Thursday, 21 June, 2012

മഴ

ബാലചന്ദ്രൻ ചുള്ളിക്കാട്


ഒരു മഴപ്പൊടി നിന്റെ കൺപീലിയിൽ
സ്ഫടികബിന്ദുപോൽ മിന്നിത്തിളങ്ങുന്നു.
അതിലൊരായിരം ദീപങ്ങൾ കത്തുമെൻ
പ്രണയതാരകക്ഷേത്രം വിളങ്ങുന്നു!

‌‌‌----------------------------------------

Sunday, 3 June, 2012

അമ്മബാലചന്ദ്രൻ ചുള്ളിക്കാട്

അമ്മയ്ക്ക്  അർബ്ബുദമാണെന്നു കേട്ടു.
അമ്മയെ കണ്ടിട്ട്  ഏറെക്കാലമായി.
സ്വപ്നത്തിൽ‌പോലും കാണാറില്ല. ഓർക്കാറുമില്ല.


ഞാൻ ചെല്ലുമ്പോൾ  കട്ടിലിൽ തലയണകൾ ഉയർത്തിവെച്ച്  ചാരിക്കിടക്കുകയാണ്  അമ്മ. അരികിൽ ചില അയൽക്കാരികൾ ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ അമ്മ നീരസത്തോടെ ചോദിച്ചു:
പത്രത്തിലും ടി.വി.യിലുമൊന്നും വാർത്ത കൊടുത്തിരുന്നില്ലല്ലൊ. പിന്നെങ്ങനെ അറിഞ്ഞു?”


ഞാൻ മിണ്ടിയില്ല.


ആരും ഒന്നും മിണ്ടിയില്ല.


അസഹ്യമായ നിശ്ശബ്ദത.


അല്പം കഴിഞ്ഞ് അമ്മയുടെ ശിരസ്സിൽ സ്പശിച്ചുകൊണ്ടു ഞാൻ ചോദിച്ചു:
വേദനയുണ്ടോ?”
ഒരു പരിഹാസച്ചിരിയോടെ എന്റെ കൈ മെല്ലെ എടുത്തു മാറ്റി അമ്മ പറഞ്ഞു:
നീ കാ‍രണം സഹിച്ച വേദനകൾ  ഓർക്കുമ്പൊ ഇതൊന്നും ഒരു വേദനയല്ല.
 അയൽക്കാരികൾ വിഷമത്തോടെ പരസ്പരം നോക്കി.


ഞാൻ മിണ്ടാതെ ഇറങ്ങിപ്പോന്നു.


കുറെനാൾ കഴിഞ്ഞു. അമ്മ തീരെ അവശയാണെന്നു കേട്ടു.
വീണ്ടും ഞാൻ ചെന്നു.അമ്മയുടെ അരികിലിരുന്നു. ശോഷിച്ച കൈകളിൽ സ്പർശിച്ചു.അമ്മ എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.എനിക്കു പേടിയായി.
ക്ഷീണിച്ച സ്വരത്തിൽ അമ്മ പറഞ്ഞു:
ഞാൻ ചാവാറായോ എന്ന്  ഇടയ്ക്കിടയ്ക്കിങ്ങനെ വന്നു നോക്കണംന്നില്ല. ധൃതിപിടിച്ചിട്ട് ഒരു കാര്യവുമില്ല. സമയമാകുമ്പൊഴേ മരിക്കൂ.


ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങിപ്പോന്നു.


ഒരു ദിവസം വെളുപ്പാൻ കാലത്തു ഫോൺ വന്നു.
അമ്മ മരിച്ചു.
എന്തൊരാശ്വാസം!


അമ്മയെ അവസാനമായി കാണാൻ ഞാൻ ചെന്നു.
കോടിപുതച്ചു കിടക്കുന്നു.
ഞാൻ അല്പനേരം കാൽക്കൽ നിശ്ശബ്ദനായി നിന്നു.


