Sunday, 3 June, 2012

അമ്മബാലചന്ദ്രൻ ചുള്ളിക്കാട്

അമ്മയ്ക്ക്  അർബ്ബുദമാണെന്നു കേട്ടു.
അമ്മയെ കണ്ടിട്ട്  ഏറെക്കാലമായി.
സ്വപ്നത്തിൽ‌പോലും കാണാറില്ല. ഓർക്കാറുമില്ല.


ഞാൻ ചെല്ലുമ്പോൾ  കട്ടിലിൽ തലയണകൾ ഉയർത്തിവെച്ച്  ചാരിക്കിടക്കുകയാണ്  അമ്മ. അരികിൽ ചില അയൽക്കാരികൾ ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ അമ്മ നീരസത്തോടെ ചോദിച്ചു:
പത്രത്തിലും ടി.വി.യിലുമൊന്നും വാർത്ത കൊടുത്തിരുന്നില്ലല്ലൊ. പിന്നെങ്ങനെ അറിഞ്ഞു?”


ഞാൻ മിണ്ടിയില്ല.


ആരും ഒന്നും മിണ്ടിയില്ല.


അസഹ്യമായ നിശ്ശബ്ദത.


അല്പം കഴിഞ്ഞ് അമ്മയുടെ ശിരസ്സിൽ സ്പശിച്ചുകൊണ്ടു ഞാൻ ചോദിച്ചു:
വേദനയുണ്ടോ?”
ഒരു പരിഹാസച്ചിരിയോടെ എന്റെ കൈ മെല്ലെ എടുത്തു മാറ്റി അമ്മ പറഞ്ഞു:
നീ കാ‍രണം സഹിച്ച വേദനകൾ  ഓർക്കുമ്പൊ ഇതൊന്നും ഒരു വേദനയല്ല.
 അയൽക്കാരികൾ വിഷമത്തോടെ പരസ്പരം നോക്കി.


ഞാൻ മിണ്ടാതെ ഇറങ്ങിപ്പോന്നു.


കുറെനാൾ കഴിഞ്ഞു. അമ്മ തീരെ അവശയാണെന്നു കേട്ടു.
വീണ്ടും ഞാൻ ചെന്നു.അമ്മയുടെ അരികിലിരുന്നു. ശോഷിച്ച കൈകളിൽ സ്പർശിച്ചു.അമ്മ എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.എനിക്കു പേടിയായി.
ക്ഷീണിച്ച സ്വരത്തിൽ അമ്മ പറഞ്ഞു:
ഞാൻ ചാവാറായോ എന്ന്  ഇടയ്ക്കിടയ്ക്കിങ്ങനെ വന്നു നോക്കണംന്നില്ല. ധൃതിപിടിച്ചിട്ട് ഒരു കാര്യവുമില്ല. സമയമാകുമ്പൊഴേ മരിക്കൂ.


ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങിപ്പോന്നു.


ഒരു ദിവസം വെളുപ്പാൻ കാലത്തു ഫോൺ വന്നു.
അമ്മ മരിച്ചു.
എന്തൊരാശ്വാസം!


അമ്മയെ അവസാനമായി കാണാൻ ഞാൻ ചെന്നു.
കോടിപുതച്ചു കിടക്കുന്നു.
ഞാൻ അല്പനേരം കാൽക്കൽ നിശ്ശബ്ദനായി നിന്നു.


കുറച്ചു പണം അനിയത്തിയുടെ കയ്യിൽ വെച്ചുകൊടുത്തു ശബ്ദംതാഴ്ത്തി പറഞ്ഞു:
ശവസംസ്കാരത്തിന്. എന്റെ വക.
    “ഏട്ടൻ ഒന്നിനും നിൽക്കണില്ലല്ലെ?” അവൾ ചോദിച്ചു.
ല്ല.ഞാ‍ൻ ഒന്ന് ഇടറി.
അവൾ വിഷാദത്തോടെ ചിരിച്ചു.
അവൾക്കെന്നെ അറിയാം.


