Friday 24 June 2011

ഒരു ഇടവേള

ബാലചന്ദ്രൻ ചുള്ളിക്കാട്


സീരിയൽ ഷൂട്ടിംഗിനാണു ഭ്രാന്താശുപത്രിയിൽ ചെന്നത്. ഒഴിവുസമയത്തു ഞാൻ മനോരോഗികളുടെ ലോകം ചുറ്റിനടന്നു കണ്ടു.
മരണം ഭേദമാണ്. മനോരോഗമാണു ഭയാനകം.
പെട്ടെന്ന് ഒരു പാട്ടു കേട്ടു- താമരക്കുമ്പിളല്ലോ മമഹൃദയം!
അപകടകാരികളായ രോഗികൾക്കുള്ള ഏകാന്തത്തടവറയുടെ ജാലകപ്പടിയിൽ കയറിയിരുന്ന് ഒരു യുവതി പാടുകയാണ്.മധുരമായ ശബ്ദം. ഞാൻ നിന്നു.
“എന്റെ പാട്ട് ഇഷ്ടമായോ ചേട്ടാ? ”
“ഇഷ്ടമായി.”
അവൾ പാട്ടു തുടർന്നു.
“നിർത്തെടീ”
ഒരു അലർച്ച.
തടിച്ചിവാർഡൻ!
“ഇറങ്ങെടീ”
യുവതി പേടിച്ച് ചാടിയിറങ്ങി തടവറയുടെ ഇരുട്ടിൽ മറഞ്ഞു.
വാർഡൻ സഹതാപത്തോടെ എന്നോടു പറഞ്ഞു.“ കഷ്ടമാ സാറെ. ഭർത്താവിനോടു വഴക്കിട്ട് സമനിലതെറ്റി. ഒറങ്ങിക്കെടന്ന സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ രണ്ടിനേം വാക്കത്തിക്കു കണ്ടം തുണ്ടം വെട്ടിയരിഞ്ഞു കൊന്നു. നാലു ദിവസമായി ഇവിടെ എത്തിയിട്ട്.”
-----/ /-----

Tuesday 21 June 2011

യുവകവികൾക്ക് ആശംസ.

ബാലചന്ദ്രൻ ചുള്ളിക്കാട്


(ഇക്കഴിഞ്ഞ ജൂൺ 19 നു തിരുവനന്തപുരത്തു യുവകവികളുടെ കൂട്ടായ്മ ഉണ്ടായി. അവരുടെ യ ര ല വ എന്ന കവിതാമാസികയുടെ ആദ്യലക്കം പ്രകാശിപ്പിക്കാൻ എന്നെ ക്ഷണിച്ചിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങൾ മൂലം പോകാൻ കഴിഞ്ഞില്ല. പകരം ആശംസ നൽകി.)
അസുഖം മൂലം പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ വന്നതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.പുതിയകവികളുടെ കൂട്ടായ്മയായ യ ര ല വ യുടെ പുതിയ സംരംഭത്തിന് എല്ലാ ആശംസകളും.


മലയാള കവിതയിലെ ഏറ്റവും പുതിയ തലമുറയെ ഒരു പഴയ കവിഎന്ന നിലയിൽ ഞാൻ അഭിവാദ്യം ചെയ്യുന്നു. കവിതയിൽ ഓരോ തലമുറയും അവരുടേതായ ഭാഷയും ഭാവുകത്വവും സൃഷ്ടിക്കുന്നു.പഴയ തലമുറകളെയല്ല,സ്വന്തം തലമുറയെയാണ് പുതിയ കവി അഭിസംബോധന ചെയ്യുന്നത്.പുതിയ കവിത പുതിയ വായനക്കാരെ സൃഷ്ടിക്കണം.എന്നെപ്പോലുള്ള പഴയ കവികളുടെയോ പഴയ കാവ്യാസ്വാദകരുടെയോ അംഗീകാരം പുതിയ കവിതയ്ക്ക് ആവശ്യമേയില്ല. കാരണം പുതിയ കവിത മനസ്സിലാക്കാനും ഉൾക്കൊള്ളാനും എന്നെപ്പോലുള്ളവർക്കു കഴിഞ്ഞില്ലെന്നു വരും. യുവത്വത്തെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും വാർദ്ധക്യത്തിനു പരിമിതികളുണ്ടാവും. മദ്ധ്യവയസ്സായിട്ടും യുവകവിപ്പട്ടം നിലനിർത്താനും യുവകവികളുടെ രക്ഷകർത്താക്കളാകാനും അവരുടെ ആചാര്യപദവി നേടാനും മത്സരിക്കുന്ന കുബുദ്ധികളായ പഴങ്കവികളുടെ കൂട്ടത്തിൽ ഞാൻ ഇല്ല.എന്റെ കവിതയുടെയും ഭാവുകത്വത്തിന്റെയും പഴമയെ വിനയപൂർവ്വം അംഗീകരിച്ചുകൊണ്ട് ഞാൻ മാറിനിൽക്കുന്നു.മലയാളത്തിലെ യുവകവിതയുടെ ഊർജ്ജസ്വലമായ സർഗ്ഗാത്മകതയെ തുറന്ന മനസ്സോടെ അഭിവാദ്യം ചെയ്യുന്നു.


-------------------------

Sunday 5 June 2011

ഫെദെറികൊ ഗാർസിയ ലോർകയുടെ രണ്ടു കവിതകൾ

വിവർത്തനം: ബാലചന്ദ്രൻ ചുള്ളിക്കാട്

ഞാൻ മരിക്കുമ്പോൾ
----------------
ഞാൻ മരിക്കുമ്പോൾത്തുറന്നിടൂ ജാലകം.
നാരങ്ങ തിന്നുന്ന കുട്ടിയെക്കാണട്ടെ.

ഞാൻ മരിക്കുമ്പൊഴാ വാതിൽ തുറന്നിടൂ
പാടത്തു കൊയ്ത്തുകാർ പാടുന്ന കേൾക്കട്ടെ.


ഞാൻ മരിക്കുമ്പൊഴീ ലോകം തുറന്നിടൂ.

---------------നിശാഗീതം
-----------------


മരണം വന്നുപോകുന്നു
മദ്യശാലയിലെപ്പൊഴും.


കരിം‌കുതിരകൾക്കൊപ്പം
ദുഷ്ടരായ മനുഷ്യരും
തിങ്ങിക്കടന്നുപോകുന്നൂ
ഗിഥാറിൻ താഴ്ന്ന പാതയിൽ.


കടൽത്തീരത്തു കാറ്റത്തു
വിറയ്ക്കും പൂത്തപൊന്തയിൽ
മണക്കുന്നുണ്ടൊരേപോലെ
ഉപ്പും പെണ്ണിന്റെ ചോരയും.


മൃത്യു കേറിയിറങ്ങുന്നു
മദ്യശാലയിലെപ്പൊഴും.


-------------