കുറച്ചു പണം അനിയത്തിയുടെ കയ്യിൽ വെച്ചുകൊടുത്തു ശബ്ദംതാഴ്ത്തി പറഞ്ഞു:
ശവസംസ്കാരത്തിന്. എന്റെ വക.
    “ഏട്ടൻ ഒന്നിനും നിൽക്കണില്ലല്ലെ?” അവൾ ചോദിച്ചു.
ല്ല.ഞാ‍ൻ ഒന്ന് ഇടറി.
അവൾ വിഷാദത്തോടെ ചിരിച്ചു.
അവൾക്കെന്നെ അറിയാം.


ഞാൻ നേരെ ആലുവാമണപ്പുറത്തു വന്നു.
ആൽത്തറയിൽ ഇരുന്നു.
പ്രഭാതമായി.
മുന്നിൽ നദിയുടെ വായ്ത്തല തിളങ്ങി.
ഉച്ചയായി.
സന്ധ്യയായി.


ഞാൻ നദിയിൽ മുങ്ങിക്കുളിച്ചു.
വസ്ത്രങ്ങൾ പിഴിഞ്ഞുടുത്തു.
തിരിച്ചുപോരുമ്പോൾ മനസ്സു ശൂന്യമായിരുന്നു.
----------------------------------

Tuesday, 14 February, 2012

ഒന്നും പറഞ്ഞില്ല.

 ബാലചന്ദ്രൻ ചുള്ളിക്കാട്


ഒന്നും പറഞ്ഞില്ലിതേവരെ നീ- ഇതാ
നമ്മെക്കടന്നുപോകുന്നൂ മഴകളും
മഞ്ഞും വെയിലും വിഷാദവർഷങ്ങളും.
ഒന്നും പറഞ്ഞില്ലിതേവരെ നീ - എന്റെ
കണ്ണടയാറായ്, നിലാവസ്തമിക്കയായ്.
------------------------------------------------
ഇന്നു വാലന്റയിൻസ്  ദിനം.

Monday, 14 November, 2011

സ്മൃതിനാശം

 ബാലചന്ദ്രൻ ചുള്ളിക്കാട്
എവിടെയോ പണ്ടു കണ്ടതാണീ മുഖം.
എവിടെയാണതെന്നോർമ്മകിട്ടുന്നില്ല.


കൊടിയ വേനലിൻ പാതയിൽ യൌവ്വനം
കൊടിപിടിച്ച ദിനങ്ങളിലാകണം,
തെരുവുതോറും ചരിത്രം നിണംകൊണ്ടു
ചുവരെഴുത്തു നടത്തുമ്പൊഴാകണം,
ഒരു സഖാവുമൊത്തന്നത്തെ രാത്രിയിൽ-
ക്കയറിവന്ന പെൺകുട്ടിയിലാകണം,


എവിടെയോ പണ്ടു കണ്ടതാണീ മുഖം.
എവിടെയാണെന്നൊരോർമ്മകിട്ടുന്നില്ല.


വിധവകൾക്കുള്ള പെൻഷൻ ലഭിക്കുവാൻ
വഴിതിരക്കി വന്നെത്തിയ പെങ്ങളേ,
കനലുകൾ കെട്ടുപോയ നിൻ കൺകളെ,
പണിയെടുത്തു പരുത്ത നിൻ കൈകളെ,
അരികു വാൽ‌പ്പുഴു തിന്ന കടലാസു
ചുരുളിലാണ്ട നിൻ ജീവിതരേഖയെ,
അറിവതെങ്ങനെ,യെല്ലാം മറക്കുവാൻ
നര കറുപ്പിച്ചു വാഴുമെൻ വാർദ്ധകം!
-----------------------------------

Wednesday, 9 November, 2011

യുദ്ധകാണ്ഡം

ബാലചന്ദ്രൻ ചുള്ളിക്കാട്


ദണ്ഡകാരണ്യത്തിൽനിന്നും
വീണ്ടും കേൾക്കുന്നു രോദനം.
വനവാസികളെച്ചുട്ടു
മുടിക്കും രാജശാസനം.