ഞാൻ നേരെ ആലുവാമണപ്പുറത്തു വന്നു.
ആൽത്തറയിൽ ഇരുന്നു.
പ്രഭാതമായി.
മുന്നിൽ നദിയുടെ വായ്ത്തല തിളങ്ങി.
ഉച്ചയായി.
സന്ധ്യയായി.


ഞാൻ നദിയിൽ മുങ്ങിക്കുളിച്ചു.
വസ്ത്രങ്ങൾ പിഴിഞ്ഞുടുത്തു.
തിരിച്ചുപോരുമ്പോൾ മനസ്സു ശൂന്യമായിരുന്നു.
----------------------------------

33 comments:

പടന്നക്കാരൻ ഷബീർ said...

ഇതിനി ലേഖനം എന്ന ലേബല്‍ ചേരുമോ ??

Anonymous said...

അമ്മയെ സ്നേഹിക്കുന്ന എല്ലാവര്ക്കും മനസ്സില്‍ ഒരു തീരനോമ്പരം തരുന്നുണ്ട് ഈ കവിത .....അമ്മയെ കൂടുതല്‍ സ്നേഹിക്കാന്‍ തോന്നുന്നു ..മാഷിനു നന്ദി

കൊച്ചുമുതലാളി said...

ഒരമ്മയ്ക്ക് മകന്റെ സ്നേഹത്തോട് യാതൊരു പ്രതീക്ഷയുമില്ലാത്ത ദുരവസ്ഥ! ബന്ധങ്ങള്‍ വിലങ്ങുതടികളാണെന്നും തോന്നുന്നതും ദുരവസ്ഥയാണ്.

ആശംസകള്‍!

Raihana said...

എത്ര അകന്നാലും ഒന്നിനും പകരം വെക്കാന്‍ ആവാത്ത ഒന്നാണ് "അമ്മ "

മനസ്സില്‍ ഒരായിരം സ്നേഹങ്ങള്‍ കൊണ്ട് കൈപിടിച്ച് നടത്തിയ ത്വേജ്ജെസ്സി

മാഷിന്റെ അവതരണം നന്നായി ...ഒരമ്മക്കും ഭൂമില്‍ ദുര്‍ഗതി ഇല്ലാണ്ടിരിക്കട്ടെ....!

Suma Rajeev said...

“നീ കാ‍രണം സഹിച്ച വേദനകൾ ഓർക്കുമ്പൊ ഇതൊന്നും ഒരു വേദനയല്ല.” വേദന സഹിച്ചല്ലേ എല്ലാ അമ്മമാരും കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം കൊടുക്കുന്നത്. ഇന്നത്തെ കാലത്ത് എല്ലാ അമ്മമാരിലും ഇത്തരം ഒരു വേദനയും പരിഭവവും ഒക്കെ ഉണ്ട്..
ഒരുപാടിഷ്ടം ആയി ഈ 'അമ്മ' ..

Satheesan .Op said...

രണ്ടക്ഷരങ്ങള്‍ കൊണ്ട് ,അര്‍ത്ഥമളക്കാനാവാത്ത , ഒരു കവിത.

vasanthalathika said...

Touching...

T.U.ASOKAN said...

ഒരുവാക്കുമോരാതെ,യൊരുനാളിലെന്നമ്മ
മൃതിദേവതയ്ക്കൊപ്പ,മങ്ങുപോകേ
പുകയുന്നനെഞ്ചകം പുറമേക്കു കാട്ടാതെ
ഒരുജ്വാലാമുഖിപോലെ നിന്നിതച്ഛന്‍....
ചിലനേര,മമ്മതന്നോര്‍മ്മയിലെന്മിഴി
നിറയുന്നകാണ്‍കേ,യടുത്തുവന്നെന്‍
മുഖമൊറ്റമുണ്ടിന്റെകോന്തലാ,ലൊപ്പുവാന്‍
മുതിരുന്നൊ,രച്ഛനെന്‍ മുന്നിലുണ്ട്....
അവര്‍ രണ്ടുപേരുമിന്നില്ല ഞാനേക,നെന്‍-
വഴിയരിക്കവര്‍തന്ന സ്മരണയുണ്ട്....

കുഞ്ഞൂസ് (Kunjuss) said...

