Sunday, 23 October, 2011

വിട


ബാലചന്ദ്രൻ ചുള്ളിക്കാട്ഒരുപാടുകാലം മുമ്പാണ്.
എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് അവശനായി ഒരു പാതിരാത്രിയിൽ ഞാൻ കൊല്ലം തേവള്ളിയിൽ കാക്കനാടന്റെ പഴയ വാടകവീട്ടിൽ എത്തി. വിളക്കുകൾ അണഞ്ഞിരുന്നു. എല്ലാവരും കിടന്നുകഴിഞ്ഞു. ആരെയും ഉണർത്തേണ്ട എന്നു കരുതി ഞാൻ തിണ്ണയിൽ കിടക്കാൻ ഒരുങ്ങി. ഒരു കസാലയിൽ കൈ തട്ടി. ശബ്ദം കേട്ട് അകത്തു നിന്നും അമ്മിണിച്ചേച്ചി വിളിച്ചു ചോദിച്ചു:
‘ആരാ?’
‘ഞാനാ ചേച്ചീ. ബാലൻ’
‘നീ വല്ലോം കഴിച്ചോ?’
‘ഇല്ല.
‘വാതിൽ പൂട്ടിയിട്ടില്ല.മേശപ്പൊറത്ത് ചോറിരിപ്പൊണ്ട്. ഞങ്ങളിപ്പം കെടന്നേയൊള്ളൂ.’


                                      ഞാൻ അകത്തു കയറി.ലൈറ്റിട്ടു.മേശപ്പുറത്തു ചോറും കറിയും! വിശന്നു പ്രാണൻ കത്തുന്നുണ്ടായിരുന്നു. ആർത്തിയോടെ തിന്നു.വെള്ളം കുടിച്ചു.ആകെ തളർന്നുപോയി.നിലത്തു ചുരുണ്ടു.കണ്ണടച്ചതേ ഓർമ്മയുള്ളു.


പിറ്റേന്ന് ഞാൻ അത്ഭുതത്തോടേ ചോദിച്ചു:
‘ഞാൻ രാത്രി വരുമെന്ന് അമ്മിണിച്ചേച്ചി എങ്ങനെ അറിഞ്ഞു?’
ചേച്ചി ചിരിച്ചുകൊണ്ടു പറഞ്ഞു:
‘നിന്നെപ്പോലെ ആരെങ്കിലുമൊക്കെ പാതിരായ്ക്കു കേറിവരുമല്ലൊ.ഇവിടുത്തെ ബഹളമൊക്കെ തീർന്നു കെടന്നാപ്പിന്നെ എനിക്ക് ഇടയ്ക്ക് എണീക്കാൻ മേലാ.അതാ ചോറെടുത്തു വെച്ചിട്ടുകിടന്നത്.’
ഞാൻ പറഞ്ഞു:
‘ വാതിലും പൂട്ടിയിരുന്നില്ല!’
അമ്മിണിച്ചേച്ചി ചിരിച്ചു:
‘ ഒ. ഇവിടെ എന്നാ ഇരുന്നിട്ടാ പൂട്ടാൻ? ഇതു ബേബിച്ചായന്റെ വീടാന്ന് എല്ലാ കള്ളന്മാർക്കും അറിയാം.’


ഹൃദയത്തിന്റെ വാതിലുകൾ ഒരിക്കലും പൂട്ടാതെ ജീവിച്ച ‍ആ വലിയ മനുഷ്യനു വിട.
                -----------------------------------------18 comments:

മയൂര said...

സാക്ഷിയെന്ന നോവലിൽ മരണം കടന്നു വന്നതുവായിച്ച് ഞെട്ടിയ വായനകാരെല്ലാം തന്നെ അദ്ദേഹത്തിന്റെ മരണമറിഞ്ഞും ഞെട്ടിയിരിക്കണം. ആദരാഞ്ജലികൾ...

എഴുത്തുക്കാരൊരിക്കലും മരിക്കുന്നില്ല, അവരുടെ സൃഷ്ടികൾ മരണത്തെ അതിജീവിക്കുന്നു. ഈയൊരനുഭവം പങ്കുവച്ചതിനു നന്ദി.

നാമൂസ് said...

ഒരു വാതിലും അടഞ്ഞു കിടക്കുന്നില്ല. നമുക്കങ്ങനെ തോന്നുന്നുവെന്ന് മാത്രം..!!!
ഈ സ്മരണാജ്ഞലി അദ്ദേഹത്തെ കൂടുതല്‍ സ്നേഹത്തോടെ സമീപിക്കാന്‍ പ്രേരിപ്പിക്കുന്നു.
നന്ദി, എന്റെ പ്രിയ കവിക്ക്.

മുകിൽ said...

ശരിയായൊരു വിടപറച്ചില്‍...
ഓരോരുത്തരായി പോവുകയാണല്ലോ.. അനിവാര്യത. പക്ഷേ മനസ്സു മുറിയുന്നു..

