മലയാളത്തിന്റെ സ്വന്തം കവി......

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി

അനുജി, കുരീപ്പള്ളി. said...

ഇനി കവിത അവസാനിച്ചു എന്നു കള്ളം പറഞ്ഞാല്‍ ശിക്ഷയുണ്ട്.. :-)

നന്നായി ബാലേട്ടാ.. പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നു..

Ronald James said...

അടിമത്തത്തിന്‍റെ ചങ്ങലക്കണ്ണികളില്‍ കിടക്കുമ്പോഴും ജീവിക്കുവാനും സ്വപ്നം കാണുവാനുമുള്ള മനുഷ്യന്‍റെ അടങ്ങാത്ത അഭിനിവേശം...