Monday, 14 November, 2011

സ്മൃതിനാശം

 ബാലചന്ദ്രൻ ചുള്ളിക്കാട്
എവിടെയോ പണ്ടു കണ്ടതാണീ മുഖം.
എവിടെയാണതെന്നോർമ്മകിട്ടുന്നില്ല.


കൊടിയ വേനലിൻ പാതയിൽ യൌവ്വനം
കൊടിപിടിച്ച ദിനങ്ങളിലാകണം,
തെരുവുതോറും ചരിത്രം നിണംകൊണ്ടു
ചുവരെഴുത്തു നടത്തുമ്പൊഴാകണം,
ഒരു സഖാവുമൊത്തന്നത്തെ രാത്രിയിൽ-
ക്കയറിവന്ന പെൺകുട്ടിയിലാകണം,


എവിടെയോ പണ്ടു കണ്ടതാണീ മുഖം.
എവിടെയാണെന്നൊരോർമ്മകിട്ടുന്നില്ല.


വിധവകൾക്കുള്ള പെൻഷൻ ലഭിക്കുവാൻ
വഴിതിരക്കി വന്നെത്തിയ പെങ്ങളേ,
കനലുകൾ കെട്ടുപോയ നിൻ കൺകളെ,
പണിയെടുത്തു പരുത്ത നിൻ കൈകളെ,
അരികു വാൽ‌പ്പുഴു തിന്ന കടലാസു
ചുരുളിലാണ്ട നിൻ ജീവിതരേഖയെ,
അറിവതെങ്ങനെ,യെല്ലാം മറക്കുവാൻ
നര കറുപ്പിച്ചു വാഴുമെൻ വാർദ്ധകം!
-----------------------------------

31 comments:

ഇഗ്ഗോയ് /iggooy said...

ഇല്ല ഓര്‍മ്മകിട്ടുന്നില്ല.

മുകിൽ said...

നല്ല കവിത.
വീണ്ടും മനസ്സിന്റെ ഉറവകളില്‍ കവിത നനയാന്‍ തുടങ്ങുന്നു എന്നതു സന്തോഷത്തോടെ കാണുന്നു.

സാബിദ മുഹമ്മദ്‌ റാഫി said...

സര്‍,
വളരെ നന്നായിരിക്കുന്നു..

ശ്രീനാഥന്‍ said...

ഈ ഓർത്തെടുക്കൽ നൊമ്പരമുണ്ടാക്കുന്നു, ചരിത്രം നിണം കൊണ്ട് ചുമരെഴുത്തു നടത്തിയ കാലത്തു നിന്നും കയറി വരുന്ന ഓർമകൾ.

ഞാന്‍ പുണ്യവാളന്‍ said...

നന്നായിട്ടുണ്ട് , ആശംസകള്‍

ചില പ്രണയ രഹസ്യങ്ങള്‍

മുല്ല said...

ഇങ്ങനെ ഇവിടെ കവിതകള്‍ കാണുമ്പോള്‍ ഒരു സന്തൊഷം. സാര്‍ പണ്ട് കോളേജിലൊക്കെ വന്ന് കവിത ചൊല്ലിയിരുന്നത് ഓര്‍മ്മ വരുന്നു.പിന്നെ ആ പഴയ ബാലനേയും..കുളിക്കാത്ത, പല്ലു തേക്കാത്ത, നഖം വെട്ടാത്ത, കള്ളു കുടിച്ച് പാതിരാത്രി വീട്ടില്‍ കയറി ചെന്ന് വിശക്കുന്നു എന്ന് പറഞ്ഞിരുന്ന ഒരാളെ..
ഇതൊക്കെ ഞാന്‍ വായിച്ചതാ‍ണു കേട്ടോ..കലാകൌമുദീല്‍,മാത്രുഭൂമിയില്‍ ഒക്കെ,സാറെഴുതിയത് അല്ലെങ്കില്‍ സാറിനെ പറ്റി മറ്റുള്ളവര്‍ എഴുതിയ കുറിപ്പുകള്‍.
അന്നൊക്കെ കവിത കടലാസ്സില്‍ എഴുതി ഉറക്കെ ചൊല്ലുകയായിരുന്നു നിങ്ങള്‍ അല്ലെ?
ഞാന്‍ വായിച്ചിട്ടുണ്ട് കടമ്മനിട്ടയുടെ വീട്ടില്‍ കവിതയും ചൊല്ലി പുരക്കു ചുറ്റും മണ്ടി നടന്നത്.ഇന്ന് ഇങ്ങനെ ഈ സൈബര്‍ ലോകത്ത് കവിത എഴുതി പോസ്റ്റ് ചെയ്യുമ്പോള്‍ എന്ത് തോന്നുന്നു ?

mydreams dear said...

നല്ല കവിത ....
ഓര്‍മ്മകള്‍ ദുഖാര്‍ദമായാല്‍
ഓര്‍മകളെ
ഓര്‍ക്കാതിരിക്കാന്‍ ഓര്‍മ്മികണം

സങ്കൽ‌പ്പങ്ങൾ said...