ആറ്റിലും കാറ്റിലും നിത്യം
വിഷം ചേർക്കുന്ന ദുഷ്ടത.
ധാതുലോഹാദികൾക്കായ് ഭൂ
ഗർഭം കീറുന്ന വേദന.


ഋതുഭേദങ്ങളാൽക്കാവ്യം
രചിക്കും സാന്ദ്രകാനനം,
അദ്ധ്വാനംകൊണ്ടു സംസ്കാരം
തഴച്ച ധരണീതലം,


അതൊക്കെയും നശിപ്പിച്ചും
കൊള്ളയിട്ടും കലക്കിയും
ആഗോള ലോഭമൂർത്തിക്കു
ബലിയാകുന്നു ജീവിതം.


അഹിംസാബദ്ധമാം സത്യ
ഗ്രഹമേ വൃദ്ധസമ്മതം;
അതാണു ധർമ്മമെന്നത്രേ
ആർഷഭാരത പൈതൃകം.


ഉണ്ണാനില്ലാതെ ചാവുന്നോർ
ഉണ്ണാവ്രതമെടുക്കണോ?
എന്നു ചോദിച്ചു പൊങ്ങുന്നൂ
യൌവ്വനത്തിന്റെ ഗർജ്ജനം:


“ജീവിക്കാൻ സമ്മതിക്കാത്ത
നിയമം തുലയേണ്ടതാം.
ജീവിക്കാൻ സമ്മതിക്കാത്ത
ഭരണം തകരേണ്ടതാം.


എടുക്ക വില്ലും ശരവും
തോക്കും വാക്കും മനുഷ്യരേ,
നഷ്ടപ്പെടാൻ നമുക്കുള്ള-
താർക്കും വേണ്ടാത്ത ജീവിതം.”
-------------------------------------
(മാദ്ധ്യമം ആഴ്ച്ചപ്പതിപ്പ് ,2011 നവംബർ 7)

Sunday, 23 October, 2011

വിട


ബാലചന്ദ്രൻ ചുള്ളിക്കാട്ഒരുപാടുകാലം മുമ്പാണ്.
എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് അവശനായി ഒരു പാതിരാത്രിയിൽ ഞാൻ കൊല്ലം തേവള്ളിയിൽ കാക്കനാടന്റെ പഴയ വാടകവീട്ടിൽ എത്തി. വിളക്കുകൾ അണഞ്ഞിരുന്നു. എല്ലാവരും കിടന്നുകഴിഞ്ഞു. ആരെയും ഉണർത്തേണ്ട എന്നു കരുതി ഞാൻ തിണ്ണയിൽ കിടക്കാൻ ഒരുങ്ങി. ഒരു കസാലയിൽ കൈ തട്ടി. ശബ്ദം കേട്ട് അകത്തു നിന്നും അമ്മിണിച്ചേച്ചി വിളിച്ചു ചോദിച്ചു:
‘ആരാ?’
‘ഞാനാ ചേച്ചീ. ബാലൻ’
‘നീ വല്ലോം കഴിച്ചോ?’
‘ഇല്ല.
‘വാതിൽ പൂട്ടിയിട്ടില്ല.മേശപ്പൊറത്ത് ചോറിരിപ്പൊണ്ട്. ഞങ്ങളിപ്പം കെടന്നേയൊള്ളൂ.’


                                      ഞാൻ അകത്തു കയറി.ലൈറ്റിട്ടു.മേശപ്പുറത്തു ചോറും കറിയും! വിശന്നു പ്രാണൻ കത്തുന്നുണ്ടായിരുന്നു. ആർത്തിയോടെ തിന്നു.വെള്ളം കുടിച്ചു.ആകെ തളർന്നുപോയി.നിലത്തു ചുരുണ്ടു.കണ്ണടച്ചതേ ഓർമ്മയുള്ളു.