സ്നേഹത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ ദേഷ്യവും സങ്കടവുമായി പരിണമിക്കുന്നു... ഉള്ളില്‍ തടയണ കെട്ടി നിര്‍ത്തിയ സ്നേഹക്കടല്‍ അങ്ങിനെ പുറത്തേക്കൊഴുകുന്നു...!

ആ അമ്മക്കെന്റെ പ്രണാമം.

ദിയ , തൃശ്ശിവപേരൂര്‍ said...

ഓര്‍മ്മക്കും സ്വപ്നത്തിനുമപ്പുറം
മൂര്‍ദ്ദാവില്‍ കിനിഞ്ഞിറങ്ങിയ,
വാത്സല്യത്തിന്റെ നനവ്

ഇപ്പൊപ്പിറന്നുവീണ കുഞ്ഞിനെപ്പോലെ
എന്റെ വരണ്ട ചുണ്ടുകള്‍,
നിന്റെ നെഞ്ചില്‍ ചുരന്ന സ്നേഹത്തിനു ദാഹിച്ചു.

അകലങ്ങളില്‍,
എന്നെയോര്‍ത്തു നനഞ്ഞ നിന്‍-
മിഴികളെനിക്കോര്‍മ്മകളെ മടക്കിത്തന്നു.

പനിക്കിടക്കയില്‍,
ആര്‍ത്തുപെയ്തൊരു താളം കാതോര്‍ത്ത്,
കുളിരിന്റെ സൂചിക്കുത്തുകളേറ്റുവാങ്ങി-
ക്കിടന്ന നിമിഷവേഗങ്ങളില്‍,
സിരകളില്‍ പൊള്ളുന്നൊരോര്‍മ്മയായ്
സ്നേഹസ്പര്‍ശങ്ങള്‍.

ഞെട്ടറ്റ മോഹങ്ങള്‍
കണ്ണില്‍ നൈരാശ്യമായ്
ഉറഞ്ഞുതുള്ളുമ്പഴും,

കെട്ടുപോം പ്രതീക്ഷയില്‍,
അടുക്കളപ്പടികളില്‍
ഒറ്റക്കിരുന്നു മിഴിവാര്‍ക്കുമ്പഴും

വിട്ടുപോം സ്നേഹം
കൈയെത്തിപ്പിടിക്കാനാഞ്ഞ്
തളര്‍ന്നു വീഴുമ്പഴും

പൊട്ടിത്തെറിച്ചു,
വാക്കുകള്‍ അലക്ഷ്യമായ്
വലിച്ചെറിയുമ്പഴും

മക്കളേയെന്നോര്‍ത്തു കരളില്‍
നീറിപ്പിടിക്കുന്ന ദു:ഖം.

ഓര്‍മ്മയില്‍ പിടയുന്നു പിന്നെയും
എന്നോ കേട്ടു മറന്ന വാക്കുകള്‍

“കുപുത്രന്മാരേറെയുണ്ടാകാം
കുമാതാക്കളുണ്ടായിട്ടില്ലിതേവരെ”

ജഗദീശ്.എസ്സ് said...

അമ്മയോടുള്ള അകല്‍ച്ച ഒരു നിമിഷം ഉണ്ടായതല്ലല്ലോ. ദീര്‍ഘകാലമായി ഉണ്ടായിരുന്നു അത്. അപ്പോള്‍ അത് ഇല്ലാതായി എന്നത്കൊണ്ട് ഒരു ആശ്വാസം തോന്നണ്ട കാര്യമില്ല. അതുപോലെ ഇല്ലാത്ത ഒന്ന് ഇല്ലാതായപ്പോള്‍ ശൂന്യതയും ഉണ്ടാകേണ്ട.

moideen angadimugar said...

വായിച്ചു കണ്ണുനിറഞ്ഞു.
അനുഭവമാണോ മാഷേ ഇത് ?

Information Technology Trends said...

really an amazing post to read.

Rare Rose said...

:(
എന്തോ എനിക്കെന്റെ അമ്മൂമ്മേം,അമ്മാവനേം ഓര്‍മ്മ വന്നു.ഇതേ പോലുള്ള നിമിഷങ്ങള്‍ മുന്നേ കണ്ടതോണ്ടാവും..

