Wednesday, 9 November, 2011

യുദ്ധകാണ്ഡം

ബാലചന്ദ്രൻ ചുള്ളിക്കാട്


ദണ്ഡകാരണ്യത്തിൽനിന്നും
വീണ്ടും കേൾക്കുന്നു രോദനം.
വനവാസികളെച്ചുട്ടു
മുടിക്കും രാജശാസനം.


ആറ്റിലും കാറ്റിലും നിത്യം
വിഷം ചേർക്കുന്ന ദുഷ്ടത.
ധാതുലോഹാദികൾക്കായ് ഭൂ
ഗർഭം കീറുന്ന വേദന.


ഋതുഭേദങ്ങളാൽക്കാവ്യം
രചിക്കും സാന്ദ്രകാനനം,
അദ്ധ്വാനംകൊണ്ടു സംസ്കാരം
തഴച്ച ധരണീതലം,


അതൊക്കെയും നശിപ്പിച്ചും
കൊള്ളയിട്ടും കലക്കിയും
ആഗോള ലോഭമൂർത്തിക്കു
ബലിയാകുന്നു ജീവിതം.


അഹിംസാബദ്ധമാം സത്യ
ഗ്രഹമേ വൃദ്ധസമ്മതം;
അതാണു ധർമ്മമെന്നത്രേ
ആർഷഭാരത പൈതൃകം.


ഉണ്ണാനില്ലാതെ ചാവുന്നോർ
ഉണ്ണാവ്രതമെടുക്കണോ?
എന്നു ചോദിച്ചു പൊങ്ങുന്നൂ
യൌവ്വനത്തിന്റെ ഗർജ്ജനം:


“ജീവിക്കാൻ സമ്മതിക്കാത്ത
നിയമം തുലയേണ്ടതാം.
ജീവിക്കാൻ സമ്മതിക്കാത്ത
ഭരണം തകരേണ്ടതാം.


എടുക്ക വില്ലും ശരവും
തോക്കും വാക്കും മനുഷ്യരേ,
നഷ്ടപ്പെടാൻ നമുക്കുള്ള-
താർക്കും വേണ്ടാത്ത ജീവിതം.”
-------------------------------------
(മാദ്ധ്യമം ആഴ്ച്ചപ്പതിപ്പ് ,2011 നവംബർ 7)

11 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എടുക്കണം,എല്ലാം ജീവിക്കുവാന്‍ വേണ്ടി മാത്രം...

നാമൂസ് said...

"അവകാശങ്ങള്‍
ആവശ്യമില്ലാത്ത'ലങ്കാരമത്രേ ..
അതിനാല്‍, പൊതുനന്മ ലാക്കാക്കി
ആ ഭാരവും ഞങ്ങളെടുത്തു മാറ്റുന്നു."

ഒരു ജനത ഒന്നായി നിന്ന് ഞങ്ങള്‍ ഭാരതത്തിലെ ആരാണെന്ന് ചോദിച്ചാല്‍ എന്തായിരിക്കും നമ്മുടെ ഉത്തരം .? പൗരന്മാര്‍ എന്നാണു ഉത്തരമെങ്കില്‍, പൗരാവകാശങ്ങളെ അവര്‍ ചോദിക്കുമ്പോള്‍ എന്ത് മറുപടിയാണ് നമ്മിലുള്ളത്..?

ഒന്നുറക്കെ കലിച്ചു കരയാനെങ്കിലുമാകുകില്‍, മനുഷ്യനെന്നഹങ്കരിക്കാമായിരുന്നു.!

രഘുനാഥന്‍ said...

അതെ വില്ലും ശരവും തോക്കും വാക്കും എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....

(ബാലേട്ടാ ..പോസ്റ്റിന്റെ ഫോണ്ട് അല്‍പ്പം കൂടെ വലുതാക്കുമോ..അതോ കുഴപ്പം എന്റെ കമ്പ്യൂട്ടറിലാണോ??)

ജയലക്ഷ്മി said...