ശ്രീനാഥന്‍ said...

കാക്കനാടന്റെ കുടുംബത്തെ ഇതിലും കൃത്യമായി പരിചയപ്പെടുത്താൻ ആവില്ല. വെറും സാധാരണക്കാരായ എനിക്കും ഭാര്യക്കും ഏകദേശം ഇതേ അനുഭവം അവിടെ നിന്നുണ്ടായിട്ടുണ്ട്.

സീത* said...

ചില വേർപിരിയലുകളിങ്ങനെയാണ്...പകരം വയ്ക്കാനാവാതെ..നല്ലൊരു പരിചയപ്പെടുത്തലായി മഷേ..ആ കുടുംബത്തിന്റെ ചിത്രം കുറച്ച് വാക്കുകളിൽ വ്യക്തമായി പറഞ്ഞു...

Kalavallabhan said...

മലയാളത്തിന്റെ നഷ്ടം മാധവിക്കുട്ടിയിൽ നിന്നും തുടങ്ങി മുല്ലനേഴിയിലെത്തിയിരിക്കുന്നു. ഇവിടെ തത്ക്കാലം നിർത്ത് വേണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ്‌. ഇതിൽ കൂടുതൽ നഷ്ടം മലയാളിക്ക് താങ്ങുവാനാവില്ല.
ഈ ഒരു സംഭവത്തിലൂടെ അദ്ദേഹത്തിന്റെ ഒരു നല്ല ചിത്രമാണ്‌ വരച്ചു കാട്ടിയത്.

റോസാപൂക്കള്‍ said...

ഹൃദയത്തിന്റെ വാതിലുകൾ ഒരിക്കലും പൂട്ടാതെ ജീവിച്ച ‍ആ വലിയ മനുഷ്യനു വിട.

അദ്ദേഹത്തിന്‍റെ ഈ മുഖം പരിചയപ്പെടുത്തിയതിനു നന്ദി.

കുന്നെക്കാടന്‍ said...

ഒരു കവിത തീര്‍ന്നു

Kattil Abdul Nissar said...

കലണ്ടറില്‍ നിന്നും
കറുത്ത പക്ഷികള്‍
കരിയടുപ്പിലെ
ക്കടര്‍ന്നു വീഴുന്നു. - അല്ലെ......?

ഞാന്‍ പുണ്യവാളന്‍ said...

താങ്കള്‍ ചെറിയ വാക്കുകളില്‍ കുറിച്ചിട്ടത് വലിയ ഒരു മനസാണ് ...വിടപറഞ്ഞത്‌ ശരീരം മാത്രം യശഃശരീരനായി അദ്ദേഹം എന്നും നമ്മോടൊപ്പം ......

സ്നേഹാശംസകളോടെ @ ഞാന്‍ പുണ്യവാളന്‍
കേള്‍ക്കാത്ത ശബ്ദം

ഒരു യാത്രികന്‍ said...

മനസ്സില്‍ ഏറെ ഉയരത്തില്‍ പ്രതിഷ്ടിച്ചവരൊക്കെ കടന്നു പോവുമ്പോള്‍ ഒരു വിങ്ങല്‍. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തെ വലിയ രീതിയില്‍ വിശദീകരിക്കാന്‍ ഈ കൊച്ചു കുറിപ്പിന് കഴിഞ്ഞു.......സസ്നേഹം

Ronald James said...

ഇത്തരം വലിയ മനുഷ്യരെ നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്...

മുല്ല said...

ആദരാഞ്ജലികള്‍..

kochumol(കുങ്കുമം) said...

ഒരു ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന
അനുഭവങ്ങള്‍ ഹൃദയഹാരി ആയിരിക്കും .ഈ അനുഭവ കഥ എന്നെ വല്ലാതെ
സ്പര്‍ശിച്ചു .ആദരാഞ്ജലികള്‍

mydreams dear said...

ആദരാഞ്ജലികൾ.

Vp Ahmed said...

കുറഞ്ഞ വാക്കുകളില്‍ ഒരു വലിയ മനുഷ്യനെയും കുടുംബത്തെയും കൂടുതലായി മനസ്സിലാക്കി തന്നു. നന്ദി.

അനാമിക പറയുന്നത് said...

അതിഭാവുകത്വത്തിന്റെ തൊങ്ങലുകളില്ലാതെ ഒരു ഓര്‍മ്മക്കുറിപ്പ്‌ .

കൊച്ചുമുതലാളി said...

മാഷിന്റെ “അന്നം” എന്ന കവിത കേട്ടിട്ടുണ്ട്..വൈലോപ്പിള്ളിയെ കാണാന്‍ പോയി അവിടെ നിന്ന് ഭക്ഷണം കഴിച്ച കഥ.. ഇതും അതുപോലുള്ള ഒരു സംഭവം! ഈ സ്മരണാഞ്ജലി വളരെ നന്നായി!