ശ്രീനാഥന്‍ said...

നേരത്തെ വായിച്ചിരുന്നു. ഒന്നും പറയാതെ എല്ലാം പറഞ്ഞപോലെ. എനിക്കിതു കവിത.

ഏറനാടന്‍ // Eranadan said...

അമ്മ തന്‍ നെഞ്ചിന്‍
നെരിപ്പോടില്‍ നിന്നും
പന്തം കൊളുത്തി
പിറന്നവനാണ് നീ..

വേണു venu said...

ഒളിച്ചോട്ടം.!.

അവന്തിക ഭാസ്ക്കര്‍ said...

അര്‍ബുദം എനിക്കായിരുന്നു. അര്‍ബുദത്തിന്റെ പേരായിരുന്നു അമ്മ.
തിരിച്ചുപോരുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നുവോ?
അതോ അമ്മയെന്ന അര്‍ബുദം ഇപ്പോഴും ബാക്കിയാവുന്നുവോ?
ഏതു നദിയില്‍ കുളിച്ചാലും മാറാത്ത അര്‍ബുദം...
- അവന്തിക

M.A Bakar said...

നിഷ്ടൂരമായ കാലത്തെ ഔപചാരിക ആത്മബന്ധങ്ങള്‍... മനസ്സ്‌ മുറിഞ്ഞുടഞ്ഞു..

സന്തോഷ്‌ പല്ലശ്ശന said...

ഓരോ വരികളും ഭൂഗുരത്വബലംപോലെ...

M.SANG .. said...

enthanu parayuka ee mobile kalathu

വിചാരം said...

മനസ്സിന്റെ വേദനകളാണ് കവിത എങ്കില്‍ ... ഈ കവിത എന്റെ ചിന്ത, എന്റെ മനസിനെ വേദനിപ്പിച്ചു.

Gopan Kumar said...

വായനയില്‍ നിന്നും വേദന ബാക്കിയാക്കി അമ്മയുടെ യാത്ര ഹൃദ്യമായി

ആശംസകള്‍

എന്റെ ചെറിയ ചിന്തകള്‍
http://admadalangal.blogspot.com/

kaattu kurinji said...

എപ്പൊഴും ഇങ്ങനെയാണ്..സ്നേഹത്തിന്റെ അര്‍ത്ഥവും അര്‍ത്ഥ ശൂന്യതയും മാഷ്‌ കുടഞ്ഞിട്ടു തരും.. Regina

Vinodkumar Thallasseri said...

അമ്മ ഒരു നൊമ്പരത്തിണ്റ്റെ നീറ്റല്‍

kochumol(കുങ്കുമം) said...

അമ്മയെ പറ്റി എത്ര പറഞ്ഞാലും തീരില്ല..
മനസ്സിനെ സ്പര്‍ശിച്ചു..
അവതരണം നന്നായിട്ടുണ്ട് മാഷേ ..

sumesh vasu said...

ഹ്യദയത്തിൽ തട്ടീ സർ

ഷാരോണ്‍ said...

എനിക്ക് മനസിലാവില്ല..പ്രകടിപ്പിക്കാത്ത സ്നേഹത്തെ...

sangeetha said...

vedanichu oru nimisham swayam...

in coffeehouse,on a rainy day said...

ഹൃദയത്തില്‍ പതിയുന്ന മുറിവുകള്‍ എന്നും ഉണങ്ങാത്ത ഓര്‍മയാണ് ...
മനസിലെ ഒരു നീറ്റലായി അത് എന്നും അവിടെ ശേഷിക്കും ...
നല്ല സ്നേഹബന്ധങ്ങള്‍ നിലനില്‍ക്കുന്ന നാളെക്കായി നമുക്ക് സ്വപ്നം കാണാം

dinumudra said...

manassil neeripukanju ninnirunnathellaam puratheduthu, alle?

dinumudra said...

manassil neeripukanju ninnirunnathellaam puratheduthu, alle?

DHANYA said...

AMMA UDE VEADANAYIL NIRI JEEVIKKAN KAZHIGAL PACHATHABAMAI.MANASINTTEA KONNILLEAVIDEYO THATTI.......DHANYA PNR COLLEG