അര്‍ത്ഥങ്ങള്‍ ഇല്ലാത്ത ജീവിതത്തില്‍ അതിലും അര്‍ത്ഥ ശൂന്യമാണ് ജീവിതം.പക്ഷെ ഈ ജീവിതം പോലും നഷ്ടപ്പെടുത്തുന്നത് ആര്‍ക്കു വേണ്ടി എന്നൊരു ചോദ്യം ഉണ്ടാവില്ലേ ഓരോ മനുഷ്യന്‍റെ മനസിലും?

അനാമിക പറയുന്നത് said...

pande karinja dandakaaranyam.chalanamatta gandeevam.ozhinja thooneeram.andhanaya rajaavu.karacharanadikal kettappetta prajakal.....

കൊമ്പന്‍ said...

ഉണ്ണാ നില്ലത്തവന്റെ ഉണ്ണാ വൃത്തം അല്ല ഇന്നിന്റെ ആവശ്യം
ദീന രോദനങ്ങള്‍ മുദ്രാ വാക്യങ്ങള്‍ ആവട്ടെ
ശോഷിച്ച ശരീരത്തിലെ മുഴച്ചു നിലക്കുന്ന എല്ലുകള്‍ വാരി കുന്തങ്ങള്‍ ആവട്ടെ

സീത* said...

മനുഷ്യൻ നശിപ്പിച്ച ഭൂമി...

mydreams dear said...

ആനുകാലിക വ്യഥകള്‍ കവിതയിലുടെ അനുഭവിക്കുന്നുണ്ട്

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി

Raman VR said...

"നഷ്ടപ്പെടാന് നമുക്കുള്ളതാര്ക്കും വേണ്ടാത്ത ജീവിതം" എന്നത് അയഥാര്‍ത്ഥവും നിരാശാഭരവുമല്ലേ? ഒരു പോരാട്ടത്തിനുള്ള ഊര്‍ജ്ജം കിട്ടാന്‍ അതുമതിയോ? ഒരു പതിറ്റാണ്ടായി ദണ്ഡകാരണ്യപരിസരത്താണ് എന്റെ ജീവിതം. അവിടെ ജീവിക്കുന്ന ആദിവാസിജനതക്ക് ജീവിതത്തോടുള്ള നിറഞ്ഞ കൂറും ആവേശവും പതിയെപ്പതിയെ നഷ്ടപ്പെടുത്തുന്ന സമീപനമാണ് അവിടെ ഭരണകൂടവും തത്പരകക്ഷികളും സ്വീകരിച്ചിട്ടുള്ളത്. ഉണ്ണാവ്രതം പല സന്ദര്‍ഭങ്ങളിലും ഒരു സേഫ്റ്റി വാള്‍വാണെന്നു സമ്മതിക്കുമ്പോഴും യുദ്ധമെന്ന പ്രതിരോധരീതിയോടു വിയോജിക്കാനേ എനിക്കു കഴിയുന്നുള്ളൂ. അതേസമയം മറ്റെല്ലാ രീതികളിലും ശക്തമായി ചെറുത്തുനില്പ്പു വേണം എന്ന് എന്റെ കാഴ്ചപ്പാട്. പിന്നെ, 'വനവാസികള്‍' എന്ന പ്രയോഗം: വൃത്തം ഒക്കുമ്പോഴും ആ വാക്കു വരുന്നത് ഇന്ത്യന്‍ മതമൌലികവാദത്തിന്റെയും സവര്‍ണ്ണചിന്തയുടെയും നിഖണ്ഡുവില്‍നിന്നല്ലേ?

ബാലചന്ദ്രൻ ചുള്ളിക്കാട് said...

@RVR:thank u. സ്വന്തം കവിതയെ ഞാൻ പ്രതിരോധിക്കാറില്ല. സ്വന്തം കവിതയെക്കുറിച്ച് ഒന്നും അവകാശപ്പെടാറുമില്ല.അതിനാൽ എന്റെ കവിതയെക്കുറിച്ചുള്ള അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായങ്ങളോട് പ്രതികരിക്കാറില്ല. രണ്ടിനും നന്ദി മാത്രം.