പിറ്റേന്ന് ഞാൻ അത്ഭുതത്തോടേ ചോദിച്ചു:
‘ഞാൻ രാത്രി വരുമെന്ന് അമ്മിണിച്ചേച്ചി എങ്ങനെ അറിഞ്ഞു?’
ചേച്ചി ചിരിച്ചുകൊണ്ടു പറഞ്ഞു:
‘നിന്നെപ്പോലെ ആരെങ്കിലുമൊക്കെ പാതിരായ്ക്കു കേറിവരുമല്ലൊ.ഇവിടുത്തെ ബഹളമൊക്കെ തീർന്നു കെടന്നാപ്പിന്നെ എനിക്ക് ഇടയ്ക്ക് എണീക്കാൻ മേലാ.അതാ ചോറെടുത്തു വെച്ചിട്ടുകിടന്നത്.’
ഞാൻ പറഞ്ഞു:
‘ വാതിലും പൂട്ടിയിരുന്നില്ല!’
അമ്മിണിച്ചേച്ചി ചിരിച്ചു:
‘ ഒ. ഇവിടെ എന്നാ ഇരുന്നിട്ടാ പൂട്ടാൻ? ഇതു ബേബിച്ചായന്റെ വീടാന്ന് എല്ലാ കള്ളന്മാർക്കും അറിയാം.’


ഹൃദയത്തിന്റെ വാതിലുകൾ ഒരിക്കലും പൂട്ടാതെ ജീവിച്ച ‍ആ വലിയ മനുഷ്യനു വിട.
                -----------------------------------------Tuesday, 16 August, 2011

ഉൾഖനനം

ബാലചന്ദ്രൻ ചുള്ളിക്കാട്


പദ്മനാഭക്ഷേത്രത്തിന്റെ നിലവറയിൽ
രത്നശേഖരങ്ങളുണ്ടെന്നറിഞ്ഞിടാതെ
നഷ്ടചരിത്രത്തിൻ പുറമ്പോക്കിലെങ്ങാണ്ടോ
പട്ടിണിയുംപാടുമായിക്കഴിഞ്ഞവരേ,
വിസ്മരിക്കപ്പെട്ടവരേ, നിങ്ങളെയൊക്കെ
ഓർത്തെടുക്കാൻ ശ്രമിക്കയാണശുഭചിന്ത.


അന്തിവെട്ടം വാർന്ന വേളിമലയ്ക്കുമേലേ
പഞ്ചമിച്ചന്ദ്രന്റെ പന്തം തെളിയും‌നേരം,
വഞ്ചിരാജാവിന്റെ വാളിൻ വായ്ത്തലപോലെ
ശംഖുംമുഖം കടൽത്തീരം തിളങ്ങും‌നേരം,
വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഓർത്തുകൊണ്ടിരിക്കയാണെന്നശുഭചിന്ത.


ഒരുകാലം പൊരുതാനായ് ജനിച്ചവരേ
കരിമ്പാറക്കെട്ടിനോടും കലഹിച്ചോരേ
തിരണ്ട മണ്ണിനെപ്പോലും ഭോഗിച്ചവരേ
തിരയുടെ കുഞ്ചിരോമം പറിച്ചവരേ
ഇരുമ്പിന്റെ കൊലയറ തുറന്നവരേ
പെരും‌തീ പിഴിഞ്ഞു ചാറു കുടിച്ചവരേ


വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഉൾഖനനം ചെയ്തെടുക്കാൻ ശ്രമിക്കും‌നേരം
പട്ടിപെറ്റുകിടക്കുന്ന മനസ്സുമായി
കർക്കടകം കാത്തിരിപ്പൂ കടത്തിണ്ണയിൽ.
----------------------
(സമകാലിക മലയാളം വാരിക)