ഓർമ്മകൾ മാത്രമല്ലെ കൂട്ട്..
ആശംസകൾ...

Kalavallabhan said...

എവിടെയോ പണ്ടു കണ്ടതാണീമുഖം
ഇവിടെ ഇപ്പൊഴുമെൻ മനസ്സിലുണ്ടല്ലോ
കവിതകൾ പാടി കാലം കഴിച്ചൊരീ
കവിയെ മറന്നിടില്ല ഞാനൊരിക്കലും

പ്രയാണ്‍ said...

കവിത...........

Satheesan .Op said...

ഓര്‍മകളെ പോലെ മറവിയും ചിലപ്പോ പൊള്ളിക്കും അല്ലെ ...

നിതിന്‍‌ said...

നല്ല കവിത

വീണ്ടും മനസ്സിന്റെ കോണുകളില്‍
ഓര്‍മകളുടെ തിരയിളക്കം !

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കാവ്യസുഗന്ധം പ്രസരിക്കുന്ന ഈ വരികള്‍ മനസ്സിനെ കൊണ്ട് പോയത് പഴയ വായനാകാലത്തിലേക്ക്..

Manoraj said...

ഇവിടെ വീണ്ടും സജീവമായി കാണുന്നതില്‍ സന്തോഷം മാഷേ. കവിത മനോഹരമായി.

Sandeep.A.K said...

ഓര്‍മ്മയുണ്ടാമുഖം..
മറവിയില്‍ മറയ്ക്കുവാനാവാതെ പിന്നെ -യുമെന്നെ പിന്തുടരുന്നതെന്തേ നീയിപ്പൊഴും...

കവിത ഇഷ്ടായി...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി

മുരളി മേനോന്‍ (Murali K Menon) said...

എല്ലാം മറക്കുവാന്‍ നര കറുപ്പിച്ച് വാഴുമ്പോള്‍ മനുഷ്യന്‍ ഓര്‍ക്കേണ്ടത് എങ്ങനെ ഓര്‍ക്കും.
അസ്സലായി. ഭാവുകങ്ങള്‍!

‍ആയിരങ്ങളില്‍ ഒരുവന്‍ said...

സർ താങ്കളുടെ ബ്ലോഗിൽ ഇത് ആദ്യമാണ്.. താങ്കളുടെ കവിതകൾ വായിച്ചിട്ടുണ്ട്.. ഇവിടെയും സജീവമായിക്കാണുന്നതിൽ സന്തോഷം..!!

വരികൾ ഇഷ്ടമായി..

ഗുല്‍മോഹര്‍ said...

ഇല്ല ഓര്‍മ്മകിട്ടുന്നില്ല.

Manu Nellaya / മനു നെല്ലായ. said...

ഓര്‍മ്മകള്‍ നശിക്കുക ..ഒരു മരണമാണതു...ആ ''മരണം'' കൊലപാതകമാകാം....ആത്മഹത്യയുമാകാം... ശ്രീ -ചുള്ളിക്കാടിന്റെ ഈ കവിതയില്‍ എന്‍റെ ചില നിമിഷങ്ങളുടെ മരണവും ഞാന്‍ കണ്ടു....നന്ദി..

kochumol(കുങ്കുമം) said...

കവിത ഇഷ്ടായി മാഷേ ...

SASIKUMAR said...

വീണ്ടും താങ്കളെ കവിതപുൽകുന്നത്‌, കണ്ടു കണ്ട്‌ ഞങ്ങൾ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി

നന്ദന said...

എല്ലാം ഓർമ്മകൾ

ranji said...

നന്നായിട്ടുണ്ട് , ആശംസകള്‍

Rajeev Vasu said...

താങ്കളോടു് മനസ്സിലുണ്ടായിരുന്ന ദ്യേഷ്യം ഇപ്പോള്‍ കുറഞ്ഞു വരുന്നുണ്ടു..............

sangeetha said...

വളരെ nannaayirikkunnu....

ബാലചന്ദ്രൻ ചുള്ളിക്കാട് said...

Thanks to all

charvakam said...

വീണ്ടും കാണാനാവുന്നതിൽ സന്തോഷം

junemazha said...

കണ്ണുകള്‍ അടച്ച്
കണ്ടില്ലെന്നു നടിച്ച്
പടവിറങ്ങിപ്പോവുമുറക്കങ്ങള്‍
എത്ര രാവിന്റെ
വിഴുപ്പു ഭാണ്ടങ്ങളെ
തൂവെള്ളപ്പകലാക്കി
മാറ്റിയെടുത്തു.

മാഷേ അങ്ങയുടെ കാവ്യജീവിതത്തിനു
യൌവനം ആശംസിക്കുന്നു.....

ninuk86@gmail.com

കൊട്ടോട്ടിക്കാരന്‍... said...

ഓർമ്മകളിൽ എല്ലാം ബാക്കിയാക്കി വയ്ക്കുന്നുണ്ട്...